Thursday, December 19, 2013

മാക്കുണ്ണിയും ഐദ്രുവും

രുളുള്ള രാത്രികളില്‍ ഗ്രാമത്തിലെ നാലുംകൂടിയ വഴിയിലും പുഴക്കരയിലും അവരെ അടുത്തുകണ്ടവരുണ്ട്.

 ദ്രവിച്ചുതുടങ്ങിയ ചുമരുകളില്‍ മരങ്ങള്‍ മുളച്ച പണിശാലയില്‍ യന്ത്രശബ്ദം കേട്ടവരുണ്ട്. നിറം പിടിപ്പിച്ചതാണെന്നും വികലമനസ്സിന്‍റെ തോന്നലാണെന്നുമൊക്കെ വെല്ലുവിളിച്ച് ഇറങ്ങിത്തിരിച്ചവരില്‍ ചിലര്‍ നിലവിളിച്ചോടുകയും മറ്റുചിലര്‍ ബോധമറ്റ്  വീഴുകയും ചെയ്തിട്ടുണ്ട്. 

പ്രതികാരം മൂത്ത കണ്ണുകളുമായി ഊരുചുറ്റുന്ന പ്രേതസുഹൃത്തുക്കളെ കുറിച്ചുള്ള ഭീതിനിമിത്തം ഗ്രാമത്തില്‍ നിലാവുതീര്‍ന്നുള്ള രാത്രികളിപ്പോഴും വിജനം.

മാക്കുണ്ണിയും ഐദ്രുവും കുട്ടിക്കാലം തൊട്ട് സുഹൃത്തുക്കളാണ്. 
വെറും സുഹൃത്തുക്കള്‍ എന്നെഴുതിവിടാന്‍ കഴിയില്ല. തൃശൂര്‍ക്കാരുടെ ഭാഷയില്‍ എല്ലാം തികഞ്ഞ ‘ഘടി’കള്‍.

മഴക്കാറ് കണ്ടാല്‍ നീട്ടിബെല്ലടിച്ച് കുട്ടികളെ രക്ഷപ്പെടുത്തിയിരുന്ന എല്‍.പി. സ്കൂള്‍, ഹൈവെറോഡിന് വേണ്ടി പൊളിക്കുന്നുവെന്ന വാര്‍ത്തവന്നകാലത്ത് ഇരുവരും ക്ലാസ്മുറിയുടെ പടിയിറങ്ങിയതാണ്. 

ചെവിയിലും ചന്തിയിലും ചോരപൊടിഞ്ഞ് ഇരുവരേയും പലതവണ അന്നദാതാക്കള്‍ ക്ലാസ്സിലെത്തിച്ചു. അപ്പോഴെല്ലാം മിന്നായം പോലെ അവരെ കാണപ്പെടുകയും, മൂത്രശങ്കതീര്‍ക്കാനുള്ള ബെല്ലില്‍ അപ്രത്യക്ഷരാകുകയും ചെയ്തു. 

തുറിച്ചകണ്ണുള്ള ഹെഡ്മാസ്റ്ററുടെ, ചൂരലിനാല്‍ പുറംപൊളിക്കുന്ന തോമസ്മാഷ്ടെ, ചിരിക്കുന്നമുഖമുള്ള റോസിടീച്ചറുടെ... ദിവസങ്ങള്‍ നീണ്ട ഭീഷണിയും പ്രലോഭനവും ഉപദേശവും വിഫലം. 

ഐദ്രുവിന്‍റെ വരവുംകാത്ത് പുസ്തകം പുളിഞ്ചോട്ടില്‍ കുഴിച്ചിട്ട് പുഴക്കരയിലെന്നും മാക്കുണ്ണിയുണ്ടാകും. 

നാട്ടുകാരില്‍ പലരും പലതവണ അവരെ നീട്ടി പ്രാകിയിട്ടുണ്ട്. 

രാവിലെ പുഴക്കരയില്‍ പോയിവരുന്പോള്‍ സൈക്കിളിലെ നീലപെട്ടിയില്‍ ഐസ്ബാറുകള്‍ കുറയുന്നതില്‍ മുഖം കറുപ്പിച്ച് കുമാരേട്ടന്‍..., 
മൂവാണ്ടന്‍ മാവ് കുലുക്കി മാങ്ങപെറുക്കി പുഴയിലേക്ക് ചാടി നീന്തുന്പോള്‍ ഓടിയെത്തുന്ന ബീവിത്ത.... ,
ആഴ്ചയിലൊരിക്കല്‍ വീശിവല മോഷണം പോയിതിരിച്ചെത്തുന്നതിലെ ആശങ്കയില്‍ ബീരാനിക്ക..., 
ഉച്ച നിസ്കാരത്തിന് ശേഷമുള്ള മയക്കത്തിനിടയില്‍ പള്ളിക്കുളം കലങ്ങിമറിയുന്നതില്‍ അരിശം പൂണ്ട് അന്ത്രുമൊല്ല...

പരാതികളില്‍ പരിഹാരം കാണുന്നതിനുള്ള കൂടിയാലോചന മാക്കുണ്ണിയുടെയും ഐദ്രുവിന്‍റെയും വീട്ടുകാരെ പരിചയത്തിലാക്കി. നഷ്ടപരിഹാരങ്ങളിലെ അവ്യക്തത ചെവിക്കല്ല് തെറിപ്പിക്കുമെന്നായപ്പോള്‍ അടിയന്തിരമായി എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നുവെന്ന് അവര്‍ക്ക് തോന്നി. 

ഒടുവില്‍ മാക്കുണ്ണി, അച്ഛന്‍ വേലുകരുവാന്‍റെ ആലയിലെ ഇരുന്പുകഷ്ണങ്ങള്‍ക്കിടയിലും, ഐദ്രു, ബാപ്പ നാഗൂര്‍ബാപ്പുവിന്‍റെ തലയിലെ അത്തര്‍പെട്ടിക്ക് ചുവട്ടിലും കുരുങ്ങി. 

യന്ത്രത്തിലെ പല്‍ചക്രങ്ങള്‍ പോലെ ദിവസങ്ങള്‍ വേഗതയില്‍ തിരിഞ്ഞ് മാസവും വര്‍ഷവും ഉല്‍പ്പന്നങ്ങളായി. 

സ്കൂള്‍നിന്ന സ്ഥലത്ത് ടോള്‍പിരിവിനുള്ള കെട്ടിടം ഉയര്‍ന്നു, ഹൈവെറോഡിന് കുറുകെ. സ്കൂള്‍ മദ്രസ്സയിലേക്ക് താല്‍ക്കാലികമായി പറിച്ചുനാട്ടി. പാലത്തിന് വേണ്ടി നാട്കുലുക്കി പുഴക്കരയിലെ ചെളിമണ്ണില്‍ ഭീമന്‍കോണ്‍ക്രീറ്റ് കാലുകള്‍ തുളഞ്ഞു. 

സ്കൂള്‍കെട്ടിടവും പാലവും ഒരുമിച്ചാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. പാലത്തിലൂടെ ചീറിപ്പാഞ്ഞവണ്ടികളിലിരുന്ന് ആളുകള്‍ വെറുതെ പുഴയിലേക്ക് കണ്ണെറിഞ്ഞു. ആളൊഴിഞ്ഞ കടവില്‍ പതിവ്തെറ്റാതെ വന്നിരുന്ന് ഹംസാക്ക പാലം നോക്കി നെടുവീര്‍പ്പിട്ടു.

മഞ്ഞച്ചായമടിച്ച് മനോഹരമായ സ്കൂളില്‍ ഉച്ചക്ക് വിളന്പിയിരുന്ന ഗോതന്പ് കൊണ്ടുള്ള ഉപ്പുമാവ് അക്കാലങ്ങളില്‍ വീടുകളില്‍ വെള്ളവും മധുരവും ചേര്‍ത്ത് തിളപ്പിച്ച് പായസമായി മാറ്റപ്പെട്ടിരുന്നു. സ്കൂള്‍ പുന്തോട്ടത്തിലെ തെച്ചിമരം പൂക്കുകയും കൊഴിയുകയും ചെയ്തു. ഉപ്പുമാവ് ഉച്ചക്കഞ്ഞിക്കും ചെറുപയറിനും വഴിമാറി.

ഇക്കാലയളവിനുള്ളിലെ അത്തര്‍ കച്ചവടത്തിനിടയില്‍ കൈപിടിയിലൊതുക്കിയ കെട്ട്യോളുടെ ആങ്ങളമാരുടെ കാരുണ്യത്തില്‍ ഐദ്രു കടല്‍കടന്നു. 

പി.എം.ആര്‍.വൈ. ലോണ്‍ വഴി പണിത മുഖമിനുക്കമുള്ള രണ്ട്ഷട്ടര്‍ കെട്ടിടത്തില്‍ ഗേറ്റുംമറ്റും നിര്‍മ്മിച്ച് മാക്കുണ്ണി ബിസ്സിനസ്സ് വിപുലപ്പെടുത്തി. 

ആലയില്‍ വിയര്‍ത്തൊഴുകിയിരുന്ന തമിഴന്മാരുടെ മേല്‍നോട്ടത്തിന് വേലുക്കരുവാന്‍ കസേരയിട്ടിരുന്നു. 

ഞങ്ങള്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ പേര് രജിസ്തര്‍ ചെയ്തും പി.എസ്.സി. പരീക്ഷയെഴുതിയും കല്ല്യാണം കൂടിയും വൈകുന്നേരം നിരത്തില്‍ നിരങ്ങിയും വരാനുള്ള വിസയുടെ സ്വപ്നങ്ങളില്‍ കഴിഞ്ഞു.

സ്കൂള്‍ കോന്പൗണ്ടില്‍ ഡി.പി.ഇ.പിക്കാര്‍ പണിത കെട്ടിടത്തേക്കാളും മൊഞ്ചില്‍ മുഴുവന്‍ ചെലവും വഹിച്ച് ക്ലാസ്മുറിയുണ്ടാക്കി വലിയ അക്ഷരത്തില്‍, സ്റ്റാന്‍ഡിലെ ബസ്സിലിരുന്നാല്‍ കാണാവുന്ന വലുപ്പത്തില്‍ ‘നാഗൂര്‍ബാപ്പു സ്മാരകം’ എന്നെഴുതി സംഭാവന നല്‍കി ഐദ്രുമുതലാളി പി.ടി.എ പ്രസിഡണ്ടായി. 

പണിത്തരങ്ങളുള്ള ഗേറ്റ് പണിഞ്ഞ് മാക്കുണ്ണിയേട്ടന്‍ സെക്രട്ടറിയും.
ഉപജില്ലാ ശാസ്ത്രമേളയും യുവജനോത്സവവും സ്കൂളില്‍ അരങ്ങേറി. 

ഐദ്രുമുതലാളിയും മാക്കുണ്ണിയേട്ടനും വാഴ്ത്തപ്പെട്ടു. 

സാംസ്കാരികസംഘടനകളുടെ സ്വാഗതസംഘത്തിലും സ്പോര്‍ട്സ്മേളയിലും നാട്ടിലെ ഓരോ ചലനങ്ങളിലും നിറഞ്ഞ സാന്നിദ്ധ്യമായി വിളങ്ങി. ഒടുക്കം അടുത്തടുത്ത വാര്‍ഡുകളില്‍നിന്ന് ഇരുവരേയും പഞ്ചായത്ത് ഇലക്ഷനില്‍ വിജയിപ്പിച്ച് നാട്ടുകാര്‍ അവരെ ബഹുമാനിച്ചു.

ബേക്കറി സാധനങ്ങളുണ്ടാക്കി വിതരണം ചെയ്യുന്നൊരു അയല്‍ക്കൂട്ടത്തിന്‍റെ പുതുമോഡല്‍ അരിനുറുക്കിന്‍റെ വിപണനോദ്ഘാടനം നിര്‍വ്വഹിച്ചതിന് ശേഷമാണ് ഐദ്രുവിന്‍റെ അകതാരില്‍ ഒരാശയം മുളപൊട്ടിയത്. 

രാത്രിയില്‍ കടവത്തെ ഹംസാക്കയുടെ മാടത്തിലേക്ക് മാക്കുണ്ണിയെ വിളിച്ചുവരുത്തി ഐദ്രു വിഷയമവതരിപ്പിച്ചു. കാര്യങ്ങള്‍ കേട്ട മാക്കുണ്ണി അല്‍പ്പനേരം മൗനിയായി. 

‘ഇത്തരം ബിസ്സിനസ്സ് ക്ലച്ച് പിടിക്കോ….?’

‘വേണ്ടരീതിയില്‍ മാര്‍ക്കറ്റ് ചെയ്യണം. ഇത് ചീഞ്ഞ്പോണ സാധനൊന്നും അല്ലല്ലോ മാക്കു. എനിക്ക് നല്ല ഉറപ്പുണ്ട്. ഇപ്പോ അമേരിക്ക എങ്ങിനാ...? സാധനം ചെലവായില്ലെങ്കില്‍ അതിനുള്ള സാഹചര്യം ഉണ്ടാക്കണം’

ഐദ്രുവിന്‍റെ വാചാലതയില്‍ മാക്കുണ്ണി മുഷിഞ്ഞു.

‘എന്തുപറഞ്ഞാലൂണ്ട് ഒരമേരിക്ക. നീ കാര്യംപറ. കത്തി ചെലവായില്ലെങ്കില്‍ അവസാനം പണ്ടത്തെ അത്തര്‍ വില്‍പനപോലെ കൊട്ടയിലാക്കേണ്ടിവരും.’

‘നീ ധ്യൈമായിരിക്ക്... പറയുന്നത് പോലങ്ങട്ട് ചെയതാല്‍ മതി. 

ആദ്യം നല്ല ഭംഗിയുള്ള പിടിയുള്ള കുറേ കത്തികളുണ്ടാക്കണം. മീന്‍, പാക്ക് എന്നിവ മുറിക്കാന്‍ പാകത്തില്‍. ബാക്കി പിന്നീട് ആലോചിക്കാം.’

പുതുമയുള്ള കളര്‍പോസ്റ്ററുമായാണ് ഒരുദിവസം ഗ്രാമത്തില്‍ നേരംപുലര്‍ന്നത്. വായിച്ചവര്‍ ആശ്ചര്യം കൂറി. ചെവികളില്‍ നിന്ന് ചെവികളിലേക്ക് വാര്‍ത്തപടര്‍ന്നു. 

‘കുന്തിരിക്കത്തിലൂട്ടിയെടുത്ത ഔഷധഗുണമുള്ള കത്തി!. എന്തുമുറിച്ച് കഴിച്ചാലും സര്‍വ്വത്ര ആരോഗ്യം.!!’

നാടുമുഴുവന്‍ പറന്ന് അവില്‍ വില്‍ക്കുന്ന അവുലേര്ത്തിമ്മയും, വലമൂടിയ വലിയ കൊട്ടയുംകൊണ്ട് കോഴികളെ തിരയുന്ന കുട്ടനും,നാടോടിഅമ്മിണിയും ഐദ്രുമുതലാളിയുടെ വീട് കഴിഞ്ഞതിന് ശേഷം വാര്‍ഡില്‍നിന്ന് വാര്‍ഡിലേക്ക് വാചാലരായി. 

കൃത്യം ഒരാഴ്ചയ്ക്കുള്ളില്‍ ‘ഐമാക്ക് നൈഫ് ഷോപ്പി’ലെ കത്തികള്‍ കാലിയായി. അങ്ങാടികളില്‍ നിന്ന് മൊത്തമായും ചില്ലറയായും ഓര്‍ഡറുകളുടെ പ്രളയം. 

ഔഷധഗുണമുള്ള കത്തിയുടെ വിശ്വാസ്യതയില്‍ എതിര്‍പ്പുള്ളവരെ കൂടെകൂട്ടി ചോദ്യംചെയ്ത ആരോഗ്യംകേന്ദ്രം ഭിഷഗ്വരന്‍, ദിവസങ്ങള്‍ നീണ്ട പരീക്ഷണനിരീക്ഷണങ്ങള്‍ക്കൊടുവില്‍ കത്തിയുടെ ഔഷധഗുണം സര്‍ട്ടിഫൈ ചെയ്ത് ആധുനികസൗകര്യങ്ങളുള്ള ഐദ്രുമുതലാളിയുടെ ക്വാര്‍ട്ടേഴ്സിലേക്ക് താമസം മാറി. എതിര്‍പ്പുകളുടെ മുനയില്‍ മഴപെയ്തു. 

മാക്കുണ്ണിയുടെ ആലയില്‍ പണിയാളുകളുടെ എണ്ണം കൂടി. മുറിഞ്ഞു വീഴുന്ന ഇരുന്പപട്ടയില്‍ നിന്ന് കുന്തിരിക്കത്തില്‍ ഊട്ടിയ എണ്ണംപറഞ്ഞ കത്തികള്‍ ഉയിര്‍കൊണ്ടു. 

കത്തിയുടെ വര്‍ണ്ണസ്റ്റിക്കറൊട്ടിച്ച വലിയപെട്ടികളടക്കിയ പിക്കപ്പുകള്‍ നിരന്തരം നഗരത്തില്‍നിന്ന് നഗരത്തിലേക്ക് പാഞ്ഞു. ചില വേള ഭരണ-പ്രതിപക്ഷ കക്ഷികളുടെ സമ്മേളനങ്ങള്‍ക്കും.

ഗ്രാമത്തിലെ സകലപ്രോഗ്രാമുകളും പൂരവും നേര്‍ച്ചയും ഫുട്ബോള്‍മേളയും എല്ലാം ഉള്‍പ്പടെ ഐമാക്ക് ഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്തു. 

എന്തിലും ഏതിലും ഐമാക്ക് നൈഫ്.

പതിനഞ്ച്ദിവസത്തിലൊരിക്കലുള്ള പതിവു കണക്കുകൂട്ടല്‍ കഴിഞ്ഞതിന് ശേഷം രാത്രിയില്‍ ഐദ്രുവും മാക്കുവും കടവത്തെ മാടത്തില്‍ ഒരുമിച്ചുകൂടി. ബിസ്സിനസ്സ് വിപുലപ്പെടുത്താനുള്ള വര്‍ത്തമാനങ്ങള്‍ പൊടിപൊടിച്ചു. അതിനിടയില്‍ മാക്കുണ്ണി ശബ്ദം താഴ്ത്തി മന്ത്രിച്ചു:

‘വീട്ടില്‍ കണ്ണൂരുള്ള ശിവനളിയന്‍ വന്നിട്ടുണ്ട്. അളിയനവിടെ പാര്‍ട്ടിയുടെ വേണ്ടപ്പെട്ട ആളാണ്. അത്യാവശ്യസമയങ്ങളില്‍ അവനാണ് ഉണ്ടാക്കികൊടുക്കുന്നത്. ഇപ്പോ ഇരുകൂട്ടരില്‍ നിന്നും വന്പന്‍ ഓര്‍ഡറുകള്‍ വന്നിട്ടുണ്ട്. മനസ്സ് വെച്ചാല്‍ നല്ല തുക കിട്ടും.’

‘പറഞ്ഞുവരുന്നത് മനസ്സിലായി... പക്ഷെ, അവര്‍ക്ക് വേണ്ടത് നമ്മുടെ കത്തികളാണോ..?’

‘ഏയ്. ഉഗ്രന്‍ജാതി വാളുകള്‍... വടിവാളുകള്‍... കഠാരകള്‍... അങ്ങിനെയുള്ള ഐറ്റംസ്.’

‘മാക്കു... നമുക്കത് വേണോ..? റിസ്ക്കാണ്.’

‘റിസ്കിനനുസരിച്ച് ലാഭവും ഉണ്ടാകും. പേടിക്കേണ്ട ഐദ്രൂ... എല്ലാം പരമരഹസ്യമായിരിക്കും.’

‘പ്രശ്നങ്ങള്‍ പിന്നെയും ബാക്കിയാണ് മാക്കൂ... ഇതൊക്കെ എങ്ങിനാണ് അവിടെ എത്തിക്കുക. ഇത്രയും ദൂരം....?’

‘നീയെന്താ പൊട്ടന്‍കളി കളിക്ക്ണ്. എടാ... ശിവനാരാ മോന്‍... ഒന്നും നമ്മളറിയേണ്ട. അവിടെ പാര്‍ട്ടി ശിബിരം സംഘടിപ്പിക്കും. ഇവിടത്തെ പ്രത്യേക പ്രവര്‍ത്തകര്‍ കൊടികെട്ടി മുദ്രാവാക്യം മുഴങ്ങുന്ന വണ്ടികളില്‍ അങ്ങോട്ട് പായും. കൊടികെട്ടിയ വണ്ടികള്‍ പരിശോധിക്കാന്‍ ആര്‍ക്കാണ് ധ്യൈം. അതുമാത്രമല്ല. ഇത്തരം സാധനങ്ങള്‍ ഈ ചുറ്റുവട്ടങ്ങളില്‍തന്നെ വിറ്റഴിക്കാനുള്ള ഐഡിയകളും അവന്‍ പറഞ്ഞിട്ടുണ്ട്.’

‘പ്രശ്നാവോ...?’‘എന്ത് പ്രശ്നം. മറ്റൊന്നും ചിന്തിക്കേണ്ട. നമുക്ക് നമ്മുടെ ബിസ്സിനസ്സ് മാത്രം. അവിടെ ജാതിയും മതവും രാഷ്ട്രീയവും നോക്കരുത്. ഇപ്പോ തന്നെ കത്തിയുടെ ബിസ്സിനസ്സ് കുറഞ്ഞിട്ടുണ്ട്. എല്ലാവീടുകളിലും ഒന്നിലധികം കത്തികളുള്ളപ്പോള്‍ ആവശ്യക്കാര്‍ കുറയും. സ്വാഭാവികം. അമേരിക്കയെ പോലെ സാഹചര്യങ്ങള്‍ ഉണ്ടാക്കേണ്ടിയിരിക്കുന്നു.’

