തീ വിഴുങ്ങിപ്പക്ഷികള്‍
ഫ്ളാറ്റിന്‍റെ വാര്‍ഷികക്കരാര്‍ പുതുക്കുന്നതിനനുസൃതമായി ഇരട്ടക്കട്ടിലുകള്‍ അധികരിക്കുന്ന ഞങ്ങളുടെ മുറിയില്‍ ഒരാള്‍ മൗനിയാകുന്നത് ഇതാദ്യമല്ല.
സമയം തെറ്റി വരുന്നൊരു ഫോണ്‍കോള്‍, ഒരു ഇ-എഴുത്ത്, ലീവ് കഴിഞ്ഞെത്തുന്ന നാട്ടുകാരന്‍റെ അല്‍പനേരത്തെ കശാപ്പ്, പ്രവാസിയുടെ വര്‍ത്തമാനങ്ങളില്‍ മൗനങ്ങളുടെ കുരുക്ക് വീഴാന്‍ ഇത്രയും ധാരാളം.
സാധാരണഗതിയില്‍ കൂട്ടത്തിലൊരാള്‍ മൗനിയായാല്‍ സമയം നല്‍കും. പരിധി കഴിഞ്ഞാല്‍ കൂട്ടംകൂടി ഉള്ളിലെ നോവുകള്‍ ചെറുനര്‍മ്മങ്ങളില്‍ അലിയിക്കുന്നതിന് ശ്രമിക്കും. മനസ്സുകള്‍ സമതുലിതങ്ങളാകുന്ന നേരങ്ങളില്‍ അയാള്‍ ഖജനാവ് തുറക്കും. ആന്പിയര്‍ കുറഞ്ഞൊരു കറന്‍റ് പോലെ അത് ഞങ്ങളുടെ ഞരന്പുകളെ ചെറുതല്ലാതെ മരവിപ്പിക്കും.
പറഞ്ഞുവരുന്നത് കട്ടിലിന്‍റെ മുകള്‍തട്ട് വശപ്പെടുത്തിയ സുഹൃത്ത് ബാബുവിന്‍റെ മൗനത്തെ കുറിച്ചാണ്.
വെറുമൊരു സഹമുറിയന്‍ എന്നതിലുപരി, ഇരട്ടക്കട്ടിലുകളില്‍ രാപ്പാര്‍ക്കുന്നവര്‍ക്കിടയിലുള്ള ഇഴയടുപ്പം എനിക്കും അവനുമിടയിലുണ്ട്. ഒന്നനങ്ങിയാല്‍ കാതുതുളച്ച് ഞെരുങ്ങുന്ന ഇരുന്പ് കട്ടിലുകളില്‍ കിടക്കുന്നവരുടെ ചലനങ്ങള്‍ അതിസൂക്ഷ്മമാണ്. ഒരുവന്‍റെ അനക്കങ്ങള്‍ മറ്റൊരുവന്‍റെ സ്വപ്നങ്ങള്‍ക്ക് വിഘാതമാകും. അതവന്‍റെ ഒരു രാത്രി തന്നെ നഷ്ടപ്പെടുത്തും. ഇപ്പോള്‍ ഗാഢമായ ഏത് ഉറക്കത്തിലും ശരീരങ്ങള്‍ സമരസപ്പെട്ടു തുടങ്ങിയിരിക്കുന്നു.
നനുത്ത സമ്മര്‍ദ്ദങ്ങള്‍ക്കും തരളിത സാഹചര്യങ്ങള്‍ക്കും ഭേദിക്കാനാകാതെ അവന്‍റെ മൗനം..... പരിഭവവും പ്രകോപനവും വെറുതെയാകുന്നു. വര്‍ഷങ്ങളിലെ സൗഹൃദം ചിരപരിചിതമാക്കിയ മുഖഭാവങ്ങള്‍ കണ്ണുകളുടെ പരിചിതവലയങ്ങളില്‍ നിന്ന് അകലുന്നത് പോലെ. ഓരോ ചലനങ്ങളും ഞങ്ങള്‍ക്ക് വേണ്ടി സൃഷ്ടിക്കപ്പെടുകയാണെന്ന് തോന്നി.
