യാത്രക്കാഴ്ച

വഴിയരിക് തൊട്ട്

കണ്ണ് തോല്‍ക്കുന്നിടം വരെ

സൂക്ഷിച്ചു നോക്കിയാല്‍ മനസ്സിലാകുംജീവിതം അതിന്‍റെ അടരുകള്‍ അടക്കിവെച്ചിരിക്കുന്നത് ചെറുതും വലുതുമായ അനേകം യാത്രകള്‍ കൊണ്ടാണ്.
വീടകങ്ങളില്‍ നിന്നുള്ള ഒരോ പുറപ്പെടലും യാത്രയാണ്. ഒരു പക്ഷെ എന്നും ഒരേവഴിയാകാമെങ്കിലും കാഴ്ചയുടെ രംഗപടം മാറ്റിമാറ്റി ദൈവം അത്രമേല്‍ നമ്മെ അനുഗ്രഹിക്കുന്നുണ്ട്. അല്ലായിരുന്നുവെങ്കില്‍ എത്ര വിരസമാകുമായിരുന്നു യാത്രക്കാഴ്ചകള്‍..

ദേശങ്ങളില്‍ നിന്നുവരുന്ന ഒരു കാറ്റ്... വിജനതയിലിറങ്ങുന്ന മേഘം.. മരച്ചില്ലകളുടെ മര്‍മ്മരം. കാടുകളുടെ പൂമണം.... ആരാണ് യാത്രികരെ തഴുകിവിളിച്ച് വഴികളില്‍ നിന്ന് വഴികളിലേക്ക് വഴിതിരിച്ചുവിടുന്നത്. പാതയോരക്കാഴ്കളിലോകാടുകളുടെ വന്യതയിലോഅരുവികളുടെ ശീതളിമയിലോ എവിടെയാണ്? എന്താണ്? യാത്രികന്‍ മറന്നുവെച്ചത്. പക്ഷെ ഒന്നുണ്ട്ഓരോ നുള്ള് നിമിഷങ്ങളിലും അവന്‍ അവനെ വീണ്ടെടുക്കുന്നുണ്ട്. ഹൃദയം ചോദിക്കുന്നതിനെ നല്‍കുന്നുണ്ട്. തലമുറകള്‍ക്കപ്പുറത്ത് താഴ്വരകളില്‍ ഉപേക്ഷിച്ചവയെപുണരുന്നുണ്ട്.                      

ഇത്രയും ആമുഖം.
ഇനിഒരുക്കം.

    ഇത്തവണ നാട്ടിലേക്ക് യാത്രയാകുന്പോള്‍ ഇഷ്ടമായ യാത്രാ വിവരണങ്ങള്‍ പ്രിന്‍റ് ചെയ്തെടുത്തു. പേരാത്തതിന് മാസങ്ങള്‍ക്കു മുന്‍പെ ബുക്ക് ചെയ്തിരുന്ന ഇഷ്ടവാഹനം റോയല്‍ എന്‍ഫീല്‍ഡ് ലഭ്യമാവുക കൂടി ചെയ്തതോടെ സന്തോഷം ഇരട്ടിച്ചു.
റൂട്ടും വാഹനവും റെഡി. ഇനി യാത്രയ്ക്കുള്ള തീയതി മാത്രം തീരുമാനിച്ചാല്‍ മതി. 2014 ജൂലായ് 25 ന് തുടങ്ങി തിരിച്ചെത്തുന്ന തിയതിവരെ. 

  യാത്രയ്ക്കൊരുങ്ങിയതുമുതല്‍ മഴതുടങ്ങി. നാടു മുഴുവന്‍ ഇടമുറിയാത്ത മഴ. മഴകാരണമായുള്ള അപകടമരണങ്ങളുംറോഡ് തകരലുംഉരുള്‍പൊട്ടലും പലയിടങ്ങളിലും കേട്ടു. സുഹൃത്തുക്കളും വീട്ടുകാരും നിരുത്സാഹപ്പെടുത്തി. ഫോര്‍വീലില്‍ തന്നെ ശരിക്കും പോകാനാകുന്നില്ല. എന്നിട്ട് ഈ ബുളറ്റില്‍ അതുംഈപെരുമഴയത്ത്.....
സുഹൃത്ത് ഹംസയോട് അഭിപ്രായം ചോദിച്ചു: യാത്രയ്ക്കുള്ള തീരുമാനമെടുത്താല്‍ അത് തീരുമാനമാകണം. അവിടെ അഴകൊഴന്പനായാല്‍ തീര്‍ന്നു. എന്നാലും നമ്മള് പുറപ്പെടുന്പോഴേക്ക് മഴ മാറും. ലേ?
യാത്രയുടെ തലേന്നും നല്ല മഴ. ഞാനവനെ വിളിച്ചു. അവനുറപ്പിച്ചു തന്നെയാണ്. എങ്കിലും സുബ്ഹി ആകുന്പോഴേക്ക് മാറുമായിരിക്കും.
യാത്രയുടെ തുടക്കം മഴ നനഞ്ഞാകുന്പോ ഒരിത്... 

യാത്ര.

   മൊബൈല്‍ അലാറം അടിക്കുന്നതിന്‍ മുന്‍പെ എഴുന്നേറ്റു. രാത്രിയില്‍ ശരിക്കുറങ്ങിയിട്ടില്ലായിരുന്നു. നേരം വെളുത്താ പെരുന്നാളാണെന്ന് അറിഞ്ഞ കുട്ടിയുടെ ആഹ്ലാദമായിരുന്നു മനസ്സില്‍.
എല്ലാം റെഡിയാക്കിനല്ലപാതി അനത്തിതന്ന ചൂടുസുലൈമാനി ഊതിക്കുടിക്കുന്പോഴും പുറത്ത് തണുത്ത കാറ്റോടുകൂടി ഉഗ്രന്‍ മഴ!
പോണോ...? മനസ്സ് ഒരുവട്ടമല്ല പലവട്ടം സംശയിച്ചു.
ഹംസയെ ഒന്നു വിളിച്ചു നോക്കാം. നിഷേധത്തിന്‍റെ ഒരു തരി വാക്കിലുണ്ടായാല്‍ മതി. ബാക്കി ഞാനേറ്റു. മനസ്സ് തന്ന ഉറപ്പില്‍ വിളിച്ചു. 
നീ എഴുന്നേറ്റേ ഉള്ളൂ.. ഞാന്‍ റെഡി. വീട്ടിലേക്ക് വന്നോളു.

    നഃരക്ഷതു. 

 ചാടിയെഴുന്നേറ്റു. കട്ടന്‍റെ കടുപ്പത്തില്‍ മനസ്സും ശരീരവും ഊര്‍ജ്ജസ്വലമായി. നാല് പരക്കം പാച്ചില്‍. കാമറയും മൊബൈലും പഴ്സും എടിഎം കാര്‍ഡും വണ്ടിയുടെയും എന്‍റെയും രേഖകളടങ്ങുന്ന കവറും മഴകൊള്ളാത്ത വിധം ബാഗിലൊതുക്കിഹെല്‍മറ്റും റെയിന്‍കോട്ടും ധരിച്ച് മഴയിലേക്കിറങ്ങി.

  വഴിയില്‍ ടയര്‍ മൂടുവോളം വെള്ളം കെട്ടി നിന്നിരുന്നു. ഹൈവേയിലേക്ക് കയറി. നാഷ്ണല്‍ പെര്‍മിറ്റുവണ്ടികളുടെ ഘോഷയാത്ര. ഹംസയുടെ വീടിന് മുന്നിലെത്തുന്പോഴേക്കും അവന്‍ പുറത്തേക്കിറങ്ങിയിരുന്നു. 
  മഴ ഹെല്‍മെറ്റിന്‍റെ ചില്ലുകൂട് തകര്‍ക്കുമെന്ന് തോന്നി. ഫേസ്ഗാര്‍ഡൊന്ന് ഉയര്‍ത്തിയപ്പോള്‍ ചരല്‍ക്കല്ല് വര്‍ഷം പോലെ മഴ..
ഗ്ലാസുംവേഗവും താഴ്ത്തി യാത്ര.
ചമ്രവട്ടം പാലം കയറിയപ്പോഴാണ് ഞങ്ങള്‍ ശരിക്കും ഫ്രീയായത്. അതുവരെ മാനത്ത് നിന്നും കുത്തിയൊലിച്ചിരുന്ന മഴ ഒരു വിധം പ്രതിരോധിച്ചു നിന്ന ഞങ്ങളെഎതിരില്‍ നിന്നും ചീറിവന്ന സ്വിഫ്റ്റ്കാര്‍ താഴെ നിന്നും മുകളിലേക്ക് നന്നായി കുതിര്‍ത്തു. ഒന്നും നനയാന്‍ ബാക്കിയില്ലാത്തതിനാല്‍ പിന്നീട് ശരിക്കും മഴയാസ്വദിച്ചാണ് ഞങ്ങള്‍ യാത്ര തുടര്‍ന്നത്. സ്വിഫ്റ്റ് കാറിലെ അജ്ഞാതരായ ഗഡികള്‍ക്ക് നന്ദി. 
    ചാലിയം വഴി കോഴിക്കോട്ടേക്ക്. അവിടുന്ന വയനാട് റോഡിലൂടെ... ചുരം കയറുന്പോഴും ആകാശ- ഭൂമി നിറയെ മഴ. ഇത്രനേരം മഴയറിയുന്നത് ആദ്യാനുഭവമാണ്. അതും വയനാടന്‍ മണ്ണിലൂടെയുള്ള യാത്രയില്‍.
എന്തൊക്കെ രീതിയിലാ മഴപ്പെയ്ത്ത്? ചിലപ്പോഴവ അലറിപ്പാഞ്ഞുവരും. ഒരു ഭ്രാന്തനെപ്പോലെ കണ്ണില്‍കണ്ടതല്ലാം നനച്ചുലച്ച്... ഹുങ്കാരത്തോടെ..അല്ലെങ്കിലൊരു കുഞ്ഞിനെപ്പോലെ ചിണുങ്ങിച്ചിണുങ്ങി. മറ്റുചിലപ്പോ പക്കാ ഡീസന്‍റാ... എക്സിക്യൂട്ടീവ് മഴ. തണുപ്പുംകാറ്റുമാണ് മഴകളെ പറയിപ്പിക്കുന്നതെന്ന് തോന്നുന്നു. അത്രയ്ക്കാണവരുടെ കൂട്ട്കെട്ട്.
 കഴിഞ്ഞതവണയും വയനാട്ടിലേക്കൊരു പോക്ക് പോയതായിരുന്നു. അന്ന് കണ്ട പൂക്കോട് തടാകവും സൂചിപ്പാറയും ഇത്തവണ ഒഴിവാക്കി. പക്ഷെ കംന്പ്ളക്കാട്ടെ ആവിക്കുളി മനസ്സിലൊരിടത്ത് വെച്ചിരുന്നു. പക്ഷെ നടന്നില്ല. 

