മുന്‍പൊരിക്കലും അയാള്‍ ഇത്രമേല്‍ അസ്വസ്ഥനായിട്ടില്ല. ചിട്ടയാര്‍ന്ന ദിനചര്യ അയാളുടെ
സമയക്രമത്തിന്മേലിരുന്ന് ഇതുപോലെ പല്ലിളിച്ചിട്ടില്ല.
സാധാരണഗതിയില്‍, കടയില്‍ വരുന്ന ആദ്യയാളില്‍
നിന്നുതന്നെ അയാള്‍ അന്നേരത്തെ വിഷമാവസ്ഥയുടെ ആഴവും പരപ്പും മനസ്സിലാക്കും.
ചര്‍മ്മസ്വഭാവം, ചെന്നിയില്‍ നിന്ന്
മറുചെന്നിയിലേക്കും കീഴ്ത്താടിയിലേക്കുമുള്ള വിരല്‍ദൂരം, മുടിവളര്‍ച്ചയുടെ ദിശ, എതിര് വളരുന്നവയുടെ തോത്... ഒരു കൈത്തഴുകലില്‍ എല്ലാമറിയാം.
പിന്നെ സംസാരമായി. വ്യക്തിയില്‍ നിന്നുതുടങ്ങി, ഗ്രാമവും ദേശവും മറുകരയും കടന്ന് അതൊഴുകും. മനസ്സുരുക്കവും.
ഇപ്പോ..., എന്താണ് ചെയ്യുക?
എത്രദിവസായി പതിവൊക്കെ തെറ്റിയിട്ട്..?
എന്നും ഇശാ നിസ്കരിച്ച്. ചാനല്‍ ചര്‍ച്ചയും ഭക്ഷണവും കഴിച്ചുറങ്ങി, സുബ്ഹി നിസ്കാരത്തിനെഴുന്നേറ്റ് പ്രിയപ്പെട്ടവളെ
വിളിക്കും. എഴുന്നേല്‍ക്കാന്‍ മടിക്കുന്ന അവളുടെ കാതിലോരോന്ന് പറയും. മീശയാല്‍ കവിളിലുരസും.
മെല്ലെ കണ്ണുതുറന്ന് ശാസനാഭാവത്തില്‍ അവള്‍ നോക്കുന്പോള്‍ നിസ്കാരത്തിനുള്ള അംഗസ്നാനത്തിന്
പോകും. തിരിച്ചെത്തുന്പോള്‍ ചൂടുള്ള സുലൈമാനി മേശമേല്‍ വെച്ച് അവള്‍ ഓതുന്നുണ്ടാകും.
ചായ കുടിച്ചുകഴിയുന്പോഴേക്കും പള്ളിയില്‍ നിന്ന് വാങ്കിന് ശേഷമുള്ള ഇഖാമത്ത് കേള്‍ക്കും.
നിസ്കാരത്തിന് ശേഷം ഒരു ചായ കൂടി. പത്രത്തോടൊപ്പം അമ്മദിന്‍റെ കടയില്‍ നിന്ന്.
ചര്‍ച്ച. നാട്ടുവിശേഷങ്ങളുടെ കൈമാറ്റം.
സൂര്യനുയര്‍ന്ന് വെയില്‍ മൂക്കുന്പോള്‍ കൂകിവിളിച്ച് കുഞ്ഞനെത്തും. അവനില്‍ നിന്ന്
മീന്‍വാങ്ങി മടക്കം.
അടുക്കളഭാഗത്തുന്ന് തുടങ്ങുന്ന സൂക്ഷമനിരീക്ഷണം വീടിന് ചുറ്റും വ്യാപിക്കും. വാഴയുടെ
തടയൊന്ന് വീതികൂട്ടി, ചെടികള്‍ക്ക് വെള്ളംതളിച്ച്,
കൊഴിഞ്ഞ പ്ലാവില ആടിനുള്ള വെള്ളത്തിലിട്ട്....
കുളികഴിഞ്ഞെത്തുന്പോഴേക്കും പ്രാതല്‍ റെഡി.
അതുകഴിച്ച്, ഇസ്തിരിയിട്ടുവെച്ച
മുണ്ടും കുപ്പായവുമണിഞ്ഞ്, കത്തിയും കത്രികയും
ചീപ്പും സോപ്പും ബ്ലേഡുമെല്ലാമടങ്ങുന്ന തുകല്‍സഞ്ചിയെടുത്ത് ഒരു നടത്തമാണ്,
ധിറുതിയില്‍. തിരിഞ്ഞുനോക്കില്ല. കണ്ണുനിറഞ്ഞ പുഞ്ചിരിയില്‍
അവളവിടെയുണ്ടാകും. അവള്‍ക്കറിയാം ഈ പോക്ക് വായനശാലയിലേക്കാണെന്ന്. മോന്‍റെ ഗള്‍ഫില്‍
പോക്കിനോളം പഴക്കമുണ്ട് കട വിറ്റതിന്.
‘എന്തുപറ്റി ങ്ങക്ക്..?
എത്രനാളായി നിസ്കരിച്ചിട്ട്..? കടയില്‍ പോയിട്ട്...? ഇങ്ങനെ തിന്നുതൂറീം കഴിഞ്ഞിട്ടെന്ത്...?
ഇപ്പോ, ഒരു തിക്കുംതെരക്കൂല്ല. ങ്ങള്
വരുന്പോഴേക്കും ചോറുംകറീം ഒരുക്കുന്നതിന്‍റെ... അതിനിടയില്‍ തുണീംകുപ്പായോം ഇസ്തിരിയുടന്നേന്‍റെ...
ഒന്നൂല്ല.
ഞാം ശ്രദ്ധിക്ക്ണ് ണ്ട്. മോള്‍ടെ അടുത്തുപോയി വന്നേന് ശേഷള്ള ഈ മാറ്റം. ചോദിക്കാഞ്ഞിട്ടെന്നെ.
