Tuesday, January 7, 2014

 കൈരേഖയിലെ പ്രവാസം 

കാലങ്ങളുടെ മഹാപുസ്തകത്തില്‍ ഒരു പകല്‍കൂടി നനഞ്ഞവസാനിക്കുന്നു.

അനക്കങ്ങള്‍ പതുക്കെയായ നഗരത്തില്‍ മഴ ഇനിയും കനക്കുന്ന ലക്ഷണമാണ്. നൂല്‍മഴയുടെ വിധം മാറുന്നുണ്ട്.ബസ്സ്റ്റാന്‍ഡിലേക്ക് കുറച്ച് ദൂരമെ ഉള്ളുവെങ്കിലും, എവിടെയെങ്കിലും കയറിനിന്നില്ലെങ്കില്‍ വാങ്ങിയ പുസ്തകങ്ങള്‍ മുഴുവനും നനയും. പണി പുരോഗമിക്കുന്ന കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിന് പുറകില്‍ അടച്ചിട്ട ഷട്ടറുകള്‍ക്ക് മുന്‍പില്‍ കയറിനിന്നു. വടക്കുനിന്ന് വണ്ണിച്ച തുള്ളികളുമായി ഇരന്പലോടെ മഴ വന്നു.

പുസ്തകം നനവുതട്ടാത്ത ഒരിടത്ത് വെച്ച്, ടവ്വലെടുത്ത് തലയും മുഖവും തുടച്ച് മഴയൊതുങ്ങുന്നതിന് കാത്തു. മനസ്സില്‍, മഴയോട് തോന്നിയ ഈര്‍ഷ്യതയില്‍ പ്രണയം നിറഞ്ഞു. ഓരോ തുള്ളികളുടെയും നൃത്തച്ചുവടില്‍ കണ്ണുപായിച്ച് വെറുതെ നിന്നു.

നിങ്ങളൊരു പ്രവാസിയാണ് അല്ലേ...?’, ആരോ വിളിച്ച് ചോദിക്കുന്നത് പോലെ.

മൂന്നുഷട്ടര്‍ മാറി ചെറുതല്ലാത്തൊരു ബാനറിനരികില്‍, നിറംമങ്ങിയ പുതപ്പിനുള്ളില്‍ കൂനിക്കൂടി എന്നെ നോക്കി ചിരിച്ച് ഒരാളിരിക്കുന്നുണ്ട്. ചോദ്യം അയാളില്‍ നിന്നുതന്നെയാണ്. തീര്‍ച്ചപ്പെടുത്തി, ബാനര്‍ വായിച്ച് അരികിലേക്കുചെന്നു.

വലിയ അക്ഷരങ്ങളില്‍ ഭാവി ഭൂതം വര്‍ത്തമാനം എന്നെഴുതിയതിന് താഴെ കറുത്ത നിറത്തില്‍ പേര്. പ്രൊഫ. വേതാളം വാസു’. ഞാന്‍ ഉള്ളില്‍ ചിരിച്ചു.

ഇരിക്കണം സാര്‍, മുഖലക്ഷണം പറയാം. ശരിയാണെങ്കില്‍ മാത്രം ദക്ഷിണവെച്ച് കൈനീട്ടിയാല്‍ മതി

വേതാളത്തിന്‍റെ സ്ഥലമെവിടാ...?’ 
ഞാന്‍ ലോഗ്യം കൂടാന്‍ ഭാവിച്ചു. ആള്‍ ഗൗരവ്വത്തിലാണ്. മിണ്ടുന്നില്ല. 

മലബാറില്‍ വന്ന് ഇത്തരമൊരു ചോദ്യമെറിഞ്ഞാല്‍ ആളുകള് എളുപ്പം കൊത്തുമെന്ന് ആരാ പറഞ്ഞുതന്നത്...?’

ഗൗരവ്വം ഉരുകി. വേതാളം പല്ലുമുഴുക്കെ കാട്ടി ചിരിച്ചു. 
ഇരിക്കണം സാര്‍. മഴതീരുംവരെ നമുക്കെന്തെങ്കിലും പറഞ്ഞിരിക്കാം

അതുവേണ്ട. മഴതീരുംവരെ ഞാന്‍ ഇരയാകാം. എത്രയാ ദക്ഷിണ?