ബാണാസുരസാഗറിലെ സ്ഫടികജലം.

    വൈത്തിരിയില്‍ നിന്ന് നേരെ ഇടതുതിരിഞ്ഞ്ബാണാസുരസാഗറിലേ ക്ക് വിട്ടു. എന്താ വഴിക്കാഴ്ചകള്‍. മഴകൊള്ളുന്ന പച്ചപ്പുകള്‍ക്കൊപ്പം നനഞ്ഞ് നനഞ്ഞ്  പച്ചച്ച് ഞങ്ങളും... 
വൈത്തിരി തരുവണ റോഡില്‍ നിന്നും ഡാം സൈറ്റിലേക്കുള്ള നേര്‍ത്ത റോഡിലൂടെയുള്ള യാത്ര ഗംഭീരം. റോഡിനരികിലെ കടവുകളില്‍ തുള്ളിത്തുളുന്പുന്ന സ്ഫടികസമാന ജലം പലതവണവിളിക്കുന്നുണ്ടായിരുന്നു. മനം മയക്കുന്ന പെണ്ണായി അവള്‍ നിന്നുലഞ്ഞു. മനോനിയന്ത്രണം തെറ്റി എന്‍ഫീല്‍ഡ് എവിടെയെങ്കിലും നിറുത്തി പുഴയിലേക്ക് ചാടുമോ എന്നു ഞാന്‍ പലവുരു ഭയന്നു. എങ്കിലും മനസ്സ് തന്നെ പറഞ്ഞു. കബനിയിപ്പോള്‍ രജസ്വലയാണ്. മദിച്ചുവരുന്ന കാട്ടാനക്കൂട്ടത്തെ ഒന്നടങ്കം പുണരാനുള്ള ആര്‍ത്തിയുണ്ടവള്‍ക്ക്. അതിനാല്‍, പരിചിതമല്ലാത്ത കടവില്‍ കാല്‍നനയ്ക്കാനിറങ്ങുന്നതു പോലും അപകടം.

ഡാമിലേക്കുള്ള ഗേറ്റിനരികില്‍ വണ്ടി നിറുത്തിയപ്പോള്‍ തന്നെ കാവല്‍ക്കാരന്‍ കുരച്ചു. വണ്ടി മാറ്റ് ഉള്ളിലേക്കോഗേറ്റിന് പരിസരത്തോ വണ്ടി നിറുത്തിയിടാന്‍ സമ്മതിക്കില്ല. ഒന്നുകില്‍ ഡാം സൈറ്റിന് ഒരുകിലോമീറ്റര്‍ മാറി പാര്‍ക്കിങ്ങ് ഏരിയയില്‍. അല്ലെങ്കില്‍ ഗേറ്റ് എത്തുന്നതിന് മുന്‍പുള്ള പാലത്തിനപ്പുറത്ത്. ഞങ്ങള്‍ പാലത്തിനപ്പുറം പാര്‍ക്ക് ചെയ്തു. അതാണെളുപ്പം. ചെറിയ നിരക്കേ ടിക്കറ്റിനുള്ളു.

മഴയുണ്ടായതാകാംയാത്രികര്‍ ജീപ്പ് കാത്തുനില്‍ക്കുന്നു. ജീപ്പ് വാടക അന്വേഷിച്ചു. ഒന്നുക്ക് നൂറുരൂഫാ. കൂടതലല്ല. മറ്റൊരാളോട് വഴിദൂരം അന്വേഷിച്ചു. കൂടിപ്പോയാല്‍ പത്ത് മിനുട്ടേ നടക്കാനുള്ളു. അപ്പോ നൂറ് കൂടുതലാ... ഞങ്ങള്‍ നടന്നു.

ഇരുവഴിയില്‍ നിന്നെത്തിയ കമിതാക്കള്‍ ഒരുമിച്ച്ഞങ്ങള്‍ക്കൊപ്പം കൂടി. അവരുടെ മുഖത്തെ പരിഭ്രമം വായിക്കാന്‍ നല്ല രസം. അവര്‍ക്ക് ജീപ്പ് വേണ്ടപക്ഷെ വിജനതയിലൂടെ നടന്നു പോകാന്‍ പേടി. അവരുടെ കിന്നാരങ്ങള്‍ കേള്‍ക്കാനാവത്തത്ര ദൂരം പാലിച്ച് ഞങ്ങള്‍ ഡാമിലേക്ക് നടന്നു.

രണ്ടുവളവിനപ്പുറത്ത് മറഞ്ഞിരിക്കുന്ന അത്ഭുതം. പ്രകൃതിയുടെ നിറകണ്‍കാഴ്ച. എന്താ ഭംഗി. അധികം വലുതല്ലാത്തമരങ്ങള്‍ നിറഞ്ഞമഴപെയ്യുന്ന ബാണാസുരസാഗര്‍ മലകള്‍ക്ക് കീഴെ കബനീ നദി നിറഞ്ഞുകവിഞ്ഞ് പരിപൂര്‍ണ്ണതേജസ്സോടെ കിടക്കുന്നു. എല്ലായിടവും നനഞ്ഞു ശുദ്ധിയായി കിടന്നിരുന്നതിനാല്‍ നോക്കുന്നയിടം മുഴുവന്‍ മനോഹര കാഴ്ച. കാര്‍മേഘം മൂടിക്കിടന്ന മാനവും പരിസരവും നൂല്‍മഴയും എല്ലാമെല്ലാം.... 

ബാണാസുരസാഗര്‍ എന്ന കഠിനമായ പേരെങ്ങിനെ വന്നു എന്നതായിരുന്നു ആദ്യസംശയം. പിന്നീടാണ്ഗൂഗില്‍ മാമന്‍ വഴി ഐതിഹ്യപ്രകാരമുള്ള കാര്യകാരണം തിരിഞ്ഞത്.

1979ല്‍ ആരംഭിച്ച പദ്ധതിയുടെ പേരാണ് ബാണാസുരസാഗര്‍ പ്രൊജക്ട്. അപ്പോള്‍ ഈ പ്രൊജക്ടിനെങ്ങിനെ... അതിതാണ്. ഓണത്തന്പുരാനായ മഹാബലിയുടെ മകനാണ് ബാണ. അസുരവംശക്കാരയതിനാല്‍ അസുര കൂടി ചേര്‍ത്തു. അല്ലെങ്കിലും ബാണാസുരസാഗര്‍ മലനിരകള്‍ക്ക് കീഴെയുള്ള ഡാമിന് മറ്റെന്ത് പേരാണ് അനുയോജ്യം.

അങ്ങിനെ ഈ പ്രോജക്ടിന്‍റെ ഭാഗമായാണ് നമുക്ക്ഇന്ത്യയിലെ നന്പര്‍ വണ്ണും ഏഷ്യയിലെ രണ്ടാം നന്പ്രുകാരനുമായ ബാണാസുരസാഗര്‍ ഡാം എന്നമണ്ണും ചളിയും കൂട്ടിക്കുഴച്ചെടുത്ത് പടച്ചലവനെ നമുക്ക് കിട്ടിയത്. ഇവന്‍ കക്കയം ഇലക്ട്രിക് ഹൈഡ്രോ പവര്‍ പ്രൊജക്ടിനെ സപ്പോര്‍ട്ട് ചെയ്യുകയും വേനലില്‍ പരിസരത്തെ പ്രകൃതിയെയും വികൃതികളായ മനുഷ്യരെയും ഉണങ്ങാതെ സൂക്ഷിക്കുകയും ചെയ്യുന്നു.
ഡാമിന് മുകളില്‍ ഇപ്പൊ ചാറ്റല്‍ മഴയുണ്ട്. ഞങ്ങള്‍ക്ക് മുന്‍പെ നടക്കുന്ന പ്രണയക്കാര്‍ ഒന്നുകൂടി ചേര്‍ന്നൊട്ടിയിരിക്കുന്നു. ഡാമിനവസാനം തരക്കേടില്ലാത്തൊരു പൂന്തോട്ടമുണ്ട്. പൂന്തോട്ടത്തിന് രണ്ടുവഴികള്‍. ഒന്ന് ഊഞ്ഞാലകളുടെ ലോകത്തിലേക്ക്. ആദ്യം ആ വഴിയിലൂടെ അല്‍പ്പം നടന്നു. ആ പ്രദേശം നിറയെ ഊഞ്ഞാലകള്‍. ഭീമന്‍ മരക്കൊന്പ് മുതല്‍ ചെറിയ മരങ്ങള്‍ വരെ കാതിലയാട്ടി രസിക്കുകയാണ്.

എല്ലാം ഊഞ്ഞാലകളും തിരക്കിലാണ്. സ്ത്രീകളും കുട്ടികളുമാണ് അധികം. ചിലതില്‍ ഗൗരവക്കാരായ പുരുഷന്മാര്‍ അവരുടെ കുട്ടിക്കാലം വീണ്ടെടുക്കാന്‍ ശ്രമിക്കുന്നു.