പറയട്ടേന്ന് കരുതി. പിന്നേം.. എത്രാന്ന് വെച്ചാ..., ഇവിടുള്ളോര്ടെ ഉള്ളുകട്ടിയൊന്നും എനിക്കില്ല. അല്ലാ..,
മോള്‍ക്കെന്തേലും...?’
അയാള്‍ അവരെ തടയുന്നതുപോലെ കൈ ഉയര്‍ത്തി.
‘ഏയ്, മോള്‍ക്കൊന്നൂല്ല. സുഖാണ്
ഓള്‍ക്കും കുട്ട്യോള്‍ക്കും..’
‘പിന്നെന്താ ങ്ങക്ക്? ഞാനറിയ്ണ ഒരു കാര്യവും ങ്ങളെ വെഷമിപ്പിക്ക്ണില്ല. ന്ന്ട്ടും...’
‘അങ്ങനെ പറയാന്‍ മാത്രം ഒന്നൂല്ല’ എന്തോ പറയാന്‍ തുടങ്ങിയെങ്കിലും ആലോചനയിലാണ്ട്
അയാള്‍ വീണ്ടും നിശ്ശബ്ദനായി.
‘പിന്നെന്താ ങ്ങക്ക്...?’
അവളുടെ ചോദ്യത്തിലെ സങ്കടച്ചീള് അയാളെ സംസാരിക്കാന്‍ പ്രേരിപ്പിച്ചു.
മോള്‍ടെ അടുത്തുപോയ ദിവസം ട്രെയിനില്‍ വെച്ച് ഞാന്‍ അവനെ വീണ്ടും കണ്ടു.
‘ആരെ..?!’
‘ബിലാല്‍നെ.. ഒപ്പം ഭാര്യയും മോളും’
‘ഓനാരാ..?’
‘പറഞ്ഞിട്ടില്ലെ ബിലാലിനെ കുറിച്ച്..?’
‘എന്നുമുതലാ ങ്ങള് മനസ്സിന് പര്‍ദ്ദയിട്ടുതുടങ്ങിയത്..? ആരാ അയാള്...?’
‘ഒരു പാവം.. ഒരു പാവം തമിഴന്‍ ചെക്കന്‍’
‘ഓനെന്തിനാ ങ്ങളെ...?’
‘നിക്ക്’ അയാള്‍ കട്ടിലില്‍ എഴുന്നേറ്റിരുന്നു.
‘കട വിറ്റപ്പോ രണ്ടുമൂന്ന് മാസം പൊന്നാനി സഭയിലായിരുന്നല്ലോ പണി’
‘ഏതു സഭ..? ആ.., നമ്മുടെ ദീന്‍ കൂട്ണ...?’
‘നല്ല സുഖായിരുന്നു അവിടെ. സ്ഥിരം പണിക്ക് പുറമെ മതംമാറാന്‍ ഉറച്ചവരുടെ സുന്നത്തും.
ഒക്കെകൂടി മാസാവസാനം ഒരുതുക കൈയ്യില്‍ വരുമായിരുന്നു’
‘ങ്ങളെന്നല്ലെ അതൊഴിവാക്കിയത്..?’
‘അതെ.. ഞാന്‍ തന്നെ’ അയാള്‍ ശൂന്യതയിലേക്ക് കണ്ണയച്ച് വീണ്ടും അതാവര്‍ത്തിച്ചു.
‘ഞാന്‍ തന്നെയാണത് ഒഴിവാക്കിയത്’
‘...അന്ന് നാലാളാണ് മാര്‍ക്കത്തിനുണ്ടായിരുന്നത്.
ബിലാല്‍ മൂന്നാമനായിരുന്നു. എനിക്ക് മുന്നിലെ സ്റ്റൂളിലിരിക്കുന്പോള്‍ ബിലാല്‍
വല്ലാതെ വിറച്ചിരുന്നു.
‘പേടിയുണ്ടോ..?’ ഞാനലിവോടെ ചോദിച്ചു.
ഉണ്ടെന്നര്‍ത്ഥത്തില്‍ ബിലാല്‍ തലയനക്കിയപ്പോള്‍ സൂക്തങ്ങളോതി ഞാനവന്‍റെ തലയിലൂതി.
കണ്ണടച്ച് മനസ്സ് ശാന്തമാക്കണം. ഏതാനും സെക്കന്‍റുകള്‍ മാത്രം. കുതറരുത്. ഞാനവന്‍റെ
കാതില്‍ മന്ത്രിച്ചു. കാലുകള്‍ അകത്തിയിരിക്കാന്‍ പറഞ്ഞപ്പോള്‍ അവന്‍ ഒരു കുഞ്ഞിനെപ്പോലെ
ചിണുങ്ങാന്‍ തുടങ്ങി.
സൂചന നല്‍കി. സഹായികള്‍ അവന്‍റെ കൈകാലുകളില്‍ പിടിച്ചു.
ഉടുത്തിരുന്ന പുത്തന്‍കോറത്തുണി വശങ്ങളിലേക്ക് നീക്കി. ഞാനവന്‍റെ നഗ്നതയിലേക്ക് നോക്കി.
ഒരൊറ്റക്കാഴ്ച...!
‘റബ്ബേ..., പാതികത്തിയണഞ്ഞ ചുരുട്ട് പോലെ ചെറിയൊരു മാംസത്തുണ്ട്.
അവയുടെ ചിത്രം തലച്ചോറിലെത്താതിരിക്കാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. ദേഹമാസകലം മിന്നല്‍പ്പിണരുകള്‍.
ദേഹം അവ അറിയുകയും ഓര്‍മ്മയിലേക്ക് സ്വരുക്കൂട്ടുകയുമാണ്.