അന്പത്അയാള്‍ ഉടനെ തിരുത്തി. അയ്യോ, അല്ല സാര്‍. താങ്കള്‍ക്ക് അഞ്ചുരൂപാ മാത്രം 


നല്‍കിയ അഞ്ചുരൂപ കൈവെള്ളയില്‍ ചുരുട്ടിപ്പിടിച്ച് അയാള്‍ ചിന്താനിമഗ്നനായി. പറ്റിക്കാനുള്ള പുതിയ അടവ് തിരയുകയാണോ. കരുതിയിരുന്നു.

അല്ലെങ്കില്‍ വേണ്ട സാര്‍. കരുതല്‍ പിടികിട്ടിയത് പോലെ അഞ്ചുരൂപ അയാളെനിക്ക് നേരെ നീട്ടി. നമുക്ക് വേറൊന്ന് ചെയ്യാം. പകര്‍ന്ന് കിട്ടയ അപൂര്‍വ്വമായൊരു അറിവുണ്ടെനിക്ക്. അതൊരു കൈ പരീക്ഷിക്കാം

ഗുലുമാലാകരുത്. അടുത്താഴ്ച പോകാനുള്ളതാണ്ചെറിയൊരു ഭയം തോന്നാതിരുന്നില്ല

ഭയപ്പെടേണ്ട സാര്‍, കൈനീട്ട്...

നീട്ടിയ കൈത്തലത്തില്‍ നല്ലൊരിളം വെറ്റില വെച്ചയാള്‍ കണ്ണടച്ച് പിറുപിറുത്തു. മന്ത്രങ്ങളാകണം. പിന്നീടയാള്‍ കണ്ണുതുറന്ന്, ഭാണ്ഡത്തിനുള്ളില്‍ നിന്നൊരു ചെറുകുപ്പി വലിച്ചെടുത്ത് മൂടിതുറന്ന് ഏതാനും തുള്ളി കറുത്തദ്രാവകം വെറ്റിലയിലേക്ക് ഉറ്റിച്ചു. ചെറുവിരല്‍ കൊണ്ടവ പരത്തി.

ഓ... മനസ്സിലായി വേതാളം, ഇത് മഷിനോട്ടമല്ലേ...?’

അയാള്‍ വര്‍ത്തമാനം തുടര്‍ന്നു: 

സാര്‍... ഇനി മനസ്സിലെ മുഴുവന്‍ കപടതയ്ക്കും പകരമായി ഒരു കുഞ്ഞിന്‍റെ നിഷ്കളങ്കത നിറക്കുക. കണ്ണുകളടച്ച് കാതുകള്‍ മഴയൊച്ചയില്‍ ലയിപ്പിക്കുക. പറയുന്പോള്‍ മാത്രം പതിയെ കൈതലത്തിലെ വെറ്റിലയിലേക്ക് നോക്കുക....ഒരു മനഃശ്ശാസ്തവിദഗ്ദനെ പോലെ വേതാളം പറഞ്ഞുകൊണ്ടേയിരുന്നു. 

ഞാന്‍ കണ്ണടച്ച് കാത്തിരുന്നു. മഴയുടെ കുളിരും, ഇരന്പവും, വേതാളത്തിന്‍റെ അവ്യക്തമായ മന്ത്രണവും സമം ചേര്‍ന്ന് നെഞ്ചിനുള്ളില്‍ അലിഞ്ഞിറങ്ങി.

എപ്പോഴോ, മയക്കത്തിനിടയിലെന്ന പോലെ കണ്ണുതുറക്കുവാന്‍ സൗമ്യമായ നിര്‍ദേശം. തുറന്നു. വെറ്റിലയിലെ മഷിപ്പാടില്‍ മുഖമറിയാത്തൊരു രൂപം പ്രവാസിയുടെ കാലങ്ങളെ കുറിച്ച് കഥ പറയുന്നു.


-1-
ഒന്പതാളുകള്‍ രാപ്പാര്‍ക്കുന്ന ദുബൈയിലെ 'ഗ്വാണ്ടനാമോ' മുറിയില്‍ നിന്ന് പെരുന്നാള്‍ ദിവസമെങ്കിലും രക്ഷപ്പെടണമെന്ന് കരുതിയിരിക്കുന്പോഴാണ് റാസല്‍ഖൈമയില്‍ നിന്ന് സുഹൃത്തിന്‍റെ വിളി വന്നത്. 