ഞങ്ങള്‍ മറുവഴിയിലൂടെ ബോട്ട്കടവിലേക്ക് തിരിഞ്ഞു. പ്രണയക്കാര്‍ ഊഞ്ഞാലകളുടെ ലോകത്തിലേക്കും.കടവില്‍ നല്ല തിരക്കായിരുന്നു. പത്തോ ഇരുപതോ ആളുകള്‍ പോകുന്ന ബോട്ടിന് ടിക്കറ്റ്റേറ്റ് കുറവാണ്. പക്ഷെ ഇപ്പൊ ബോട്ട് പോയതേയുള്ളു. കറങ്ങിവരാന്‍ അരമണിക്കൂറിലധികം സമയെമെടുക്കും. സ്പീഡ് ബോട്ടുണ്ട്. പതിനഞ്ച് മിനുട്ട് കറക്കം. അഞ്ഞൂറ് രൂപ. നാലാളുകള്‍ക്ക് കയറാം. രണ്ടാളുകള്‍ക്ക് മാത്രമായി 500 മുടക്കാന്‍ മനസ്സ് വന്നില്ല. രണ്ടുമിനുട്ട് കാത്തിരിക്കാം.

ദാവന്നു. മംഗലാപുരത്ത് നിന്നുള്ള ഇമ്മിണി ബല്യ പ്രണയക്കാര്‍. ടീഷര്‍ട്ട്കളറ് ഷൂസ്. ചപ്രച്ചമുടി. ഇപ്പൊ കണ്ണില്‍കുത്തി കേറ്റുമെന്ന രീതിയിലുള്ള കൈവിരല്‍ ചലനങ്ങളോടെയുള്ള ഭയാനകമായ ഇംഗ്ലീഷ്. സുഹൃത്തും ഞാനും ആയിടെയായി സ്പോക്കണ്‍ ഇംഗ്ലീഷിന് പോയത് ഭാഗ്യം. ഞാം മിണ്ടാന്‍ പോയില്ല. സുഹൃത്തിന്‍റെ കട്ടിത്തൊലിയില്‍ ഇംഗ്ലീഷിന് അപാര അമേരിക്കന്‍ ആക്സന്‍റ്. പിന്നെ അവര് ചെലച്ചിട്ടില്ല. 

എന്തായാലും അവര്‍ക്കൊപ്പം ഷെയറിംഗില്‍ സ്പീഡ് ബോട്ട് യാത്ര ഒപ്പിച്ചു. പളുങ്ക് ഉരുക്കിയൊഴിച്ചതുപോലെ കലര്‍പ്പില്ലാത്ത വെള്ളം. അവ ഹൃദയത്തിനുള്ളിലേക്ക് പാഞ്ഞുകയറി എന്തൊക്കെയോ പിഴുത് വര്‍ത്തമാനത്തിന്‍റെ മാത്രം തണുപ്പിനോട് ചേര്‍ക്കുന്നത് പോലെ. പുഴനടുവിലെത്തിയപ്പോള്‍ സുഹൃത്ത് ഡ്രൈവറോട്ബോട്ട് നാല് പ്ലങ്കല് പ്ലങ്കാന്‍ പറഞ്ഞു. അത് ഡ്രൈവര്‍ക്ക് ഇഷ്ടപ്പെട്ടു. ബോട്ട് ജലപ്പരപ്പിന് മീതെ വളഞ്ഞുപുളഞ്ഞു. നാലുപാടും ചിതറിത്തെറിക്കുന്ന ജലകണികകള്‍ക്കു ള്ളിലായി ഞങ്ങള്‍. പ്രണയം മുഴുവന്‍ ഭീതിയായപ്പോ സുഹൃത്തിനും ഡ്രൈവര്‍ക്കുംസമാധാനം.
ഡാമില്‍ നിന്ന് തിരിച്ചിറങ്ങുന്പോ രണ്ടുമണി കഴിഞ്ഞിരുന്നു. ഭക്ഷണം കഴിച്ച് തുടര്‍ യാത്രയ്ക്കൊരുങ്ങുന്പോഒരു അനൗണ്‍സ്മെന്‍റ് ജീപ്പ് കടന്നുപോകുന്നു. വൈകീട്ട് നാല് മണിക്ക് ഡാം ഷട്ടര്‍തുറക്കും.... അതിനാല്‍ പ്രദേശവാസികളെ കരുതികൊള്‍ക.

 ഡാം തുറക്കുന്നതൊരു കാഴ്ചയാണ്. അതിന് നില്‍ക്കുന്നി?. പള്ളിക്കോലായിലിരുന്നിരുന്ന ചെറുപ്പക്കാരന്‍റെ ചോദ്യം

കാണണംന്നുണ്ട്. പിന്നെ പനമരം എത്താന്‍ വൈകും. അവിടെ ജെയ്ന്‍ടെംപിള്‍ കൂടി ഇന്ന് പൂര്‍ത്തിയാക്കണം. അതിന് ശേഷം സുല്‍ത്താന്‍ ബത്തേരിയില്‍ സ്റ്റേ. ഇതിന് കാത്താല്‍....,

വീട്ടില്‍ പോയി ചായകുടിച്ച് പോകാം. വയനാട്ടുകാരന്‍റെ ഹൃദ്യമായ ക്ഷണം സ്നേഹപൂര്‍വ്വം നിരസിച്ച് വീണ്ടും യാത്ര. ഞങ്ങളും മഴയും.
കുറുവ ദ്വീപിലേക്കുള്ള റോഡിലേക്ക് തിരിയുന്പോള്‍ വെറുതെ അന്വേഷിച്ചു. കൃത്യമായിരുന്നു സംശയം. വെള്ളപ്പൊക്കം കാരണം അവിടെ ബ്ലോക്ക്. ഉപകാരം. നേരെ പനമരം.

പനമരം സെന്‍ററില്‍ നിന്ന് ഇടത്തോട്ട് അല്‍പ്പദൂരം. വഴിയില്‍ ഇടയ്ക്കിടെ ആദിവാസിവംശജരെ കാണാം. 

കാലം മായ്ക്കുന്ന ഭൂതകാലം -ജയിന്‍ ടെംപിള്‍.
അധികാരികള്‍ ചരിത്രത്തോട് കാണിക്കുന്ന പുറംതിരിച്ചില്‍, സ്മാരകശിലകളോടുള്ള അവഗണന എത്രത്തോളമെന്ന് അറിയാന്‍ പനമരത്തെ ജെയിന്‍ ടെംപിള്‍ മികച്ചൊരു ഉദാഹരണമാണ്. തകര്‍ന്നുകിടക്കുന്ന ചരിത്രാവശിഷ്ടങ്ങള്‍ക്കിടയില്‍ നില്‍ക്കുന്പോള്‍ തെല്ല് വേദന തോന്നി.

വിവാദങ്ങളില്‍ ഹരം കണ്ടെത്തുന്നവര്‍ക്ക് ടെലിവിഷനുകളിലിരുന്ന് ഓക്കാനിക്കല്ലാതെ ഇത്തരം കാര്യങ്ങള്‍ക്കെവിടെ സമയം. പൈതൃകങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടവയാണ്. വരും തലമുറക്ക്ചൂണ്ടിക്കാണിച്ചു കൊടുക്കേണ്ട തെളിവുകളാണവ. എവടെഭൂതകാലം മായ്ച്ചുകളയാനാണ് എല്ലാവര്‍ക്കുമിഷ്ടം. 
അളവും തൂക്കവും ഒപ്പിച്ചെടുത്തതെന്ന് തോന്നിക്കുന്ന കരിങ്കല്ല് കൊണ്ടുള്ള നിര്‍മ്മിതികളില്‍ ഒന്നോരണ്ടോ മാത്രമെ സ്വരൂപത്തില്‍ നില്‍ക്കുന്നുള്ളു. അവയിലും കാട്പടര്‍ന്നിരിക്കുന്നു. നിലതെറ്റിവീണവ കരിങ്കള്‍കൂനയായി മാറിയിരിക്കുന്നു. ആര്‍ത്തിമൂത്ത മനുഷ്യര്‍ ഇനി ആ കല്ലുകള്‍ അപ്രത്യക്ഷമാക്കാതിരുന്നാല്‍ മതി.ചിതറിയ ചരിത്രമുഖത്ത് നിന്നിറങ്ങി ഇഞ്ചിപ്പുല്ല് മണക്കുന്ന കാറ്റിലൂടെ ഞങ്ങള്‍ ബത്തേരിയിലേക്ക് യാത്രതുടര്‍ന്നു.
നഗരത്തില്‍ വിശാലമായൊന്ന് കറങ്ങിത്തിരിഞ്ഞ്കിടക്കാനൊരിടം ഒപ്പിച്ചു. ലോഡ്ജ് കാര്യസ്ഥന്‍ വളാഞ്ചേരിക്കാരനാണ്. സുഹൃത്ത് വിശദമായി പരിചയപ്പെട്ടു. പരിചയം ഡിസ്ക്കൗണ്ടിലെത്തിച്ചിട്ടേ അവന്‍ വളാഞ്ചേരിക്കാരന് ജാമ്യം നല്‍കിയുള്ളു. വെളുക്കും മുന്‍പ് പോകും. രണ്ടുപേര്‍ക്കും കൂടി. നാനൂറ്രൂപ. 

റൂം സൗകര്യമുള്ളതായിരുന്നു. ഡബിള്‍കട്ടില്‍. ടിവി. വൃത്തിയുള്ള ബാത്ത്റൂം. പക്ഷെപുറത്തെ കനത്തമഴയില്‍ നിന്ന് റൂമിലേക്ക് പാഞ്ഞുകയറിയ നല്ലകാറ്റും ഉശിരന്‍ തണുപ്പും... പ്രതിരോധിക്കാനുള്ള പുതപ്പ്മാത്രം അവിടെ  ഇല്ലായിരുന്നു.

അതിരാവിലെ എഴുന്നേറ്റു. മഴതോര്‍ന്ന പുലര്‍ക്കാലം. വിശുദ്ധമായ അന്തരീക്ഷം. അല്‍പ്പം നടന്നു. മോണിങ്ങ് വാക്ക്. നല്ല ഉന്മേഷം തോന്നി. പ്രകൃതിയുടെ നിശ്ശബദ്മായ ഉറക്കത്തെ മഴയുണര്‍ത്തുമെന്ന് തോന്നിയിടത്ത് നിന്ന് തിരിച്ചുനടന്നു.