കാല്‍മുട്ട് തളര്‍ന്ന് ഞാന്‍ നിലത്തിരുന്നു. കൈകള്‍ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു.
മുറിയലാകപ്പാടെ പകപ്പ്. ഉറഞ്ഞ നിശ്ശബ്ദതയില്‍ ബിലാല്‍ കരയുന്ന ശബ്ദം മാത്രം.
സമചിത്തത വീണ്ടെടുത്ത് ഞങ്ങളവനെ സമാധാനിപ്പിച്ചപ്പോള്‍ അവന്‍ പതിയെ സംസാരിച്ചു.
ജാതിയില്‍ താഴ്ന്നവന്‍റെ പ്രണയത്തിനന്ത്യം ജനനേന്ദ്രിയത്തിന്‍റെ പാതി നല്‍കിയായിരുന്നു.
പൊലീസ് ഓഫീസറുടെ ബന്ധുവിനെ പ്രണയച്ചതിന്‍റെ പക അയാളങ്ങിനെയാണ് തീര്‍ത്തത്.
സ്റ്റേഷനിലേക്ക് വിളിപ്പിച്ച ഓഫീസര്‍ അവന് ഒരു ബോട്ടില്‍ വെള്ളം നല്‍കി. സംശയിച്ചുനിന്നപ്പോള്‍
അയാള്‍ സ്നേഹപൂര്‍വ്വം നിര്‍ബന്ധിച്ചു. വീണ്ടുമൊരു ബോട്ടില്‍കൂടി. തെറിവാക്കുകള്‍ക്കൊപ്പം.
പിന്നെയും...
അന്നേരം മുതല്‍ സ്റ്റേഷനിലെ പൊലീസുകാര്‍ കുശുകുശുക്കുകയും ഇടയ്ക്ക് ചിലര്‍ അവനെ
എത്തിനോക്കി സഹതപിക്കുകയും ചെയ്തു. ഭവിക്കാനിരിക്കുന്ന ഭീകരതയുടെ പ്രാരംഭമാണിതെന്ന്
അവര്‍ക്കറിയാമായിരുന്നു.
മൂന്നാമത് ബോട്ടിലിലെ അവസാനതുള്ളിയും വറ്റിച്ച് മലച്ചിരുന്ന അവനേയും കയറ്റി ഓഫീസര്‍
ജീപ്പോടിച്ചുപോയി.
യാത്രയ്ക്കിടയില്‍ അയാള്‍ അവന്‍റെ പ്രണയം ചോദിച്ചറിഞ്ഞു.
അവള്‍ തന്‍റെ ബന്ധുവാണെന്നും പിന്‍മാറുന്നതല്ലേ നല്ലതെന്നുമുള്ള അയാളുടെ ചോദ്യത്തിന്,
മരണമാണ് ഭേദമെന്ന അവന്‍റെ ഉറച്ച വാക്കുകള്‍ക്ക്
ശേഷം യാതൊന്നും സംസാരിക്കാതെ അയാള്‍ ജീപ്പോടിച്ചു. അവനില്‍ നിന്നുള്ള ഒരു വാചകം മാത്രം
പ്രതീക്ഷിച്ച്.
‘മൂത്രമൊഴിക്കണം’ അന്നേരം അവനത് പറഞ്ഞു.
ബ്രേക്കില്‍ ആഞ്ഞുചവിട്ടി അയാള്‍ ജീപ്പ് സ്റ്റേഷനിലേക്ക് തിരിച്ചു. വന്യത തിളങ്ങുന്ന
മുഖം ഇടയ്ക്കിടെ മിററില്‍ നോക്കി അയാള്‍ സ്വയം ആസ്വദിച്ചു.
മുറിയിലേക്ക് കയറുന്പോള്‍ നാഭിയില്‍ കൈവെച്ച് അവന്‍ യാചിച്ചു.
‘സാര്‍.., എനിക്ക് മൂത്രമൊഴിക്കണം’
കേള്‍ക്കാത്തതുപോലെ അയാളവനോട് അകത്തുവരാന്‍ പറഞ്ഞു.
മുറിയില്‍ അയാള്‍ അവനെ നഗ്നനാക്കി. മൂത്രം നിറഞ്ഞുദ്ധരിച്ച ജനനേന്ദ്രിയം നോക്കി
ഊറിച്ചിരിച്ചു.
കൈയിലുണ്ടായിരുന്ന കെയിന്‍ കൊണ്ട് അയാളത് ഒരിഴജന്തുവിനെയെന്നവണ്ണം അങ്ങോട്ടുമിങ്ങോട്ടും
ചെറുതായി അനക്കിക്കൊണ്ടിരിക്കുന്നതിനിടയിലെപ്പോഴോ കെയിന്‍ അപാരശക്തിയില്‍ ഉയര്‍ന്നുതാഴ്ന്നു.
ഉഗ്രതാഢനം!,
സ്റ്റേഷന്‍റെ കട്ടിച്ചുമരുകള്‍ ഭേദിക്കാനാകാത്ത ഒരാര്‍പ്പ്.
പ്രതീക്ഷിച്ച കാതുകളിലവ പലയാവര്‍ത്തി മുഴങ്ങുകയും കട്ടച്ചോരയും മലമൂത്രവും കൂടിക്കുഴഞ്ഞ്
തറയില്‍ അവനൊപ്പം നിശ്ചലമാവുകയും ചെയ്തു.
ചത്ത ഞരന്പുകള്‍ മുറിച്ചുമാറ്റി ഡോക്ടര്‍മാര്‍ ജീവിതവും മരണവും ഒരുമിച്ചുനല്‍കി.
വിഭ്രാന്തിയുടെ അലച്ചില്‍.
ഇനിയൊരിക്കലും ബിലാലിനെ കാണരുതെന്ന് മനസ്സ് മുന്നറിയിപ്പ് നല്‍കിയതാണ്. പക്ഷെ,
ചില കാര്യങ്ങളില്‍ വിധിക്ക് വല്ലാത്ത നിര്‍ബന്ധബുദ്ധിയുണ്ടാകണം.