വിശാലമായ വില്ലയില്‍ അവനും നാല് സഹോദരങ്ങളും ഒരുമിച്ചാണ് താമസം. ആസ്വാദ്യകരമായ മൂന്ന് ദിവസങ്ങള്‍. എല്ലാവരും മനസ്സ് തുറന്ന് സംസാരിച്ചു. ചെറുപ്പം മുതലുള്ള മുഴുവന്‍ വികൃതികളുടെയും രസമുള്ള ഏറ്റുപറച്ചിലുകള്‍. പ്രവാസത്തിനിടയില്‍ ഇത്രയും ആഹ്ലാദകരമായ ദിവസങ്ങളുണ്ടായിട്ടില്ല. നാട്ടിലേതുപോലെ മുറ്റവും, പൂന്തോട്ടവും, കളിതമാശകളുമായി ഭംഗിയാര്‍ന്നതായിരുന്നു അവരുടെ പ്രവാസം.

എല്ലാം പെടുന്നനെയാണ് അവസാനിച്ചത്. 
ദുബൈയിലെ കുടുസ്സുമുറിയില്‍ തന്നെ കൂടിയാല്‍ മതിയായിരുന്നുവെന്ന് തോന്നിയ നിമിഷങ്ങള്‍. 

മൂന്നാം ദിവസം രാത്രി. ഫൈസലിന്‍റെ സ്പ്യെല്‍ ബിരിയാണിയായിരുന്നു ഐറ്റം. കഴിക്കുന്നതിനിടയില്‍, പ്രവാസം മതിയാക്കി നാട്ടില്‍ കൂടുന്നതിനെ കുറിച്ച് ഫൈസല്‍ പറഞ്ഞു.

'എന്താണിപ്പോ ഇക്കാക്ക ഉദ്ധേശിക്ക്ണത്...?' മിനിസ്ട്രിയില്‍ ജോലിയുള്ള അനിയന്‍ ചോദിച്ചു.


'പോയിട്ട് കുട്ട്യോള്‍ടെ കൂടെ ജീവിക്കണം. എന്തെങ്കിലും കച്ചോടം തുടങ്ങണം. ഒന്നൂല്ല.... ന്‍റെ കയ്യില്..' അവന്‍റെ ശബ്ദം വിറച്ചു.

'പതിനെട്ട് വര്‍ഷമായിട്ടും....!' ഞാനറിയാതെ ചോദിച്ചു. 

ഡ്രൈവറായ എനിക്കെന്താ ബാക്കിണ്ടാവാ..?'

'ബാങ്കില്‍ ഒന്നൂല്ലേ...?' ഇളയോന്‍റെ ചോദ്യം ഫൈസലിനെ തെല്ല് പ്രകോപിപ്പിച്ചത് പോലെ.

'നിന്നെപ്പോലെ വന്നയുടന്‍ തന്നെ അക്കൗണ്ട് തുടങ്ങാന്‍ ഇക്കാക്ക മറന്നു. ഇതുവരെ അതോര്‍മ്മ വന്നില്ല. എന്നിട്ടല്ലേ... ബാങ്കിലുണ്ടാവല്'

'ഞങ്ങളുടേതാണോ കുറ്റം. കഷ്ടപ്പെട്ടതില്‍ നിന്ന് അല്‍പ്പം മാറ്റിവെക്കായിരുന്നില്ലേ.... എന്നിട്ട് ഇപ്പോ മൂപ്പര് ചൂടാവാന്‍ വന്നിര്ക്ക്ണ്.... എന്‍റേല് ഒന്നൂല്ല. പോവ്വേ വര്വേ എന്താന്ന്ച്ചാ ആയിക്കോ....' ഇളയോന്‍ പാത്രമെടുത്ത് പുറത്തേക്കിറങ്ങി. 


മുറിയില്‍ മൗനം പടര്‍ന്നു.

ഞാന്‍ ഫൈസലിനെ നോക്കി. ഒരുപാട് വാദിക്കാമായിരുന്നിട്ടും, ഒരു കുറ്റവാളിയെപ്പോലെ തലതാഴ്ത്തിയിരിക്കുന്നു. സങ്കടം മുറ്റിയ മുഖത്ത് നിന്നും കണ്ണുനീരുകള്‍ ഭക്ഷണത്തിലേക്കടര്‍ന്നു. ഞാനവന്‍റെ ചുമലില്‍ തട്ടി ആശ്വസിപ്പിച്ചു. കണ്ണുനീര്‍ പുരണ്ട ഭക്ഷണത്തില്‍ നിന്ന് അല്‍പ്പം വാരിത്തിന്ന് എന്നോട് ചിരിക്കാന്‍ ശ്രമിച്ച് അവനും റൂമില്‍ നിന്നിറങ്ങി.