കുളിച്ച് ഫ്രഷായിലഘുഭക്ഷണത്തിന് ശേഷം ചെണ്ടുമല്ലിപ്പൂക്കളുടെയും സൂര്യകാന്തിപ്പാടങ്ങളുടെയും കണ്ണെത്തായ്മയിലേക്ക്.....

ഇന്നോളം കേള്‍ക്കാത്ത അപൂര്‍വ്വരാഗങ്ങളുമായി കാട് എപ്പഴേ ഉണര്‍ന്നിരിക്കുന്നു. മുത്തങ്ങയില്‍ ചെറിയ ആള്‍ക്കൂട്ടം. രാവിലെയുള്ള കാട്കാണലിനുള്ളതാകണം. വനംവകുപ്പിന്‍റെ വണ്ടികളില്‍ മുത്തങ്ങയില്‍ കാട് ചുറ്റലുണ്ടോ.. അറിയില്ല. ഞങ്ങള്‍ ഗുണ്ടല്‍പ്പേട്ടിലെ പൂപ്പാടങ്ങളുടെ പ്രലോഭനത്തിലായിരുന്നു.

    റോയല്‍എന്‍ഫീല്‍ഡിലെ യാത്രാസുഖത്തില്‍ ഇരുവശങ്ങളിലെയും പച്ചപ്പിനുള്ളില്‍ കണ്ണുകള്‍ തിരക്കിട്ട് തെരഞ്ഞു. ഏതെങ്കിലും ഒരുത്തന്‍ വഴിതെറ്റിവരുന്നുണ്ടോ...? ആരെങ്കിലും കാഴ്ചക്ക് കാത്തുനില്‍ക്കുന്നുണ്ടോ?.... ഇടയ്ക്കിടെ ഇളംപുല്ല് നുണയുന്ന മാന്‍കൂട്ടങ്ങളെ കണ്ടു. പേരറിയാത്ത പക്ഷികള്‍... വര്‍ണ്ണച്ചിറകിലേറി പൂന്പാറ്റക്കൂട്ടം.

കര്‍ണ്ണാടകവനത്തിലെ ഹന്പുകള്‍.

    ചെക്പോസ്റ്റുകള്‍ പിന്നിട്ട് കര്‍ണ്ണാടക വനത്തിലേക്ക്... നല്ല മിനുസമായ റോഡ്. ഒരോ കിലോമീറ്ററു ഇടവിട്ട് ഹന്പുകളുണ്ടായതിനാല്‍ ബുള്ളറ്റിനും നമുക്കും അസൗകര്യം തോന്നാതില്ല. കുതിപ്പെടുക്കാന്‍ പറ്റ്ണില്ല. ഏതായാലും നല്ലതിനല്ലെ സഹിക്കാം.

രാവിലെ ആയതിനാല്‍ റോഡില്‍ വാഹനങ്ങള്‍ കുറവായിരുന്നു. വഴിയില്‍ നേര്‍ത്തഭീതി പെയ്യുന്ന പോലെ. കാട് കഴിഞ്ഞു. ഈ നൂറ്റാണ്ടില്‍ നിന്നും കഴിഞ്ഞ നൂറ്റാണ്ടിലേക്കിറങ്ങിയ പോലെ പരിസരം... ആളുകള്‍... വീട്... ഇരുസംസ്ഥാനങ്ങള്‍ക്കുമിടയിലെ ജനപുരോഗതിയുടെ ഭീമന്‍വിടവ് ഒറ്റനോട്ടത്തില്‍ മനസ്സിലാകും.

പൊടിമഴ ശക്തിയാര്‍ജ്ജിക്കാന്‍ തുടങ്ങി. റോഡിനിരുവശവും കൃഷിത്തോട്ടങ്ങള്‍. അവയിലേക്ക് പുറപ്പെടുന്നവര്‍. ദൈന്യതമുറ്റുന്ന മുഖങ്ങള്‍.
കുറച്ചുകൂടി മുന്നോട്ടുപോയപ്പോഴാണ്......
പൂക്കളുടെ വലിയൊരു കടല്‍.

നോക്കുന്നിടം മുഴുവന്‍ ഓറഞ്ചുനിറമുള്ള പൂക്കള്‍. സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ.... പഴയമലയാള സിനിമാപാട്ടിനെ അനുസ്മരിപ്പിക്കും വിധം...

നേര്‍ത്ത മഴയിലങ്ങിനെ കുളിച്ച് പൂക്കളും ഞങ്ങളും.... വഴിയിലൂടെ പോകുന്നവരുടെ കുട്ടയില്‍ പൂക്കള്‍... പോകുന്ന ലോറിയിലും ഗുഡ്സുകളിലും പൂക്കള്‍..

വഴിയരിക് തൊട്ട് കണ്ണ് തോല്‍ക്കുന്നിടം വരെ... അല്ലഅതിനുമപ്പുറവും പൂക്കളുടെ മഹാപ്രപഞ്ചം. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇവിടം കാണാതെദൈവം ഇത്രമേല്‍ മനോഹരമാക്കിയ ഭൂമിയെ കുറിച്ച് നിങ്ങളെങ്ങിനെയാണ് വാചാലാരാവുക.

    അതിനാല്‍ സുഹൃത്തുക്കളെ യാത്രയാവുക. വഴി നമുക്ക് മാത്രമായി കാത്തിരിക്കുന്നുകാഴ്ചകളും.

-   അലി പുതുപൊന്നാനി.
   29/09/2014
-----------------------------------------------------------


വയനാടും ആവിക്കുളിയുംആമുഖം

ഓ൪മ്മയായ അനുഭവങ്ങള്‍ അക്ഷരങ്ങളാക്കി പലയാവ൪ത്തി വായിച്ചനുഭവിക്കുന്നത് ഒരുതരം ആത്മരതിയാണ്. അതെനിക്ക് ഇഷ്ടവുമാണ്.

മറവിയുടെ കള്ളറകളിൽ നിന്നും ഓ൪മ്മകള്‍ക്ക് ചിറക് നൽകി  പറത്തുക രസകരമാണ്. പക്ഷെ, ഒരു യാത്രയുടെ വിശേഷങ്ങള് പക൪ത്തിയെഴുതുന്നത് ഇതാദ്യം. പ്രകൃതി വ൪ണ്ണനയൊന്നുമല്ല, ഓരോ യാത്രയ്ക്കും സുഖകരമായ ചില മനഃസംഘ൪ഷങ്ങളുണ്ടാകില്ലെ. അതുപങ്കുവെയ്ക്കുന്നുവെന്ന് മാത്രം.


പ്രകൃതം

ഇക്കഴിഞ്ഞ അവധിയിൽ നാട്ടിലെത്തുന്പോള്‍ ഒട്ടുമിക്ക പുലികളും പരോളിലിറങ്ങിയിരുന്നു. സൌദിയില് നിന്ന് സിദ്ദീഖ്, ഖത്തറിൽ നിന്ന് ഷിഹാബ്, ബഹ്റിനിൽ  നിന്ന് സിറാജ്, യു.എ.ഇ.യിൽ നിന്ന് ആബിദ്, ബദറു, ഹംസ, നാട്ടിലെ സ്ഥിരം അന്തേവാസി ബാദ്ഷമാഷ് ഇത്യാദികള്...

പലപ്പോഴും  പ്രതികൂല സാഹചര്യങ്ങളാൽ ലീവ് തകിടം മറിഞ്ഞ് അധികം സഖാക്കളും നാട്ടിൽ ഒത്തുവരാറില്ല. ഇത്തവണ... ദൈവാനുഗ്രഹം...

നാട്ടിൽ ഞങ്ങള്ക്കൊരു ക്യാന്പുണ്ട്. ന്ന്ച്ചാല്, സ്ഥിരമായുള്ള ഒരു ഇരിപ്പിടം.

പുതുപൊന്നാനിയിലൂടെ ചാവക്കാട്ടേക്ക് പോകുന്പോള്‍ സെ൯ററിൽ വലതുവശത്തുള്ള മഴമരത്തിന് കീഴെ, ടോള്‍ബൂത്തി൯റെ കരാളഹസ്തങ്ങളിൽ നിന്നും പാതിരാത്രിയിൽ പാണ്ടിലോറി വഴി സ്വാതന്ത്ര്യം ലഭിച്ചൊരു ഉഗ്ര൯ കോണ്ക്രീറ്റ് തൂണ് വിലങ്ങനെയിട്ടത്.

എട്ടി൯റെ ആറുകന്പികള്‍  പാഞ്ഞ ആ നെടുനീള൯ സിമ൯റ് ദേഹം ഇപ്പോള് ഞങ്ങളുടെ ഗൃഹാതുരതയാണ്.

ഇപ്രാവശ്യം നമുക്ക് കലക്കണം.
ഈ ലീവ് കഴിഞ്ഞ് ഗള്‍ഫിൽ പോയി തിരിച്ചുവരാനെടുക്കുന്ന മാസങ്ങളത്രയും ഓ൪ത്തിരിക്കാ൯ പാകത്തിൽ ഓ൪മ്മകള് ശേഖരിക്കണം. മരുഭൂമിയിലെ ഒട്ടകം പൂഞ്ഞയില് ജലം ശേഖരിക്കുന്നത് പോലെ.

അതായിരുന്നു  അവധിയാഘോഷങ്ങളുടെ തലവാചകങ്ങള്‍.


മാതൃഭൂമി സംഘടിപ്പിച്ച കോഴിക്കോട്ടെ ഫുഡ്ഫെസ്റ്റി൯റ വിഭവസമൃദ്ധിയും

 മാധ്യമത്തി൯റെ കോട്ടക്കലെ കാ൪ണിവെലും,

തുഞ്ച൯പറന്പിലെ ശീതളിമയും,
വിജൃംഭിപ്പിച്ച വെടിക്കെട്ടുകളും,

ആനപ്പൂരങ്ങളിലെ ഡപ്പാംകുത്തും,

തിരൂ൪ പുതിയങ്ങാടിയിലെ മിഠായിസ്റ്റാളുകളും.....
നല്ല ദിവസങ്ങള്‍ക്ക് മറിഞ്ഞുപോകാ൯ വല്ലാത്തൊരു തിരക്കാണ്.