അങ്ങിനെയാകാം ഞാനവനെ ട്രെയിനില്‍ വെച്ച് കാണാനിട വന്നത്. കൂടെയുണ്ടായിരുന്ന സ്ത്രീയെ
ഭാര്യയെന്നും കുട്ടിയെ മകളെന്നും ബിലാല്‍ പരിചയപ്പെടുത്തിയപ്പോഴാണ്...
ഉള്ളില്‍ നുരച്ച ചോദ്യങ്ങള്‍ പൊറുതിമുട്ടിച്ചു.
‘പൊന്നാനിയില്‍ കൂടെയുണ്ടായിരുന്നവന്‍റെ പെങ്ങളാണ്. പാവങ്ങള്‍. ഭര്‍ത്താവ് മരണപ്പെട്ടു.
താല്പര്യവും അവസ്ഥയും ഞാനവരോട് തുറന്നുപറഞ്ഞു.
അശ്ലീലക്കണ്ണുകളില്‍ നിന്നുള്ള സംരക്ഷണമാണ് ഭര്‍ത്താവെന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന്
അവള്‍ പറഞ്ഞപ്പോള്‍ അതുസംഭവിച്ചു. സത്യം ജീവിതമറിയുന്നത് ഇപ്പോഴാണ്’
സ്റ്റേഷനില്‍ ഇറങ്ങാന്‍ നേരം കൂടെ വന്നുപറഞ്ഞ വാക്കുകള്‍.
തികഞ്ഞ സന്തോഷം നുരയിടേണ്ട വാക്കുകള്‍.
‘എങ്കിലും ജമീലാ... ഏത് ആഹ്ലാദത്തിന് മീതെയും ഒരു നിലവിളി അവര്‍ക്കിടയില്‍ ബാക്കിയുണ്ടാകില്ലെ?
ചോദകങ്ങളുടെ ചുരമാന്തലില്‍ അവര്‍ നിസ്സഹായരാകില്ലെ?’
‘എനിക്കങ്ങിനെ തോന്ന്ണില്ല. ഏത് ഇരുട്ടിലും ഏറെനേരം കണ്ണുതുറന്ന് വെച്ചാ ഒരു വെളിച്ചം
കിട്ടൂല്ലെ. അതുപോലെ തന്നാ ഇതും.. ഏറെക്കഴിയുന്പോ അവരും പുഞ്ചിരിക്കും’ ജമീല പറഞ്ഞത്
ആവര്‍ത്തിച്ച് അവിശ്വസനീയതയോടെ അയാള്‍ അവളെ നോക്കി.
‘ബിലാലിനെ കണ്ടതുമുതല്‍ ഓര്‍മ്മകളുടെ ലാവയൊഴുകിയുറഞ്ഞ ചാലുകള്‍ പതയ്ക്കാന്‍ തുടങ്ങി.
അവന് ശേഷമുള്ള നാലാമന്‍റെ ചേലാകര്‍മ്മം ചെയ്യാനാകാതെ ഹൃദയവും കൈയ്യും വിറച്ച് അന്നിറങ്ങിയതാണ്.
പാരന്പര്യം ഏല്‍പ്പിക്കുന്ന കര്‍മ്മം നിലച്ചുപോകുന്ന തലമുറ എത്ര ശാപഗ്രസ്തമാണെന്നറിയോ...?
പ്രാകിയാകും പ്രകൃതി നമ്മുടെ പേരുച്ചരിക്കുക.
എല്ലാം ഉണങ്ങുകയും, കര്‍മത്തുടര്‍ച്ച
പാകപ്പെട്ടുവരികയുമായിരുന്നു. അവന്‍റെ മുഖം.. അതെന്നെ മാസങ്ങള്‍ക്കപ്പുറത്തെ നരകച്ചൂടിലെറിയുകയും
നല്ലദിവസങ്ങളെ ചീന്തുകയും ചെയ്തു’
ജമീല സാന്ത്വനവാക്കുകള്‍ ഉരുവിടാനൊരുങ്ങുകയായിരുന്നു. കോളിംഗ് ബെല്‍ ശബ്ദിച്ചു.
‘പുറത്താരോ വന്നിട്ടുണ്ട്’ ഒഴുകിയ കണ്‍തുടച്ച് അവള്‍ പറഞ്ഞു.
കട്ടിലില്‍ നിന്നെഴുന്നേറ്റ് അയാള്‍ വരാന്തയിലേക്ക് നടന്നു. പുറകില്‍ അവളും.
പള്ളിയിലെ മുക്രിയാണ്.
‘ഇരിക്ക്ണില്ല. തെരക്ക്ണ്ട്. പിന്നെ, ആജ്യാരൊന്ന് കാണണംന്ന് പറഞ്ഞു. ഇപ്പൊതന്നെ’
‘എന്താ വിശേഷിച്ച്..?’
‘എന്തു വിശേഷം.. മുടിമുറിക്കാനാകും. ആജ്യാര്ക്ക് ങ്ങളെ മാത്രേ പറ്റൂ. ഞാം പോണ്’
മുക്രി പുറത്തേക്കും അയാള്‍ അകത്തേക്കും നടന്നു.
‘പോണില്ലെ...?’ അവള്‍ ചോദിച്ചു.
‘എവിട്ക്ക്..?’
‘അല്ല, ആജ്യാര് കാത്തിരിക്കൂല്ലെ.
അല്ലേലും ഒന്നു പുറത്തിറങ്ങി വാ.., ഇവിടിരുന്ന് മനസ്സ്
ചുട്ടിട്ട് ന്താ കാര്യം. ആളുകളുമായി മിണ്ടീംപറഞ്ഞും ഇരുന്നാ തന്നെ പാതി വെഷമം മാറും.