വൈകിയാണറിഞ്ഞത്; കടമകളുടെ പ്രതിപ്രവര്‍ത്തനങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ ഫൈസല്‍ യാത്രയായിരിക്കുന്നു.



-2-

'മീന്‍കാരന്‍ സെയ്തു കുറച്ച് കാലായിട്ട് എളിയിലെന്തോ തിരുകിവെക്ക്ണണ്ടല്ലോ... കള്ളുംകുപ്പ്യാണോ.?'

'ഹല്ലാണ്ട്.... പിന്നെ' 



'ഏയ്, അതാവൂല്ലാന്ന്...' 


പള്ളിക്കോലായിലും അമ്മദ്ക്കാടെ ചായക്കടയിലും കുറച്ച് നാളുകളായി അതായിരുന്നു പ്രധാനചര്‍ച്ചാവിഷയം. ഒരു തീരുമാനമെടുക്കാനാകാതെ ആളുകള്‍ കുഴഞ്ഞു. 

മീന്‍വില്പന തുടങ്ങുന്നതിന് മുന്‍പ് സെയ്തു ഗള്‍ഫേരന്‍സെയ്തുക്കയായിരുന്നു. 

പുതുനാക്കല്‍ ഗ്രാമത്തില്‍ ആദ്യമായി കോണ്‍ക്രീറ്റ് വീട് പണിതതും അതിനുമുകളില്‍ ഓടുമേഞ്ഞ് പെയിന്‍റടിച്ചതും മൂപ്പരാണ്. വീടിന് ചുറ്റും അലങ്കാരപ്പണികളുള്ള ചുറ്റുമതിലിന്‍റെ ഓരോ ബീമിനും ഓരോലൈറ്റുകള്‍. സെയ്തു വലുതായി.! ആജ്യാരുടെ ഗേറ്റില്‍ ആകെ ഒരു റ്റ്യൂബ് ലൈറ്റേ ഉള്ളു. ആജ്യാര് ചെറുതായി.! നാട്ടുകാര്‍ ആദ്യം കണ്ട ടി.വിയും, ഫ്രിഡ്ജും, വാഷിംഗ്മെഷീനും, ഇലക്ട്രിക് ഇസ്തിരിപ്പെട്ടിയും, ഏസിയും, മിക്സിയും, പാല്‍ബള്‍ബുകളും, ഫൈബര്‍കസേരയും സെയ്തുവിന്‍റേതാണ്. 

ഒരുനാള്‍, സെയ്തു നാട്ടിലെത്തി. 

കാര്യമറിയാത്തതാകാം തുടക്കം പതിവ് പോലെ. നാട്ടുകാരുടെ കുശലാന്വേഷണം... പിരിവിന്‍റെ വെളുത്ത ചിരി.... സ്വാര്‍ത്ഥതകളുടെ സ്നേഹവായ്പ്പുകള്‍... ഖജനാവ് കാലിയാണെന്നറിഞ്ഞപ്പോള്‍ അകല്‍ച്ച. കുറ്റപ്പെടുത്തല്‍. ഒറ്റപ്പെടല്‍. ആശ്രിതരുടെയും സ്വജീവിതത്തിന്‍റെയും മുന്നോട്ടുള്ള ഗമനം ചോദ്യം. ഉണ്ടായിരുന്ന ഭൂമിയില്‍ നിന്നല്‍പ്പം വിറ്റ് കുറച്ചുനാള്‍ പിടിച്ചു നിന്നു. പിന്നെയും ജീവിതം ബാക്കി. ചിന്തകള്‍ക്ക് മീതെ ചിന്തകള്‍. മീന്‍കാരനിലേക്കുള്ള കൂടുമാറ്റം അങ്ങിനെയായിരുന്നു.

'പള്ളീലെ ഉസ്താദിനോട് ഓന്‍റെ അരക്കുത്തിന് പിടിച്ചുനോക്കാന്‍ പറയണം. കിട്ട്ണത് മുഴ്വോന്‍ കുടിച്ച് തീര്‍ത്താലെന്താ ചെയ്യാ... വലിയൊരു കുടുംബമില്ലേ ഓന്...'