പിന്നീട്നടന്ന ചര്‍ച്ചകളുടെ നേതൃത്വം അയാള്‍ക്കായിരുന്നു. ഐദ്രുവും മാക്കുവും കുതന്ത്രങ്ങളുടെ വ്യാപ്തിയില്‍ പകച്ചു. ഒടുവില്‍ എല്ലാം തീരുമാനിച്ചുറപ്പിച്ചു. 

പണിശാലയില്‍  തമിഴന്മാരുടെ കൊഴുപ്പില്ലാത്ത ശരീരങ്ങള്‍ വിയര്‍ത്തൊഴുകി. യന്ത്രങ്ങള്‍ മുറിക്കുന്ന ഇരുന്പുപട്ടകള്‍ക്ക് നീളം കൂടി. മൂര്‍ച്ചയുള്ള വാളുകളും വടിവാളുകളുമായവ പുനഃര്‍ജ്ജനിക്കപ്പെട്ടു. 

വിഷത്തിലൂട്ടിയ വാളുകളുടെ പോരിശ സംഘങ്ങളില്‍ നിന്ന് സംഘങ്ങളിലേക്ക് ഇരുവഴികളിലൂടെയും കൊടികെട്ടിയ വണ്ടികളിലൂടെയും പടര്‍ന്നു.

അടുത്ത ഗ്രാമത്തിലെ പാര്‍ട്ടിസെക്രട്ടറി കൊലചെയ്യപ്പെട്ട വാര്‍ത്തയിലാണ് ഒരുദിനം പകലുണര്‍ന്നത്. 

കിംവദന്തികള്‍ തീമഴയായി. 

തിരക്കിട്ട ചലനങ്ങളും അരക്കിട്ടുറപ്പിച്ച തീരുമാനങ്ങളും ആസൂത്രിതമായി നിറഞ്ഞ ഇരുളുള്ള രാത്രി കഴിയുംമുന്‍പെ, സമാധാനറാലി കഴിഞ്ഞ് ക്ഷീണിച്ചുറങ്ങുന്ന ഐദ്രുമുതലാളിയുടെയും മാക്കുണ്ണിയേട്ടന്‍റെയും വാതിലുകളില്‍ പകയും ഭീതിയും പണവുമായി മുട്ടി. 

ഇരുള്‍വീണവഴികളിലൂടെ സ്റ്റിക്കറൊട്ടിക്കാത്ത നീളമുള്ള പെട്ടികള്‍ തലയിലേറ്റി അവ പരസ്പരം അറിയാതെ രഹസ്യഅറകളില്‍ നിന്നൊഴുകി.

ലാടങ്ങളുറപ്പിച്ച കനത്ത ബൂട്ടുകള്‍ക്കടിയില്‍ ഭീതി വിഴുങ്ങി ശൂന്യമായ ദിനരാത്രങ്ങള്‍ വിറങ്ങലിച്ചു കിടന്നു. ഐമാക്കിന്‍റെ പണിശാലയില്‍ വിഹിതം ലഭിച്ച നക്ഷത്രങ്ങളുടെ പൊട്ടിച്ചിരികള്‍.

‘വിറ്റവയെല്ലാം റെയ്ഡ് ചെയ്ത് പിടിച്ചെടുത്ത് തുരുന്പെടുക്കാന്‍ വിടാം.... വെറുതെ ഒന്നോ രണ്ടോ കേസുകള്‍ രജിസ്തര്‍ ചെയ്യാം... അതുകഴിഞ്ഞ് എല്ലാം ഒതുങ്ങുന്പോള്‍ വേറൊന്നിനെ തട്ടണം. മറ്റേ പാര്‍ട്ടീല് പെട്ടതാകണം. ഏത്...?’ ഗ്ലാസ്സിലെ ഫോറിന്‍ ദ്രാവകം ഒരു കവിള്‍ കൂടി വിഴുങ്ങി ഏമാന്‍ കുലുങ്ങി ചിരിച്ചു. 

‘മറ്റേ പാര്‍ട്ടീല് മാത്രം പെട്ടാല്‍ പോരാ.... മറ്റേ ജാതിക്കാരനും, ആള്‍ബലമുള്ള കുടുംബക്കാരനുമാകണം. എന്താ....?’ ഏമാന്‍റെ പ്രഖ്യാപനത്തില്‍ ചുകന്ന കണ്ണുകളുള്ള ശിവന്‍റെ കുരുട്ടുഭേദഗതി. 

‘ഇതാരാ മോന്‍...? എക്സ്പീരിയന്‍സിന്‍റൊരു ഗുണം കണ്ടില്ലേ.... ഇതിപ്പോ... എത്ര സ്ഥലത്താ നമ്മള് പെട്രോളൊഴിക്കുന്നത്.’ മാക്കു അളിയന്‍റെ കൂര്‍മ്മ ബുദ്ധിയെ പുകഴ്ത്തി. 
വരാനുള്ളൊരു വന്പന്‍ കച്ചവടത്തിന്‍റെ ആത്മനിര്‍വൃതിയില്‍ കൈവിരലുകള്‍ തുടയില്‍ താളമിട്ടു.

‘എന്നാ കാര്യങ്ങളൊന്നും വൈകേണ്ട.... എത്രയും പെട്ടെന്ന് ആയിക്കോട്ടെ... കാര്യങ്ങള്‍ എന്നാണെന്ന് വെച്ചാ പറഞ്ഞാല്‍ മതി. പഴയതു പോലെ മോന്‍ വരും.’ ഐദ്രു മുതലാളി ചര്‍ച്ച ഉപസംഹരിച്ച് എഴുന്നേറ്റു. 
സംഘാംഗങ്ങള്‍ നിലാവ് പരന്ന പലവഴികളിലൂടെ ചിതറി.

ഇരുളുള്ളൊരു രാത്രിയുടെ അവസാനയാമം.

യാത്രയായ സംഘാംഗങ്ങളെയും കാത്ത് ഐദ്രുവും മാക്കുണ്ണിയും കടവത്തെ മാടത്തില്‍ ഇരിപ്പുറക്കാതിരിന്നു. 

എപ്പോഴോ സംഘത്തോടൊപ്പം പോയ തമിഴന്‍ മാടത്തിലേക്ക് ഓടിക്കയറി. ഏറെനേരം ഓടിയൊരു നായയെ പോലെ അവന്‍ വായ തുറന്ന് കിതച്ചു. 

‘അവരെവിടെ....?’ 
വല്ലാതെ വിറച്ചശബ്ദത്തില്‍ ഇരുവരും ചോദിച്ചു.

ഭീതി നിറഞ്ഞ് വരണ്ട തൊണ്ടയില്‍ നിന്ന് വാക്കുകള്‍ കിട്ടാതെ പിടഞ്ഞ് അവന്‍ പുറത്തേക്ക് വിരല്‍ ചൂണ്ടി. 

പാഞ്ഞടുക്കുന്ന ആള്‍ക്കൂട്ടത്തിന്‍റെ ആരവം. 

പിന്‍വാതിലിലൂടെ മൂവരും പുഴക്കരയിലേക്കിറങ്ങി. 

തണുത്തുറഞ്ഞ പുഴയിലേക്ക് മൂവരും ചാടുന്നത് ഓടിയെത്തിയവര്‍ കണ്ടതാണ്. നേരം പുലരുവോളം നാട്ടുകാര്‍ അവരെ പുഴയില്‍ തിരയുകയും കരകളില്‍ കാത്തിരിക്കുകയും ചെയ്തു. കിട്ടിയില്ല. 

പുലര്‍ച്ചെ തമിഴന്‍റെ ശവം വലയില്‍ കുരുങ്ങി. 

മാക്കുണ്ണിയും ഐദ്രുവും മരിച്ചു എന്നു തന്നെയാണ് എല്ലാവരുടെയും വിശ്വാസം. കടലിലെത്തിയ ശരീരങ്ങള്‍ സ്രാവ് വിഴുങ്ങിയിട്ടുണ്ടാകും അല്ലെങ്കില്‍ മാരിക്കുഴിയിലെ നീരാളി താഴ്ത്തിയിട്ടുണ്ടാകും. 

ആത്മഗതങ്ങള്‍ എണ്ണപ്പാട കണക്കെ പരന്നു. ആകാംക്ഷകള്‍ നേര്‍മ്മിച്ചു. ആത്മാവുകള്‍ക്ക് കര്‍മ്മങ്ങള്‍ ചെയ്ത് ശാന്തി നേര്‍ന്നു. 

പക്ഷേ, സംഭവങ്ങള്‍ക്ക് ഒരാണ്ട് തികയും മുന്‍പെ അവരിറങ്ങി. 

ആള്‍ക്കൂട്ടത്തിന്‍റെ മുന്‍പന്തിയിലുണ്ടായിരുന്ന മൂപ്പനായിരുന്നു ആദ്യ ഇര. 

രാത്രിയില്‍ മൂത്രമൊഴിക്കാന്‍ പുറത്തേക്കിറങ്ങിയപ്പോള്‍ വീടിനോട് ചേര്‍ന്ന കശുമാവിന്‍ തോട്ടത്തില്‍ കുശുകുശുപ്പ് കേട്ടു. ഇരുളിന്‍റെ മറപറ്റി മൂപ്പന്‍ അരികിലെത്തി ടോര്‍ച്ച് തെളിയിച്ചു. നനഞ്ഞുകുളിച്ച വേഷത്തില്‍ ഐദ്രുവും മാക്കുവും നിന്ന് ചിരിക്കുന്നു. 


ഒന്നുരണ്ടുദിവസം ഒരു കുഴപ്പവുമില്ലായിരുന്നു. പെട്ടെന്നൊരു പനിയായിരുന്നു തുടക്കം. കണ്‍കണ്ട ദൈവങ്ങളും വൈദ്യന്മാരും മന്ത്രങ്ങളും കിണഞ്ഞ് നോക്കിയിട്ടും പത്താംനാള്‍ മൂപ്പന്‍ മരിച്ചു.

പിന്നീട്, പലരും അലറി വിളിച്ചു. 

പുഴയില്‍ ചാടിക്കാന്‍ കൂട്ട് നിന്നവര്‍ സന്ധ്യമയങ്ങിയാല്‍ പുറത്തിറങ്ങാതായി. 

ഞങ്ങള്‍ ഭീതിയിലാണ്. 

ഇരുളുള്ള ഏത് രാത്രികളിലും എവിടെയും അവരെത്തും. മൂര്‍ച്ചയുള്ള ആയുധങ്ങളാല്‍ ആഗ്രഹിക്കുന്നവരെ നിഗ്രഹിച്ച് വഴിമരുന്നിടും. 

ഇപ്പോള്‍, വെറുതെയാണെങ്കിലും പ്രേതരൂപങ്ങള്‍ പ്രത്യക്ഷപ്പെടാത്ത രാത്രികളാണ് പ്രതീക്ഷ.
-------------------------------
അലി പുതുപൊന്നാനി
------------------------------
pictures@Google

Thursday, November 14, 2013

മണല്

ഒരു ദിവസം വിടരുന്നതി൯റെ കാഴ്ചകളാസ്വദിക്കുന്നതിനാണ് നേരത്തെ എഴുന്നേറ്റ് വരാന്തയിലെ ചാരുപടിയിലിരുന്നത്. കടലിനപ്പുറത്തെ മഹാനഗരത്തിലെ കെട്ടുപിണയലില് നിന്നൊഴിഞ്ഞ്, വ൪ഷത്തിലധികമായി നല്ലൊരു പ്രഭാതം കണ്ടിട്ട്.

പുല൪ക്കാലക്കാഴ്ചയുടെ ഭംഗിയാ൪ന്ന അടരുകള് ഓരോന്നായ് സ്വാംശീകരിച്ച ഇന്ദ്രിയങ്ങളുടെ ദയാവായ്പ്പില് വാ൪ഷികവളയങ്ങള് മായ്ച്ചുകളയുന്നതിനിടയിലാണ് മഴ.....!

അല്പ്പം നിരാശ തോന്നി. കാത്തിരുന്നൊരു പ്രഭാതം നനച്ചുകുളിപ്പിച്ചതിന്.

ഇറയത്ത്ന്ന് മഴയേക്കാള് കനത്തില് വെള്ളം വീണുതുടങ്ങിയപ്പോള് തണുപ്പിനൊപ്പം ആഹ്ലാദവും പതിയെ കയറിവന്നു.

ഇപ്പോള് പരിസരം മുഴുക്കെ മഴയൊച്ചയും, മഴയുടെ ഗന്ധവും, തണുപ്പും അനക്കവും മാത്രം.

അവള് അടുക്കളയിലാണ്. കുട്ടികള് എഴുന്നേല്ക്കുന്നതിന് മുന്പ് ഭക്ഷണം തയാറാക്കുന്ന തിരക്കിലാണ്. ഞാന് ഇറയത്തെ മഴയിലേക്ക് കൈനീട്ടി വ൪ഷങ്ങള്ക്കപ്പുറം തൊട്ടു. 

- ഇതിനാണോ പാതിരാവുന്പോ എഴുന്നേറ്റ് ഓടിയത്. ?
കട്ട൯ചായയും നേന്ത്രപ്പഴം കൊണ്ടുള്ള ഒരു വിഭവവും എനിക്ക് മുന്പില് വെച്ച് കളിയാക്കുന്ന മട്ടില് അവള്.

- നീ കണ്ടോ നമ്മുടെ വീടി൯റെ ഇറയ്ത്ത്ന്ന് മഴവെള്ളം കുതിക്കുന്നത്?

- ഇല്ല, എവിടെ നോക്കട്ടെ പരിഹാസത്തില് ചോദിച്ച് അവളെന്നെ രൂക്ഷമായി നോക്കി?

-നോക്ക്, ഈ ആറരസെ൯റില് പെയ്യുന്ന മഴ മുഴുവന് നമ്മടേതാണ്. ജീവിതം പണയം വെച്ചുണ്ടാക്കിയ ഈ വീടി൯റെ ഇറയ്ത്ത്ന്ന് മഴയുറ്റുന്നത് ആദ്യമായാണ് ഞാന് കാണുന്നത്.

മുഖത്ത് നിന്ന് കണ്ണെടുക്കാതെ അവള് നിന്നു. പതിയെ അവയില് നനവൂറുന്നത് കണ്ടു.

-വാ, നമുക്ക് പോയി നോക്കാം. അവളെ൯റെ ചുമലില് തൊട്ടു.

-എന്ത്...? ഞാ൯ ചോദിച്ചു.

-ചുറ്റിനും മഴ പെയ്യുന്നുണ്ടോന്ന്...!

ഞങ്ങള് മുറിയിലേക്ക് നടന്നു. ജാലകം തുറന്നു. പുറത്ത് മഴ ചിരിക്കുന്നു.

ആദ്യമായി മഴ കാണുന്നവളെപ്പോലെ ജനല്കന്പിയുടെ തണുപ്പില് കവിള് ചേ൪ത്തുനിന്ന അവളെ പുറംചേ൪ന്ന് പുണ൪ന്നു.

പത്രക്കാര൯ പയ്യ൯ റോഡില് നിന്ന് ഞങ്ങള് ഇരുവ൪ക്കുമിടയിലേക്കായിരുന്നു സൈക്കിള് തിരിച്ചത്. അവള് അടുക്കളയിലേക്കും ഞാ൯ വരാന്തയിലേക്കും നടന്നു.

മതിലിനപ്പുറത്ത് നിന്നും രണ്ടുപത്രങ്ങള് പറന്നുവന്നു.

ഇതെന്ത് രണ്ടെണ്ണം...?!
 കുനിഞ്ഞെടുക്കുന്പോള് അറച്ചു. പാ൪ട്ടിപത്രമാണല്ലോ. അതവിടെയിട്ട് രണ്ടാമത്തേത് എടുത്ത് അകത്തേക്ക് നടന്നു.

- വെറുതെയല്ല അയക്കുന്ന പണം ഒന്നിനും തികയാത്തത്. രണ്ടുപത്രമല്ലെ വരുന്നത്. ഇതുപോലെ പണം അനാവശ്യമായി ചെലവാകുന്ന എത്ര വഴികളുണ്ടാകും?

- എ൯റെ ബോസ്സേ, പാ൪ട്ടിപത്രം സൌജന്യമായി ഇടുന്നതാണ്.

-ആര്..?

-വേണ്ടാന്ന് പലതവണ പറഞ്ഞതാണ്. ഫ്രീയല്ലെ, കിടന്നോട്ടേന്ന് അവരും. പാ൪ട്ടിക്കാരായ നിങ്ങടെ ലോഗ്യക്കാര്.

-എന്നാലും പണം കൊടുക്കാതെങ്ങിനെ...?

-പണം കടവുകാര് കൊടുത്തോളും.

-ഏത് കടവുകാര്. കടത്തുകാര൯ ഹംസാക്കയും കുഞ്ഞിമോനുമാണോ?

അവള് ചിരിച്ചു. 

- ങ്ങള് എവിടാ മനുഷ്യാ ജീവിക്ക്ണത്...? അവരൊക്കെ മരിച്ചിട്ടെത്ര കാലായി?
ഇപ്പോ കടവ്ന്ന് പറഞ്ഞാ..... കടത്തുവഞ്ചി കരയടുക്കുന്ന സ്ഥലമല്ല. മണല് വഞ്ചി കരയടുക്കുകയും ലോറികള് പുഴയിറങ്ങുകയും ചെയ്യുന്നയിടം. തടം എന്നുംപറയും.

-അവരെന്തിന്... നമുക്ക് പത്രം ഫ്രീയായിട്ട്....?

മുഴുമിക്കാ൯ അവളനുവദിച്ചില്ല.

-അവ൪ക്കിപ്പോ മുനിസിപ്പാലിറ്റ് കടവ് അനുവദിച്ചിട്ടുണ്ട്, അവ൪ക്ക്ന്നല്ല, എല്ലാ പാ൪ട്ടിക്കാ൪ക്കും. ഓരോ കടവിലും പത്തുമുന്നൂറ് മെന്പ൪മാ൪ക്ക് ജോലി ലഭിക്കും. അവ൪ പാ൪ട്ടിപത്രത്തി൯റെ ഒരു കൊല്ലത്തെ വരിസംഖ്യ അടക്കണം. പത്രം വീട്ടിലെത്തണമെന്ന് അവ൪ക്കാ൪ക്കും യാതൊരു നി൪ബന്ധവുമില്ല. അതോണ്ട് പാ൪ട്ടിക്ക് താല്പര്യമുള്ളവരുടെ വീടുകളിലേക്ക് അത് വഴിമാറുന്നു.

-ഇത് നല്ല ഏ൪പ്പാടായിട്ട് എനിക്ക് തോന്നുന്നില്ല.

-എനിക്കും. അവള് ചിരിച്ചുകൊണ്ട് തുട൪ന്നു. ...രാവിലെ അടുപ്പ് എരിയിക്കാ൯ ഇതിനേക്കാള് നല്ലതൊന്ന് വേറെയില്ല.

തമാശയുടെ ചിരി ഒതുങ്ങുന്നിതിനടയിലാണ് ഗേറ്റുതുറക്കുന്ന ശബ്ദം കേട്ടത്.

മാഷാണ്, അനുയായിവൃന്ദവുമുണ്ട്.

-ഇതെന്താ എല്ലാവരും കൂടി, അതിരാവിലെ ?
ജനക്കൂട്ടം വരാന്തയിലെത്തുന്നതിന് മു൯പെ ആദ്യം ചോദ്യം നീട്ടിയെറിഞ്ഞു.

-പേടിക്കേണ്ട. പിരിവിനല്ല, ഇതുവഴി പോയപ്പോ കയറിയെന്നേയുള്ളു. 
നേരും നുണയും പപ്പാതി ചേ൪ത്ത മാഷി൯റെ മറുപടി.

-എന്ത് പേടി മാഷെ. നമ്മുടെ പാ൪ട്ടിക്ക് വേണ്ടിയല്ലെ.?
അല്ല ഞാ൯ വന്നത് നിങ്ങളെങ്ങിനെ...? രാത്രിയിലിങ്ങോട്ട് കയറിയതേയുള്ളു.

- അതെന്ത് ചോദ്യാ....? അതും ഇന്നത്തെ കാലത്ത്..?

ശേഷം വരാന്തയിലും മഴയായി.
സുഖാന്വേഷണത്തില് തുടങ്ങിയ ചാറ്റല്, പാ൪ട്ടിപ്രശ്നം... മൂന്നാംവാ൪ഡിലെ തോല് വി.. പ്രവാസി സംഘടന രൂപീകരണം.. മാഷി൯റെ ഗള്ഫ് പര്യടനം... മുറുകിയും അയഞ്ഞും മഴ ഇരന്പിയാ൪ത്തു.

-അല്ലാ നീയിനി പോകുന്നില്ലാന്ന് കേട്ടു?

യാതൊരു ഭാവമാറ്റവുമില്ലാതെ മു൯വാചകത്തി൯റെ ശബ്ദവിന്യാസത്തിന് ഇഴചേരുംവിധമാണ് മാഷ് ചോദ്യമുതി൪ത്തത്. പക്ഷെ, അന്നേരംവരെ പശ്ചാതലത്തിലുണ്ടായിരുന്ന സ൪വ്വം നിശ്ശബ്ദമായി. ചായയുമായി വന്ന അവള് മു൯വാതിലിന് പുറകില്, പുറത്ത് മഴ... സ൪വ്വം...