പോയി വാ’
തുകല്‍ സഞ്ചിയെടുത്ത് അവള്‍ അയാള്‍ക്ക് നേരെ നീട്ടി.
മനമില്ലാമനസ്സോടെ അതുവാങ്ങി
അയാള്‍ പുറത്തിറങ്ങി.
‘ന്താടോ.. കുറച്ചീസായി പള്ളീലൊന്നും കാണണില്ലെന്ന് മുക്രി പറഞ്ഞു’
കുറ്റിയാക്കി, ഇരുവശത്തും വടിച്ചു മിനുക്കിയ വട്ടത്താടി കണ്ണാടിയിലൂടെ നോക്കി
ആജ്യാര് ചോദിച്ചു.
‘സുഖല്ലായിരുന്നു’
‘അന്‍റെ കൈയ്യിന്‍റെ കുരുത്തം പണീല് കാണുന്നുണ്ട്. അയാളുടെ മറുപടി കേള്‍ക്കാത്തതുപോലെ
ഹാജിയാര്‍ പറഞ്ഞു. പിന്നെ, കാര്യങ്ങളൊക്കെ..
സഭയിലെ പണി എന്തിനാ കളഞ്ഞത്...?
തന്നിഷ്ടക്കാരനാണെന്ന് ഒരുകൂട്ടര്. കൈവെറച്ചിട്ടാന്ന് വേറെചിലര്. മാര്‍ക്കത്തിനാരും
വിളിക്ക്ണില്ല അല്ലെ. അന്‍റെ കൂട്ടത്തിലുള്ള ആള്‍ക്കാര്ടെ കുനുഷ്ടും കാരണമാണ്. ഒരവസരം
തന്നാല്‍ നീയത് വൃത്തിയായി ചെയ്യോ...?’
‘എന്താ ആജ്യാരെ..?’ പിരടിയിലെ മുടി വടിച്ചിറക്കുന്നതിനിടയില്‍ അയാള്‍ ചോദിച്ചു.
‘ഈ മാസം പതിനാലിനാണ് മോന്‍റെ വീടിരിക്കുന്നത്’
‘അതിന് അവര് ഗള്‍ഫിലല്ലെ?’
‘അതേ, പന്ത്രണ്ടിനെത്തും. പറഞ്ഞുവന്നത്...
അന്ന് എന്‍റെ പേരക്കുട്ടീടെ സുന്നത്തും തീരുമാനിച്ചിട്ടുണ്ട്. ഓനെ അവിടെ പെറ്റതാ...
അത് ചെയ്യാന്‍ പറ്റോ....?’
‘ആജ്യാരേ...’ അയാളുടെ ഹൃദയം ബേജാറായി.
‘ന്താടാ...? ജനംകൂട്ണ സദസ്സാ.. അവിടുന്ന് തൊടങ്ങിക്കോ.. അന്‍റെ എല്ലാ മുസീബത്തും
അതൊടെ തീരും’
എല്ലാം കഴിഞ്ഞ്, മനസ്സ് നിറഞ്ഞ് ഇറങ്ങാനൊരുങ്ങുന്പോള്‍
ഹാജിയാര്‍ നീട്ടിയ നൂറുറുപ്പിക അയാള്‍ സ്നേഹപൂര്‍വ്വം നിരസിച്ചു.
‘ടാ.. ഇത് അന്‍റെ പണിക്കൂലിയൊന്നുമല്ല. ന്‍റെ ഹദ് യയാണ്’
വരുന്പോള്‍ കണ്ട തെരുവും ആളുകളേയുമല്ല അയാള്‍ മടങ്ങുന്പോള്‍ കണ്ടത്.
ആകാശത്തിന്‍റെ നിറം മാറിയിരിക്കുന്നു. നെഞ്ചിന് നടുവില്‍ എന്തോ കുതറിത്തെറിക്കാന്‍
കാത്തിരിക്കുന്നു.
കമറുവിന്‍റെ കടയില്‍ കയറി അവള്‍ക്കിഷ്ടപ്പെട്ട പലഹാരങ്ങളും ഫ്രൂട്ട്സും വാങ്ങി
അയാള്‍ വേഗം നടന്നു. പരിസരങ്ങളിലെ കാഴ്ചയൊന്നും കണ്ണിലുണ്ടായിരുന്നില്ല. പരിചയക്കാര്‍
അയാള്‍ക്ക് സലാം പറഞ്ഞും കൈകാണിച്ചും കടന്നുപോകുന്നുണ്ടായിരുന്നു.
കാലിലെ ഹവായ്ചെരുപ്പ് ഇറുക്കിപിടിച്ച്, തിരക്കിട്ട് വേഗം... വേഗം.. വീടിനുള്ളിലേക്ക് പാഞ്ഞുകയറുകയായിരുന്നു
അയാള്‍.
അവളെവിടെ.. ജമീല... ജമീലാ... ഇതെവിടെപ്പോയി...?’
‘ന്തേ...?’ അവള്‍, കൈ സാരിത്തലപ്പില്‍
തുടച്ചുവന്നു.
പരിസരം മറന്നയാള്‍ അവളെ ചേര്‍ത്തുപിടിച്ചു.
‘എന്താപ്പദ്.. വിട്.. വിട്.. അപ്പടി വിയര്‍പ്പാ..’
അനിഷ്ടം ഭാവിച്ച അവളങ്ങിനെ പറഞ്ഞുവെങ്കിലും അയാളോട് ചേര്‍ന്നുനിന്നു. അവളുട കാതിലയാള്‍
ഹാജിയാരുടെ വാക്കുകള്‍ പകര്‍ന്നപ്പോള്‍ അവളയാളെ പുണർന്ന് പുറംതഴുകി.