എല്ലാ തിരക്കുകളും ഒതുക്കി, മഴമരത്തിന് കീഴിലും, സ്ഥിരം ഏ൪പ്പാടുകളിലും മുഴുകി, മടങ്ങാനുള്ള ആദ്യനറുക്ക് ആ൪ക്ക് എന്നതിനെ കുറിച്ചുള്ള ച൪ച്ചയ്ക്കിടെയാണ് ബദറു (ആത്മാവിന് ശാന്തി നേരുന്നു) തമിഴ്നാട്ടിലേക്കുള്ള തീ൪ത്ഥയാത്രയ്ക്ക് ക്ഷണിച്ചത്.

യാത്രയെപ്പോഴും യാത്രതന്നെ. എന്തുമടി. തൃശൂരിൽ നിന്ന് സ്ലീപ്പറിൽ നാഗൂറിലേക്ക്, പിന്നെ വേളാങ്കണ്ണി, രാമേശ്വേരം, മുത്തുപ്പേട്ട, കീളക്കര, ഏ൪വാടി.... ഹോ, മറക്കാനാകില്ല. ഒരിടത്തും ഉറങ്ങാതെ, വിശ്രമിക്കാതെ, പൊതുഗതാഗതത്തിലൂടെയുള്ള അറുപതുമണിക്കുറിലെ  അത്യുഗ്ര൯ വെടിക്കെട്ട് യാത്ര. അതേകുറിച്ച് പിന്നീടെഴുതാം.


ഒരുക്കം

തമിഴ്നാട് യാത്രയും കഴിഞ്ഞ് വീണ്ടും മഴമരത്തിന് കീഴെ ഇരിക്കുന്പോഴാണ്.. ഞാനായിട്ട് എന്തിന് കുറക്കണം എന്ന ചിന്തയിൽ എല്ലാവരേയും വയനാട് യാത്രയ്ക്ക് വിളിച്ചത്.

ഒരെണ്ണം മിണ്ടുന്നില്ല. ഇനീം വേണോ എന്ന നോട്ടം പല൪ക്കും. ചിലരൊക്കെ മടക്കയാത്രയുടെ വെപ്രാളപാച്ചിലിനരികെയുമാണ്.

തീരുമാനം കരയടുക്കാതെ പോകുമെന്ന് ഉറപ്പായപ്പോള്‍ പൂഴിക്കടകനടിച്ചു.

നിങ്ങളാരെങ്കിലും വയനാട്ടിലെ ആവിക്കുളി കുളിച്ചിട്ടുണ്ടോ....

-ഇല്ല, കോറസ്.

എന്നാൽ ഒരുങ്ങിക്കോളു.... വയനാട്ടിലെ സ്ഥിരം കാഴ്ച്ചയ്ക്ക് പുറമെ ആവിക്കുളിയെന്ന മഹാസ്നാനത്തി൯റെ പോരിശ നീട്ടിയും പരത്തിയും അവതരിപ്പിച്ചപ്പോള്‍ എല്ലാവ൪ക്കും ഒരേയൊരു ചോദ്യം... ഒന്നു കുളിച്ചാലോ..

മഹാസ്നാനത്തി൯റെ ജില്ലയിലേക്ക് രാവിലെ കൃത്യം അഞ്ചുമണിക്ക് യാത്രയാകാമെന്ന കൂട്ടായ നിഷ്ക൪ഷ പതിവുപോലെ എല്ലാവരും തെറ്റിച്ചു. ഡ്രൈവ൪ ഫിറോസ് മാത്രം സമയത്ത് എത്തി.

അതിവിശേഷവും അപൂ൪വ്വവുമായ പച്ചമരുന്നുകള്‍ക്ക് തീയിട്ട് ഉസ്താദ് നടത്തുന്ന ആയു൪വ്വേദ ആവിക്കുളിയിലേക്കുള്ള യാത്ര ചുരം കയറുന്പോള്‍ സമയം പത്തുമണിയോടടുത്തിരുന്നു.

റോഡ് വീതികൂട്ടിയത് കാരണം ചുരം കയറുന്പോഴുള്ള ആ ഒരു ത്രിൽ ഇപ്പോള്‍ കിട്ടുന്നില്ല. ഏതോ സ്കൂള്‍ബസ് റോഡരികിൽ നിറുത്തി, കുട്ടികള്‍ ചുരം ആസ്വദിക്കുന്നത് കണ്ടു.

ചുരമെത്തി, ഇറങ്ങണ്ടേ.. ഞാനുറക്കെ ചോദിച്ചു.

ഓ, എന്ത് ചൊരം. നമുക്ക് ആവിക്കുളി മതി.

ഉള്ളിൽ കൊലവിളി മുഴങ്ങി. ഞാനവരോട് കാര്യം  തുറന്നു പറഞ്ഞു.

അങ്ങ് ദുഫായിലെ എ൯റെ കടയിൽ വരുന്ന കസ്റ്റമറിൽ നിന്നാണ് ഈ കുളിയുടെ കാര്യം ഞാനറിയുന്നത്. ആവിക്കുളി കുളിപ്പിക്കുന്ന ആളുടെ പേര് അറിയില്ല. നന്പറില്ല, രണ്ടുകാര്യങ്ങള്‍ മാത്രമറിയാം. ജില്ല വയനാട്. സ്ഥലം കംബ്ലക്കാട്.,,,,

കത്തുന്ന അനേകം കണ്ണുകളെ ഒരുമിച്ച് നേരിടേണ്ട അവസ്ഥ ഭീകരമാണ്.

ആളെ ഉസ്താദെന്നോ ഗുരിക്കളെന്നോ ആണ് അവ൯ പറഞ്ഞത്, കംബ്ലക്കാട് പോയി ആരോട് ചോദിച്ചാലും വഴി കിട്ടുമത്രെ. അവിടെ നിന്ന് പോകുന്ന ജീപ്പുകളെല്ലാം കുളിക്കാനുള്ളവരെ കൊണ്ട് നിറഞ്ഞതാണ്....

രംഗം ഒന്നു തണുപ്പിക്കാനായി ഇതുകൂടി ചേ൪ത്തു
അജ്ഞാതനായ ഒരാളെ  ഇത്രയും വിവരങ്ങള്‍ വെച്ച് കണ്ടെത്തി കാര്യസാധിക്കുന്നതില് തന്നെ ഒരു ത്രില് ഫീൽ ചെയ്യുന്നില്ലേ...

ഏതായാലും വന്ന സ്ഥിതിക്ക് മറ്റുസ്ഥലങ്ങള്‍ കുടി കാണാം.


പൂക്കോടിലെ പ്രാത

പൂക്കോട് തടാകമായിരുന്നു ആദ്യം കിട്ടിയ സ്പോട്ട്.

അങ്ങോട്ടു തിരിയേണ്ട വഴിയിൽ നിന്നും അല്പം മുന്നോട്ട് നീങ്ങിയാണ് ഫിറോസ് വണ്ടി നിറുത്തിയത്. വലതുവശം ചേ൪ത്ത് ഒന്നാന്തരം ഒരു ഭീകര ഏ.സി റെസ്റ്റോറ൯റ്.

-ഇതുവേണോ.. നമുക്ക് നാട൯ കട ഏതെങ്കിലും പോരേ..
വിലയെ കുറിച്ചുള്ള ആശങ്കയല്ല, മുന്തിയ ഹോട്ടലുകള്‍ക്കെവിടെയും ഒരേ രുചിയാണ്. നാടന്കടകള്‍ക്കേ പ്രാദേശികരുചി വിളന്പാ൯ കഴിയൂ.

വണ്ടിതിരിക്കാ൯ നേരം, പൂക്കോട് വഴി ഒന്നുകൂടി ഉറപ്പുവരുത്താ൯ വേണ്ടി ഒരാള്‍ തൊട്ടടുത്ത കരകൌശലസ്റ്റാളിൽ കയറി. ഒരു സ്ത്രീ അവിടെ ചിരിച്ചു കൊണ്ടു നിന്നിരുന്നു. തെക്ക് നിന്ന് കുടിയേറിയവരെന്ന് തോന്നുന്നു.

കൈയ്യിലൊരു പേപ്പറും കൊണ്ടാണവ൯ വണ്ടിയിലേക്ക് തിരിച്ചുവന്നത്.
-വഴിയെല്ലാം ഇതിലുണ്ടെന്ന് പറഞ്ഞു, പത്തുരൂപയും വാങ്ങി.
അവ൯റെ കൈയ്യില് വയനാട് ടൂറിസം മാപ്പ്.

ആളുന്ന വിശപ്പ് പ്രാക്കായി വണ്ടിയില് നിരന്തരം മൊഴിമാറ്റപ്പെട്ടുകൊണ്ടിരുന്നു. പൂക്കോട് എത്തുന്നതിന് മു൯പ് വലതുവശത്ത് ഒരു കുടുംബശ്രീ ഹോട്ടൽ. വണ്ടി നിറുത്താ൯ നേരമില്ലാതെ ശിങ്കങ്ങള്‍ ചാടിയിറങ്ങിപ്പാഞ്ഞു. ഒരു പാത്രത്തില് വെള്ളമെടുത്ത് പാഞ്ഞ കൂട്ടം പുറത്തേക്ക്. നിരയായിരുന്ന് കേരളമാതൃകയില് കാര്യം സാധിച്ച്, ആശ്വാസത്തോടെ പരിസരം ആസ്വദിച്ച് പതുക്കെ കടയിലേക്ക്...

സപ്ലൈക്കാര൯ ഇരിക്കാ൯ പറഞ്ഞ് അകത്തുപോയി തിരികെ വന്നു.
ദോശയും ഗ്രീ൯പീസും.
പോന്നോട്ടെ.
കറിവന്നു. വലിയൊരു പാത്രത്തില് എല്ലാവ൪ക്കും കൂടി. ദോശ മാത്രം വന്നില്ല. ക്ഷമ നശിച്ച്, ആക്രാന്തം മൂത്ത മുഖങ്ങള്‍ ഇരിക്കപ്പൊറുതിയില്ലാതെ  അടുക്കളയിലിറങ്ങി. മധ്യവയസ്കയായൊരു സ്ത്രീ രണ്ടടുപ്പിൽ ദോശ ചുടുന്നു. ആയവ എടുത്ത് തിരികെ വന്ന് നാസ്തിക്കാ൯ തുടങ്ങി. ചുടുദോശ ഗ്രീ൯പീസ് കറിയിൽ മുക്കി വായിൽ വെച്ചതും... എല്ലാവരുടെയും കണ്ണുകള് രുചിയാസ്വാദനത്താൽ വിരിഞ്ഞു.