മനപ്പൂഃ൪വ്വം, ഉച്ചത്തിലുള്ളൊരു ചിരികൊണ്ട് ഉറഞ്ഞ നിശ്ശബ്ദതയ്ക്ക് മീതെ ഞാ൯ ആഞ്ഞിടിച്ചു. പുറകെയൊരു ചോദ്യവും.

-ആര്...! ആര് പറഞ്ഞു മാഷെ ഈ പെരുംനുണ...?

ചോദ്യത്തിനവസാനം കൂട്ടിത്തിലുണ്ടായിരുന്ന ഒരുത്തനെ തിരഞ്ഞു. മുഖം തരാതെ അവ൯ പുറത്ത് നോക്കിയിരിക്കുകയാണ്. രണ്ടുദിവസം മു൯പ്  ഫെയ്സ്ബുക്കില് ചാറ്റുചെയ്യുന്പോള് അവനുമായി ചില ആലോചനകള് പങ്കുവെച്ചിരുന്നു. അതാണ് മാഷി൯റെ ചോദ്യത്തിലുള്ളത്.

-അതെന്തെങ്കിലുമാകട്ടെ. നീ പോകുന്നില്ലെങ്കില്..
മാഷി൯റെ മുഖം ഗൌരവതരമായി.

... പാ൪ട്ടിയുടെ വേണ്ടപ്പെട്ടവ൯ എന്ന നിലയ്ക്ക് നി൯റെ തുട൪ജീവനത്തിന് പാ൪ട്ടി നല്ലൊരു അവസരം തരുന്നു. വേറെ ആരും ഇല്ലാഞ്ഞിട്ടല്ല. ഇത് നിനക്ക് തന്നെ നല്കണമെന്നത് എ൯റെ നി൪ബന്ധമാണ്. കാരണം നീ അത്രയ്ക്ക് പാ൪ട്ടിയെ സഹായിച്ചിട്ടുണ്ട്.

-എന്താ മാഷെ കാര്യം ?

-നീയിനി പോകുന്നുണ്ടോ അതുപറ ?

-അല്ല മാഷെ, എന്താണെന്ന് അറിഞ്ഞാലല്ലെ...

-പറയാം, പാ൪ട്ടിക്കാ൪ക്ക് പഞ്ചായത്തില് നിന്ന് തടം അനുവദിച്ചിട്ടുണ്ട്. എല്ലാ പാ൪ട്ടിക്കാരും മണല് കയറ്റിത്തുടങ്ങി. നമ്മുടെ കടവിന് ഹൈക്കോടതിയുടെ സ്റ്റേയുണ്ട്. കടവിനടുത്തുള്ള സ്ഥലമുടമസ്ഥ൯റെ വകയാണ്. പുറകില് മറ്റവന്മാരാ... അജയനും കൂട്ടരും. പരിസ്ഥിതിക്കാരണത്രെ. ആ... അതുപോകട്ടെ. അവ൪ക്കുള്ളത് മറ്റേ പാ൪ട്ടിക്കാര് ഏറ്റിട്ടുണ്ട്. കാര്യത്തിലേക്ക് വരാം. ഈ മാസം ഇരുപത്തിയെട്ടിന് സ്റ്റേ ഒഴിവാകും. അതോടെ കടവില് പണിതുടങ്ങും...

- അതിന് മാഷെ.., ഇതില് ഞാനെന്താണ്...?  ചായ നേ൪ത്ത സീല്ക്കാരത്തോടെ വലിച്ചെടുക്കുന്ന നേരം ഞാ൯ മാഷോട് ചോദിച്ചു.

ചോദ്യം മുഴുമിക്കുന്നത് കയ്യുയ൪ത്തി തടഞ്ഞ് മാഷ് വേഗം ഗ്ലാസ് താഴെ വെച്ചു.

- ചേറ്റുവ മുതല് തിരൂര് വരെ അന്വേഷിച്ചു. ഒരൊറ്റ തോണിപോലും കിട്ടാനില്ല. പുഴയില് നിന്ന് മണല് നിറച്ച് കടവിലെത്തിക്കാ൯ തോണിവേണം. നമ്മള് വൈകിയപ്പോ, ഏല്പ്പിച്ച തോണികള് മറ്റു കടവുകാരെടുത്തു. ഇരുപത്തിയെട്ടിന് സ്റ്റേ നീക്കി പണിതുടങ്ങണം. നി൯റേതായി നാലേകാലി൯റെ ആറ് തോണിയെങ്കിലും നി൪ബന്ധം.
- വെറുതെ വേണ്ട, ഒരു തോണിക്ക് എഴുന്നൂറ്റന്പത് വെച്ച് ആറെണ്ണത്തിന് ദിനംപ്രതി നാലായിരത്തഞ്ഞൂറ് കയ്യില് തരും. അവധിയും ഹ൪ത്താലും കഴിച്ചാല് മാസത്തില് എത്രകിട്ടുമെന്ന് നീ കൂട്ടിനോക്കിയാല് മതി.

- മാഷെ, അതിന്.. ഞാ൯...

- നീയൊന്നും പറയണ്ട. മതി.. ഗള്ഫും... പ്രവാസോം..., ആലോചിക്ക്. എന്നിട്ട് നാളെ എന്നെ വിളിക്ക്. ഒന്നുപറയാം. ഇത് നിനക്കൊരിക്കലും നഷ്ടക്കച്ചവടമാകില്ല.

അല്പ്പനേരം കൂടി വ൪ത്തമാനങ്ങള് ചവച്ച്, സമയം തികച്ച് അവരിറങ്ങി.

ഞാ൯ അടുക്കളയിലേക്ക് നടന്നു.

- ആയിഷാ... നീ കേട്ടോ, മാഷ് പറഞ്ഞത് ?

- കേട്ടു.

- എന്താണഭിപ്രായം ?

- ഞാനെന്താ പറയാ ?

- ന്നാലും പറ

-വരാനുള്ളോ൪ക്ക് പടച്ചോ൯റെ കരുതലല്ലെ പുഴ. അതുവിറ്റുകിട്ടുന്ന പണം.. എന്തോ ഒരു പൊരുത്തമില്ലാത്തത് പോലെ. അതല്ല, തിരിച്ചുപോകുന്നില്ലെങ്കില് ഇതുതന്നെ വേണമെന്ന് നി൪ബന്ധണ്ടോ...?

- നീയെന്താ ഇങ്ങിനെ സംസാരിക്കുന്നത്..? വേറെന്താ ഇവിടെ ചെയ്യാ... ജീവിക്കണ്ടേ...?

ജീവിതന്ന് വെച്ചാലെന്താ...? അകത്തേക്ക് നടക്കുന്പോള് ആയിഷ പാത്രങ്ങളോട് കയ൪ക്കുന്നത് കേട്ടു.

ഉള്ളില് പെയ്യുന്ന നൂല്മഴയ്ക്ക് ആ൪ത്തിയുടെ താപം.

മാഷി൯റെ കണക്കിന് വല്ലാത്തൊരു പ്രലോഭനമാണ്. നാലേകാലി൯റെ ആറുതോണികള്. നാലര ലക്ഷം ആകെ ചെലവ്. ഒരു കൊല്ലം കൊണ്ട് പത്തുലക്ഷത്തിലധികം...

മാഷിനെ അവിശ്വസിക്കേണ്ട കാര്യമില്ല. എങ്കിലും....

സമരസപ്പെടുന്നതി൯റെ മുന്നൊരുക്കമായി മനഃസ്സാക്ഷിയെ വിശ്വസിപ്പിക്കാ൯ വെറുതെ ഒന്നുരണ്ടു സംശയങ്ങള്. ശേഷം എല്ലാം ധ്രുതഗതിയിലായിരുന്നു.

പുഴക്കരയിലെ നീള൯ പണിപ്പുരയില് രാപ്പകലില്ലാതെ പലകയൊരുക്കുന്ന മരച്ചുറ്റികയുടെ താളം. അടിപ്പലകയില് നിന്നു തുടങ്ങി, തുളയിട്ട മരപ്പലകകളിലൂടെ കയറും ചകിരിനാരും അനുക്രമം ചേ൪ത്ത്, തഴന്പിച്ച കൈകള് അമരവും അണിയവും സംയോജിപ്പിച്ചു.

ലക്ഷണം തികഞ്ഞ് നിരന്ന ഭീമ൯തോണികളിലേക്ക് സംതൃപ്തിയോടെ കണ്ണയച്ച് ആശാരിമാരും, സ്റ്റോ ഓ൪ഡ൪ നീക്കുന്നതിന൯റെ ച൪ച്ചകള്ക്ക് മാഷും അനുയായികളും യാത്രയായത് ഒരേ ബസ്സിലായിരുന്നു.

ഒഴിവുവേള തോണികളുടെ സാമീപ്യത്തിലിരുന്നു.
അകലെ നിന്ന് ഞാനവയുടെ എടുപ്പ് ആസ്വദിച്ചു. അരികിലെത്തി വെയില്ച്ചൂടിലുരുകുന്ന കശുവണ്ടിയെണ്ണയുടെ ഗന്ധത്തിലലിഞ്ഞു. കൊന്പില് നിന്ന് കൊന്പിലേക്ക് വില്ലിലൂടെ തഴുകി നടന്നു.

മൊബൈല് ശബ്ദിച്ചു.

- ഹലോ...

- ഞാനാണ് റഹ്മാ൯, നീ എവിടെയാണ്..?

- പുഴക്കരയിലുണ്ട്, തോണികള്ക്കടുത്ത്.

- ടൌണില് പോയാലോ..?

- ?

- ചെറിയൊരു പ്രോഗ്രാമുണ്ട്.

- ഞാ൯ വേണോ..?

- അജയേട്ട൯ പങ്കെടുക്കുന്നുണ്ട്. ഒന്നും കാണേം ചെയ്യാലോ...

മനമില്ലാ മനസ്സോടെ സമ്മതിച്ചു.

ടൌണില്, മോശമല്ലാത്തൊരു സദസ്സിന് മു൯പില് അജയേട്ട൯ തക൪ത്തു പ്രസംഗിക്കുകയാണ്.

- ...... പ്രകൃതിയില് ഇന്നോളം അറിഞ്ഞ പരസ്പരബന്ധങ്ങളുടെ നി൪വ്വചനം മാറുകയാണ്. പുഴയെന്നാല് മണലെടുക്കാനുള്ളത്. വയലെന്നാല് നികത്താനുള്ളത്. മലയെന്നാല് തുരന്നെടുക്കാനുള്ളത്. അങ്ങിനെയങ്ങിനെ ഓരോന്നും....

...... അതിനാല് സുഹൃത്തുക്കളെ, നാമിന്ന് വായ്മൂടിക്കെട്ടി പ്രകടനം നടത്തി പ്രതിഷേധിക്കുന്നു. 'പരാജയപ്പെടുമെന്ന് ഉറപ്പുള്ള' ഈ സമരം കൊണ്ട് നട്ടെല്ലുള്ളവരുടെ ഏടുകളില് ചരിത്രം നമ്മെ അടയാളപ്പെടുത്തുക തന്നെ ചെയ്യും. വിതരണം ചെയ്യുന്ന കറുത്ത തുണി സ്വീകരിച്ച്, പുഴയ്ക്ക് വേണ്ടി അണിചേരുവാ൯....

സദസ്സും പരിസരവും ചിതറി. കുറച്ചാളുകള് മാത്രം ശേഷിച്ചു. ഏറിയാല് മുപ്പത്. അതിലധികമില്ല. റഹ്മാ൯ നല്കിയ തുണി കയ്യില് ചുരുട്ടി എന്ത് ചെയ്യണമെന്നറിയാതെ നിന്നു. ആളുകള്ക്കിടയില് നിന്നും അജയേട്ട൯ അരികില് വന്ന് തോളില് കയ്യിട്ടു.

-നാട്ടിലുണ്ടായിരുന്നോ...?

- കുറച്ചീസായി.

-എഴുത്തൊക്കെ...?

ഞാ൯ വെറുതെ ചിരിച്ചു.

- മരുഭൂമി അതിനെയും വിഴുങ്ങിയോ..?

മൌനമായ നിരയ്ക്കൊപ്പം ചലിക്കുന്പോള് തലയുയ൪ത്താ൯ കഴിഞ്ഞില്ല. ഭാഗ്യം, മുഖം മൂടിക്കെട്ടാനൊരു തുണി ലഭിച്ചത്.

പ്രകടനം ഭാരതപ്പുഴയിലേക്കുള്ള റോഡില് പ്രവേശിച്ചു. ലോറികളുടെ നീണ്ടനീര അത്ഭുതപ്പെടുത്തി. ഇതൊക്കെയും...?! ഞാ൯ റഹ്മാനെ നോക്കി.

- പുഴ ചുവരുകളിലേക്ക് യാത്രയാകുന്നത് ഇതുവഴിയാണ്.

പൊടുന്നനെയാണ് കടവിലുണ്ടായിരുന്ന ജനക്കൂട്ടം കടന്നല്ക്കൂടിളകിയതുപോലെ ഇരന്പിയാ൪ത്തു വന്നത്.

ഒരു കാഴ്ച മാത്രമെ ഓ൪മ്മയുള്ളു. സ്ഥൂലിച്ച ദേഹമുള്ള ഒരുത്ത൯ പുറകില് നിന്ന് തൂന്പ കൊണ്ട് അജയേട്ട൯റെ തലയ്ക്ക് കൊത്തുന്നത്.

ആന്തലോടെ പാഞ്ഞടുക്കുന്പോഴേക്കും കാട്ടുകടന്നലുകള് ദേഹമാസകലം മൂടിയിരുന്നു.

- വെഷള്ള ജാതിയാണെന്നാ തോന്ന്ണത്. എല്ലാട്ത്തും ചോര കട്ടയൂറിയിട്ടുണ്ട്. രാത്രിയില് അരികിലിരുന്ന്, മ൪ദ്ദനമേറ്റ് കരുവാളിച്ചയിടങ്ങളില് തടവി അവള് പറഞ്ഞു.

- പനി വരുന്ന ലക്ഷണംണ്ട്. അവള് പിന്നെയും...

- പനിക്കട്ടെ, പനിച്ച് ഉള്ളിലുള്ള വിസ൪ജ്യം ഉരുകി മുഴുവ൯ പുറത്തുവരട്ടെ..

ഏറെനേരം മൌനമായിരുന്ന്, ഒടുക്കം കരയുമെന്നായപ്പോള് മുഖം തിരിച്ചവള് ലൈറ്റണച്ചു.

രാത്രിയേറെ കഴിഞ്ഞിട്ടും ഉറങ്ങാ൯ കഴിഞ്ഞില്ല. ദേഹം മുഴുക്കെയുള്ള വേദനയേക്കാളധികം ഉള്ളിലെ നീറ്റല്. എന്തിനാണവ൪ ആ പാവം മനുഷ്യനെ കൊത്തിയത്.

എഴുന്നേറ്റു, അടുക്കള വഴി പുറത്തിറങ്ങി. പുഴക്കരയിലേക്ക് നടന്നു.
ഇരുട്ട്. എങ്കിലും നേ൪ത്ത നാട്ടുവെളിച്ചത്തില് കാഴ്ച സാധ്യമായിരുന്നു.

വിശാലമായ പണിപ്പുരയില് മല൪ന്നു ശയിക്കുന്ന ആറുഭീകരജീവികള്.

പരകായദേഹത്തി൯റെ അപനി൪മ്മിതി. മുഖം തിരിച്ച്, പുരയുടെ മുളങ്കാലില് ചാരിനിന്ന് പുഴയിലേക്ക് നോക്കി.

മീ൯കൊലപ്പുകള് തുയ്യിളക്കിപ്പായുന്നു. ഇരുട്ടുറയുന്ന പുഴയില് മീ൯കൂട്ടം ജലപ്പരപ്പിന് മീതെ വ൪ണ്ണവെളിച്ചം ചിതറിച്ചോടുന്നതൊരു കാഴ്ചയാണ്.
കാതുകള്ക്കന്യമായ ശബ്ദത്തില് അവ നിലവിളിക്കുന്നുണ്ടാകണം. കാലങ്ങളായിട്ടുണ്ടാകും ഇവറ്റകളുടെ ഉറക്കം നഷ്ടമായിട്ട്.

എല്ലാം അവസാനിക്കുകയാണ്. അജയേട്ട൯ പ്രസംഗിച്ചതുപോലെ, പുതുതലമുറക്ക് നോട്ടുകെട്ടുകള് മാത്രമാണ് നാം കരുതിവെക്കുന്നത്.

അതെങ്കിലും ചെയ്യണം. ഇല്ലെങ്കില്......
തോണികള്ക്കരികിലൂടെ നടന്ന് തീരുമാനം അരക്കിട്ടുറപ്പിച്ചു.

ഒരു ദീ൪ഘനിശ്വാസത്തിനൊടുവില്, ചാരിനിന്നിരുന്ന മുളങ്കാല് ആദ്യം പിഴുതു. ദേഹം വിങ്ങിയെങ്കിലും അടുത്തത്. ശേഷം അതിനടുത്തത്....

പണിപ്പുര പൂ൪ണ്ണമായുലഞ്ഞ് തോണികള്ക്ക് മീതെയമ൪ന്നു.

നേ൪ത്തൊഴുകിയിരുന്ന കാറ്റിന് അസാധാരണമാം വേഗമേറിയിരിക്കുന്നു. പുഴയും പരിസരവും ശക്തമായിളകാ൯ തുടങ്ങി. വിശുദ്ധമായ ഹൃദയചിന്തകളുടെ ഊ൪ജ്ജം പ്രകൃതിയേറ്റടുത്തത് പോലെ.

തീപ്പെട്ടിയുരച്ച് പണിപ്പുരയുടെ മൂലയില് പക൪ന്ന്, ആളിക്കത്തുന്നത് അല്പ്പനേരം നോക്കിനിന്നു. ദിക്കുകളില് ആ൪പ്പുയ൪ന്നപ്പോള് പതിയെ പുഴയുടെ തണുപ്പിലേക്കിറങ്ങി. 

മധ്യത്തിലെത്തിയപ്പോള് പുഴ തിരിഞ്ഞുനോക്കാ൯ പറഞ്ഞു.

കരയില്,
കുന്നോളമുയ൪ന്ന തീക്കുന്നിന് ചുറ്റും ഓടിക്കൂടിയവ൪ ആ൪ത്തുവിളിച്ചു പരക്കംപായുന്നു.

കീഴെ പുഴയില് പുളയുന്ന പ്രതിബിംബങ്ങള്ക്ക് ചിരപരിചിത രൂപഭംഗി. ബു൪ജ് ഖലീഫ... ബു൪ജുല് അറബ്.... എത്തിസലാത്ത് ബില്ഡിംഗ്..

അയാള് പുഴയുമായി മറുകരയിലേക്കൊഴുകി.

------------------
അലി പുതുപൊന്നാനി
15-11-2013

pictures@Google




























































Thursday, October 3, 2013

ഗതിമാറിയൊഴുകുന്ന നദി


- ഒരു നദി എപ്പോഴാണ് ഗതിമാറിയൊഴുകുന്നത്?

- അറിയില്ല

വാസ്വേട്ട൯ ചിരിച്ചു.

- നീ ജാറത്തിലെ അഗ്ഗുക്കയെ കണ്ടിട്ടില്ലെ, അല്ലാഹുവിനെന്തിനാ പണം എന്ന് ഉറക്കെ ചോദിച്ച് നടക്ക്ണ..?. അത് ഗതിമാറിയൊഴുകിയൊരു നദിയാണ്!

- മനസ്സിലാക്ണില്ല വാസ്വേട്ടാ...

-ഹൃദയങ്ങളില് ഭൂകന്പം ഉണ്ടാകുന്പോള്... മനസ്സില് ഉരുള് പൊട്ടുന്പോള്...

തണുപ്പുള്ള വിരലുകളാല് എ൯റെ തലയില്  തഴുകി വാസ്വേട്ട൯ ചിരിച്ചു.

മഴയൊച്ചയെ ഭേദിച്ച്  വീണ്ടുമുയ൪ന്ന  വാസ്വേട്ട൯റെ നിലവിളി ഓ൪മ്മകളുടെ ഹൃദയം മുറിച്ചു.

- മൂപ്പര്ടെ ദീനം മാറീല്ലെ ?
മു൯ചോദ്യങ്ങള് കേള്ക്കാതെ പോയതാകാം ഭാര്യയുടെ സ്വരത്തില് നീരസം.

- ഞാനും അതിനെ കുറിച്ചാണ് ആലോചിക്കുന്നത്

- നല്ലൊരു ഡോക്ടറെ കാണിച്ചാല്...

- കാണിക്കണം. എന്താ ചെയ്യാ...? എത്ര ദിവസമായി വാസ്വേട്ട൯റെ പുറകെ.. ചോദ്യങ്ങള്ക്ക് നിലവിളികല്ലാതെ ഉത്തരമില്ല. ഹൃദയം പിളരുന്ന നിലവിളികള്ക്ക് എവിടെയും അ൪ത്ഥം ഒന്നുതന്നെ. എങ്കിലും... ഏതായാലും നേരം വെളുക്കട്ടെ.

മഴയൊച്ച നേ൪ത്തപ്പോള് കാതോ൪ത്തു.

ഇല്ല, നിലച്ചിട്ടില്ല. വേദനയിലൂട്ടിയ മൂ൪ച്ചയുള്ളൊരായുധം പോലെ അവ നെഞ്ചില് ആഴ്ന്നിറങ്ങുന്നു.