‘ഞാന്‍ പറയാറില്ലേ.. പടച്ചോന്‍ വല്യോനാ.. ഇതോടെ ങ്ങളെ എല്ലാ ദെണ്ണോം മാറും. ഇന്‍ഷാഅല്ലാഹ്..’
രാത്രിയില്‍, അയാളുടെ ഇഷ്ടവിഭവമായ
പാലപ്പവും ജീരകക്കഞ്ഞിയും അവള്‍ വിളന്പി. രണ്ടും രുചിയാസ്വദിച്ചയാള്‍ കഴിക്കുന്നത്
നോക്കി ഉള്ളുനിറഞ്ഞു. കിടക്കാന്‍ നേരം, അവള്‍ക്കേറെ ഹൃദ്യമായ അത്തര്‍പുരട്ടി അയാള്‍ മണവാളനായി.
പിന്നീടുള്ള രാത്രികളില്‍ മഴപെയ്തു.
ഒരിക്കല്‍ ജമീല പോലും അയാളെ കളിയാക്കി. ‘ഇത്രേം ദിവസം വെഷമം കാരണം നിങ്ങളുറങ്ങീല്ല.
ഇപ്പൊ സന്തോഷം കൊണ്ടും’
ആഹ്ലാദവാനായ അയാളുടെ വര്‍ത്തമാനങ്ങളില്‍ ചെടിയും പൂക്കളും ആടും കോഴിയും മക്കളും
പങ്കുചേര്‍ന്നു. വാതില്‍ക്കലെത്തുന്ന ഓരോ യാചകനോടും അയാള്‍ കരുണ കാണിച്ചു. ഉച്ചഭക്ഷണസമയം
കരഞ്ഞെത്തുന്ന കുറിഞ്ഞിക്ക് മുഴുത്ത പൊരിച്ചമീന്‍ സമ്മാനിച്ചു. തിങ്കളും വ്യാഴവും നോന്പെടുത്തു.
എല്ലാ പ്രാര്‍ത്ഥനകളിലും ദൈവത്തിനോട് നന്ദി പറയുകയും, സഹായമഭ്യര്‍ത്ഥിക്കുകയും ചെയ്തു.
ഇടയ്ക്കിടെ തുകല്‍ സഞ്ചിയെടുത്ത് പണിയായുധങ്ങളുടെ മൂര്‍ച്ച പെരുംവിരലിനാല്‍ പരിശോധിച്ചു.
ഇളംകുരുന്നാണ്. ഒരു പിഴവും ഉണ്ടാകാന്‍ പാടില്ല. എല്ലാം നൊടിയിടയില്‍ കഴിയണം. വലിയ
കുടുംബക്കാരാണ്. കൂടുന്ന ഓരോരുത്തരുടേയും കണ്ണുകള്‍ തന്‍റെ മേലാകും. ഭംഗിയായിത്തീര്‍ന്നാല്‍
ലഭിക്കുന്ന ആദരം... ക്ഷണം.. കൈമടക്ക്... എല്ലാറ്റിനും പുറമെ വംശാവലിയുടെ ഭാഗധേയത്തിന്‍റെ
പൂര്‍ണ്ണത.
റബ്ബേ.. എല്ലാം നിന്‍റെ കരുണ.
പുറപ്പെടും മുന്‍പെ ഒന്നിലധികം തവണ അയാള്‍ തുകല്‍ സഞ്ചി പരിശോധിച്ച് ഉറപ്പുവരുത്തി.
മുറിവില്‍ ഇടാനുള്ള പൊടിയും കെട്ടാനുള്ള തുണിയും എല്ലാമുണ്ട്. സംതൃപ്തിയോടെ അയാള്‍
പടിയിറങ്ങി.
നല്ല സ്വീകരണമായിരുന്നു ലഭിച്ചത്.
ഓരോരുത്തരും വന്ന് കൈപിടിച്ചു. സലാം പറഞ്ഞു. വിശേഷങ്ങള്‍ തിരക്കി.
എല്ലാം കണ്ട് ഹാജിയാര്‍ ചാരുകസേരയില്‍ മലര്‍ന്നുകിടന്നു പുഞ്ചിരിച്ചു.
അയാള്‍ ഹാജിയാരുടെ അരികിലെത്തി. ഉപചാരവാക്കുകള്‍ക്ക് ശേഷം ശബ്ദമൊതുക്കി പറഞ്ഞു.
‘ഒന്നും തോന്നരുത് ആജ്യാരെ.. സുന്നത് കൊറച്ച് നേരത്തെ ആക്ക്ണത് നല്ലതാ...’
‘ന്തേ...?’
‘ളുഹ്‌ർ കഴിഞ്ഞാകുന്പോ വേലിയേറ്റം തൊടങ്ങും. ചോര നിക്കാന്‍ സമയെടുക്കും’
‘അതിപ്പോ.. ഞാന്‍ പറഞ്ഞതാ ഓനോട്. വലുതായാല്‍ തീരുമാനൊക്കെ അവര്ടേതല്ലേ. ഓന്‍റെ
ചങ്ങായിമാര്‍ക്ക് സൗകര്യം അപ്പഴാ...’
‘അല്ല, ന്ന്ച്ചിട്ട് കൊഴപ്പൊന്നൂല്ല.
പറഞ്ഞൂന്ന് മാത്രം. ഇന്നത്തെ കുട്ട്യോള്‍ക്ക് പ്രകൃതീം അതിലുള്ളോരും തമ്മിലുള്ള ബന്ധൺ
അറീല്ല. അറിയ്ണോരെന്നെ കരുതണത് മനുഷ്യന് ഇതൊന്നും ബാധകമല്ലെന്നാ...’
ഹാജിയാര്‍ ചിരിച്ചു. അയാളും.