എന്തൊരു രുചി. വിശപ്പി൯റേതല്ല. ആ ഗ്രീ൯പീസ് കറി...... ഹെ൯റുമ്മോ... നാവിലെ രസമുകുളങ്ങളെ സമ്മതിച്ചേ മതിയാകു. എത്ര കറികള്‍, എവിടെ നിന്നെല്ലാം രുചിച്ചിരിക്കുന്നു. മുകുളങ്ങളുടെ ഈയൊരു തിരിച്ചറിവ്... നമിച്ചിരിക്കുന്നു ദൈവമെ...

അടുക്കളക്കും ഞങ്ങള്‍ക്കുമിടയിൽ പലതവണ പാഞ്ഞ് അവശനായ അയാളെ വയനാട്ടിലെ സ്ഥലവില വിശദമായി ചോദിച്ച് അക്രമിച്ചു. ഒടുക്കം, അയാളുടെ വീടും കടയും മാന്യ ഉപഭോക്താക്കള്‍ വിലക്കെടുക്കുന്നതിന് മു൯പ് രക്ഷക൪ കടയിലേക്ക് കയറി. തൊട്ടടുത്ത് വിട് പണിയുന്ന കല്പണിക്കാ൪. അവ൪ ഞങ്ങളുടെ തീറ്റയും സംസാരവും തമാശയോടെ നോക്കിയിരുന്നു. പിന്നീടാണവ൪ക്ക് സംഗതി തിരിഞ്ഞത്.

കടയിലെ ഇന്നത്തെ നാസ്ത പരിപാടി ഞങ്ങളായിട്ട് അവസാനിപ്പിക്കുമെന്ന്. പിന്നെ, മുക്കൽ, മുരളൽ,... പാവം തോന്നി, മുക്രയിട്ട് ഞങ്ങളെഴുന്നേറ്റു.സൂചിപ്പാറയിലെ മഞ്ഞമുളക്കസേരകള്‍

പൂക്കോട് തടാകക്കരയില് ഒന്നുഴറി നടന്ന് സൂചിപ്പാറയിലേക്ക് തിരിച്ചു. തേയിലക്കാടുകളുടെ പച്ചപ്പുതപ്പിനുള്ളിലൂടെ, ആസ്വദിക്കത്തക്കവിധം സാവധാനമാണ് ഫിറോസ് വണ്ടിയോടിച്ചത്.

സൂചിപ്പാറയിൽ ക൪ശനനിരീക്ഷണമാണ്. പ്ലാസ്റ്റിക്, മദ്യം എന്നിങ്ങനെ....

വണ്ടിയിറങ്ങി കിലോമീറ്റലധികം കാനനപാതയിലൂടെയുള്ള നടത്തം അതീവഹൃദ്യം. ഇറക്കമല്ലെ, െഎല്ലാം ഈസിയാണ്. പക്ഷെ, കുളി കഴിഞ്ഞൊരു വരവുണ്ട്. പോയത് ഈ വഴി തന്നെയാണോ എന്ന് നാലുപാടും നോക്കി പലതവണ ഉറപ്പുവരുത്തും. ചാടിയിറങ്ങിയ ഓരോ കരിങ്കൽ പടവുകളും  കയറുന്പോള്‍ എണ്ണി തിട്ടപ്പെടുത്തും.

കയറ്റം കയറി കല്ലിച്ചുപോയ കാൽ മസിലുകള്‍ ഉഴിഞ്ഞു ശരിയാക്കാ൯, ഇടയ്ക്കിടെ  മഞ്ഞമുളകളാൽ ഇരിപ്പിടങ്ങളൊരുക്കിയിട്ടുണ്ട്.

ഏതായാലും സൂചിപ്പാറയിലെ കുളി ബഹുകേമം ആയിരുന്നു. ആദ്യം എല്ലാവരുമൊന്ന് മടിച്ചു. പിന്നെ ശുദ്ധജലത്തണുപ്പിലേക്ക് പതിയെ... ചുറ്റിനും യൂണീഫോമണിഞ്ഞ് കുടുംബശ്രീക്കാരുണ്ട്. ഒരുത്ത൯ കുപ്പിയും അനുബന്ധ സാമഗ്രികളുമായി താഴേക്ക് ഇറങ്ങുന്നത് കണ്ടപ്പോള്‍ വിസിൽ മുഴങ്ങി. നോ രക്ഷ. അയാള്‍ കയറിപ്പോയി. പിന്നെയും അനവധി വിസിലുകള്‍.

ഞങ്ങള്‍ക്കും കിട്ടി ഒരുവിസിൽ. വെള്ളച്ചാട്ടത്തിനരികിലേക്ക് പോകരുത്.

ചെറിയ ഒഴുക്കെയുള്ളു. വേനലല്ലെ, എന്നിട്ടും വിസിൽ മുഴക്കിയ വാശിയിൽ എല്ലാവരും വെള്ളച്ചാട്ടത്തിനരികിലേക്ക് നീന്തി, വഴുക്കള്ള തണുത്ത പാറയിൽ വലിഞ്ഞുകയറി, വെള്ളച്ചാട്ടത്തിനുള്ളിലൂടെ  അപ്പുറത്തേക്ക് നിരങ്ങി.

വെള്ളച്ചാട്ടത്തിന് പുറകിൽ നിന്ന് പുറത്തെ അവ്യക്തമായ കാഴ്ചയും, ഊക്ക൯ തണുപ്പും അനുഭവിക്കുക തന്നെ വേണം.

ഇറങ്ങിവരുന്പോഴാണ് വിവരമറിഞ്ഞത്.

ജലവൈദ്യുതി യന്ത്രങ്ങളുടെ ട൪ബൈ൯ കറങ്ങുന്നത് ജലശക്തിയിലെന്ന് പലവട്ടം പഠിച്ചിട്ടും ബാക്കി നിന്ന സംശയം, ഇറങ്ങുന്പോഴുണ്ടായ കാല് വഴുക്കലില്, പിരടി ആഞ്ഞുതല്ലി തക൪ത്ത്, വെള്ളച്ചാട്ടം ആ സംശയം എന്നെന്നേക്കുമായി തീ൪ത്തു.

പിന്നെ വന്നു, ക൪ണ്ണാടകയിലെ േഏതോ വുമണ്സ് കോളേജിൽ നിന്നും വലിയൊരുകൂട്ടം പെണ്പ്രജകള്‍.... പ്രകൃതിപരമായ ഉഷാ൪.... എല്ലാവരിലും. തകൃതിയായ കുളി. ബഹുജോ൪.
ആവിക്കുളിയിലേക്കുള്ള  യാത്ര

ഇനി എടയ്ക്കൽ ഗുഹ,

നി൪ദ്ദേശം  നിഷ്കരുണം ചുട്ടെരിക്കപ്പെട്ടു.

അതുവേണ്ട, നേരെ കംബ്ലക്കാട്. ആവിക്കുളി കുളിച്ചിട്ടേ ഇനി കാര്യമുള്ളു. എടയ്ക്കലേക്ക് മറ്റൊരിക്കലാകാം...

നേരെ കംബ്ലക്കാട്.

നാല്പ്പതിലധികം കിലോമീറ്റ൪  ഓടി അവിടെയെത്തി. ആദ്യം കണ്ട കടയിൽ കയറി അന്വേഷിച്ചു. ഇല്ല, അങ്ങിനെ ഒരു ഉസ്താദിനെ അറിയില്ല.

പിന്നെയൊരു ജീപ്പുകാരനോട്.  അയാള്‍ക്കും അറി.യില്ല. വണ്ടിയിൽ അണപ്പല്ലുകള്‍ ഞെരിയുന്ന ശബ്ദം. മുറുമുറുപ്പ്....

അവസാനതുറുപ്പ്. ഓട്ടോസ്റ്റാ൯ഡ്. ആദ്യ രണ്ടുപേ൪ അങ്ങനൊരു ഉസ്താദിനെയും കുളിയും ഞങ്ങള്‍ പറഞ്ഞാണറിയുന്നത്. കാര്യമറിഞ്ഞ് അവ൪  അത്ഭുതപ്പെട്ടു.  -പൊന്നാനീന്ന്.... ഈ കുളിക്ക് വേണ്ടി മാത്രം.....

മൂന്നാമത്തെ ഓട്ടോക്കാര൯ ചെറിയ സൂചന തന്നു.
അങ്ങിനൊരു ഉസ്താദ് ഉണ്ട്. പക്ഷെ, മൂപ്പര് ചില്ലറ ചികിത്സയും വീടിന് കുറ്റിയടിക്കലും മാത്രെ ഉള്ളു...ങ്ങള് പറഞ്ഞ കുളിപ്പരിപാടി മൂപ്പര്ക്കില്ല. അന്നേരം അയാളുടെ ചിറിക്കോണിലെ ഓഞ്ഞ ചിരി ഇപ്പോഴും ഞാ൯ മറന്നിട്ടില്ല.

വഴി ചോദിക്കാനിറങ്ങിയ എനിക്ക് വണ്ടിയിലേക്ക് തിരിച്ചുപോകാ൯ തോന്നിയില്ല. സ്റ്റേറ്റ് ബസ്സില് ഓടിക്കയറി നാട്ടിലേക്ക് വിട്ടാലോ... എങ്ങിനെ പോയാലും പിറ്റേന്നുള്ള കണി ഈ മുഖങ്ങള്‍ തന്നയല്ലെ എന്ന സത്യം....

ഇനിയെന്ത് ചെയ്യും....

ഒരു ബള്‍ബ് കത്തി.
പാതിവഴിയിൽ നിന്ന് ഞാ൯ ഓട്ടോക്കാര൯റെ അരികിലേക്ക് തിരിച്ചുനടന്നു.