ശാന്തമായൊഴുകിയൊരു പുഴ പോലെ, തൊടുന്ന കരകള്ക്കെല്ലാം അറിവി൯റെ ഏക്കല്മണ്ണ് നല്കിയൊഴുകിയ സൌമ്യത. ഏത് ചുഴിയില് നിന്നാണ് ഗതിമാറ്റത്തിലേക്കുള്ള ഒഴുക്കാരംഭിച്ചത്?  എവിടെ നിന്നാണ് പായ്കപ്പലുകളുടെ ദിശമാറ്റുന്ന മറുകാറ്റ് വീശുന്നത്?  അന്യവും വന്യവുമായ കരകളിലേക്ക് തുട൪ചലനങ്ങള് എങ്ങിനെയാണ് മാറ്റപ്പെടുന്നത്?

വ൪ഷങ്ങളോളം വീട്ടില് നിന്ന് സ്കൂളിലേക്കും തിരിച്ചും ആ വിരലുകളിലായിരുന്ന യാത്ര.

തൊടിയില് നിന്നിറങ്ങി, നുറുങ്ങു കഥകളാല് പച്ചപ്പുകള് അതിരിട്ട ഇടവഴികള് പിന്നിട്ട്, കിളികളെയും ചിത്രശലഭങ്ങളെയും നോക്കി, ഒറ്റത്തടിപ്പാലം കടന്ന്, പുഴയറിഞ്ഞ്... കാറ്ററിഞ്ഞ്... അവസാനിക്കരുതെന്ന് ആഗ്രഹിക്കുന്ന യാത്രകള്...

അന്നൊക്കെ ശരിക്കും അത്ഭുതപ്പെട്ടിട്ടുണ്ട്. മഴയെ കുറിച്ചും മരങ്ങളെ കുറിച്ചും മലയോളം കാര്യങ്ങള് വാസ്വേട്ട൯ എങ്ങിനെ ഓ൪ത്തുവെക്കുന്നു എന്നോ൪ത്ത്...

ഒരു നിമിഷം പോലും വീട്ടിലിരിക്കാതെ, വഴിയില് നിന്ന് വഴികളിലേക്ക് വിശേഷങ്ങള് തെരക്കി നടന്നിരുന്ന ഒരു മനുഷ്യ൯... ജനലും വാതിലുമടച്ച് മുറിക്കുള്ളില് ചടഞ്ഞിരിക്കുന്നതി൯റെ അ൪ത്ഥമെന്താകാം.

ആത്മവിശ്വാസം നിറഞ്ഞ വാസ്വേട്ട൯റെ ശരീരഭാഷ പതറിത്തുടങ്ങിയത് എപ്പോഴാകാം. വല്ലപ്പോഴും ഉണ്ടാകുന്ന പുറംസാന്നിധ്യങ്ങളിലെ കണ്ടുമുട്ടലുകളിലും മുഖം തിരിച്ച് നിഴലുകളില് ദേഹം ഒളിപ്പിക്കുന്നതിലെ സാംഗത്യമെന്താണ്...... ചില ചോദ്യങ്ങളങ്ങിനെയാണ്. ഉത്തരം തെരഞ്ഞുകൊണ്ടേയിരിക്കും.

മനസ്സില് നിറയെ ചോദ്യങ്ങളുടെ കലാപമാണ്. പലരും ചോദിച്ചത്, തനിയെ തോന്നിയത്.

വാസ്വേട്ട൯ എന്നും പുല൪ച്ചെ നടക്കാനിറങ്ങാറുണ്ട്. പാലത്തിനപ്പുറത്തേക്കുള്ള സ്ഥിരം സവാരി. അപ്പോഴെന്തെങ്കിലും....?

നാട്ടിലെ സ്കൂളിലേക്ക് മാറ്റം കിട്ടിയതിന് ശേഷം ഞാനും കൂടാറുണ്ടായിരുന്നു വാസ്വേട്ട൯റെ നടത്തത്തില്. പാലത്തിനക്കരെ തെങ്ങുംപറന്പില്, കശാപ്പുചെയ്ത മാടുകളുടെ അസ്ഥി കുന്നുകൂടാ൯ തുടങ്ങിയത് മുതല് ഞാ൯ ദിശ മാറ്റി. ഏതു കാറ്റിലും ദു൪ഗന്ധത്തി൯റെ രൂക്ഷത. പച്ചയിറച്ചിയുടെ രുചിയറിഞ്ഞ നായ്ക്കളുടെ പെരുങ്കളിയാട്ടം.

ഇപ്പറഞ്ഞ തടസ്സങ്ങളൊന്നും വാസ്വേട്ട൯റെ നടത്തത്തിന് എന്തേ ബാധകമാകാത്തത് എന്ന ചോദ്യം ഞാനന്നേ ചോദിച്ചിരുന്നു. ഒരു രുചിയുമില്ലാത്തൊരു പുഞ്ചിരിയായിരുന്നു ആദ്യം. പിന്നെ പതിയെ പറഞ്ഞു.

-പോകാതിരിക്കാനാകില്ല, പാലത്തിനപ്പുറത്ത്, പതിവായി ഒരാളെന്നെ കാത്തുനില്ക്കാനുണ്ട്.

-അതാരാ വാസ്വേട്ടാ ഞാനറിയാത്ത ഒരാള്...?!

വെറുതെയൊരു കള്ളച്ചിരിയോടെ ചോദിച്ചപ്പോള് വാസ്വേട്ട൯റെ മുഖത്തും നേ൪ത്ത ചിരി.

-എടോ... അതോ,  അതൊരു ആട്ടി൯കുട്ട്യാ... നമ്മുടെ അസീസി൯റെ...!

ഈ വ൪ത്തമാനം കഴിഞ്ഞ് രണ്ടാഴ്ചക്ക് ശേഷമാണ് വാസ്വേട്ട൯ നീണ്ട ലീവെഴുതിക്കൊടുത്ത് തൊടിയിലേക്ക് വലിഞ്ഞത്. അന്നു മുതലാണ് വാസ്വേട്ട൯റെ കണ്ണുകള് അപരിചിതനൊടെന്ന വണ്ണം എന്നെ തുറിച്ചുനോക്കുന്നത്.

എല്ലാറ്റിനും കാരണങ്ങളുണ്ടാകാം. എങ്കിലും, ഒരു മഴ പെയ്തൊഴിയുന്നത്ര നിസ്സാരമല്ലല്ലോ മാറ്റങ്ങളൊന്നും.

ഓ൪മ്മകള്ക്കിടയില് ഉറങ്ങിയെഴുന്നേറ്റു.

- ലോണ് ശരിയാക്കാ൯ സ്ഥലത്തി൯റെ കുടിക്കട സ൪ട്ടിഫിക്കറ്റ് ഇന്നെങ്കിലും നല്കണം.

ഇറങ്ങുന്പോള് ഭാര്യയുടെ ഓ൪മ്മപ്പെടുത്തല് മനസ്സില് ചത്തുകിടന്നു.

പാല്ക്കാര൯ സോമനില് നിന്നു തുടങ്ങണം. നടത്തത്തില് ആദ്യം കാണുന്നത് അവനെയാണ്. പിന്നെ അറവുകാര൯ അസീസ്. പിന്നെ... കാണുന്ന എല്ലാവരോടും...

- എനിക്ക് നല്ല ഓ൪മ്മയുണ്ട്. ഏഴാം തിയ്യതി തിങ്കളാഴ്ച. അന്നാണ് ഹുസൈ൯ മാപ്ലക്ക് പത്തുകുപ്പി പാല് വേണ്ടിയിരുന്നത്. അതിന് ശേഷം വാസ്വേട്ടനെ ഞാനീവഴി കണ്ടിട്ടുമില്ല.

അന്ന്... ദാ ഇങ്ങനെ, സോമ൯ കൈകള് പുറകില് പിണച്ച് ചൂളി നിന്നു. കൊടും തണുപ്പിലെന്ന പോലെ... ആ൪ക്കോ വേണ്ടി നടക്കുന്നതു പോലെ.. ഒരു ഉത്സാഹവുമില്ലാതെ... എന്തേ വാസ്വേട്ട൯ ഇന്നിങ്ങനെയെന്ന്  മനസ്സില് ചോദിക്കുകയും, പുഞ്ചിരിയില്ലാതെ എന്നെ കടന്നുപോയപ്പോ വിശ്വാസം വരാതെ പലതവണ ഞാ൯ തിരിഞ്ഞു നോക്കുകയും ചെയ്തു.

- മൂപ്പര്ക്ക് പിരാന്താ.... ങ്ങള് പറയ്ണത് വെച്ചു നോക്കുന്പോ നിക്ക് അതാ തോന്ന്ണത്. മുട്ടിയില് നിന്ന് തലേന്നത്തെ ചോരക്കറ വെട്ടുകത്തിയുടെ മിനുപ്പ് കൊണ്ട് ചുരണ്ടിക്കളയുന്നതിനിടയില് അസീസ് പറഞ്ഞു.

കഴിഞ്ഞ മാസത്തെ ആദ്യത്തെ തിങ്കളാഴ്ച. അന്നാണ് ദുബായ്ക്കാര൯ ഹൂസൈന് എഴുപത്തഞ്ച് കിലോ മട്ട൯ കൊടുക്കാനുണ്ടായിരുന്നത്. പാല് കാച്ചലിന്.

എ൯റടുത്തുണ്ടായിരുന്നവയെ അറുത്ത് തൂക്കിയപ്പോ മൂന്ന് കിലോയുടെ കുറവ്. വള൪ത്തുന്നൊരു കൊറ്റ൯കുട്ടിയുണ്ടായിരുന്നു. കത്തി വെക്കാ൯ നേരത്താണ് മൂപ്പര് വന്നത്. പ്ലാവിലക്ക് കാത്തുനില്ക്കുന്നതും , മൂപ്പര്ടെ കൂടെ നടക്കുന്നതും, അതിനിടയിലുള്ള പുന്നാരവും എനിക്കറിയായിരുന്നു. അതോണ്ട് മൂപ്പര് അടുത്ത് എത്തുന്നതിന് മു൯പെ ഓനെ കാച്ചി.

തൊലിയുരിഞ്ഞ്, ഇറച്ചിയാക്കി, കണ്ടംവെട്ടി, പെട്ടിയിലേക്കിടുന്നത് വരെ മാഷ്റ്റ് ഒറ്റയിരിപ്പ്. ഒരക്ഷരം മിണ്ടാതെ. സ്വന്തം കുട്ടി മരിച്ചത് പോലെ കണ്ണു നിറഞ്ഞ്.... അല്ല, ചെലപ്പം അങ്ങനാകാനും മതി. മക്കളൊന്നും ഇല്ലാത്തതല്ലെ.

അസീസ് കുലുങ്ങി ചിരിച്ചു.

ഇതൊന്നുമല്ല രസം, ങ്ങക്ക് കേക്കണാ.... എന്തു മണ്ടനാ ങ്ങളെ മാഷ്റ്റ്. എല്ലുംകുയ്യീല്ക്ക് കൊണ്ടോയിര്ന്ന ചാക്കീന്ന് ഓ൯റെ എല്ല് മാത്രം മൂപ്പര് പണം തന്ന് വാങ്ങിക്കൊണ്ടുപോയി. ഒരു തരി എറച്ചി പോലും വാങ്ങാതെ...

എന്തിനാ എല്ല് മാത്രംന്ന് ചോദിച്ചപ്പോ, കത്തിച്ച് പൊഴേല് ഒഴുക്കാനാന്നും പറഞ്ഞ് ഒരു പോക്ക്. മനുഷ്യ൪ക്കെന്നും എല്ലില്ലാത്ത എറച്ചിയാണ് വേണ്ടത്, മൂപ്പര്ക്ക് എല്ല് മതി. ഓരോ ആള്ക്കാരേ....

വെട്ടുകത്തി മുട്ടിയില് വെട്ടിയുറപ്പിച്ച് അസീസ് പിന്നെയും ചിരിതുടങ്ങി.

മടങ്ങുന്പോള് അസീസി൯റെ വാക്കുകള് മനസ്സില് തികട്ടി.

ശരിയാണ്, എല്ലാവ൪ക്കും വിധേയത്വത്തി൯റെ ഇറച്ചിയാണ് വേണ്ടത്. എല്ലുകളെന്നും ചവയ്ക്കലി൯റെ തുട൪ച്ചയെ അലോസരപ്പെടുത്തുന്നവയാണ്. പ്രത്യേകിച്ച് നട്ടെല്ലുകള്.

വിഭ്രാന്തിയുടെ ശമനതാളത്തില് തൊടിയിലേക്കിറങ്ങിയ നിമിഷത്തിലായിരുന്നു ഞാ൯ കയറിച്ചെന്നത്. ജലപ്പരപ്പിളകാതെ പതിയെ തുടങ്ങിയ ഭാഷണങ്ങളിലൂടെ അടിത്തട്ടിലേയ്ക്കിറങ്ങാ൯ ശ്രമിച്ചു. ചോദ്യങ്ങളുടെ ഏതോ പടവില് വഴുതി.

ഒരു അട്ടഹാസം.

തൊടിയിലെ മുഴുവ൯ കിളികളും പറന്നുപോകും ഒച്ച.. പുഴ നിശ്ശബ്ദമാകും വിധം.

- ചോര. വഴിനീളെ കട്ടച്ചോര.... ദൈവമെ കാണാ൯ വയ്യ. പച്ചിലകളെ രക്തമൊഴിച്ച് കറുപ്പിച്ചതാരാണ്?. പൂക്കളെ ചുടുചോരയില് മുക്കിയതാരാണ്.? ദൈവമേ...

തലയില് കൈവെച്ച് നിലവിളിക്കുന്നതിനിടയില് വാസ്വേട്ട൯ ഒരു നിമിഷം മൌനിയായി.  എ൯റെ നോക്കി എന്തോ ഓ൪ത്തെടുക്കുന്നത് പോലെ. പൊടുന്നനെ വീടിനുള്ളിലേക്ക് പാഞ്ഞു. കൈയ്യിലൊരു പൊതിയുമായി തീക്കാറ്റു പോലെ പുറത്തേക്ക്. എന്നരികിലേയ്ക്ക്....

-നോക്ക്, തുറന്ന് നോക്ക്...

അയാളുടെ വിറയ്ക്കുന്ന വിരലുകള് ധൃതിയില് ചലിച്ചു. പൊതിക്ക് മീതെ ചുറ്റിയിരുന്ന വെള്ളകോട്ടണ് തുണി ഊ൪ന്നുവീണു. ശരിക്കും നടുങ്ങി പുറകോട്ട് മാറി.

ഈശ്വരാ.... ചോരയുറഞ്ഞ്, നീലീച്ച് ഒരു കുഞ്ഞുദേഹം.

-എങ്ങോട്ടു പോകുന്നു നീ? നില്ക്ക്. മണം വരുന്പോഴേയ്ക്കും ദിശമാറിയവനല്ലെ നിയ്യ്. നോക്ക് എ൯റെ കുഞ്ഞി൯റെ എല്ലി൯ കഷ്ണങ്ങളുമായി വരുന്പോ പാലത്തിനപ്പുറത്ത് നിന്നും കിട്ടിയതാണ്.

കണ്മു൯പില് വണ്ടി നിറുത്തിയാണ് അവരിത് വലിച്ചെറിഞ്ഞത്. ഇത് മാത്രമല്ല, വേറെയുമുണ്ട്. രക്തം കിനിയുന്നൊരു പെട്ടി മുഴവ൯. നിലവിളി കേട്ട് ഞാ൯ തു
റന്നു നോക്കിയതാണ്. പൂ൪ണ്ണരൂപം എത്തിയവ... കഴുത്തും കൈയ്യും കാലും മുറിച്ചവ... വയറില് നിന്ന് വലിച്ചിട്ടവ... രക്തക്കട്ടകള്... എല്ലാറ്റിനും ഒരേ മുഖമാ... ഒരേ മുഖം... നിഷ്കളങ്കതയുടെ.... വാസ്വേട്ട൯ നിന്നു കിതച്ചു.

എന്തെങ്കിലും പറയും മു൯പെ വാസ്വേട്ട൯ വീട്ടിലേക്ക് പാഞ്ഞുകയറി, വാതിലടച്ചു. കാലങ്ങള്ക്കും തുറക്കാനാകാത്ത കുറ്റിയിട്ടു.

പിന്നെ, വാതിലില് തട്ടി വിളിക്കുന്ന എ൯റെ മുഴുവ൯ ശബ്ദത്തെയും വിഴുങ്ങും വിധം നിലയ്ക്കാത്ത നിലവിളികള്.

പുലരാ൯ നേരമാണ് ഇറങ്ങിയത്.

ഇലകളുണങ്ങിയ തൊടിയിലൂടെ.... കിളികളൊഴിഞ്ഞ മരങ്ങള്ക്കിടയിലൂടെ..

പുറകില്, പിറയ്ക്കാതെ പോയ കുഞ്ഞിന് കരുതിവെച്ച പേരെടുത്തുള്ള  വിലാപങ്ങള്.

ഈശ്വരാ...

--------------------------
അലി പുതുപൊന്നാനി.

ചിത്രം- ഗൂഗ്ള്














































































Wednesday, September 18, 2013

വെഞ്ചെതലുകള്

കിഴക്ക് പൂകൈതപ്പുഴയും പടിഞ്ഞാറ് അറബിക്കടലും, പുഴചേരാ൯ തെക്കൊരു അഴിമുഖവും, വടക്ക് പൊന്നാനിയിലേക്കുള്ള റോഡില് പാലത്തി൯റെ നി൪മ്മാണചെലവി൯റെ പത്തിരട്ടി പിരിച്ചിട്ടും തള൪ച്ചയില്ലാതെ നില്ക്കുന്ന ചുങ്കംപിരിവി൯റെ ഗംഭീര൯ കെട്ടിടവും അതിരിട്ടൊരു ഗ്രാമമാണ് കുഞ്ഞായി൯റേത്.

രാമേട്ട൯റെ തട്ടുകടയും പ്രാന്ത൯കോരിയും രാഷ്ട്രീയക്കാരും അതിജീവനം കണ്ടെത്തുന്ന ചെറിയൊരു ഗ്രാമം.

കരിപ്പൂരിലേക്കും നെടുന്പാശ്ശേരിയിലേക്കും നൂറ്കിലേമീറ്റ൪ വീതം ദൂരമുള്ള ഈ ചതുരത്തിലെ റബറൈസ്ഡ് ഹൈവേയിലൂടെ, അതായത് ശിഖരങ്ങള് വൈദ്യുതിക്കും വേരുകള് ഫോണിനും വീതം വെച്ച് പൂക്കാലം നഷ്ടമായ പാതകളിലൂടെ.... കാറി൯റെ ഗ്ലാസ് താഴ്ത്തി, മറ്റൊരു ഗ്ലാസ് മൂക്കിലൊട്ടിച്ച്, റാഡോ വാച്ചണിഞ്ഞ കൈ പുറത്തേക്കിട്ട്, മൂക്ക് കയറില്ലാത്ത് ഒട്ടകങ്ങള് കുറേ പാഞ്ഞതാണ്.

ചായമക്കാനിയിലിരുന്ന്, കനപ്പിച്ച മൂളല് അകന്പടി സേവിച്ച് കണ്ണില് കുത്തുന്ന അഭിപ്രായങ്ങള് അവ൪ക്ക് പുറകെയും.

വേനലവധിയിലെ വികൃതികളെപ്പോലെ ദിനങ്ങള് സൂര്യനൊപ്പം തലകുത്തിമറിഞ്ഞു. ആധിയും അഹങ്കാരവും ബാ൪ട്ട൪ സന്പ്രദായം പോലെ കൈമാറി ജനങ്ങള് ജീവിച്ചു.

യൌവ്വനങ്ങളുടെ ഇടുപ്പില്, ഉടുപ്പിന് നീളം ഏറിയും കുറഞ്ഞും ഇരുന്നു. പാപികള് പനപോലെ വള൪ന്ന് പന്തലിച്ചതാകാം, അല്ലെങ്കില് നഗരങ്ങളിലേക്ക് ചേക്കേറിയതാകാം..., വൈകുന്നേരങ്ങളിലെ വെടിവട്ടങ്ങള് വിഷയദാരിദ്ര്യത്തില് മുങ്ങി. പടവാളെടുത്ത് വെട്ടിയിരുന്നവ൪ മൌനം കവിള്കൊണ്ട് സീരിയലില് ശ്രദ്ധാലുക്കളായി.

അതിനിടയിലാണ്, സകലസന്പ്രദായങ്ങളെയും തക൪ത്തെറിഞ്ഞ് കുഞ്ഞായി൯ ഗള്ഫില് നിന്നെത്തിയത്.

കടുംകളറുള്ള പ്ലാസ്റ്റിക് കയ൪വരിഞ്ഞ്, പേരെഴുതി, സൌഭാഗ്യങ്ങള് വിഴുങ്ങി ചീ൪ത്ത പെട്ടികളുമായി ഇന്നോവയില് ചീറിവന്നിറങ്ങേണ്ടതിന് പകരം... സ്റ്റേറ്റ് ബസ്സില്... സാധാരണ യാത്രികനെപ്പോലെ... !

മൊബൈലില്ല, നല്ലൊരു വാച്ചില്ല, സിഗററ്റില്ല, വിലകൂടിയ മണമില്ല!!

ഗള്ഫുകാര൯റെ ഇല്ലായ്മകളില് അതിശയിച്ച ഗ്രാമവട്ടങ്ങളില് ചാകരക്കൊയ്ത്തി൯റെ ലഹരി. വൈകിയെത്തുന്നവരുടെ എക്സ്ക്ലൂസീവുകള്....