ളുഹ്ർ നിസ്കാരം കഴിഞ്ഞ് ആളുകളും ഉസ്താദുമാരും എത്തി. സാന്പ്രാണികള്‍ പുകഞ്ഞു. മൗലൂദിന്‍റെ
ഭംഗിയാര്‍ന്ന ഈരടികള്‍ താളത്തിലൊഴുകി. പാചകപ്പുരയില്‍ ബിരിയാണിച്ചെന്പുകളുടെ മൂടി വലിച്ചുതുറക്കുന്ന
ശബ്ദം. അടുക്കളയില്‍ സ്ത്രീകളും പുറത്ത് പണിക്കാരും തിരക്കിട്ട് പാഞ്ഞു. വീടും പരിസരവും
സജീവമായി.
‘എന്നാ തൊടങ്ങല്ലേ...?’ ഹാജിയാര്‍ എല്ലാവരോടും ഒരിക്കലൂടെ പൊതുവായി സമ്മതം ആരാഞ്ഞു.
‘ആയ്ക്കോട്ടെ’
എല്ലാവര്‍ക്കും വേണ്ടി കൂട്ടത്തില്‍ നിന്ന് ഒന്നോരണ്ടോ പേര്‍ പ്രതിവചിച്ചു.
കുരുന്നിനെ മടിയിലിരുത്തി ഹാജിയാരുടെ മകന്‍ നടുത്തളത്തിലെ കസേരയിലിരുന്നു.
ചുറ്റിനും പുരുഷാരം.
തുകല്‍സഞ്ചിയെടുത്ത്, ബിസ്മി ചൊല്ലി അയാളെഴുന്നേറ്റ്
നടുത്തളത്തിലേക്ക് നടന്നു. ഹാജിയാരുടെ മകന്‍റെ കാല്‍ക്കീഴിലിരുന്ന് സഞ്ചി തുറന്ന് കത്തി,
കത്രിക, മരുന്ന്, തുണി... ഓരോന്നായ്
പുറത്തെടു ത്തു.
‘എന്താണിത്...?!’ ഹാജിയാരുടെ മകന്‍ അയാളോട് ചോദിച്ചു.
ആദ്യം സംശയിക്കുകയും പിന്നീട് ചോദ്യം തന്നോടെന്ന് ഉറപ്പാവുകയും ചെയ്തപ്പോള്‍ അയാള്‍
നടുങ്ങി.
‘എന്താ മോനേ...?’
‘അല്ലാ നിങ്ങളെന്താ...?’ മുഴുമിക്കാതെ, അനിഷ്ടത്തോടെ മുഖമുയര്‍ത്തി അയാള്‍ കൂട്ടത്തിലേക്ക് ചോദ്യമെറിഞ്ഞു.
‘ഡോകടറെവിടെ...?’
‘കൈ കഴുകുകയാണ്’ ആരോ വിളിച്ചുപറഞ്ഞു.
‘വരാന്‍ പറ’
‘യാ അല്ലാഹ്...!’ നടുക്കത്തോടെ അയാള്‍ ഹാജിയാരെ നോക്കി.
ഹാജിയാര്‍ പതിയെ നടന്നടുത്തു.
‘അല്ല മോനേ... ഞാനിവനെ ഏർപ്പാടാക്കിയിരുന്നു. നീ ഡോക്ടറെ ഏല്‍പ്പിച്ചിരുന്നോ...?
എന്നാപിന്നെ നിനക്ക് എന്നോടൊന്ന്.....’
‘അതിന്... അതിനുപ്പാ... ഇന്നത്തെ കാലത്ത് ആരെങ്കിലും ഒസ്സാനെ ഏല്‍പ്പിക്കലുണ്ടോ...?
അവര്‍ക്ക് ഞരന്പും മാംസവും തൊലിയും തിരിച്ചറിയാന്‍ കഴിയോ... ഒരു കൈപ്പിഴ മതി. മത്രോല്ല,
പ്രാകൃതമായ ഈ കത്തീം കത്രികയും കൊണ്ട് സെപ്റ്റിക്കായാല്‍...
പിണക്കേണ്ട. വിളിച്ചതല്ലേ.. കൂലി കൊടുക്കാം നമുക്ക്...’
പുറത്തേക്ക് നടക്കുന്പോള്‍ അയാളുടെ ഹൃദയത്തിന്‍റെ നിലവിളിക്ക് നടുത്തളത്തിലെ കുരുന്നിന്‍റെ
ശബ്ദമായിരുന്നു. പുരുഷാരം ഭേദിച്ച്, ചുമര് പിളർന്നവ കാതിലെത്തുന്നുണ്ടായിരുന്നു.
ദുരന്തങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന ആകാശത്തിനെപ്പോഴും നരച്ച നിറമാണ്.
ഇരുവശങ്ങളിലേയും മരങ്ങള്‍ നിമിഷം കൊണ്ട് ഇലകൊഴിഞ്ഞുണങ്ങിയിരിക്കുന്നു. മരുഭൂമിയെ
മറികടക്കുന്നവന്‍റെ വേഗതയില്‍ അയാള്‍ നടന്നു. ഒരു കുഞ്ഞിന്‍റെ നിലവിളിയായി പരിദേവനങ്ങള്‍.
ജമീലാ... ഞാന്‍ തോറ്റിരിക്കുന്നു. ഇനിയൊരിക്കലും തിരിച്ചെടുക്കാനാകാത്ത വിധം അവരെന്നെ
അഗ്നിയിലെറിഞ്ഞിരിക്കുന്നു.
കാലുകള്‍ക്ക് വല്ലാത്ത ഭാരം. ചെരുപ്പുകള്‍ കുടഞ്ഞെറിഞ്ഞയാള്‍ തിരക്കിട്ട് നടന്നു.
വിരല്‍ മടങ്ങി നിലത്തുരസി ചോരപൊടിഞ്ഞു. കേള്‍ക്കുന്ന ഓരോ ശബ്ദവും ചിരിയും വണ്ടികളുടെ ഹോണടിപോലും പരിഹസിക്കുന്ന പോലെ...