-ഈ പരിപാടിയുള്ള വല്ല വൈദ്യന്മാരും.... അതായത് ഗുരുക്കന്മാര്...

-അങ്ങിനെ പറ... അയാള്‍ ചിരിച്ചുകൊണ്ട് ഓട്ടോയിലടിച്ചു.
ഉള്ളിലൊരു തണുപ്പ്. നമ്മുടെ രാജ൯ഗുരിക്കള്..... അത് ദാ, ഈ വഴി പോയി.... അയാള്‍ വഴി പറഞ്ഞുതന്നു. സംശയം തോന്നുന്ന സ്ഥലത്ത് എച്ചോം രാജ൯ഗുരിക്കള്‍ എന്നു പറഞ്ഞാ മതി.

അയാള്‍ പറഞ്ഞ വഴിയും, മന്ത്രവുമായി വണ്ടി മുന്നോട്ട്... ശങ്കിച്ച  ഇടങ്ങളിലെല്ലാം  അയാളുടെ മന്ത്രം ഫലിച്ചു. അവസാനം രാജ൯ ഗുരിക്കളുടെ വീട്ടിലേക്കുള്ള വഴിയിലെത്തി. ഉറപ്പുവരുത്താ൯ വഴിയ്ക്കരികിലുള്ള കടയില് കയറി ചോദിച്ചു.

-നിങ്ങള്‍ എവിടുന്നാ... അയാള്‍ക്ക്  ഉത്തരത്തിന് പകരം ചോദ്യങ്ങളാണുണ്ടായിരുന്നത്. മറുപടി പറഞ്ഞു.

-നിങ്ങളിൽ ആരെയാ വൈദ്യരെ കാണിക്കേണ്ടത്.

-വൈദ്യരെ കാണിക്കാനല്ല, ഞങ്ങളെല്ലാവ൪ക്കും ഒന്നും കുളിക്കണം. ആവിക്കുളി.

അയാള്‍ വല്ലാത്തൊരു പകപ്പോടെ ഞങ്ങളെ നോക്കി. എന്നിട്ട് പറഞ്ഞു.
ഇത്രേം ദൂരത്ത്ന്നും വന്നത് വെറുതെ ആയല്ലോ മക്കളെ. കണ്ണീ ചോരയില്ലാതെ അയാള്‍ വിശദീകരിച്ചു.

-ഇന്ന് ബുധനാഴ്ചയല്ലെ, വൈദ്യര് കോഴിക്കോട് ബ്രാഞ്ചിലാകും. പിന്നെ സമയാണെങ്കീ നാലായി. ഇപ്പൊ ഇതൊന്നും നടക്കൂല....

-എന്താ ചെയ്യാ... തിരിച്ചുപോകാം. ഞാനാരുടേം മുഖത്ത് നോക്കീല്ല. ഇന്നെന്തൊരു ദിവസമാണ്. അടിച്ച പൂഴിക്കടക൯ എ൯റെ കണ്ണിൽ തന്നെയാണല്ലോ വീണത്.

വണ്ടിയിൽ കയറിയിരുന്ന നിമിഷം ഒരുത്ത൯ അന്നേരത്തെ മൂകത ഭേദിച്ചു.

ഇതുവരെ വന്നതല്ലെ, വൈദ്യരുടെ വീടൊന്നു കാണാലോ... വണ്ടിയെടുക്ക്. വൈദ്യരുടെ വീട്ടിലേക്ക്.

എണ്ണം പറഞ്ഞ ഉരുള൯കല്ലുകളിലൂടെ, പിടുത്തംവിട്ട കയറ്റിറക്കത്തിലൂടെ ഫിറോസ് ശ്രദ്ധാപൂ൪വ്വം വണ്ടിയോടിച്ച്, വൈദ്യരുടെ വീടിന് മുന്നിലെത്തിച്ചു.


വൈദ്യരുടെ വീട്

ചെറുതല്ലാത്തൊരു ആയൂ൪വേദ ആശുപത്രി പ്രതീക്ഷിച്ച ഞങ്ങള്‍ക്ക് മു൯പില് നരച്ച കളറിൽ, ആള്‍താമസമൊന്നും ദ്യോതിപ്പിക്കാതെ, നി൪വ്വികാരമായ ഭാവത്തോടെ ചെറിയൊരു വീട്.

-ദിതാണോ നീ പറഞ്ഞ വൈദ്യരുടെ വീട്... ഇവിടാണോ നി൯റെ ആവിക്കുളി. എന്തൊക്കെയായിരുന്നു.....

ഇറങ്ങ്.

ഞാനാദ്യം ഇറങ്ങി വരാന്തയിൽ കയറി. കോളിംഗ് ബെല്ലടിച്ചു. ശബ്ദമൊന്നും കേട്ടില്ല. പിന്നെയും അമ൪ത്തി. കേട്ടില്ല, ഇനി കര൯റുണ്ടാവില്ലെ. അല്ല അങ്ങിനെയാണല്ലോ ഇന്നത്തെ ദിവസം. പിന്നീട് വന്നവരൊക്കെ സ്വിച്ച് അമ൪ത്തിക്കൊണ്ടിരുന്നു.

അടുത്തഘട്ടം. വാതിലിൽ.
വിരൽ മടക്കി പുറഭാഗം കൊണ്ട് പതുക്കെ.... നോ പ്രതികരണം. പിന്നെ അഞ്ചുവിരലുകളും നിവ൪ത്തി തല്ലിത്തുടങ്ങി. ഒപ്പം, ദയനീയ സ്വരത്തിൽ എ൯റെ വൈദ്യരെ..... വിളിയും. പുറകിൽ ചിരിയുടെ അമിട്ട് പൊട്ടിത്തെറിച്ചു.

വീടി൯റെ മു൯വശപ്രയോഗം  അവസാനിച്ചപ്പോള്‍ പുറകിലേക്ക് നടന്നു. അടഞ്ഞവാതിലുകള്‍. അല്പ്പം കൂടി നടന്നപ്പോ, കഷായത്തി൯റെ മണം. മീ൯മണമടിച്ച പൂച്ചയെപ്പോലെ തിരക്കിട്ട് തിരഞ്ഞു. വീടിന് പുറകിലൊരു കുടിലുണ്ട്. വാതിൽ തുറന്ന് അകത്തുകയറി. ദാ...... മുന്നിൽ നിൽക്കുന്നു ടെലിഫോണ് ബൂത്തിലെ കോളിംഗ് കാബി൯ പോലെ മൂന്ന് അറകള്‍.

കാബി൯റെ വാതിൽ തുറന്ന് തലമാത്രം അകത്തേക്കിട്ടു. കഷായക്കൂട്ടുകളുടെ രൂക്ഷത. തിമി൪പ്പോടെ തിരിച്ചുപാഞ്ഞു.

സ്ഥലം ഇതുതന്നെ. ഇനി ആളെ കിട്ടണം. എല്ലാവരും കാബിനരികിലേക്ക് നടന്നു. അതിനിടയില് ഉറക്കെയുള്ള വ൪ത്തമാനം. പൊട്ടിച്ചിരിയല്ല,  അട്ടഹാസങ്ങള്‍..

സൈഡിലുള്ള ഒരു വാതിൽ തുറക്കപ്പെട്ടു. ശേഷം അതിനപ്പുറത്തേത്. പിന്നെ മുഴുവ൯ വാതിലുകളും. ഞങ്ങള്‍ നിശ്ശബ്ദരായി പരസ്പരം നോക്കി. സ്വപ്നമാണോ...

മിക്ക വാതിലിനപ്പുറവും രോഗികളാണ്. അഡ്മിറ്റ് ചെയ്യപ്പെട്ടവ൪.

അപ്പോഴേക്കും ഏറ്റവും പിറകിലെ വാതിൽ തുറന്ന് വൈദ്യരുടെ സഹായി -ആദിവാസി  വംശജ൯- അരികിലെത്തി. ചോദ്യത്തിന് കാത്തുനിന്നില്ല.  ആവശ്യമറിയിച്ചു.

-നടക്കില്ല. സമയം കഴിഞ്ഞു. തുടക്കത്തിലെ സ്വാഭാവിക ബലം പിടുത്തം. ഇതെത്ര കണ്ടിരിക്കുന്നു എന്ന ഭാവേന കൂട്ടത്തിലൊരുത്ത൯, കുളിക്കൂലിയായ - ഡ്രൈവറൊഴിച്ച ആറുപേ൪ ഗുണിതം നുറ്റന്പത് സമം - തൊള്ളായിരം രൂപ കൈയ്യില് വെച്ചു കൊടുത്തപ്പോള്‍ അദ്ദേഹത്തി൯റെ കണ്ണുകളില് ആയിരം ലഡു ഒരുമിച്ച് പൊട്ടുന്നതി൯റെ തിളക്കം.

പിന്നെ എല്ലാം പെട്ടെന്നായിരുന്നു.
മരുന്ന് മറിക്കൽ, തിരിക്കൽ, അടുപ്പൊരുക്കൽ.....എന്തായിരുന്നു  അയാളുടേം സഹായികളുടേം തിരക്ക്.

പൊന്നാനിയിൽ നിന്ന് കുളിക്കാനെത്തിയവരെ കൌതുകത്തോടെ  നോക്കി രോഗികളും സഹായികളുമായി ഒരു കൂട്ടം പുറത്തുണ്ടായിരുന്നു. ഞങ്ങള്‍ ആല് മുളച്ചവരായി നെഞ്ച് വിരിച്ച്, പതറാതെ ധീര സഖാക്കളായി നിന്നു.

ആ ജനസഞ്ചയം മുഴുവ൯ അതിനുള്ളിലുണ്ടായിട്ടം, അത്രമേല് ശാന്തമായി വൈദ്യരുടെ വീട് കിടന്നതെങ്ങിനെയെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല. എന്തോരം മ൪ദ്ദനമുറകളാണ് ആ സ്വിച്ചിലും വാതിലിലും പ്രയോഗിച്ചത്. എന്നിട്ടും........


ആവിക്കുളി

ഏകദേശം പതിനഞ്ചുമിനുട്ടിന് ശേഷം വൈദ്യരുടെ മാന്യനായ സഹായി വീണ്ടും വന്നു.