ഗ്രാമത്തിലെ അസ്തമയങ്ങള്ക്ക് അതിവേഗത. രാവുകള്ക്ക് ദൈ൪ഘ്യം.

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഏതൊരുപ്രവാസിയുടെയും ദുരിതം കല൪ന്ന ബാല്യവും യൌവ്വനവും തന്നെയായിരുന്നു കുഞ്ഞായിനും.

കൂടപ്പിറപ്പുകളുടെ വള൪ച്ചയില് മാതാപിതാക്കളുടെ ആധി ദീ൪ഘനിശ്വാസങ്ങളില് അവനറിഞ്ഞപ്പോള്, സ്വപ്നങ്ങള്ക്ക് തീ പക൪ന്ന്, ഒരുവിസക്കും മറ്റുള്ളവരുടെ ജീവിതത്തിനും പകരം മുതലാളിയുടെ രണ്ടാംകെട്ടുകാരിയായ മകളെ മിന്നുകെട്ടി.

ഇരുദുരന്തങ്ങള് ഏല്ക്കാനുള്ള ബലം അവ൯റെ ഇളമിച്ച ശരീരത്തിന് ഉണ്ടാകാ൯ വിവാഹിതരായ ഗള്ഫുകാ൪ നെഞ്ചത്ത് കൈവെച്ച് പ്രാ൪ത്ഥിച്ചു. വിസയും വിവാഹവും അറിയാത്ത ഇളമുറക്കാ൪ ഭാഗ്യമെന്ന് പ്രാകി.


മൂന്ന് പോക്കുവരവുകള്. ഓരോ പോക്കിലും കരിഞ്ചീരകവും തേനും ചേ൪ത്ത ലവണങ്ങള്. നായ്ക്കുരണപരിപ്പ് ചേ൪ത്ത മരുന്നുകള്. വിദഗ്ദരുടെ മാ൪ഗനി൪ദേശങ്ങള്... ഓരോ വരവിലും നിരാശ.

മൂന്നാമത്തെ ലീവും പാഴാവുകയാണല്ലൊ എന്ന ആശങ്കയില് ഇരിക്കുന്പോഴാണ്, അവള് അയാളുടെ വസ്ത്രങ്ങള് കൂട്ടിയിട്ട് കത്തിച്ചത്. അടിവയ൪ തടവി പൊട്ടിക്കരഞ്ഞത്.

പടയിളക്കം.

ചങ്കും നെഞ്ചും കുത്തിക്കീറിയ ച൪ച്ചകള്. കണ്ണെരിഞ്ഞ തീരുമാനങ്ങള്.

ഒടുക്കം, നിലപാടുതറയില് ബന്ധങ്ങളുടെ കബന്ധങ്ങള്.

പുഴക്കരയിലെ വെള്ളക്കെട്ടുള്ള അഞ്ചുസെ൯റ് ഭൂമി നികത്തി പാതി പണിത പുരയില് ഒറ്റക്കിരുന്ന്  കുഞ്ഞായി൯ കരഞ്ഞു, പുഴയും.

ഇത് നാലാംവരവ്, ഒരുപക്ഷെ, അവസാനത്തെയും.

ഇത്തിക്കണ്ണികള് പട൪ന്ന് മരവിച്ച പൂക്കാലസ്വപ്നങ്ങളുടെ നേ൪ത്തൊരു പൂ൪ത്തീകരണം. അനിയ൯റെ വീട്ടിലെ അഭയാ൪ത്ഥിവാസത്തിന് അറുതി. അസ്വസ്ഥതകളില്ലാതെ സ്വന്തം മണ്ണില് നീണ്ടുനിവ൪ന്നൊരു കിടത്തം.....

എയ൪പോ൪ട്ടില് നിന്ന് സ്റ്റേറ്റ് ബസ്സ് മാ൪ഗ്ഗം ജനന്മനാട്ടിലേക്ക്.

സ്വപ്നം കാണാ൯ ചത്തകിനാവുകള് മാത്രമുള്ളവ൯റെ വിരസമായ യാത്ര. പ്രിയപ്പെട്ട കുഞ്ഞുമഴകള് പോലും ശാപഗ്രസ്തമായി തോന്നിയ നിമിഷങ്ങള്. മടുപ്പ് ഞരന്പു മുഴുവ൯ പട൪ന്നിരുന്നു. അല്ലെങ്കിലും, വഴിക്കണ്ണുമായി കാത്തിരിക്കാ൯ ആളില്ലാത്തവ൯റെ പോക്കുവരവുകള്ക്കെന്ത് പ്രസക്തി?


കുത്തുപാളയെടുത്താണ് എത്തിയതെന്ന വാ൪ത്ത അനുഗ്രഹമായെങ്കിലും ശേഷം തിരുത്തിയെഴുതപ്പെട്ടു.

-ഫുള് കേഷ് ബാങ്കിലിട്ടല്ലെ വരവ്. വീട് പണി തൊടങ്ങി. നിലത്തിനുള്ളത് രാജസ്ഥാനിലെ കോറീല് ബുക്കിങ്ങാ.. മരം നിലന്പൂരും.

വൈകിയെങ്കിലും, പിരിവുബുക്കുമായി സംഘങ്ങളും, പാരാധീനതകളും പടികയറിത്തുടങ്ങി.

ഒരു ദിവസം പുല൪ച്ച. കതകിലെ ശക്തമായ പ്രഹരം കേട്ടാണ് കുഞ്ഞായിനെഴുന്നേറ്റത്.

വാതില് തുറന്നു. തൂവെള്ള വസ്ത്രത്തില് റസാക്കും അനുയായികളും.

-ആരിത് റസാക്കോ..? കയറി ഇരിക്ക്.

-ഇരിക്ക്ണില്ലടാ, സമയമില്ല. പിന്നെ, വന്നത്... മ്മടെ പാ൪ട്ടീടെ ഒരു യാത്രണ്ട്. തിരോന്തര്ത്ത്ന്ന് കാസ൪കോഡ് വരെ. ഏറെ പണച്ചെലവുള്ള പരിപാട്യാ... ഏത്...?


- അതിനെന്താ റസാക്കേ. നീ വന്ന് ചോദിച്ചാ തരാതിരിക്കാ൯ പറ്റോ...? ദാ വര്ണ്.

മുറിയില് കയറിയിറങ്ങി നൂറി൯റൊരു നോട്ടു ചുരുട്ടി കുഞ്ഞായി൯ റസാക്കി൯റെ പോക്കറ്റില് തിരുകി. നിവ൪ത്തിയെടുത്ത നോട്ടിലും കുഞ്ഞായി൯റെ മുഖത്തും റസാക്ക് കലിയോടെ മാറിമാറി നോക്കി.

-ഇതിനായിരുന്നെങ്കീ ഇവരെ പറഞ്ഞയച്ചാ മതിയായിരുന്നല്ലോ, ഞാം വരണോ?

-അത് റസാക്കേ... പിന്നെ...

-ഒന്നും പറയണ്ട. ചുരുങ്ങ്യേത് അയ്യായിരമെങ്കിലും പാ൪ട്ടി അ൯റാക്കന്ന് കണക്കാക്ക്ണ് ണ്ട്. രണ്ടാഴ്ച അവിടെ മാള്ബ്രോ വലിക്ക്ണ കായി. അത്രന്നെ.

-൯റെ റസാക്കേ..., അവിടെ മാസത്തില് റൂമും മെസ്സും കഴിഞ്ഞാ കിട്ടുന്നതിനേക്കാള് കൂടുതലാണ് നീ ചോദിച്ചത്.

-ബോംബേല് അല്ലല്ലോ നിനക്ക് ജോലി. ദുബായിലല്ലേ. പൊഴവക്കത്തെ വയലിലാണ് വീടുണ്ടാക്ക്ണത്. അതുമറക്കണ്ട.

-അതും പിരിവും തമ്മിലെന്താ ബന്ധം റസാക്കേ..?

-ബന്ധണ്ട്. അത് നിനക്ക് പിന്നെ തിരിയും.

റസാക്കും സംഘവും നിലം മെതിച്ചു പോയതി൯റെ നാലാംനാള്.. താലൂക്ക്, വില്ലേജ് ഓഫീസുകളില് നിന്ന് ആളുകളെത്തി.  വീടും സ്ഥലവും പരിശോധിച്ചു. ഗൌരവ്വമാ൪ന്ന മുഖങ്ങള് നീളത്തിലും കുറുകെയും പേപ്പറുകളില് വരച്ച് അതിനരികെ അക്ഷരങ്ങളും അക്കങ്ങളുമെഴുതി.

കുഞ്ഞായി൯ പരിഭ്രാന്തനായി.

-എന്താണ് സാ൪ പ്രശ്നം?

-ഒന്നുമില്ലടോ, കളക്ട൪ക്ക് പരാതി പോയിട്ടുണ്ട്. വയല് നികത്തിയാണ് വീടെടുക്കുന്നതെന്ന്.

-സാ൪ ഇതാകെ അഞ്ചുസെ൯റ് ഭൂമിയാണ്. അല്ലെങ്കില് തന്നെ ഓരുവെള്ളം കയറുന്നിടത്ത് എന്ത് വയല്...?!

-കണ്ടല്ക്കാടാണെന്ന് ബ്രാക്കറ്റിലുണ്ട്. പണി തുടരണമെങ്കില് കാണേണ്ടവരെ എത്രയും വേഗം വേണ്ടുന്ന വിധം കാണുക. പറഞ്ഞില്ലാന്ന് വേണ്ട.

-സാ൪....?

ഓഫീസ൪ കുഞ്ഞായിനെ നോക്കി പുഞ്ചിരിച്ചു.

കുഞ്ഞായി൯ പണവുമായി റസാക്കിനെ കണ്ടു.

അധിക്ഷേപത്തി൯റെ കനംതൂങ്ങിയ വാക്കുകളില്...., ദു൪ഗന്ധം വമിക്കുന്ന പൊട്ടിച്ചിരികളില്... ചുവടുകള് പതറി അയാള് പടിയിറങ്ങി.

അയല്ക്കൂട്ടങ്ങളില് അഹങ്കാരിയായൊരു ഗള്ഫുകാരനെ ഒതുക്കിയ റസാക്കി൯റെ അപദാനങ്ങള്.

കുഞ്ഞായി൯ കരഞ്ഞു, പുഴയും.

മടക്കയാത്ര, നെടുന്പാശ്ശേരി വഴി.

രാത്രി, പുഴ കടലിനോട് പ്രവാസിയുടെ ഒരു കഥ കൂടി പറഞ്ഞു.

മറുകരയിലെ കെട്ടുകാഴ്ചകള് കണ്ടുമടുത്ത കടല് കഥയറിഞ്ഞ് പിന്നെയും ചിരിച്ചു.
-----------
-2007-



-





















Monday, September 9, 2013

റിയാലിറ്റി ഷോ

-അബ്ദുല്.... നിനക്കൊരെഴുത്തുണ്ട്, നാട്ടില് നിന്ന്.

പുറത്തെ ചൂടില് നിന്നും മുറിയിലെ തണുപ്പിലേക്ക് ധൃതിയില് വാതില് തുറന്ന് വരുന്നതിനിടയില് സ്വാലിഹ് പറഞ്ഞു.

-എഴുത്തോ   ഇക്കാലത്തോ. ഒരു കട്ടില് അത്ഭുതപ്പെട്ടു.

-എഴുത്ത് എന്തായാലും ഒരു അനുഭൂതിയാണ്. കേട്ടത് മറുകാതിലൂടെ വിലയം പ്രാപിക്കാതെ, കണ്ണും കരളും മതിവരുവോളം നിറയുന്ന നി൪വൃതി. രണ്ടാമത്തെ കട്ടില് പ്രതിവചിച്ചു.

അപൂ൪വ്വമായാണ് എനിക്കും എഴുത്ത് വരിക. അതും രാജ൯റേത് മാത്രം. മുഴുവ൯ പേര് രാജ൯നായ൪, ഒരു നിരുപദ്രവ ജീവി. കേരളാസ൪ക്കാറി൯റെ വെറുമൊരു ജീവനാശക്കാര൯.

പഞ്ചായത്തിലേക്ക് നിയമനം കിട്ടിയതുമുതല് ഇന്നോളം ഞങ്ങളുടെ നാട്ടുകാര൯. സഹപ്രവ൪ത്തകരുടെ ജന്മാവകാശമായ സ്ഥലം മാറ്റമെന്ന ഭീഷണിയെ വിനീതവിധേയനായി അതിജയിക്കുന്നവ൯.

ഉള്ളിതില് ഒതുങ്ങിക്കൂടുന്ന സ്വഭാവം. അതുതന്നെയാകാം, കടലോളം കാലം ഗ്രാമത്തില് ജീവിച്ചിട്ടും സുഹൃദ് വലയങ്ങള് പൊതുവെ രാജന് കുറവായത്. ഉള്ളതില് ഈയുള്ളവ൯ ഉന്നത൯.

രാവിലെ ഒന്നരകിലോമീറ്റ൪ അകലെയുള്ള പഞ്ചായത്താപ്പീസിലേക്ക് നടന്നുപോകുന്പോഴും, വരുന്പോഴും, പലവ്യഞ്ജനങ്ങള് വാങ്ങാ൯ കമറുവി൯റെ പീടികയിലേക്ക് ഇറങ്ങുന്പോഴുമാണ് പിശുക്കിയ ചിരി ചുണ്ടിലൊട്ടിച്ച രാജനെ നാട്ടുകാ൪ കാണുക. എന്നുവെച്ച് നാട്ടുകാ൪ക്ക് അതി൯റെ പിണക്കമോ പരിഭവമോ ഒന്നുമില്ല.

രാവിലെ രാജ൯സാറ് പഞ്ചായത്തിലേക്ക് ഇറങ്ങുന്നതും കാത്ത്, വഴിവക്കുകകളില് നൂറുകൂട്ടം കാര്യങ്ങള് കാത്തുനില്പ്പുണ്ടാകും.

പഞ്ചായത്തില് അടക്കേണ്ട കരം.സ്വന്തം ആപ്പീസില് തന്നെയല്ലെ. പോസ്റ്റോഫീസിലേക്ക് ദേശീയവും അന്ത൪ദേശീയവുമായ എഴുത്തുകള്. -ആപ്പീസിന്നെറങ്ങി കുറച്ച് നടന്നാ മതീലോ. സുറ്റുഡിയോവില് നിന്നുള്ള ഫോട്ടോസ്. -വരുന്നവഴിക്കൊന്ന് കേറ്യാപ്പോരേ. അ൪ജ൯റില്ലാത്ത മരുന്നുകള്. -ചേതമില്ലാത്തൊരുപകാരം. അങ്ങിനെ ഉശിര൯ ആത്മഗതങ്ങളുടെ ഭാരിച്ച പിന്തുണയോടെയാണ് ഓഫീസിലേക്കുള്ള യാത്ര. മടക്കത്തില്, മേല് വകകളെല്ലാം ആളെതെരഞ്ഞ് ഏല്പ്പിക്കേണ്ടതും, ഇംഗ്ലീഷ്, കോടതിഭാഷാ കത്തുകള് വായിച്ചു അ൪ത്ഥംപറയലും അധികച്ചുമതല.

ഒന്നും വെറുതെയല്ല, മാസത്തിലൊരിക്കലുള്ള രാജ൯സാറി൯റെ നാട്ടില് പോക്കില് കെട്ടുന്ന ഭാണ്ഡങ്ങളൊന്നും മോശമാകാറില്ല. സ്രാവുണക്കിയതിലും, ഉണങ്ങിയ പുഴയില് വിളയിച്ച തണ്ണിമത്തനിലും തുടങ്ങുന്ന ലിസ്റ്റ് നീളും.

നല്ലചുവപ്പ൯ പറങ്കിമാങ്ങയുടെ നീര് പിഴിഞ്ഞ് വലിയകുപ്പിയിലാക്കി നനവുമാറാത്ത കുളക്കരയില് ആഴ്ചകളോളം കുഴിച്ചിട്ടത്. രസിക൯ എരിവുള്ള കടുമാങ്ങയുടെ കൂടെ ഞൊട്ടിനുണഞ്ഞടിക്കുന്നത് മാത്രമാണ് രാജ൯റെ ഏക ആഘോഷം.

ഒരിക്കല് അവ൯റെ കടുംനി൪ബന്ധത്തിന് വഴങ്ങി ഞാനും കൂടി. രാത്രി ഏറെ വൈകി വീട്ടിലേക്കുള്ള യാത്രയില് ഇലക്ട്രിക് പോസ്റ്റി൯റെ സ്റ്റേകന്പിയില് തട്ടി മറിഞ്ഞുവീണത്, ഡിസ്പെ൯സറിക്ക് വേണ്ടി കൂട്ടിയിട്ട കരിങ്കല്കൂട്ടത്തിലേക്ക്. മൂക്കും ചുണ്ടും മുറിഞ്ഞത് കാലക്രമേണ മാഞ്ഞു. നെറ്റിയിലേത് മാത്രം ഒരു മുന്നറിയിപ്പ് പോലെ അവശേഷിച്ചു.

- ഒരു സ്റ്റേകന്പിക്കും കരിങ്കല് കൂട്ടത്തിനും ഒരാളെ ഇത്രക്ക് മാറ്റാ൯ കഴിയുമോ. പിന്നീടുള്ള സേവ സ്നേഹപൂ൪വ്വം നിരസിച്ചപ്പോള് അവ൪ പരിഹസിച്ചത് ഇപ്പോഴും ഓ൪ക്കുന്നു.

വല്ലാത്ത ചാരുതയാണ് രാജ൯റെ എഴുത്തിലെ വരികള്ക്ക്.
വായിക്കുന്പോള് മാന്ത്രികക്കണ്ണാടിയിലെന്ന പോലെ നാടുംവീടും സുഹൃത്തുക്കളും എല്ലാം.... അതിലങ്ങിനെ തെളിഞ്ഞുവരും. എല്ലാ കത്തിലുമെന്ന പോലെ ഇതിനടിയിലുമുണ്ട് ഒരു എ൯.ബി. രണ്ടുകുത്ത്.

ചെറുവാചകം വായിച്ച് ശരിക്കും ഞെട്ടി. അവ൯റെ മനസ്സില് തട്ടിയ മഹദ് വചനങ്ങളോ കവിതാശകലങ്ങളോ ആണ് സാധാരണ ഉണ്ടാകാറ്. ഇത്.... രാജ൯ തന്നെയാണോ ഇതെഴുതിയിരിക്കുന്നത്.

നീണ്ടപ്രവാസത്തിനിടയില് ഒരു ചോക്ലേറ്റ് പോലും എന്നില് നിന്ന് സ്വീകരിക്കാ൯ വിമുഖത കാണിച്ച മാന്യദേഹം. ടി.വി. വാങ്ങാ൯ ഭാര്യയും രണ്ടുപെണ്മക്കളും വാശിയെടുത്തപ്പോള് കറ൯റ് ചാ൪ജ്, കേബിള്ചാ൪ജ്. മസ്തിഷ്കപ്രക്ഷാളനം എന്നിവകളെ കുറിച്ച് ഘോരഘോരം ഛ൪ദിച്ചവ൯. (ഒടുക്കം കീഴടങ്ങിയെന്നത് വേറെകാര്യം) അത്യാവശ്യവും, ആവശ്യവും, ആഢംബരവും വിശദീകരിച്ച്, ഇക്കണോമിക്സി൯റെ ആഴങ്ങള് വിവരിച്ച്, പിശുക്കനെന്ന എ൯റെ വിളികള്ക്ക് ന്യായീകരണം കണ്ടെത്തിയ അതേ രാജ൯നായ൪ ഇത്തരത്തിലുള്ളൊരു അത്യാധുനിക സാമഗ്രി ആവശ്യപ്പെട്ടാല് ഞെട്ടാതിരിക്കുന്നതെങ്ങിനെ...

ഏതായാലും എഴുതിയ പ്രകാരം വീഡിയോ സൌകര്യമുള്ള നല്ലൊരു മൊബൈല്ഫോണ് വാങ്ങി. ഈയൊരാവശ്യത്തിന് അവ൯റെ മനസ്സെങ്ങിനെ പാകപ്പെട്ടു എന്നറിയാനുള്ള ആകാംക്ഷയ്ക്കൊപ്പം രാജന് വിലയുള്ളൊരു ഗിഫ്റ്റ് കൊടുത്ത് ആളാകാ൯ കഴിയുമല്ലോ എന്ന ദുരഭിമാനവും എന്നിലുണ്ടായിരുന്നു.

നാട്ടിലെത്തിയ ഉട൯ മൊബൈലെടുത്ത് പളപ്പുള്ള കവറിലിട്ട് രാജ൯റെ വീട്ടിലേക്ക് നടന്നു.

ഗേറ്റ് തുറന്നുകിടക്കുന്ന. മുറ്റമാകെ വാടിക്കൊഴിഞ്ഞ പൂക്കളും ഇലകളും. വരാന്തയിലെ ചാരുകസേരയില് പത്രത്തില് മുഖം പൂഴ്ത്തി അവ൯.

ചങ്കനക്കിയപ്പോള് പത്രം പാതി മടക്കി, അവ൯ മുഖം നല്കി. വല്ലാതെ ക്ഷീണിച്ചതു പോലെ. എന്നെ കണ്ടതും പതിഞ്ഞ ചലനങ്ങളോടെ എഴുന്നേറ്റ് വന്ന് കൈ പിടിച്ചു, കുശലം പറഞ്ഞു. ഞാ൯ ഗീതേട്ത്തിയേയും മക്കളെയും തിരക്കി.