റൂമില്‍ എല്ലാവര്‍ക്കും അവനോട് പ്രത്യേകമായൊരു ഇഷ്ടമാണ്. ജോലിയും ഉറക്കവുമായി ദിവസങ്ങള്‍ നീക്കുന്ന ഞങ്ങള്‍ക്കിടയില്‍ വേറൊരു ജന്മമാണവന്‍. എന്തിനെ കുറിച്ചും വ്യക്തമായ അഭിപ്രായങ്ങള്‍... ലോകചലനങ്ങളിലുള്ള സൂക്ഷ്മമായ നിരീക്ഷണങ്ങള്‍... ചിലതെല്ലാം ഞങ്ങള്‍ ചിരിച്ചു തള്ളും. ചിലത് ദീര്‍ഘനിശ്വാസമയച്ച് പരസ്പരം നോക്കി മൗനമായിരിക്കാന്‍ പ്രേരിപ്പിക്കും. അവന്‍റെ വാചാലതകള്‍ ഹൃദയം പൊള്ളിക്കുന്ന നേരങ്ങളില്‍ മരണമാകും ഞങ്ങളുടെ ചര്‍ച്ചാവിഷയം. അക്കാര്യത്തില്‍ മാത്രം അവന്‍ മൗനമാകുമെന്നറിയാം. ഭീതി പെരുകുന്ന കണ്ണുകളാല്‍ അവസരം നോക്കി ബാല്‍ക്കണിയിലെ കസേരയിലേക്കവന്‍ വഴുതുന്പോള്‍ ഞങ്ങള്‍ അടക്കിച്ചിരിക്കും.
അവധിദിനങ്ങളില്‍ ഞാനും അവനും തനിച്ചാകുന്പോള്‍ ചിലപ്പോഴൊക്കെ സംസാരം മരണത്തിലേക്ക് നീളും. മൃത്യുവിലുള്ള അമിതഭീതി എങ്ങിനെ വന്നുവെന്ന് ചികയും.
ഗ്രാമത്തില്‍ സംഭവിച്ച ഓരോ ദുര്‍മരണങ്ങള്‍ക്കും അറിഞ്ഞോ അറിയാതെയോ സാക്ഷിയായ കുട്ടിക്കാലം. നിശ്ചലനതകള്‍ വിഴുങ്ങി വിളറിയ മുഖങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയപ്പോഴൊക്കെയും യാദൃശ്ചികമാകാം, അതവനെ വിടാതെ പിന്തുടര്‍ന്നു.
\'ലോകത്തിലാര്‍ക്കെങ്കിലും ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ടോ...? അല്ലെങ്കില്‍ ഏതെങ്കിലും കഥാപാത്രങ്ങളെ കുറിച്ച് എവിടെയെങ്കിലും വായിച്ചിട്ടുണ്ടോ...?\'
കണ്ണില്‍ കുത്തുന്നതുപോലെ ഒരിക്കലവന്‍ ചോദിച്ചപ്പോള്‍ ഞാന്‍ ഇന്നലെ ഫുജൈറയില്‍ പെയ്ത മഴയെ കുറിച്ച് സംസാരിച്ചു. അവനത് കേള്‍ക്കാത്തത് പോലെ....