'ഇതങ്ങിനെ വിടാന്‍ പറ്റൂല്ല. ദിവസോം കള്ള് കുടിക്ക്ണോര് ഈ മഹല്ലിലില്ല'


ചര്‍ച്ച ദൈനംദിനം. ഒടുവിലത് ഉസ്താദിന്‍റെ ചെവിയിലുമെത്തി. ആളെ പറഞ്ഞയിച്ചിട്ടും, പലതവണ വീട്ടില്‍ പോയിട്ടും ഉസ്താദിന്‍റെ കണ്‍വെട്ടത് പ്രത്യക്ഷപ്പെടാതെ സെയ്തു വഴിമാറി. സംശയം ബലപ്പെട്ടു.

ഒരിക്കലെങ്ങിനെയോ ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് പിടിക്കപ്പെട്ടു. വട്ടം കയറിപ്പിടിച്ച പ്രായമുള്ള ഉസ്താദിനോട് സെയ്തു കീഴടങ്ങി. ബലമായി മടിക്കുത്തഴിപ്പിച്ച് ഷര്‍ട്ട് പൊക്കി നോക്കി. അവിടെയിരിക്കുന്നു സാധനം........... ന്യൂസ് പേപ്പറില്‍ പൊതിഞ്ഞ്... പിന്നെ പ്ലാസ്റ്റിക് കവറില്‍ ചുരുട്ടി ഉഗ്രനാക്കി ബെല്‍ട്ടിന് കീഴെ തിരുകിവെച്ചത് വലിച്ചെടുത്തു. പൊതിയഴിച്ചു. സെയ്തുവൊഴികെ എല്ലാവരും ഞെട്ടി.

'സെയ്തോ എന്താണിത്...?!'


'കണ്ടാലറിഞ്ഞൂടേ...
?'

'അതറിയാം. നീ എന്തിനാണിത് അരേല് വെച്ച് നടക്ക്ണത്....?'

'ന്‍റെ ഉസ്താദേ... പറയുന്നതില് വെഷമം ഉണ്ട്. എന്നാലും വേണ്ടീല്ല. പറ്റ്ണോര് മനസ്സിലാക്കട്ടെ. 

വീട്ടുകാരുടെ വിചാരം ഞാനിപ്പോഴും എണ്ണപ്പണത്തിന്‍റെ മുകളിലാന്നാ. അന്നയച്ച എല്ലാ ഇലക്ട്രിക്കല്‍ സാധനങ്ങളും ഇപ്പോഴും നന്നായി നടക്ക്ണ്ണ്ട്. സന്തോഷം തന്നെ. പക്ഷെ, കറന്‍റിന്‍റെ മീറ്റര്‍ മാത്രം എന്നെ തോല്‍പ്പിച്ചോടുകയാണ്. ആ ദുരഭിമാനത്തിന്‍റെ ഫ്യൂസാണിത്. അദ്ധ്വാനിക്കുന്നതില്‍ പകുതി ബില്ലടക്കാന്‍ വേണം. അതോണ്ട് രാവിലെ ഇറങ്ങുന്പോ ഇതൂരും. വൈകുന്നേരം ഫിറ്റ് ചെയ്യും. ഇപ്പോ കുഴപ്പമില്ല, ചാനലുകളുടെ പേര് പറഞ്ഞ് തല്ലില്ല. എല്ലാരും മെയ്യനങ്ങി പണിയെടുക്ക്ണ്ണ്ട്. കുട്ട്യോളെ നോക്കുന്നുണ്ട്. മഗ്രിബ് കഴിഞ്ഞാല്‍ ഓത്തുണ്ട്. വീട്ടില്‍ നിന്നിറങ്ങുന്പോഴും എത്തുന്പോഴും മുറ്റത്ത് കളിക്കാന്‍ കുട്ട്യോളുണ്ടാവും. അകത്ത് കാത്തിരിക്കാന്‍ ആളുണ്ടാവും. ഇപ്പോ ഒരു തൃപ്തിയുണ്ട് മനസ്സിന്'

സെയ്തു പറഞ്ഞു നിറുത്തി. ഉസ്താദിന്‍റെ കണ്ണ് നിറഞ്ഞു. മീന്‍മണത്തില്‍ പുതഞ്ഞ സെയ്തുവിനെ ശരീരത്തോട് ചേര്‍ത്ത് പിടിച്ചു പറഞ്ഞു: 

"ന്‍റെ സെയ്തോ... ഇതിന്‍റെ പാതി കരുതലെങ്കിലും കഴിഞ്ഞകാലങ്ങളില്‍ നിനക്കുണ്ടായിരുന്നെങ്കില്‍....."