-അവ൪ കുറച്ച് ദിവസായി നാട്ടിലാണ്.

-എന്തുപറ്റി

-അച്ഛ൯ മരിച്ചു. ചെറുനിശ്ശബ്ദതയ്ക്ക് ശേഷം അവ൯ പറഞ്ഞു.

അവ൯റെ ഏകാന്തത ഭഞ്ജിക്കാതിരിക്കുകയാണ് നല്ലതെന്ന് കരുതി വേഗം മൊബൈല് നല്കി അപ്രത്യക്ഷനാകാ൯ ആഗ്രഹിച്ചു.

- എന്താണിത്.

- നീ എഴുതിയിരുന്നില്ലെ, മൊബൈല്....

-അവ൯റെ മുഖം ഇരുണ്ടു. ഇനിയെന്തിനിത്.. നീ വൈകിയതോ, അതോ അച്ഛ൯റെ ധൃതിയോ... ക്ക് രണ്ടുപെണ്കുട്ട്യോളാന്ന് ആരും മനസ്സിലാക്കിയില്ല.

അന്പരന്ന എ൯റെ കണ്ണിലെ ചോദ്യം കണ്ടാകാം അവ൯ അകത്ത് പോയി പൊടുന്നനെ തിരിച്ചുവന്നു. കൈയ്യിലുണ്ടായിരുന്ന പേപ്പ൪ എനിക്ക് നേരെ നീട്ടി. ഒന്നും മനസ്സിലാകാതെ അതു വാങ്ങി വായിച്ചു. കണ്ണീ൪ സീരിയലുകളിലൂടെ പ്രശസ്തമായൊരു ബാനറില് നിന്നാണ്. ഇംഗ്ലീഷില്. മനസ്സിലായത് ചുവടെ ചേ൪ക്കുന്നു.

പ്രിയ സുഹൃത്തെ, അഭിന്ദനങ്ങള്.

മോക്ഷം ഫിലിംസി൯റെ ബാനറില് നി൪മ്മിക്കുന്ന മരണമുഖങ്ങള് എന്ന റിയാലിറ്റിഷോയിലേക്ക് താങ്കളും കുടുംബവും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. താങ്കള് ചെയ്യേണ്ടത് ഇത്രമാത്രം.

താങ്കളുടെ പ്രിയപ്പെട്ടവരുടെ മരണത്തിലേക്കുള്ള യാത്രയുടെ അവസാന നിമിഷങ്ങള് സി.ഡി.യിലാക്കി ഞങ്ങള്ക്ക് അയച്ചുതരിക. അതിനൂതന സങ്കേതങ്ങളിലൂടെ രംഗങ്ങള് അതിമനോഹരമാക്കി ജഡ്ജസിനും പ്രേക്ഷക൪ക്കും മു൯പാകെ ആഴ്ചതോറും സംപ്രേഷണം ചെയ്യുന്നു. തെരഞ്ഞെടുക്കപ്പെടുന്ന മനോഹര മരണമുഹൂ൪ത്തങ്ങള്ക്ക് മൂല്യമേറി സമ്മാനങ്ങള്. അവ താങ്കളെയും കാത്തിരിക്കുന്നു. താല്പര്യമെങ്കില് താഴെ പറയുന്ന നന്പറില് ബന്ധപ്പെടുക.

രാജ൯റെ കണ്ണുകളിലേക്ക് നോക്കാ൯ എനിക്ക് ഭയം തോന്നി.
പത്രത്തോടൊപ്പം പുറകിലൊളിപ്പിച്ച കത്തിയെടുത്ത് അവനെന്നെ കുത്തിമല൪ത്തുമെന്നും രംഗങ്ങള് മൊബൈലില് പക൪ത്തി വില്ക്കുമെന്നും വെറുതെ ഒരു തോന്നല്...

എഴുത്ത് കസേരയിലിട്ട്, യാത്ര പോലും പറയാതെ പൊടുന്നനെ പടിയിറങ്ങി.

പുറകില് രാജ൯ ഉറക്കെ വിളിക്കുന്നത് കേള്ക്കാതെ, വേഗതയില് ഗേറ്റ് കടന്നു.

കൊല്ലാനാകും..., അത് മൊബൈലില് പക൪ത്തി വില്ക്കാനാകും.......

-------------------------------
അലി പുതുപൊന്നാനി
-2010-






























Thursday, September 5, 2013

പൂജ്യം കായ്ക്കുന്ന മരങ്ങള്

'ഒരു പുഴയുടെ ദൂരം എത്രയാണ്?'

'നീളത്തിലോ കുറുകെയോ?'

'അത് മൂസക്ക പറഞ്ഞില്ലല്ലോ. ഒരു പുഴയുടെ ദൂരം അതെ, അത്രന്നെ'

-പണ്ടായിരുന്നെങ്കില്, പൂഴയ്ക്ക് നീളത്തിലായിരുന്ന ദൂരം. അതൊപ്പിച്ചായിരുന്നു ജീവിതവും. ഇപ്പോ, അന്പത് വയസ്സുതോന്നിക്കുന്ന മൂസക്കയുടെ  പുഴദൂരം ഏത് കാലം കൊണ്ടാ ഗണിക്കുക?

ചോദിച്ചവരൊക്കെ പറയുന്നത് ഓരോ സൂത്രവാക്യങ്ങള്.
ഇരുകരകള്ക്കുമിടയിലെ വഞ്ചിയുടെ കുതിപ്പ്, കാറ്റി൯റെ ഗതി. ഓളങ്ങളുടെ പൊങ്ങല്. വേനലിലെയും വ൪ഷത്തിലെയും വ്യത്യാസം... ഇതിലൊന്നും ശരിയായില്ലെങ്കില്, ഉത്ഭവത്തിനും ലയനത്തിനുമിടയിലെ വിടവില് കൈവഴികളെ മറന്ന് ഒരൊറ്റളവ്. തീ൪ന്നു.

മൂസക്കയെ പരിചയപ്പെടുത്താ൯ മറന്നു. തിരൂ൪ക്കാര൯. പ്രായം മു൯പ് പറഞ്ഞത്. ജോലി അറബിവീട്ടില് ഡ്രൈവ൪. ഷോപ്പില് ഇടയ്ക്കിടെ വരും. എന്തെങ്കിലുമൊക്കെ പറഞ്ഞിരിക്കും. മിക്കതും, സൂത്രത്തില് മൊബൈലിലെ മെസ്സേജുകളുടെ അ൪ത്ഥം മനസ്സിലാക്കാനാകും. അങ്ങിനെയാണ് പരിചയം.

ജോലിത്തിരക്കുണ്ടായിരുന്ന ഒരുദിവസം.
ഷോപ്പില് വന്ന മൂസക്ക പതിവിന് വിപരീതമായി നിശ്ശബ്ദനായി നിന്നു. കടം ചോദിക്കാനുള്ള മുന്നൊരുക്കത്തിലാണോ...?
ഞാനാശങ്കയോടെ ഇരുന്നു.

- കുറച്ചീസായി മൊബൈലിലേക്ക് വിളിച്ച് ഒരാള് പൊള്ളുന്ന വ൪ത്താനങ്ങള് പറയ്ണ്. സ്വരത്തില് ദയനീയത.

-ആര്?  ഞാ൯ മുഖമുയ൪ത്തി.

-അറീല്ല !

-നന്പ൪ നോക്കീല്ലേ...?

-ദാ.. കുറേ പൂജ്യങ്ങള് മാത്രം.

ഓ.. ഇത്. ഇതെനിക്കും വരാറുണ്ട്.  ഇ൯റ൪നാഷ്ണല് കെഡ്രിറ്റ്കാ൪ഡ് തട്ടിപ്പുകാര്. ശ്രദ്ധിക്കാ൯ പോകണ്ട. ന്നാ ശരി. ഞാ൯ മൂസക്കയെ പറഞ്ഞയക്കാ൯ ശ്രമിച്ചു.

-അതിന് അവര് മലയാളം പറയോ...? ഇത് പച്ചമലയാളത്തിലെ വ൪ത്താനം മുഴുവ൯...!

-എന്താ പറയ്ണത്..?

-അത് കുറേ കാര്യങ്ങള്. ഒരിക്കല് കൂടി ചോദിച്ചാല് പറയാ൯ പാകത്തില് മൂസക്ക നിന്നു. ഞാ൯ ടൈപ്പിംഗിലേക്ക് തിരിയുന്നതായി ഭാവിച്ചു. അല്പ്പനേരം കൂടി പാവം നിസ്സംഗനായി നിന്നു. പിന്നെ, മിണ്ടാതെ വാതില് തുറന്ന് പുറത്തേക്ക്...

അതിന് ശേഷമുള്ള ആദ്യത്തെ വെള്ളിയാഴ്ച.

ഇരുപത്തിയാറാം നന്പ൪ ബസ്സ് കാത്തുനില്ക്കുകയായിരുന്നു. കറാമയില് തുറന്ന പുസ്തകശാലയായിരുന്നു ലക്ഷ്യം. നഗരത്തില് പുതുതായി സ്ഥാപിച്ച ഏ.സി. ബസ് സ്റ്റോപ്പ് സൂക്ഷ്മം പരിശേധിച്ച് കുറവുകള് കണ്ടെത്തി സമാശ്വസിക്കുന്പോഴാണ് റോഡരികില് ലാ൯ഡ്ക്രൂയിസ൪  ബ്രേക്കിട്ടതും മൂസക്ക ചാടിയിറങ്ങിയതും.

ഒളിക്കാനും പറഞ്ഞൊഴിയാനുമുള്ള ശ്രമങ്ങള് വിഫലം.

ഓടുന്ന വണ്ടിയില്, അത്യാവശ്യമല്ലാത്ത വിഷയങ്ങളുമായി സംസാരം നീളുന്നതല്ലാതെ അജ്ഞാത വിളിക്കാരനെ കുറിച്ച് മൂസക്ക മിണ്ടിയതേയില്ല. ഒടുക്കം ഞാ൯തന്നെ വിഷയം എടുത്തിട്ടു.

-പൊള്ളുന്ന വ൪ത്തമാനങ്ങളുമായി അയാളിപ്പോഴും വിളിക്കാറുണ്ടോ..?

മൂസക്ക നിശ്ശബ്ദനായി. മുഖം വലിഞ്ഞു മുറുകുന്നതുപോലെ.

-ആളെ മനസ്സിലായോ...? ഞാ൯ പിന്നെയും കൊളുത്തിവലിച്ചു.

-ചന്ദ്രേട്ട൯..!!

-അതാര്?!

ഞാ൯ കൊന്നയാളാ...! ശബ്ദത്തില് വല്ലാത്ത ദൃഢത.

-ങ്ങള് ഒരാളെ കൊല്ലേ...?, എന്നിട്ട് അയാള് ങ്ങളെ വിളിക്കേ...?!
നല്ല കഥ. ഒരു തമാശ കേട്ടതുപോലെ ഞാ൯ ചിരിച്ചു.

-നാട്ടില് വണ്ടിയോടിക്കുന്ന സമയം.
കുറച്ച് നേതാക്കന്മാരെ തിരുവനന്തപുരത്ത് വിട്ട് തിരിച്ചുവരുന്പോഴാണ്....  വണ്ടി സ്ലോ ട്രാക്കിലേക്ക് മാറ്റി മൂസക്ക സംസാരിച്ചു തുടങ്ങി.

റോഡിന് കുറുകെ കടക്കാനൊരുങ്ങുന്ന വൃദ്ധനെ കണ്ടപ്പോ ഹോണടിക്കുകയും വേഗത കുറക്കുകയും ചെയ്തതാണ്. പൊയ്ക്കൊള്ളാ൯ വൃദ്ധ൯ ആംഗ്യം കാണിച്ചപ്പോഴാണ് ആക്സിലേറ്ററിലേക്ക് മാറ്റിച്ചവിട്ടിയത്. വണ്ടി അരികിലെത്തിയതും അയാള് മുന്നിലേക്ക് കുതിച്ചു. പരമാവധി ശ്രമിച്ചു. കഴിഞ്ഞില്ല. ഇടിച്ചുയ൪ന്ന് ബോണറ്റില് തലയിടിച്ചു വീണു.

മരണം ഭവിക്കുന്ന ഓരോ അപകടങ്ങളിലും, മുഖം മരവിക്കുന്ന ഡ്രൈവറുടെയുള്ളില് ഒരു വനം നിലയ്ക്കാതെ കത്തുന്നതി൯റെ ചൂടുണ്ടാകുമെന്ന് അന്നാണറിഞ്ഞത്.

കാഴ്ചകള് കണ്ട് റോഡിനപ്പുറം അയാളുടെ മകനുണ്ടായിരുന്നു. വെയ്റ്റിങ് ഷെഡില് പൊലീസുകാരനും.

-ഒന്നുകില് മരണപ്പെട്ടയാളുടെ കുടുംബത്തിന് താല്പര്യമെങ്കില് കോംപ്രമൈസിലെത്താം. അല്ലെങ്കില് കേസിനു പോകാം. ഒത്തുതീരുന്നതാണ് എപ്പോഴും നല്ലത്. വെറുതെയൊന്ന് ശ്രമിച്ചു നോക്കാലോ?.
സ്റ്റേഷനിലെ നല്ലവനായ റൈറ്ററുടെ ഉപദേശപ്രകാരം വൃദ്ധ൯റെ സംസ്കാരച്ചടങ്ങില് പങ്കെടുത്തു.

-ഞങ്ങള്ക്ക് പരാതിയില്ല. ഞാ൯ കണ്ടതാണല്ലോ, പക്ഷെ, ഹരികുമാറാണ് തീരുമാനിക്കേണ്ടത്.
ദൃക്സാക്ഷിയും സ൪ക്കാറുദ്ധ്യോഗസ്ഥനുമായ മൂത്തമക൯ പറഞ്ഞു.

-ഹരികുമാ൪ വിളിച്ചിരുന്നു. വരട്ടെ. അവനാണ് ഞങ്ങളുടെ എല്ലാം. അവ൯റേതാണ് അവസാനതീരുമാനം.
എല്.ഐ.സി.യിലെ ഉദ്ധ്യോഗസ്ഥനായ രണ്ടാമത്തെയാള് പറഞ്ഞു. മൂന്നാമത്തേത് മകളായിരുന്നു. അവ൪ അകത്തിരുന്ന് ഉറക്കെ നിലവിളിക്കുകയും, നേ൪ത്ത് വരികയും, പിന്നീടത് വാക്കുകളും വാചകങ്ങളുമായി രൂപാന്തരപ്പെടുകയും ചെയ്തു.

നാലാമനായിരുന്നു ഹരികുമാ൪. അയാളുടെ സാന്നിദ്ധ്യത്തിനും വാക്കുകള്ക്കുമായിരുന്നു മൃതദേഹവും ആളുകളും ഞാനും കാത്തിരുന്നത്.

അറവ് കാത്തുകിടക്കുന്നൊരു ബലിമൃഗത്ത൯റെ മനമുരുക്കത്തോടെ അയാള് വരുന്ന വഴിയിലേക്ക് ഞാ൯ നോക്കിയിരുന്നു.

സംസ്കാരത്തിന് തൊട്ടുമു൯പാണ് അയാളെത്തിയത്.
അതുവരെ നിശ്ശബ്ദമായിരുന്ന അകത്തളം പൊടുന്നനെ നിലവിളികളാല് നിറഞ്ഞു. ഒരു നിലവിള് കാതില് വേറിട്ട് പതിയുകയും, കുഴഞ്ഞുവീണ അയാളെ വരാന്തയിലേക്കെടുക്കുന്നതും കണ്ടപ്പോള് എനിക്കുറക്കെ കരയാ൯ തോന്നി.

നീണ്ട അതിരുള്ള പറന്പി൯റെ മൂലയില് കൈവശക്കാര൯റെ ചിതയടങ്ങി. പതിഞ്ഞവാക്കുകളില് ഉപചാരങ്ങള് ചൊല്ലി ആളുകള് പിരിഞ്ഞു. ഇരുള് പെയ്യുന്ന മുറ്റത്ത് പിന്മുറക്കാരും ഞാനും ബാക്കി. ഇടയ്ക്ക് ചുറ്റും നോക്കിയും കൂട്ടം കൂടിയും വീടിനകത്തും ച൪ച്ച.. ഒടുവിലൊരാള് വാതില് തുറന്ന് പ്രതീക്ഷയുടെ എല്ലി൯ കഷ്ണമെറിഞ്ഞു.

-നാളെ വന്നോളൂ.

പിറ്റേന്ന് അവിടെയെത്തുന്പോള് ഉച്ചകഴിഞ്ഞിരുന്നു. ഹരികുമാ൪ യാത്രയ്ക്കുള്ള ഒരുക്കത്തിലായിരുന്നു. ചെറുപുഞ്ചിരിയോടെ വന്നയാള് ഹസ്തദാനം ചെയ്തു.

-ഇന്നലെ ചേട്ട൯ കാണിച്ചു തന്നിരുന്നു, നിങ്ങളെ. എന്തേ വൈകിയത്? എല്ലാവരും ഇറങ്ങി. രാവിലെയാണ് തീരുമാനമായത്. വരൂ.. ഹൃദയമിടിപ്പ് വ൪ധിച്ചു. എ൯റെ തോളിലൂടെ കൈയ്യിട്ട് അയാള് തെക്കേ മുറ്റത്തേക്ക് നടന്നു.

-അവരെല്ലാം പറഞ്ഞിരുന്നു. നഷ്ടപ്പെട്ടു. ഇനി നിങ്ങളെ ഉപദ്രവിച്ചിട്ട് എന്താ കാര്യം. സ്റ്റേഷനില് പോയി വണ്ടിയെടുത്തോളു. പരാതിയില്ലെന്ന് വിളിച്ചു പറഞ്ഞിട്ടുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടെങ്കില് ചേട്ടനെ വിളിച്ചാല് മതി. ഓ.കെ.

വിശ്വസിക്കാനാകാതെ, നിറകണ്ണുകളോടെ ഞാനയാളെ നോക്കി. ദയാവായ്പി൯റെ മനുഷ്യരൂപത്തിന് മുന്നില് വാക്കുകളില്ലാതെ നിന്നു. അയാള് തുട൪ന്നു.

-പിന്നെ ഒരുപകാരം ചെയ്യണം. കോടതിയില് കേസ് വിളിക്കുന്പോ കുറ്റം സമ്മതിക്കണം. പേടിക്കേണ്ട. ചെറിയൊരു പിഴയുണ്ടാകും. അത്രന്നെെ. വക്കീലിനെയും മറ്റും അവര് ഏ൪പ്പാടാക്കിത്തരും. ആത്മഹത്യയാണെന്നറിയുന്പോ പ്രശ്നങ്ങളാണ്. അച്ഛന് ഇ൯ഷൂറ൯സുണ്ട്. എന്തോ ഭാഗ്യത്തിന് ചേട്ട൯ ചേ൪ത്തതാ...

വിശ്വസിക്കാനാകാതെ, പകച്ച കണ്ണുകളോടെ ഞാനയാളെ നോക്കി.

എത്ര അനായാസമായാണ് വ൪ത്തമാനങ്ങളുടെ പൊരുള് മാറുന്നത്. മനുഷ്യരുടെ ഹൃദയം ഇത്രമേല് കഠിനമാകുന്നതെങ്ങിനെയാണ്. ദൃംഷ്ട മുള്യ്ക്കുന്നുണ്ടോ...? കൈനഖങ്ങളില് സ്വാ൪ത്ഥതയുടെ ചോരയിറ്റുന്നുണ്ടോ..?പാ൯റ്സി൯റെ പോക്കറ്റിലേക്ക് എന്തിനാണയാള് കൈ താഴ്ത്തുന്നത്? കരുതലോടെ നിന്നു.

പോക്കറ്റില് നിന്നൊരു കവറെടുത്ത് അയാളെ൯റെ കീശയില് തിരുകി.
-ആരോടും പറയേണ്ട. രണ്ടുദിവസത്തെ പരക്കംപാച്ചിലില് കാശ് കുറേ ചെലവായിട്ടുണ്ടാകും. വണ്ടിക്കും പണിയുണ്ടാകും. അതുകൊണ്ട്.... ഒരുനിമിഷം അന്പരന്നു. ശരിയാണ്, ഇപ്പോഴയാളുടെ മുഖത്ത് കരുണയുടെ നിലാവെളിച്ചമില്ല. വെറും കരാറുകാര൯റെ ഭാവം. എനിക്കോ... നടുങ്ങി. വാടകക്കൊലയാളിയുടേതും.

-വേണ്ട.
ചിതയുരുകുന്ന മണമുള്ള കവറെടുത്ത് അയാള്ക്ക് നേരെ നീട്ടി.
എ൯റെ കൈകള് അയാള് ബലമായി പിടിച്ചുവളച്ചു, പോക്കറ്റിലെത്തുവോളം. കണ്ണില് ക്രൌര്യത്തി൯റെ ചെറുപൊട്ട് തിളങ്ങുന്നത് തിരിച്ചറിഞ്ഞപ്പോള് അയഞ്ഞു.

-നഗരത്തിലെ മുന്തിയ വൃദ്ധസദനത്തില് ചേ൪ക്കാ൯ സ്വരൂപിച്ച തുകയായിരുന്നു. അതിന് പോകുന്പോഴാണ് സംഭവമുണ്ടായത്. ഇപ്പോ, ഇത് മാത്രം ആ൪ക്കും വേണ്ട. നിങ്ങള്ക്ക് നല്കാമെന്ന് പറഞ്ഞപ്പോള് എല്ലാവ൪ക്കും സന്തോഷം. അതാണ്... ന്നാ ശരി. ഞാനിറങ്ങുന്നു. അയാള് കാറില് കയറുകയും അതയാളെയും വഹിച്ച് എയ൪പോ൪ട്ടിലേക്ക് പായുകയും ചെയ്തു.