\'ഒന്നോ രണ്ടോ യാദൃശ്ചികതകളിലേക്ക് കണക്കെഴുതാം. ബാക്കിയുള്ളതോ...? തൂണിലും തുരുന്പിലും പതിയിരിക്കുന്നത് ദൈവമാണത്രെ, പച്ചനുണ!, മഴകുതിര്‍ന്ന മുറ്റങ്ങളിലൊരു കാല്‍പ്പാട് പോലും ശേഷിപ്പിക്കാതെ, വഴികളിലൊരു കരിയിലയനക്കം പോലും കേള്‍പ്പിക്കാതെ, വേഷപ്പകര്‍ച്ചകളില്‍ പതിയിരിക്കുന്നത് മരണമല്ലാതെ മറ്റെന്താണ്.?\'
സംഭവങ്ങളധികരിച്ചപ്പോള്‍ നാട്ടുകാര്‍ കാലനെന്ന് രഹസ്യമായി വിളിച്ചു. ചിലരൊക്കെ കാണുന്ന മാത്രയില്‍ മുഖം കറുപ്പിച്ച് വഴിമാറിനടന്നു. റാഞ്ചാന്‍ വരുന്നൊരു പരുന്തിനെ കാണുന്ന തള്ളക്കോഴികളെപ്പോലെ സ്ത്രീകള്‍ കുഞ്ഞുങ്ങളെ അവന്‍റെ കാഴ്ചകളില്‍ നിന്ന് മറച്ചു. കലപിലകൂട്ടി വരുന്ന സംഘങ്ങള്‍ അവനെ കാണുന്ന മാത്രയില്‍ നിശ്ശബ്ദരാവുകയും ഭയം നിഴലിച്ച കണ്ണുകളോടെ കടന്നുപോവുകയും ചെയ്തു.
അവന്‍റെ സാന്നിധ്യം അന്തരീക്ഷത്തിന്
മരണമണമുണ്ടാകുമെന്ന് ഭയന്നാകാം സന്തോഷങ്ങളുടെ സദസ്സുകളില്‍ നിന്ന് അറിയാതെ
മാറ്റിനിറുത്തപ്പെട്ടു. അറിഞ്ഞതുമുതല്‍ സ്വയം മാറിനിന്നു.
കുടുംബത്തിലെ കഷ്ടതകളേക്കാളുപരി, മരണങ്ങള്‍ക്ക് നിര്‍ബാധം സാക്ഷിയാക്കപ്പെടുകയും എത്തുന്നിടത്തെല്ലാം കഥാപാത്രമായിത്തീരുകയും ചെയ്യുന്നൊരവസ്ഥയില്‍ നിന്നുള്ള രക്ഷപ്പെടലായിരുന്നു അവന് പ്രവാസം.
കുടുംബത്തിലെ കഷ്ടതകളേക്കാളുപരി, മരണങ്ങള്‍ക്ക് നിര്‍ബാധം സാക്ഷിയാക്കപ്പെടുകയും എത്തുന്നിടത്തെല്ലാം കഥാപാത്രമായിത്തീരുകയും ചെയ്യുന്നൊരവസ്ഥയില്‍ നിന്നുള്ള രക്ഷപ്പെടലായിരുന്നു അവന് പ്രവാസം.
ജോലിയുറപ്പില്ലാത്ത രണ്ട് വര്‍ഷക്കാലാവധിയുള്ള
വീട്ടുവിസ പറഞ്ഞ തുകക്ക് ഉറപ്പിച്ച് ബന്ധങ്ങളുടെ വേരുകള്‍ ഉപ്പിലിട്ടു.
ഇപ്പോള്‍........ തീരാത്ത മൗനം....... കണ്ണുകളിലെ തികഞ്ഞ നിസ്സംഗത... മനസ്സ് വല്ലാതെ പ്രയാസപ്പെട്ടു തുടങ്ങിയിരിക്കുന്നു. പ്രവാസിയുടെ നീളുന്ന മൗനം ഒരിക്കലും നല്ലതിലല്ല കലാശിക്കുകയെന്ന് നന്നായറിയാം.
ഇപ്പോള്‍........ തീരാത്ത മൗനം....... കണ്ണുകളിലെ തികഞ്ഞ നിസ്സംഗത... മനസ്സ് വല്ലാതെ പ്രയാസപ്പെട്ടു തുടങ്ങിയിരിക്കുന്നു. പ്രവാസിയുടെ നീളുന്ന മൗനം ഒരിക്കലും നല്ലതിലല്ല കലാശിക്കുകയെന്ന് നന്നായറിയാം.