-3-

റോളയിലെ അപാരമായ തിരക്കിനിടയില്‍ അവിചാരിതമായി അത് സംഭവിക്കുകയായിരുന്നു. 

കാത്തു നില്‍ക്കാമെന്നേറ്റ സുഹൃത്തിനടുത്തേക്ക് ആള്‍ക്കൂട്ടത്തിനിടയിലൂടെ നുഴഞ്ഞുപോകുന്പോള്‍ പെടുന്നനെ കേട്ട പൊട്ടിച്ചിരി. ചിരപരിചിതമായ ശബ്ദം. ആകാംക്ഷയോടെ ആളെ തിരഞ്ഞപ്പോഴാണ് നടുങ്ങിയത്.

മാസങ്ങള്‍ക്ക് മുന്‍പ് വിപുലമായ യാത്രയയപ്പോടെ, കാലങ്ങളായി കനവുകണ്ട് കാത്തിരുന്ന ഗൃഹാതുരത്വത്തിന്‍റെ സുഷുപ്തിയിലേക്ക് വില്ലയുടെ പടിയിറങ്ങിയ അസീസ്ക്ക. മൈതാനത്തിലെ മരനിഴലില്‍ വിരിച്ച വലിയ പ്ലാസ്റ്റിക് പായയിലിരിക്കുന്ന പാകിസ്ഥാനികളുടെ കൂട്ടത്തില്‍ മധുരം കഴിക്കുന്നു. തമാശകളില്‍ പൊട്ടിച്ചിരിക്കുന്നു. 

തിരിച്ചറിഞ്ഞപ്പോള്‍ കരുവാളിച്ച കണ്‍തടങ്ങളുള്ള കണ്ണില്‍ നിസ്സംഗത. പ്രൗഡിയും ഗാംഭീര്യവും നിറഞ്ഞ ആ മുഖവും ചലനങ്ങളും എവിടെ? റോളയില്‍ ജോലിദാതാവിനെ കാത്ത്നില്‍ക്കുന്നവരുടെ കൂട്ടത്തിലെങ്ങിനെ.....? എന്തിന്.....?

വല്ലാത്തൊരു ഷോക്കിലായിരുന്നു ഞാന്‍. ദുബൈയിലെ വില്ലയില്‍ ശാസിച്ചും സ്നേഹിച്ചും ഉപദേശിച്ചും പ്രവാസത്തിന്‍റെ പൊരുത്തപ്പെടലുകള്‍ പകര്‍ന്ന് ജീവിക്കാന്‍ പഠിപ്പിച്ച അസീസ്ക്കയെ കണ്ടുമുട്ടിയ ദിവസം ജീവിതത്തിലൊരിക്കലും മറക്കാനാകില്ല. 

ദാരിദ്ര്യത്തില്‍ മനസ്സലിഞ്ഞ് സുഹൃത്ത് നല്‍കിയ വിസിറ്റ് വിസയില്‍, ഒരു ചൂട്കാലത്തായിരുന്നു പ്രവാസത്തിന്‍റെ തുടക്കം. ഖിസൈസ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലായിരുന്നു അന്ന് ഇന്‍റര്‍വ്യൂ. 

ചോദിച്ചവര്‍ ചൂണ്ടിക്കാണിച്ച വഴികളിലൂടെ കടുത്ത വെയില്‍ വകവെയക്കാതെ നടന്നു. ലക്ഷ്യം അരികിലാണെന്ന് മനസ്സും പറഞ്ഞു. പെടുന്നനെയാണ് മണല്‍ക്കാറ്റ് തുടങ്ങിയത്. ചുട്ടുപഴുത്ത മണല്‍ പുതഞ്ഞ കാറ്റില്‍ സര്‍ട്ടിഫിക്കറ്റുകള്‍ തിരുകിയ ഫയല്‍കൊണ്ട് മുഖം മറച്ച് ഓടി. ദേഹം തളര്‍ന്നപ്പോള്‍ ഇലക്ട്രിക്പോസ്റ്റിന്‍റെ നേര്‍ത്ത നിഴലിലും മറയിലും ഇരുന്നു. കാറ്റിന് വല്ലാത്ത വാശിപോലെ. മണല്‍പാറിച്ച് അതെന്നെ ചുറ്റിക്കൊണ്ടിരുന്നു. നനവിന് വേണ്ടി വരണ്ട തൊണ്ട ചിനക്കി. കണ്ണും മൂക്കുമടഞ്ഞു. ലോകം മുഴുവന്‍ ഇരുട്ട്. 