സിഗ്നലിലെ പച്ചവെളിച്ചം തെളിയുന്നത് ശ്രദ്ധിച്ച്, വണ്ടി മുന്നോട്ടെടുത്ത് മൂസക്ക തുട൪ന്നു.

-വിശ്വസിക്കണമെന്ന് ഞാ൯ പറയില്ല. നി൪ബന്ധവുമില്ല. പക്ഷെ, ഓടുന്ന വണ്ടിയുടെ സ്റ്റിയറിംഗ് പിടിച്ച് ഏതെങ്കിലും ഡ്രൈവ൪ കളവ് പറയുമെന്ന് തോന്നുന്നുണ്ടോ. ആളൊഴിഞ്ഞൊരു വീട്ടിലേക്ക് ദിവസങ്ങള്ക്കകം ക്യാ൯സല് ചെയ്ത് പോകാനൊരുങ്ങുന്ന എന്നെ മനസ്സിലാക്കുമെന്ന് കരുതുന്നു.

-പോകാ൯ മനസ്സുണ്ടായിട്ടല്ല, ഓള് നേരത്ത െരക്ഷപെട്ടു. തുണയ്ക്കാളായപ്പോള് മക്കളും. ബേജാറാണ് മനസ്സില്. ശക്തമായ വീഴ്ചയിലും നിലവിളിക്കാതിരുന്ന അയാളുടെ മുഖമാണ് കണ്ണില്.

ഇവിടുത്തെ തിരക്കിലലിയാനൊരു സുഖമുണ്ടായിരുന്നു. ഇപ്പോ.....

മൂസക്ക പറഞ്ഞവസാനിച്ചിട്ടും, ഞാ൯ മൂസക്കയുടെ മുഖത്ത് മനഃപ്പൂ൪വ്വം നോക്കാതിരുന്നു. പൊള്ളുന്ന മൌനം ചൂഴ്ന്ന വണ്ടിയില് നിന്നും ഇറങ്ങിയോടാ൯ തോന്നി.

-നന്പ൪ കൈയ്യിലില്ലേ... നാട്ടിലെത്തിയാല് വിളിക്കണം. വന്നാല് കാണണം.
ഇറങ്ങാ൯ നേരം പറഞ്ഞൊപ്പിച്ചപ്പോള് മൂസക്ക് പ്രതികരിച്ചത് ഇത്രമാത്രം.

-തീ൪ച്ചയായും, ഒരു പുഴയുടെ ദൂരമല്ലെ നമുക്കിടയിലുള്ളു.

ഇപ്പൊ, ആഴ്ചകളായി, അകം പൊള്ളിച്ച് എ൯റെ മൊബൈലില് ഇടയ്ക്കിടെ ഒരു കോള് വരുന്നു. പൂജ്യങ്ങളാണ് നന്പ൪.

-------------------------------------
അലിപുതുപൊന്നാനി
-2009-




























Saturday, August 31, 2013

ഒട്ടകവിലാപം

വ൪ഷങ്ങള്ക്ക് ശേഷമുള്ള ഈ കുന്പസാരം എന്നോടുള്ള വെറുപ്പ് നിറഞ്ഞ നി൯റെ മനസ്സ് സ്വീകരിക്കുമോ എന്നെനിക്കറിയില്ല. നേരം തെറ്റിപെയ്യുന്ന മഴയുടെ അസ്ഥിരതയാണ് എ൯റെ ജന്മമെന്ന് നിനക്ക് അറിയാമല്ലോ. നിരാശാകാമുക൯റെ ജല്പനങ്ങളായി പുച്ഛിക്കാം. കിറുക്ക് അക്ഷരങ്ങളിലാക്കിയതെന്ന് പിറുപിറുക്കാം. ഒരുപക്ഷെ, ഓ൪മ്മകളുടെ ആവ൪ത്തനങ്ങളില് രസം ചോ൪ന്നിരിക്കാം. എങ്കിലും നെഞ്ചുരുക്കുന്ന നെരിപ്പോടുകള് അമ൪ത്തിവെക്കാ൯ ഇനിയാവില്ല.

സുഹൃത്തുക്കളുടെ മനഃപ്പൂ൪വ്വമല്ലെങ്കിലും മുറിവില് കുത്തുന്ന ചോദ്യങ്ങള്. വ൪ഷങ്ങളായി നുണകള്ക്ക് മീതെ നുണകള്. സംശയം നിഴലിക്കുന്ന കണ്ണുകളെയും സഹതാപമുഖങ്ങളെയും നേരിടാ൯ വയ്യ, ദു൪ബലത കൊണ്ടാകാം.

ചിലപ്പോഴൊക്കെ എനിക്ക് ആത്മഹത്യ ചെയ്യാ൯ തോന്നുന്നു. മഴയില്ലാത്ത മഹാനഗരത്തില് ഒറ്റപ്പെട്ടതുപോലെ. ഭീകരമായ നിശ്ശബ്ദത എന്നെ പിടികൂടിയിരിക്കുന്നു. ജീവിതത്തിനും മരണത്തിനുമിടയിലെ നിമിഷങ്ങള് ചുരുങ്ങിവരുന്നത് പോലെ.

നിയോണ് വെളിച്ചങ്ങളിലെ അവഗണനയില് വിളറുന്ന നിലാവ്. ഉറക്കം വരാതെ തണുത്ത് മരവിച്ച പുല൪ക്കാലങ്ങള്. നക്ഷത്രങ്ങള് കണ്ണുചിമ്മിത്തുടങ്ങിയിരിക്കുന്നു. സഹമുറിയന്മാ൪ക്കും എനിക്കുമിടയില് എങ്ങിനെയോ മൌനത്തി൯റെ കട്ടിയുള്ള പുറന്തോട് വള൪ന്നിരിക്കുന്നു. അഞ്ചോ ആറോ ദിവസങ്ങളിലെ ചോദ്യങ്ങള്.... അതിനുശേഷം അവരും എന്നെ ഉപേക്ഷിക്കാം. ഞാ൯ മുന്നൊരുക്കത്തിലാണോ...?

ഉഴിഞ്ഞിട്ട നേ൪ച്ചക്കോഴിയെന്ന് വീട്ടുകാരും കൂട്ടുകാരും കളിയാക്കുന്പോള് മഴവില്ലാകുമായിരുന്ന നി൯റെ മുഖം കണ്ടാണ് കൌമാരം കൊഴിഞ്ഞതും യൌവ്വനം തളി൪ത്തതും.

ഞാനിപ്പോഴും ഓ൪ക്കാറുണ്ട്.
പൂക്കള് പോലെ കൊഴിഞ്ഞുപോയ നല്ല ദിവസങ്ങളെ കുറിച്ച്...
ഒരിക്കലും തിരിച്ചുവരാത്ത സുന്ദര മുഹൂ൪ത്തങ്ങളെ കുറിച്ച്...

ജന്മത്തിലെ ഒരേയൊരു പ്രണയം... അത് നിന്നോടായിരുന്നു. എപ്പോഴാണ് മേഘം കറുത്തത്...? കവിളില് പൊഴിഞ്ഞത്...? പറഞ്ഞൊഴിയുകയല്ല, ധാരണ തിരുത്തുകയുമല്ല.

ബിസിനസ്സില് കാലിടറിയും കടം കുമിഞ്ഞതും ഗള്ഫിലേക്ക് പറന്നതും പൊറുക്കാനാകാത്ത പാതകമായി ഞാനേല്ക്കുന്നു.

അലച്ചിലുകള്ക്കവസാനം, കെട്ടിടങ്ങളില് ഊഞ്ഞാലിലാടി സ്വപ്നങ്ങള്ക്ക് ചായം തേക്കുന്നതിനിടയില് ഒരുനാള് നി൯റുമ്മായുടെ എഴുത്ത് വന്നു.

'റൂഹി൯റെ മലക്ക് വന്ന് ആഗ്രഹം ചോദിക്കുകയാണെങ്കില് ഉമ്മ പറയുക സല്മയും മോനും ഒന്നായിക്കഴിയുന്നതൊന്ന് കാണണമെന്നാണ്. മോനെ, ഇരുകരയിലാകുന്ന സുമനസ്സുകള് വെന്തുരുകുന്നതി൯റെ തീവ്രത ഉമ്മാക്ക് മനസ്സിലാകും. പതിനഞ്ച് വ൪ഷങ്ങള് അതറിഞ്ഞതാണ്. പ്രശ്നങ്ങളും പ്രാരാബ്ധങ്ങളും തീ൪ത്ത് സല്മയുടെ ഉപ്പ കരയണയുന്നതിനിടയില് വെറും രണ്ട്കൊല്ലമാണ്......'

'മോന് ഓളെ കൊണ്ടുപോകാ൯ കഴിയുമെങ്കില് ഉമ്മ നൂറുവട്ടം സമ്മതിക്കും. ഇല്ലെങ്കില്.....!'

എന്ത് കാരണമാണ് നിന്നെ ബോധ്യപ്പെടുത്തിയതെന്ന് എനിക്കറിയില്ല. ഒരിഞ്ചിനീയറുടെ സ്വപ്നപൂരണമായി ഈ കോണ്ക്രീറ്റ് കാടുകളിലെവിടെയോ നീയുണ്ടെന്ന് ഞാനറിയുന്നു. അഞ്ഞൂറ് ദി൪ഹംസ് മാസാന്ത്യം ബാക്കിയാകുന്ന ഒരു പെയി൯ററുടെ നിസ്സഹായത ഇപ്പോള് നിനക്ക് മനസ്സിലാകുന്നുണ്ടാകും. ദി൪ഹംസുകള് പൂക്കുന്ന താഴ്വരകളെന്ന അശ്ലീലക്കനവുകളുടെ അ൪ത്ഥശൂന്യതയും.

കഴുത്തറുക്കപ്പെട്ട അനേകം സ്വപ്നങ്ങളുടെ ശവപ്പറന്പാണിത്.
അക്ഷയഖനികള്ക്കടിയില് രക്തം കല൪ന്ന അശ്രുക്കളാണ്.

ജീവിത്തി൯റെ തീഷ്ണതള്..... നരകാഗ്നിയായി അതെന്നെ ചുട്ടെരിക്കുകയാണ്. തിരക്കേറിയ റോഡ് മുറിച്ചുകടക്കുന്പോള് ഒരു വണ്ടിയെങ്കിലും ഇടിച്ചുവീഴ്ത്തിയിരുന്നെങ്കില്....

ഇപ്പോഴെ൯റെ ചിന്തകള് ഇങ്ങിനെയൊക്കെയാണ്.

നി൯റെ ചുണ്ടിലെ പുഞ്ചിരി  മനസ്സിലാകുന്നുണ്ട്. എന്നിരുന്നാലും എനിക്ക് മതിയായി. ഭൂലോക ജീവിതാനുഭവങ്ങള്ക്ക് മു൯പില് സുല്ലിടുന്നു. ഇതുവരെ നെഞ്ചുവിരിച്ച് വിധികളെ നേരിട്ടതില് നിരുപാധികം മാപ്പ്. ഇരുകൈകളും ഉയ൪ത്തി കീഴടങ്ങാ൯ തയാറാണ്. യക്ഷികളെ ആണിയടിച്ചിരുത്തുന്നൊരു മരം പോലെ ഇനിയും പേറാ൯ വയ്യ.

എന്തോ ഇപ്പോഴിങ്ങനെയൊക്കെ എന്ന് ചോദിച്ചാല്....
ഞാനെന്താണ് പറയുംക.? ഹരിതാഭ സ്വപ്നം കാണുന്നൊരു ഒട്ടകം പോലെ, നോവുപേറുന്ന മണലാരണ്യങ്ങള്ക്ക് പണയപ്പെടുത്തിയ എനിക്കാകെയുള്ളത് അന്യാധീനപ്പെട്ട കനവുകള് മാത്രം.

പതിവുപോലെ എല്ലാം കഴിഞ്ഞതാണ്. കാത്തിരിക്കണമെന്നോതി യാത്ര ചൊല്ലി അകന്നതാണ്. ഒടുവില് എല്ലാം മറക്കണമെന്ന് പറഞ്ഞ് കരഞ്ഞതാണ്. എന്നിട്ടു.... ഞാ൯ തന്ന കരിമണിമാല നീ ഇപ്പോഴും പൊന്നുപോലെ സൂക്ഷിക്കുന്നതെന്തിനാണ്. നീ നല്കിയ ഉമ്മകള്... അതെ൯റെ കവിളില് നനവാ൪ന്ന് കിടക്കുന്നതെന്ത് കൊണ്ടാണ്.

എനിക്കറിയാം, നിന്നെ വേറൊരാള്ക്ക് തീറെഴുതിയാണെന്ന്. ഇനിയുള്ള ജന്മം അവ൪ക്കാണെന്ന്. എന്നിട്ടും.... യൌവ്വനങ്ങളിലെ വികൃതിത്തരങ്ങളിലേക്ക് കണക്കെഴുതിത്തള്ളാവുന്നത് പറിച്ചെറിഞ്ഞിട്ടും മനസ്സില് നിന്ന് പോകാത്തതെന്തു കൊണ്ടാണ്. നി൯റെ കണ്ണുകളും മൃദുമന്ത്രണങ്ങളും ഹൃദയത്തിലങ്ങിനെ പച്ചകുത്തിയതുപോലെ കിടക്കുന്നതെന്തു കൊണ്ടാണ്.

ഒരു പക്ഷെ, ജന്മം മഴത്തുള്ളി പോലെ ഭൂവിലെവിടെയെങ്കിലും വീണുടഞ്ഞേക്കാം. കാലം ദുരമൂത്ത കണ്ണുകളുമായ് പിന്നെയും കാത്തിരുന്നേക്കാം. എനിക്ക് നോവില്ല. ഒരു തിരിഞ്ഞുനോട്ടം പോലും വേണ്ട. ഇതിങ്ങനെ ഒരു പാവകളിപോലെ തുട൪ന്നേക്കാം. ഞാണില്ലാതൊരു നിമിഷം പോലും കനവിലില്ല. മിന്നാമിനുങ്ങിനെപ്പോലും പ്രതീക്ഷിക്കുന്നില്ല.

എല്ലാറ്റിനും പിണ്ഡം വെയ്ക്കുകയാണ്. ഇനി ഞാ൯ സ്വപ്നങ്ങളില്ലാത്ത, ഭാവപ്പക൪ച്ചകളില്ലാത്ത ജഢമാവുകയാണ്. കൊടിയിറങ്ങിയ ഉത്സവപ്പറന്പുകളുലെ ചമയങ്ങളാവുകയാണ്.

എന്നോട് പൊറുക്കുക. ഒരു രാത്രിയെങ്കിലും, കരള്പിടയാതെ, കണ്നിറയാതെ ഞാനൊന്നുറങ്ങട്ടെ.

---------------------------
അലിപുതുപൊന്നാനി

























Monday, August 26, 2013

പ്രവാസത്തില് ഖാജാശൈഖ് വക

നിയൊരിക്കലും മഴയെ ഗൃഹാതുരതയോടെ ഓ൪ക്കാ൯ കഴിയില്ല. എല്ലാ മഴയോ൪മ്മകള്ക്ക് മീതെയും അസഹ്യമായ ദു൪ഗന്ധം തളംകെട്ടി നില്ക്കുന്നു. അതെ൯റെ മൂക്കിലൂടെ തുടങ്ങി ദേഹം മുഴുക്കെ....

ഒരു തമിഴ൯. ഖാജാശൈഖ്. അതാണവ൯റെ പേര്. പേരൊക്കെ ഉഷാറാണ്. പക്ഷെ, ഏറെ നാളായി ഞാനവനെ തിരയുകയാണ്. കാണുന്ന മാത്രയില് എനിക്കവനെ എന്തുചെയ്യാ൯ കഴിയും എന്നതോ൪ത്ത് വേവലാതിയില്ല. അന്നേരം തോന്നുന്നതെന്തും. ഒരൊറ്റ നിമിഷം കൊണ്ടല്ലേ ആ പഹയ൯ എല്ലാം കരിച്ചുകളഞ്ഞത്. നിങ്ങള്ക്കറിയില്ല, ഒരു പ്രവാസിക്ക് മഴയോ൪മ്മകളോടുള്ള ബന്ധം...

പതിനാല് ആളുകളുള്ള  ഞങ്ങളുടെ മുറിയില് ഇരട്ടകട്ടിലുകളാണുള്ളത്.
എനിക്ക് മീതെയാണ് ഖാജാശൈഖ്. പകല് അന്തിയാവോളം ഉറക്കം. പാതിരാവില് എപ്പോഴോ എഴുന്നേറ്റുപോകും. പത്രം വിതരണം ചെയ്യും. തിരിച്ചുവരും. ഉറങ്ങും. ഉണ൪വ്വില് അയാളെ കാണുക അപൂ൪വ്വമാണ്.

'ഒന്നുകുളിച്ചൂടേ അവന്. കണ്ടില്ലേ താടിയും മുടിയും നീണ്ട്... നഖങ്ങള് വള൪ന്ന് ചളിയടിഞ്ഞ്.... ആ തോ൪ത്തും ബെഡ്ഷീറ്റും കണ്ടോ അവനെപ്പോലെ തന്നെ മാസങ്ങളായി വെള്ളം തൊട്ടിട്ട്. നിന്നെ സമ്മതിക്കണം...!. മറ്റൊരാള് എ൯റെ നേരെ തിരിഞ്ഞു. 'എങ്ങിനെ കിടന്നുറങ്ങുന്നു നീ... നാറുന്നില്ലേ..?'

'ആദ്യത്തെ കുറച്ചുദിവസം നല്ല നാറ്റം ഉണ്ടായിരുന്നു. ഇപ്പോ അവനെന്തോ വൃത്തിയായിട്ടുണ്ട്. തീരെ അറിയുന്നേയില്ല....'

റൂമില് കൂട്ടച്ചിരി മുഴങ്ങി. എങ്കിലും എല്ലാവ൪ക്കും അറിയാം. കറ൯റും വെള്ളവുമടക്കം മുന്നൂറ് ദി൪ഹംസിന് മറ്റൊരു ബെഡ്സ്പേസ് ലഭിക്കുക അസാധ്യമെന്ന്. ഒരു കണക്കില് റൂം ഉടമ ചെയ്യുന്നതും ഒരു സേവനമാണ്.

രാത്രി.

തകഴിയുടെ വെള്ളപ്പക്കത്തില് ഒരിക്കലുടെ വായിച്ച് നിറുത്താതെ പെയ്യുന്ന മഴ അനുഭവിച്ചു. കിടന്നപ്പോള് മഴക്കാലയാത്രകള് കയറിവന്നു. അനഭൂതിയുണ൪ത്തുന്ന കാഴ്ചയില് മരുവിലെ ഇരുട്ടുമുറി വിസ്മൃതമായി. പുതച്ചുകിടക്കുന്ന നിഴലുകളും കൂ൪ക്കംവലികളും മറന്നു.

പരിസരത്ത് ചെറുപെയ്ത്തി൯റെ ശീതളിമ.... തലോടല്...

ജാലകം തുറന്നു.

പുറത്ത് നിലാവില് മഴ പെയ്യുന്നു. അതെന്നോട് ചോദിച്ചു.

'ഉറങ്ങുകയാണോ...?'

'ഉം...'

'വാ നമുക്ക് പുന്നാരം പറഞ്ഞിരിക്കാം.'

എഴുതിവെച്ചിരുന്ന മഴക്കുറിപ്പെടുത്ത് മുറ്റത്തെ പുളിമരച്ചോട്ടിലെ സ്ഥിരം സീറ്റില് പോയിരുന്നു.
പുളിയിലകളിലൊഴുകി, പൂക്കളും വാടിയ ഇലകളും കൊഴിച്ച് മഴയിറ്റുന്നുണ്ടായിരുന്നു.

'ഇതെന്താണ്?'. മഴ എന്നോട് ചോദിച്ചു.

'ഇതോ... ഇത് നിന്നെ കുറിച്ച്... നിനക്കുള്ളത്... വായിക്കാം'
കുറിപ്പ് നിവ൪ത്തിയതും അക്ഷരങ്ങള് പട൪ന്ന് അവ്യക്തമായി.

'ശ്ശൊ, നീയത് മായ്ച്ചു.'

'ഞാനത് അറിയുകയായിരുന്നു'

'മായ്ച്ചുകൊണ്ടോ...?!'

'മഴ സ്പ൪ശിക്കുന്നത് ഹൃദയം കൊണ്ടാണ്'

'എങ്കിലതൊന്ന് മൂളാമോ..?\

'അതിനെന്ത്...? മരച്ചോട്ടില് നിന്ന പുറത്തു വാ, എന്നിട്ട്... കണ്ണടച്ച് എന്നെ മാത്രം... അറിയ്.... എന്നെ മാത്രം കേള്ക്ക്....'

മഴ....!!!!!!!

സിത്താറി൯റെ മന്ത്രണങ്ങളായി ദേഹമാസകലം...
തണുപ്പ് പെയ്യുന്ന നൂലിഴകള്... അതെന്നെ സുഗന്ധനീരില് മുക്കിയെടുത്ത് വാനിലേക്കുയ൪ത്തി.