രാവിലെ കഫ്ത്തീരിയയില്‍ നിന്നുള്ള നാസ്തയ്ക്കിടയില്‍ സ്ഥിരമായി കാണാറുള്ള പ്രദീപ്. മുഖപരിചയം ആകുന്നത് വരെ ഭംഗിയുള്ള പുഞ്ചിരിയിലാണ് എനിക്കവനെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നത്. വര്‍ത്തമാനങ്ങള്‍ക്കിടയിലെ ആത്മവിശ്വാസം സ്ഫുരിക്കുന്ന ശരീരഭാഷകള്‍ക്ക് പുറകിലെ തീനാളങ്ങള്‍ അറിയാന്‍ കഴിഞ്ഞില്ല. വീട്ടിലെ വിശേഷങ്ങള്‍ അന്വേഷിക്കുന്പോഴുള്ള മൗനവും ചിരിച്ചെന്ന് വരുത്തിയുള്ള ഒഴിഞ്ഞുമാറലും സ്വാഭാവികമെന്ന് കരുതി.
ഒരു വെള്ളിയാഴ്ചയിലെ ഉച്ചമയക്കത്തിനിടയില്‍ ആംബുലന്‍സിന്‍റെയും പോലീസ് വാഹനങ്ങളുടെയും നിലവിളി കേട്ട് പുറത്തിറങ്ങി. ആളുകള്‍ ഗോവണി വഴി മുകളിലേക്ക് പായുന്നു. മൂന്നാം നിലയിലെ മുന്നൂറ്റിപ്പതിനാലാം റൂമിന് മുന്നില്‍ ചെറുതല്ലാത്ത ആള്‍ക്കൂട്ടം. അടുത്തെത്തുന്പോഴേക്കും ആള്‍ക്കൂട്ടത്തെ വകഞ്ഞുമാറ്റി സ്ട്രെച്ചറില്‍ കൊണ്ടുവരുന്ന മൃതദേഹം. എനിക്കൊന്ന് കാണാന്‍ വേണ്ടിയാകാം, മുഖത്തിന് മീതെയുണ്ടായിരുന്ന തുണിയൊന്നിളകി താഴേയ്ക്കൂര്‍ന്നു.
നിര്‍വ്വികാരനായി മതില്‍ചാരി നില്‍ക്കാനേ കഴിഞ്ഞുള്ളു. കൂട്ടത്തിലൊന്നിന്‍റെ കുരുതി കാണുന്ന ആടുകളുടെ മുഖമായിരുന്നു കൂടിയവര്‍ക്ക്.
നിശ്ശബ്ദത പൂണ്ടും ദീര്‍ഘനിശ്വാസങ്ങളുതിര്‍ത്തും
അവര്‍ മാളങ്ങളിലേക്ക് പിന്‍വലിഞ്ഞു. ഞാനും.
ഓര്‍മ്മകള്‍ നെഞ്ചില്‍ ഭീതിയായി.
ഒരുള്‍വിളിപോലെ ബാബുവിന്‍റെ തലയിണയ്ക്കടിയില്‍ കവറില്‍ പൊതിഞ്ഞുവെച്ച ഡയറിയെടുത്തു. അവസാനം എഴുതിയ പേജുകള്‍ ധൃതിയില്‍ മറിച്ചു.
ഓര്‍മ്മകള്‍ നെഞ്ചില്‍ ഭീതിയായി.
ഒരുള്‍വിളിപോലെ ബാബുവിന്‍റെ തലയിണയ്ക്കടിയില്‍ കവറില്‍ പൊതിഞ്ഞുവെച്ച ഡയറിയെടുത്തു. അവസാനം എഴുതിയ പേജുകള്‍ ധൃതിയില്‍ മറിച്ചു.
\"വയ്യ. എഴുതാന്‍ തീരെ മൂഡില്ല. എല്ലാം കലങ്ങിമറിയുകയാണ്. ഇന്നലെ സ്പോണ്‍സറുടെ വീട്ടില്‍ പോയിരുന്നു. ഏറെ ശ്രമിച്ചിട്ടും അയാള്‍ ഫോണെടുക്കാത്തത് കാരണമാണ് പോയത്. അറബി ടൂറിലാണെന്നും വരാന്‍ വൈകുമെന്നും ഗേറ്റിലെ കിളിവാതില്‍ തുറന്ന് തമിഴന്‍ പറഞ്ഞു. കാര്യമില്ലെന്നറിഞ്ഞിട്ടും അവസ്ഥകള്‍ അവനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. പാതികേട്ട് വാതിലടച്ച് പിന്തിരിഞ്ഞ അവന്‍റെ പിറുപിറുപ്പ് എന്നെ പിന്തുടര്‍ന്നു.