കണ്ണ്തുറക്കുന്പോള്‍ പ്ലൈവുഡ്കൊണ്ട് മറച്ചുണ്ടാക്കിയൊരു മുറിയിലെ കട്ടിലിലായിരുന്നു. അരികില്‍, വിസക്കച്ചവടത്തിന്‍റെ ചതിയില്‍ ഹൃദയംപൊട്ടി മരിച്ച ഉപ്പയുടെ കാരുണ്യമൂറുന്ന മുഖത്തിന്‍റെ തനി സ്വരൂപം. 

'മോന്‍ അപ്രത്ത്ന്ന് വര്ണത് കാണുന്നുണ്ടായിരുന്നു. കുറേ വിളിച്ചു. ഈ കാറ്റും ദൂരവും.... അല്ലെങ്കിലും ഈ സമയത്താരെങ്കിലും പുറത്തിറങ്ങോ....?' 

'ഒരു ഇന്‍റര്‍വ്യൂ ഉണ്ടായിരുന്നു. രാവിലെ വന്നതാണ്. വഴിതെറ്റി'

'മൊബൈലില്ലേ?' 

'ഇല്ല.' 


'സാരമില്ല. എല്ലാം ശരിയാകും. മോന്‍ ജ്യൂസ് കുടിക്ക്'


അസീസ്ക്കയുടെ ശുപാര്‍ശയില്‍ ജോലി ശരിയായപ്പോള്‍, ദുബൈയില്‍ അസീസ്ക്കയുടെ വില്ലയില്‍ തന്നെയായിരുന്നു താമസം.

ഓര്‍മ്മകള്‍ ചുരത്തിയ അവകാശത്തിന്‍റെ മൂര്‍ത്തമായ ഉന്മാദത്തില്‍, മനസ്സില്‍ ഫണമുയര്‍ത്തിയ സംഘര്‍ഷങ്ങളുടെ ഉത്തരങ്ങള്‍ക്ക് പാകിസ്ഥാനികളുടെ കൂട്ടത്തില്‍ നിന്ന് അസീസ്ക്കയെ ബലമായി പിടിച്ചുവലിച്ച് തിരക്കൊഴിഞ്ഞൊരിടത്തേക്ക് നടന്നു. ഏറെ നേരം സംസാരിച്ചു. നെഞ്ച് പൊള്ളുന്ന വര്‍ത്തമാനങ്ങള്‍....

അവരൊക്കെ വല്യ നിലയിലാ... അവരുടെ തരക്കാരും അത്തരക്കാരെന്നെ. ആചാരങ്ങള്‍ക്കും മാമൂലുകള്‍ക്കും കൈയ്യും കണക്കുമില്ല. കാര്യം ചോദിക്കുന്പോള്‍ ഞാന്‍ പിശുക്കന്‍. മര്യാദകളറിയാത്തവന്‍. സദസ്സില്‍, വര്‍ത്തമാനങ്ങളുടെ മുഖവുര കഴിഞ്ഞാല്‍ ഒരു നാട്ടുവിശേഷവും എനിക്കറിയില്ല. പുതിയ തലമുറയുടെ മുഖം മനസ്സിലാകാതെ കടന്നുപോയാല്‍ പരാതി. കണ്ടിട്ട് മിണ്ടിയില്ലെന്ന്. കാല്‍മുട്ടിന് കീഴെ വര്‍ഷങ്ങളായി കഠിനമായ വേദന. കഫ്ത്തീരിയയിലെ നിന്നുള്ള ജോലി കാരണമാകാം. ഇത്തിരി കുഴന്പിട്ട് തിരുമ്മാന്‍ പറഞ്ഞപ്പോള്‍ കേട്ട വാക്കുകള്‍.....