ആജ്യാരുടെ വീട്ടില്‍ നിന്നും തന്‍റെ വീട്ടിലേക്ക് ഇത്ര ദൂരമുണ്ടോ...? നടന്നിട്ടും
നടന്നിട്ടും എത്താത്തതെന്തേ...?
നിരാലംബതയില്‍, നിസ്സഹായതയില്‍ സമയത്തിന്‍റെ
ഓരോ അണുവും മനുഷ്യന് മുന്‍പില്‍ രാക്ഷസരാണ്. നേര്‍ത്തുകൂര്‍ത്ത മുനയുള്ള വിരലുകളാല്‍
അവ പിച്ചിക്കീറുന്നത് മനസ്സോ ഹൃദയമോ....?
വീടിന്‍റെ വാതില്‍ തുറന്നയാള്‍ മുറിയിലേക്ക് പാഞ്ഞുകയറി.
തുകല്‍സഞ്ചി തുറന്ന് കത്തിയെടുത്ത് മൂര്‍ച്ചയുടെ മിനുപ്പിലൂടെ പെരുവിരല്‍ പായിക്കുന്പോള്‍
കണ്ണുകള്‍ക്കൊപ്പം മുഖമാകെ രക്തനിറമാര്‍ന്ന് തിളയ്ക്കുന്നുണ്ടായിരുന്നു.
ഒസ്സാന് ഞരന്പും മാംസവും തൊലിയും തിരിച്ചറിയില്ലെന്ന്...!
ഇവകൊണ്ടാല്‍.... അയാള്‍ പണിയായുധങ്ങള്‍ നെഞ്ചോടമര്‍ത്തി തേങ്ങി. ഇവകൊണ്ടാല്‍ അണുബാധയുണ്ടാകുമെന്ന്...!
ഒരു കൈപ്പിഴ മതീത്രെ...
അവനറിയോ.. എത്ര ജന്മങ്ങളുടെ ഗുണകാംക്ഷയിലാണ് അത് ഭവിക്കുന്നതെന്ന്?
എത്രയാളുകളുടെ കഴുത്തില്‍ കത്തിവെക്കാന്‍ കയ്യുറച്ചാലാണ് ചേലാകര്‍മ്മം ചെയ്യുന്ന ഒസ്സാന്‍റെ
സഹായിയെങ്കിലും ആകാന്‍ കഴിയുകയെന്ന്...?
ചേലാകര്‍മ്മത്തിലെ ഓരോ കൈചലനത്തിനും കണക്കുണ്ട്. അവസാനം തൊലിചുരുട്ടി മാംസത്തോട്
ചേര്‍ത്തുവെക്കുന്നതിന് പോലും അളവുണ്ട്. യോഗ്യനാകുന്ന സമയം മാത്രമെ അതയാള്‍ക്ക് ലഭ്യമാകു.
തിരിച്ചറിയുന്നത് വിരലല്ല. മനസ്സാണ്. കാണിച്ചുകൊടുക്കാം ഞാനവന്.
അയാള്‍ ഉടുമുണ്ടും അടിവസ്ത്രവും ഉരിഞ്ഞെറിഞ്ഞു.
ജനനേന്ദ്രിയം കൈയിലെടുത്തു.
ചേലാകര്‍മ്മം
ചെയ്തു ചുരുട്ടിവെച്ച അഗ്രചര്‍മം ശക്തിയായി വലിച്ച് ദശ ഉള്ളിലേക്ക് കയറ്റിപ്പിടിച്ചു.
വലതുകൈയില്‍ കത്തിയെടുത്ത് ഒരു നിമിഷം കണ്ണടച്ചുപ്രാർത്ഥിച്ചു.
‘ഒരൊറ്റവലി.... ആഹ്...’
ശബ്ദവും രക്തവും അയാളില്‍ നിന്ന് കുതറിച്ചാടി. വിരലുകളില്‍ ശേഷിച്ച തുണ്ട് ചര്‍മം
തറയില്‍ പടർന്ന രക്തത്തിലിട്ടു.
‘ന്‍റെ റബ്ബേ...! എന്താണീ കാണണത്...? ആജ്യാര്ടെ വീട്ടിലേക്ക് പോയ ആളല്ലേ..’ കുളികഴിഞ്ഞ്
മുറിയിലേക്ക് വരികയായിരുന്ന ജമീല ഉറക്കെ നിലവിളിച്ചു.
‘നെലോളിക്കേണ്ട. ക്കൊന്നൂല്ല. എല്ലാം പറയാം. നീ.. ദാ, ഈ തുണികൊണ്ട് ചോര തൊടക്ക്. എന്നിട്ട്, ദാ, ആ കുപ്പിയിലെ വെളുത്ത പൊടി മുറിവിലിട്ട് തുണുകൊണ്ട് ചുറ്റിക്കെട്ടിയാല്‍ മതി’
അവള്‍ കണ്ണീരോടെ അനുസരിച്ചു.
അയാള്‍ കിടക്കയില്‍ മലര്‍ന്നുകിടന്ന് കണ്ണടച്ചു.
തട്ടമെടുത്ത് പുതപ്പിച്ച്, ഫാന്‍ വേഗത കുറച്ച്,
കണ്ണുതുടച്ച് ജമീല അയാള്‍ക്കരികിലിരുന്നു.
നല്ലയുറക്കത്തില്‍ വിരിയുന്ന അയാളുട ചെറുപുഞ്ചിരി ഏറെനാളുകള്‍ക്ക് ശേഷമാണ് കാണുന്നതെന്ന്
അവളോര്‍ത്തു.
വൈകാതെ അതു ജമീലയിലേക്കും പടര്‍ന്നു.
---------------------------------------
ചിത്രം - പ്രസാദ് മാഷ്.