വെളുപ്പിന് ഒരു മെസ്സേജ് വന്നു, ഉറങ്ങിയിട്ടില്ലായിരുന്നു. ദേഹമാകെ തളരുന്നത് പോലെ. വാത്സല്യപൂര്‍ണ്ണമായ മുഖവെളിച്ചം നിത്യതയില്‍ അലിയുന്നത് ദേഹമറിഞ്ഞിട്ടും മനസ്സറച്ചു.
മിനുട്ടുകള്‍ കഴിഞ്ഞ് അമ്മാവന്‍ വിളിച്ചു. മൊബൈലെടുത്ത് പുറത്തേക്കിറങ്ങി.
\'മെസ്സേജ് കിട്ടിയില്ലേ....?\'
\'ഉം...\'
\'പറയാന്‍ ക്ക് ധ്യൈല്ല മോനേ...\'
ഒതുങ്ങാതിരുന്ന വിതുന്പല്‍ അവിടെ കേട്ടിരിക്കണം.
ഒരു വാക്കെങ്കിലും പ്രതീക്ഷിച്ചാകാം മറുതലക്കല്‍ നിശ്വാസം മാത്രം. പിന്നീട് അതും മുറിഞ്ഞു.
തണുപ്പും നിശ്ശബ്ദതയും നിറഞ്ഞ ഫ്ളാറ്റിലെ നീണ്ട ഇടനാഴിയില്‍ ഞാന്‍ മാത്രം.
ഇരുവശങ്ങളിലും അടച്ചിട്ട വാതിലുകള്‍ക്കപ്പുറത്തെ കുളിരുകളില്‍ നോവുറഞ്ഞ പേടകങ്ങളുറങ്ങുന്നുണ്ട്. നിമിഷങ്ങളിലെ ഓര്‍മ്മകളില്‍ കണ്ണെരിയുന്നവര്‍. കനലുകള്‍ പകര്‍ന്ന് അവരുടെ ഹൃദയങ്ങള്‍ ചുടുവാന്‍ വയ്യ. കുറേ ചോദ്യങ്ങള്‍ക്ക് ഉത്തരം ഇല്ലാതാകുന്പോള്‍ അവരടങ്ങും. എല്ലാം എരിഞ്ഞടങ്ങുന്നത് വരെ എന്‍റെ നെഞ്ചിനുള്ളില്‍ മാത്രം കിടക്കട്ടെ.
ഇപ്പോ, എന്‍റെ അസാന്നിധ്യത്തിലും പ്രിയപ്പെട്ടവരുടെ മരണം സംഭവിക്കുന്നു.
കണ്ണടയുന്നതിന് മുന്‍പ് മോന്‍റെ ശാപം മാറാന്‍ അമ്മ അങ്ങിനെ പ്രാര്‍ത്ഥിച്ചിട്ടുണ്ടാവോ...?\"
കണ്ണുകളില്‍ അക്ഷരങ്ങള്‍ അവ്യക്തമായപ്പോള്‍ ഡയറി കവറിലൊതുക്കി അവന്‍റെ തലയിണയ്ക്കടിയില്‍ തന്നെ തിരുകി.
വെറുതെ റിമോട്ടെടുത്ത് ടിവിയില്‍ ചാനലുകള്‍ മറിച്ചു.
മനസ്സ് എവിടെയും കുരുങ്ങാതെ പച്ചയായി ഉരുകുന്നത് പോലെ.
ദേഹമാസകലം ഒരസ്വസ്ഥത. ബ്ലാങ്കറ്റെടുത്ത് പുതച്ച്, വാതിലിനപ്പുറത്തെ കാല്‍പെരുമാറ്റത്തിന്
കാതോര്‍ത്ത് കിടന്നു.
കണ്ണടയ്ക്കാന്‍ കഴിയാതെ.....