എന്‍റെ യൗവ്വനവും സ്വപ്നങ്ങളുമായിരുന്നു അവരുടെ ആഘോഷങ്ങളുടെ ഊര്‍ജ്ജം. എന്‍റെ കണ്ണുനീരായിരുന്നു അവരുടെ തൊണ്ടകളെ നനച്ചത്. എന്നിട്ടും...., 

ഇപ്പോ ഞാനറിയുന്നു. ഓരോ പ്രവാസിക്കും സമൂഹവും കടുംബവും കല്‍പ്പിച്ചരുളുന്ന ചില സന്പ്രദായങ്ങളുണ്ട്. അതറിയാതെ, ദേഹങ്ങളിലേക്ക് തുന്നിപ്പിടിപ്പിക്കുന്നത് കരള്‍കഷ്ണമായാലും നിരസിക്കും. എനിക്ക് നിരാശയില്ല. ഓരോ ജന്മങ്ങള്‍ക്കും പടച്ചോന്‍ നിശ്ചയിക്കുന്നത് ചെയ്തു തീര്‍ക്കേണ്ടതുണ്ട്. ചിലര്‍ക്കത് ഇവിടെ കിട്ടും. ചിലര്‍ക്ക് അവിടെയും’.

അസീസ്ക്ക വല്ലാതെ കിതച്ചു. പൊള്ളുന്ന അനുഭവങ്ങളുടെ ഓര്‍മ്മകളില്‍ പരവശനായത് പോലെ.... പുറകിലേക്ക് ഇരുകൈകളും കുത്തിയുള്ള ആ ഇരുത്തം. ഹൃദയത്തിലെ നീറ്റലില്‍ ചോര പൊടിഞ്ഞു. 

അസീസ്ക്കാക്ക് പറ്റിയൊരു ജോലിയുണ്ട്. ഏറ്റെടുക്കുന്നോ…? ദിര്‍ഹംസൊന്നും കിട്ടില്ല. അജ്മാനിലാണ്. കുട്ടികളും ഞാനും ഭാര്യയുമടങ്ങുന്ന കുടുംബത്തിലേക്ക്. ആവശ്യത്തിനുള്ള സ്ഥലം വില്ലയിലുണ്ട്. ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് നമുക്കവിടെ കഴിയാം


വിസമ്മതം കടുംപിടുത്തത്തില്‍ അയഞ്ഞു. പകുതി ദൂരം പിന്നിട്ടപ്പോള്‍ ആള്‍ പതിയെ ഉന്മേഷവാനായി. സ്നേഹത്തിന്‍റെ സുരക്ഷിതബോധത്തില്‍ പഴയ അസീസ്ക്കയിലേക്കുള്ള മടക്കം. ഫോണിലൂടെ വിവരം അറിഞ്ഞതുമുതല്‍ കാത്തിരിക്കുന്ന വീട്ടുകാരുടെ വിശേഷങ്ങള്‍ ചോദിച്ചറിയല്‍....  പിന്നെ, ആഹ്ലാദം നുരയിടുന്ന ചെറുസ്വപ്നങ്ങളുടെ നിലയ്ക്കാത്ത വര്‍ത്തമാനങ്ങള്‍.....

പ്രവാസത്തിന്‍റെ ചൂടും വേവും ഇഴനെയ്ത മുന്ന് ജന്മങ്ങളുടെ സൂചനകളാണിവ.
സൂക്ഷിക്കണം. ഒന്നും ആര്‍ക്കും അന്യമല്ല. പരിഹാരകര്‍മ്മങ്ങള്‍ക്ക് ഇവിടെ ഇനിയൊരു ജന്മവുമില്ല. പതിയെ കണ്ണടച്ചു തുറന്നോളു

രൂപത്തിന്‍റെ ഉപസംഹാരത്തിനൊടുവിലെ നിര്‍ദേശം അനുസരിച്ച് കണ്ണ് തുറന്നു.

നേര്‍ത്തൊരു വിറയല്‍ നട്ടെല്ലിലൂടെ പാഞ്ഞു. 

പരിസരം മുഴുവന്‍ അയാളെ തിരഞ്ഞു. ഇല്ല, കാണാനില്ല. പാതിമുറിഞ്ഞൊരു സ്വപ്നം പോലെ ഒരിക്കല്‍ കൂടി കാണാനാകാത്ത വിധം അയാളും, പേരെഴുതിയ ബാനറും ഭാണ്ഢവും അപ്രത്യക്ഷമായിരിക്കുന്നു. നിരയായി അടഞ്ഞുകിടക്കുന്ന ഷട്ടറുകള്‍ക്ക് മുന്‍പില്‍ ഞാന്‍ മാത്രം.

പുസ്തകങ്ങളെടുത്ത് വേഗം ഇറങ്ങിനടന്നു. 

............................................
2008 ല് ഗള്ഫ് മാധ്യമത്തിലെഴുതിയത്
-----------------------------
അലി പുതുപൊന്നാനി