അയാഥാ൪ത്ഥ ചിത്രണങ്ങള്......,

അതെ൯റെ ദേഹം നനയ്ക്കുന്നുവോ. കനവു മുറിയാതെ പതിയെ കൈയനക്കി ദേഹം തലോടി. ദേഹം നനഞ്ഞിട്ടുണ്ട്. പുതപ്പ് മാറ്റിയപ്പോ നനവ് ശരിക്കുമറിഞ്ഞു. നനവ് മാത്രമല്ല, രൂക്ഷഗന്ധവുമുണ്ട്.

പിടഞ്ഞെഴുന്നേറ്റു.

പടച്ചോനെ, ഇത്....  ഇത് മഴയിറ്റലല്ല, മൂത്രം...! മനുഷ്യമൂത്രം!!  മുകള്കട്ടിലില് നിന്ന്....

ബെഡ്ഷീറ്റും, ഹാ൪ഡ്ബോഡും, കട്ടിലി൯റെ കന്പിയിഴകള്ക്കിടയില് വെച്ച മകളുടെ ഫോട്ടോയും കുതി൪ത്ത്.... ഖാജാശൈഖി൯റെ കടുകട്ടി മൂത്രമഴ...!

എങ്കിലും ഖാജാ.....!

അനേകം മഴപ്പെയ്ത്തുക്കളാല് സ്വയത്തമാക്കിയ മഴയോ൪മ്മകളും, ജന്മം മുഴുവ൯ സുഖദമാകേണ്ട മഴക്കിനാവുകളും ഒരൊഴിപ്പിനാല് തരിപ്പണമാക്കി, ആ രാത്രി അപ്രത്യക്ഷനായ നീയിപ്പോള് എവിടെയാണ്.....?

-----------------
അലി പുതുപൊന്നാനി






















Saturday, August 24, 2013

ശ്മശാനങ്ങളിലെ ചിത്രശലഭം


'റബ്ബേ ഒന്നു നിലവിളിക്കാ൯ കഴിഞ്ഞിരുന്നെങ്കില്.....

തീഷ്ണക്കാഴ്ചകളുടെ മനഃസംഘ൪ഷങ്ങളില്, പ്രവാസത്തി൯റെ കണ്ണില്പെടാതെ സൂക്ഷിച്ച ഉണ൪വുകള് കൂടി ഇപ്പോള് ചാന്പലാകും. ഒരു മനശ്ശാസ്ത്രവിദഗ്ദനും കണ്ടെടുക്കാനാകാതെ ഓരോ സെല്ലിനെയും നിസ്സംഗത കീഴടക്കും. അതിനുമു൯പ് ഒരു തവണയെങ്കിലും എനിക്കൊന്നു കരയണം.

മുറിയിലെപ്പോഴും മുറിയാതുറങ്ങുന്നവരാണ്. പതിനാലാളുകള് നിരന്തരം കയറിയിറങ്ങുന്ന ബാത്ത്റൂമിലെങ്ങിനെയാണ്...? നേരം വൈകിത്തുടങ്ങി. ഉറങ്ങുന്നതിന് മു൯പ് എവിടെയെങ്കിലും ഇരുന്ന്....

മഹാനഗരത്തില് എല്ലാറ്റിനും സൌകര്യമുണ്ട്. നെടുകെപിള൪ത്തിപ്പോകുന്ന അനുഭവങ്ങളിലൊന്ന് ആ൪ത്തലറാ൯ ഒരിടം മാത്രമില്ല. ഒരുപക്ഷെ, നഗരങ്ങളില് കരയാ൯ അനുമതി ഇല്ലെന്ന് വരുമോ. യാചകനിരോധനം പോലെ കണ്ണീരും...

പൊടുന്നനെ ഉണ്ടായ തോന്നലില്, ആരോ കൈകാണിച്ചു നിറുത്തിയ ടാക്സിയുടെ ഡോ൪ തുറന്ന് ഞാനും ശാപവാക്കുകളും അകത്ത് കയറി. എന്തേ ഇത് നേരത്തെ തോന്നീല്ല?

കടലാണ് നല്ലത്.
ഒരാളുടെയും ശല്ല്യമുണ്ടാകില്ല. ഗ൪ഭപാത്രത്തിലെന്ന പോലെ, കണ്ണീരി൯റെ ഉപ്പിലും ചൂടിലും ആപാദചൂഢം അമ൪ന്ന്, നേ൪മ്മയിളക്കത്തിലങ്ങിനെ... ഉറക്കെയുറക്കെ നിലവിളിക്കാം.

ഒരിടം കണ്ടെത്തിയതാകാം മനസ്സിലെ വിങ്ങലിന് ശമനം വന്നിരിക്കുന്നു. സീറ്റില് കൈകാലുകള് നിവ൪ത്തി കണ്ണടച്ചു.

അകക്കണ്ണില് നേരം നട്ടുച്ച.

അസഹ്യമായ ചൂടും പൊടിക്കാറ്റും ഉരുകിയിറ്റുന്ന ഉഗ്ര൯ നട്ടുച്ചയില്, ഷോപ്പി൯റെ വാതില് തുറന്ന് വന്നത് അവളായിരുന്നു. ഉറക്കച്ചടവുണ്ടായിരുന്നെങ്കിലും ഭംഗിയായി ചിരിക്കാ൯ ശ്രമിച്ച് വിനീതവിധേയനായി നിന്ന എന്നെയൊന്ന് നോക്കുക പോലും ചെയ്യാതെ, വാനിറ്റിബാഗ്, മൊബൈല്, പാസ്പോ൪ട്ട്, വിസ ഇത്യാദികള് കൌണ്ടറില് നിരത്തിയിടുന്നതിലും, കാറ്റ് തൂവിയ മണലംശങ്ങള് പ൪ദയില് നിന്ന് കുടഞ്ഞുകളയുന്നതിലുമാണ് അവള് ശ്രദ്ധിച്ചത്. ഏറെ നേരത്തെ ചലനങ്ങള്ക്ക് ശേഷം ഒന്നുരണ്ടു പേപ്പറുകള് നീട്ടി.' ഈച്ച് വണ് കോപ്പി, പ്ലീസ്.....'

ദേഹം മുഴുക്കെ മൂടിയപ൪ദയുടെ കറുപ്പില് കണ്ട മനോഹരമായ മിഴികളോ൪ത്ത് മെഷീനിരികിലേക്ക് നടന്നു. കോപ്പിയെടുക്കുന്നതിന് തൊട്ടുമു൯പാണ്, കോപ്പിയെടുക്കാ൯ വരുന്ന ഏതൊരു കസ്റ്റമറോടും ചോദിക്കേണ്ടത് ഓ൪മ്മ വന്നത്.' കള൪ ഓ൪ നോ൪മ്മല്...?'
ഉത്തരത്തിന് വേണ്ടി തിരിഞ്ഞു.

അവിശ്വസനീയതയോടെ കണ്ണുകള് പലതവണ അടച്ചുതുറന്നു. കൌണ്ടറിനരികില് അഭൌമമായ സൌന്ദര്യമുള്ളൊരു പെണ്ണ്. ഇതേവരെയുണ്ടായ മുഴുവ൯ സ്ത്രീസങ്കല്പ്പങ്ങള്ക്കും മീതെ, വശ്യമായ അഴക്. അവള് തന്നെ. ശിരസ്സ് മുതല് ചുമലോളം മൂടിയ വസ്ത്രഭാഗങ്ങള് നീക്കി വിയ൪പ്പൊപ്പുകയാണ്. ഞാ൯ കോപ്പിയെടുത്ത് തിരിച്ചുവരാനെടുക്കുന്ന സമയത്തിനുള്ളില് വീണ്ടും മൂടുപടത്തിനുള്ളിലൊതുങ്ങാമെന്ന കരുതലിലായിരിക്കണം അവളങ്ങിനെ ചെയ്തത്.

പൊടുന്നനെ അനാവൃതമായ സൌന്ദര്യം മാന്യതയില്ലാത്ത മനുഷ്യനെപ്പോലെ ആസ്വദിച്ച് തിരിഞ്ഞു. ചോദ്യം ആവ൪ത്തിച്ചു. കോപ്പിയെടുത്ത് പണം തന്ന് അവള് ചൂടിലിറങ്ങി അപ്രത്യക്ഷയായി. കാഴ്ചകളുടെ പൊലിമയില് ഉച്ചമയക്കം നഷ്ടമായി ഞാനിരുന്നു.

വൈകുന്നേരത്തെ നിസ്കാരത്തിന് ശേഷം ഷോപ്പിലേക്ക് കയറിയപ്പോള് ആത്മാവിലിറങ്ങുന്ന സുഗന്ധം. ഷോപ്പ് നിറയെ.

ഞരന്പുകളെ ഉന്മാദിപ്പിക്കുന്ന ഈ മണം.....
കൌമാരത്തി൯റെ പ്രണയകാലങ്ങളില് അവള്പോലും അറിയാതറിഞ്ഞത്.
ഓ൪മ്മകളില് നിന്നവ മായുന്നുവെന്നറിഞ്ഞപ്പോള് വിഭ്രാന്തിയിലമ൪ന്ന ദിവസങ്ങള്. ഇപ്പോഴിതാ ഏകാന്തതകളുടെ പറുദീസയില് പിന്നെയും.....

'അതിന് ശേഷം എപ്പോഴെങ്കിലും നീ അവളെ കണ്ടിരുന്നോ?'
റഹീം അന്നത്തെ വ൪ത്തമാനങ്ങള്ക്ക് അങ്ങിനെയാണ് തുടക്കമിട്ടത്.

മൂന്നോ നാലോ തവണ. നമ്മുടെ ഫ്ലാറ്റില് വെച്ചുതന്നെ. ശരിക്കും അത്ഭുതപ്പെട്ടു. മോഡേണ് വസ്ത്രങ്ങളണിഞ്ഞ അവളെ ആദ്യം തിരിച്ചറിഞ്ഞില്ല. പക്ഷെ, ഉള്ളുണ൪ത്തുന്ന ആ സുഗന്ധം....

ആ പെണ്ണ് മൊറോക്കോ  അല്ലേ ജാതി. ശ്രീലങ്ക, ഫിലിപ്പി൯സ്. മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിലെ പെണ്ജാതികളുമായി ഏത് വിശുദ്ധ ഇടപാടാണെങ്കിലും കേള്ക്കുന്നവരുടെ മുഖത്ത് കാഞ്ഞൊരു ചിരിയുണ്ടാകും. സുഗന്ധം പുരണ്ട ചിത്രശലഭമാണത്രെ. നാണമില്ലെടാ നിനക്ക്? മരുഭൂമിയിലെവിടെയാ ചിത്രശലഭങ്ങള്.....?!

അതിന് നീ കരുതുന്ന പോലൊന്നും.... ഞാ൯...

നീ എന്താഗ്രഹിച്ചാലും. വിവാഹിത൯റെ പരപ്രണയം ജീവിതത്തക൪ച്ചയുടെ തുടക്കമാണ്. കാത്തിരിക്കുന്നവരുടെ സ്വപ്നങ്ങളില് വിഷം കല൪ത്തലാണ്'

അസഹ്യത പെരുപ്പിക്കുന്ന അന്നത്തെ സംസാരത്തിന് ശേഷം എനിക്കവനോടുള്ള സ്നേഹത്തില് വെറുപ്പ് കല൪ന്നു. മനസ്സിലത് കല്ലിച്ച് പിണക്കമായി.

അവന് എന്തറിയാം.? ആത്മാഹുതി ചെയ്തവ൯റെ ആത്മാവിനെപ്പോലെ സ്വയം ശപിച്ചു നടന്ന്, ശവംനാറിപ്പൂക്കളുടെ ലോകത്തിലെ ത്രിബിള് കട്ടിലിലെ സെ൯റ൪ ബെഡ്സ്പേസില് നീണ്ടുനിവ൪ന്ന്. ഓ൪മ്മകളിലെ ആവ൪ത്തനവിരസമായ ചിത്രങ്ങളെ ബലാല്ക്കാരം ചെയ്ത്.... എത്രദിവസങ്ങള്... വ്യതിയാനങ്ങളില്ലാത്ത എത്ര വ൪ഷങ്ങള്...

ഇപ്പോഴാണ് ഞാനെ൯റെ ഷൂ പോളിഷ് ചെയ്തുതുടങ്ങിയത്. നിറം മങ്ങിയ ഷ൪ട്ടുകള് മാറുന്നതിനെ കുറിച്ചാലോചിക്കുന്നത്. എല്ലാമറിഞ്ഞിട്ടും അവനെപ്പോലൊരാള്...

എല്ലാം തീ൪ന്നു കിട്ടിയല്ലോ. ഇന്നലെയായിരുന്ന ആ ദിനം.

രാവിലെ മുതല് രാത്രിവരെയുള്ള പതിവ് ചലനങ്ങള്ക്കും വിചാരങ്ങള്ക്കും ഒടുവില് റൂമിന് മുന്നിലെത്തിയപ്പോളഅ ക്ലോസ്ഡ് സ്റ്റിക്കറുമായി,ദുഃശ്ശകുനം പോലെ വാതില്. പെരുത്ത് കയറിയ താപകോപങ്ങളോടെ റഹീമിനെ വിളിച്ചു.

'അറീക്കാതിരുന്നത് മനഃപ്പൂ൪പ്പം തന്നെയാ. പിണക്കത്തിലല്ലേ, അനുഭവിക്ക്. മൂട്ടയ്ക്കുള്ള മരുന്നടിച്ചിട്ടുണ്ട് ബംഗാളി. ഒരു കാര്യം ചെയ്യ്, സൂപ്പ൪മാ൪ക്കറ്റില് പോയി ലുങ്കിയും ബെഡ്ഷീറ്റും കൂടുതല് ഷീറ്റുകളുള്ള പത്രവും വാങ്ങി മുകളിലേക്ക് കയറിക്കോ. നല്ല കാലാവസ്ഥയാണ്. പേനയും പേപ്പറും വാങ്ങാ൯ മറക്കരുത്.'
'അതെന്തിന്?'
'ഉഗ്രനൊരു കവിത പ്രതീക്ഷിക്കുന്നു'. ഫോണ് കട്ടായി പിന്നീടത് സ്വിച്ചോഫും.

നഗരത്തില് ഇത്രയും ദുഷ്കരമായൊരു ആവശ്യത്തിന് ഈ പാതിരാത്രിയില് ആരോടാണ് സഹായം തേടുക. പത്രമെങ്കില് പത്രം. സൂപ്പ൪മാ൪ക്കറ്റിലേക്ക് നടന്നു. ആവശ്യമുള്ളവ വാങ്ങി മുകളിലേക്ക് കയറി.

റബ്ബേ... മേല്ക്കൂരയും ചുറ്റുമതിലുകളും പറന്നുപോയ പ്രാചീനമായൊരു പണിശാല. തലങ്ങും വിലങ്ങും പൈപ്പുകള്. ഒരിഞ്ചിടം ബാക്കിയില്ലാതെ ഡിഷ് ആ൯റിനകള്. കേബിളുകള്. മതിലിനോട് ചേ൪ന്ന് നില്ക്കുന്ന അസംഖ്യം ഗ്യാസ്കുറ്റികള്. ശീതീകരണയന്ത്രത്തി൯റെ പിന്നാന്പുറങ്ങള്. മുരള്ച്ച....

തട്ടിവീഴാതെ, കരുതലോടെ ഏറെനേരം തെരഞ്ഞ് ഒരിടം കണ്ടെത്തി.നി൪മ്മാണം ഉപേക്ഷിച്ച അരമതിലില് പലകകള് ചാരിവെച്ച് കൂടാരം പണിത്, പൊടി തുടച്ചെന്ന് വരുത്തി പത്രവും ബെഡ്ഷീറ്റും നിലത്ത് വിരിച്ചുകിടന്നു.

കണ്ണില് നിലാവ് മാത്രം.. കാതില് ചെറുകാറ്റി൯റെ തണുപ്പും. ഇന്നെ൯റെ കാഴ്ചകളെ റഹീമി൯റെ കട്ടില് മറയ്ക്കുന്നില്ല. എങ്കിലും....

ടെറസ്സിലേക്കുള്ള വാതില് തുറക്കുന്ന ശബ്ദം കേട്ടുവോ...
നോക്കാനുള്ള ഉള്പ്രേരണ ഇളകിക്കിടന്ന് അവഗണിച്ചു.

അല്പ്പസമയം കഴിഞ്ഞു. കൂടാരം നിറയെ മദിപ്പിക്കുന്ന ആ സുഗന്ധം. യാഥാ൪ത്ഥ്യവും സ്വപ്നവും വേ൪തിരിച്ചറിയാനാകാത്ത വിഹ്വലത. കാഴ്ചകള് പരിമിതപ്പെടുത്തി പെയ്യുന്ന കട്ടിമഞ്ഞി൯റെ കുളിരിലും തീനാളം ഞരന്പുകളില് പടരുന്ന പോലെ. പിടഞ്ഞെഴുന്നേറ്റു. പാതിവഴിയില് വ൪ത്തമാനങ്ങള് കേട്ടു.

'എനിക്കാദ്യം പണം കിട്ടണം'.

'എത്ര?'

'ആയിരം ദ൪ഹം'

'നീ സ്വ൪ഗലോകത്ത് നിന്നും ഇറങ്ങിയവളാണോ..?' തുട൪ന്ന് പരിഹാസച്ചിരി.

'പുരുഷത്വമില്ലാത്തവനേ, പാ൪ക്കില് വന്നിരുന്ന് ബ്ലൂടൂത്തില് സെ൪ച്ച് ചെയ്യുന്പോള് സൌജന്യമാകുമെന്ന് കരുതിയോ?. പണത്തിനുള്ള തിടുക്കം കൊണ്ട് സ്ഥലകാലം നോക്കാതെ സമ്മതിച്ചത് ചൂഷണം ചെയ്യുന്നോ? തെരുവിലേക്ക് പോ... ഇത്കൊണ്ട് റഷ്യക്കാരികളെ കിട്ടും. ആണാണത്രെ....'

ഒരു ഭോഗ൯റെ പുരുഷത്വത്തില് ഹൈഹീലി൯റെ മുനയാല് തുളയിട്ട്, ശാപവാക്കുകളാല് കാ൪ക്കിച്ച്, ഗോവണിയിറങ്ങുന്ന ശബ്ദം.
ഒരു നിമിഷത്തെ നിശ്ശബ്ദത. ശേഷം അയാളുടെ വെറിപിടിച്ച മുക്രകള്. ഓടിയിറങ്ങുന്ന ശബ്ദം.
അല൪ച്ച.....
അയാളുടെ,
അവളുടെ.
നിശ്ശബ്ദത.

ഉലയുന്ന ഇരുന്പ് വാതില് പതുക്കെ തള്ളി. പച്ചച്ചോരയുടെ മണം മൂക്കിലേക്കടിച്ചു. ഒന്നേ നോക്കിയുള്ളു. പുറകില് നിന്ന് ചവിട്ടിയതാകണം. ചുമരില് തലയിടിച്ച്, ചോര ചീറ്റി....
വാ പിള൪ന്ന്....

അകംപൊള്ളിച്ച്, അടിവയറ്റില് നിന്ന് ഒരാന്തലോടെ വന്ന നിലവിളി തൊണ്ടയില് കുരുക്കി കൂടാരത്തിലേക്കോടി. ഒന്നു കരയാന് പോലുമാകാതെ എത്രനേരം...

'എന്തുപറ്റി....? എന്തേ വണ്ടി നിറുത്തിയത്?'
സെ൯റ൪ഗ്ലാസില് ഡ്രൈവറുടെ കണ്ണുകള് തുറിച്ചുനോക്കുന്നു. ബീച്ച് എത്തിയിരിക്കുന്നു. ഇത്ര വേഗം....!!!

പണം നല്കി, അതിവേഗം നടന്നു. ആളുകള് കുറവായിരുന്നു. അല്ലെങ്കില് തന്നെ അറിയാത്തവരുടെയും പറയാത്തവരുടെയും ലോകത്ത് ആളുകള് കൂടിയിട്ടെന്ത്

നീണ്ടുപരന്നു കിടക്കുന്ന കടല്. ഓരോ ചെറുതിരകളും ഞരന്പുകളില് പതയുന്നു. കുഴഞ്ഞ മണ്ണില് അതിദ്രുതം പാദങ്ങള് പറിച്ചെടുത്ത. വേഗം.. വേഗം... അശുഭകരമായ ഓ൪മ്മകള് വേരോടെ പിഴുതെടുത്ത്... അലറിക്കരഞ്ഞ്... കരകയറണം.

പുറകില് വിസിലടി ശബ്ദം. പലഭാഗങ്ങളില് നിന്ന് പിന്നെയും... അസഹ്യമായപ്പോള് തിരിഞ്ഞു നോക്കി. നില്ക്കാന് ആംഗ്യം കാണിച്ച് സെക്യൂരിറ്റിക്കാ൪ ഓടിവരുന്നു.

തിരക്കിട്ടു നടന്നു.

നനഞ്ഞതീരം എത്തും മു൯പെ, കടല്ക്കാഴ്ച മറച്ച് എനിക്ക് മു൯പില് ഒരേ കുപ്പായക്കാ൪.

'സാ൪ പ്ലീസ്... കടലില് ഇറങ്ങാനാവില്ല. കടല്ക്ഷോഭം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുട൪ന്ന് കുറച്ചുദിവസത്തേക്ക്.......'

ശ്മശാനവും നഷ്ടമാകുന്ന ദേഹത്തി൯റെ ജഡത്വം പേറി, ഇരുന്പുപട്ടകള് അതിരിട്ട, ശീതീകരിച്ച കള്ളറകളിലേക്ക് ഞാ൯ തിരിച്ചുനടന്നു.

---------------
അലിപുതുപൊന്നാനി.