 അപ്പോള്‍ തീയിട്ടു തുടങ്ങിയ ഒരു കാബിനില് നിന്ന് പുകയുയരുന്നത് കാണാമായിരുന്നു. പച്ചമരുന്നുകള്‍ വെന്തെരിയുന്നതി൯റെ ആസ്വാദ്യകരമായ വാസന പരിസരം മുഴുവ൯. അതൊക്കെ വീക്ഷിച്ചു നില്ക്കുന്നതിനിടയിലാണ്...

-ആരാണ് ആദ്യം... സഹായിയുടെ ചോദ്യം.

ആദ്യം...

പരസ്പരം നോക്കിയെങ്കിലും ആരും മറുപടി നല്കിയില്ല. പേടിയല്ല, ചെറിയൊരു ഭയം എല്ലാവ൪ക്കും. സഹായി ചോദ്യം ആവ൪ത്തിക്കുന്നതിന് മു൯പെ കൂട്ടത്തിലെ തടിയ൯ (എല്ലാവരും തടിയന്മാരാണെങ്കിലും ഒരിഞ്ചിന് ഇവനാണ്) അവ൯ മുന്നോട്ടുവന്നു.

-ഇതെന്താ ഇങ്ങിനെ..

-എതെന്താ എങ്ങിനെ.. കോറസ്.

-ഈ കളസവും കുപ്പായവും ഊരണം, അടിവസ്ത്രമടക്കം.

ഒരു ജനസഞ്ചയത്തിന് മു൯പിൽ വെച്ച് ഞങ്ങള്‍ കൂട്ടമായി വിവസത്രരാക്കപ്പെട്ടു.

ദു൪ബലമനസ്കരായ കാണികള്‍ മുറികളിലേക്ക് കയറിപ്പോയി.

കാബിനിലേക്ക് കയറുന്നവ൪ പരിപൂ൪ണ്ണ സ്വതന്ത്രരായി. തിങ്ങിനിറഞ്ഞ പുകയിലേക്കും ഇരുട്ടിലേക്കും കയറ്റി, വാതിൽ പുറത്ത് നിന്നും കുറ്റിയിട്ടു. നിലിവിളിക്കാ൪ക്ക് വേണ്ടി മാത്രം ഘടിപ്പിച്ച ചില്ല് ജനാലയിലുടെ ശേഷിച്ച വസ്ത്രവും പുറത്തേക്കെടുത്തു.

ചൂടിന് കാഠിന്യമേറി വന്നു. പട്ടികകള്‍  അടുപ്പിച്ച് അഴിയിട്ട കാബിനിലെ തറക്കുഴിയിൽ നിന്നും സുഗന്ധപൂരിതവും ചൂടാ൪ന്നതുമായ നീരാവി വെള്ളപ്പുകയ്ക്കൊപ്പം കുമുകുമാ പതഞ്ഞുയ൪ന്നു.

നഗ്നമായ കാൽപാദത്തിലൂടെ, നവദ്വാരങ്ങളിലൂടെ, ദേഹത്തിലെ ഓരോ കോശങ്ങളിലൂടെയും ചൂടുനൊപ്പം ആവിയും...

രണ്ടേരണ്ടു നിമിഷം കൊണ്ട് വെട്ടിവിയ൪ത്തൊഴുകാ൯ തുടങ്ങി. പെരുമഴയത്ത് ഇറങ്ങിനിന്ന പോലെ ദേഹത്ത് നിന്നും വെള്ളം ചാലുവെട്ടിയിറങ്ങി.

പൊള്ളുന്ന പാദങ്ങള്‍ മാറ്റി ചവിട്ടിയും, ശരീരം പലഭാഗങ്ങളിലേക്ക് വശം ചേ൪ത്തും, ചൂട് കുറയ്ക്കാ൯ ആ൪ത്തുവിളിച്ചും പരമാവധി സമയം ഓരോരുത്തരും  നീരാടി.

എല്ലാം കഴിഞ്ഞ് മാന്ത്രികഅറയിൽ നിന്ന് ഇറങ്ങുന്പോഴുള്ള സുഖം..... ഹൌ...
അറിയിക്കാനാകാത്ത ആനന്ദം ഓരോ അണുവിലും.... ദേഹം മുഴുക്കെ വല്ലാത്തൊരു ലാഘവത്വം. നിലം മുഴുവ൯ പഞ്ഞിക്കെട്ടുകള്‍ നിറയ്ക്കുകയും അതിന് മീതെ ദേഹഭാരമില്ലാതെ ഒഴുകിപ്പോവുകയും ചെയ്യുന്നൊരവസ്ഥ...


ആവിക്കുളിക്ക് ശേഷം....

ആറാട്ട് കഴിഞ്ഞ് എല്ലാവരും സഹായി പറഞ്ഞപ്രകാരം, ദേഹം തണുത്ത ശേഷം, തണുത്ത വെള്ളത്തില് തോ൪ത്തു മുക്കിപ്പിഴിഞ്ഞ് ആസകലം തുടച്ച് വൃത്തിയാക്കുന്നതിനിടയിലാണ്...

- ഒരു സംസാരം. ആവശ്യപ്പെടുന്നതി൯റെയും നിഷേധിക്കുന്നതി൯റെയും സ്വരം.

ഒടുക്കം നിഷേധക്കാര൯ അയഞ്ഞു. അതങ്ങിനേ വരൂ. കാരണം ആവശ്യക്കാര൯ മുന്നേ പറഞ്ഞ തടിയനാണ്.

-തുടക്കക്കാരനായതിനാൽ ബേജാറ് നിറഞ്ഞ കുളിയായിരുന്നു. ആസ്വദിക്കാ൯ കഴിഞ്ഞില്ല. കുറച്ച്നേരമെ നിന്നുള്ളു. ഒരിക്കലൂടെ കുളിക്കണം. അതും ആദ്യതുകയില് ഉള്‍പ്പെടുത്തി.

അങ്ങിനെ അവ൯റെ എക്സട്രാ നീരാട്ടും കഴിഞ്ഞു.
സഹായിയോട് മൊബൈൽ നന്പറും വാങ്ങി, അവനോടും അന്തേവാസികളോടും യാത്ര പറഞ്ഞ്.... ശാന്തമായ മനസ്സുമായി വണ്ടിയിൽ കയറി.

എല്ലാവരിലും പ്രസന്നത.

ഫിറോസ് നെറ്റി ചുളിച്ചു. വണ്ടിയാകെ കഷായമണം. ആയു൪വേദ ആശുപത്രിയിൽ കയറിയതുപോലെ. ഏറെനേരം ഗ്ലാസ് തുറന്നിട്ടു. നോ രക്ഷ. ഓരോരുത്തരും ശ്വസിക്കുന്നത് പോലും പച്ചമരുന്ന് ഗന്ധം.

ഹൈവെയില് കയറുനപോള്‍ നേരം  ഇരുട്ടിത്തുടങ്ങിയിരുന്നു. ആരും ഒന്നും സംസാരിക്കാതെ കുളിയുടെ സുഖദത്തിലാണ്.

ഫ്ലവ൪ ഷോ

കല്പ്പറ്റ എത്തിയപ്പോള്‍ വലിയൊരു കമാനം റോഡിന് കുറുകെ വളച്ചുവെച്ചിരിക്കുന്നു. ഫിറോസ് വണ്ടി സ്ലോവാക്കി.

ഫ്ലവ൪ ഷോ.

കയറല്ലെ, ഒരാള്‍ ചോദിച്ചു.

അല്ലാതെ പിന്നെ... അങ്ങോട്ട് വിട്.

വ൪ണ്ണവൈവിധ്യങ്ങളുടെ ഉഗ്ര൯ഷോ ആയിരുന്നു അത്. കരുതിയതിനേക്കാള്‍ കൂടുതല് അവരൊരുക്കിയിരുന്നു.

പേരറിയാത്ത നൂറുകണക്കിന് പൂച്ചെടികള്‍ക്ക് മു൯പിൽ ദൈവമെന്ന മഹാകലാകാരനെ ഉള്ളിൽ വണങ്ങി നിന്ന നിമിഷങ്ങള്‍...

മനസ്സും പഞ്ചേന്ദ്രിയങ്ങളും നിറഞ്ഞുകവിഞ്ഞ്, വയനാട൯ മഞ്ഞുപെയ്തു തുടങ്ങിയ രാവും, ഫിറോസ് മൂളിച്ച പങ്കജ് ഉധാസി൯റെ ഗസലും ആസ്വദിച്ച് തിരികെ നാട്ടിലേക്ക്....

മനോജ്ഞമായ അവധിക്കാലക്കൂട്ടത്തി൯റെ അവസാനിക്കാത്ത യാത്രകള്‍ക്ക് താല്ക്കാലിക വിരാമം,
----------------------------------
അലി പുതുപൊന്നാനി.
14-10-2013


10 comments:

ശ്രീക്കുട്ടന്‍ said...

യാത്രയില്‍ ഒപ്പമുണ്ടായിരുന്നതുപോലെയൊരു തോന്നല്‍. ഹൃദ്യമായ എഴുത്ത്. നല്ല ചിത്രങ്ങളും...

Mujeeb Rahman Theparambil Ppni (MRTt) said...

very good narration, is it effective(steam bath)

ലംബൻ said...

ഹമ്പടാ.. ആവി കുളി കലക്കിയല്ലോ.. അവര്‍ ഇതൊക്കെ പ്രമോട്ട് ചെയ്താല്‍ ഒരു പാട് ആള്‍ക്കാര്‍ വരും. പ്രത്യേകിച്ചും വിദേശികള്‍.

Unknown said...

നന്ദി, ശ്രീകുട്ട൯.

Unknown said...

മുജീബ്- ആവിക്കുളി... ഒരു റിലാക്സ്... അത്രമാത്രം. ശരിക്കും അത് മസാജിന് ശേഷമാണ് ചെയ്യേണ്ടതെന്നാണ് സഹായി പറഞ്ഞത്..

Unknown said...

ശ്രീജിത്ത്-- അഭിപ്രായത്തിന് നന്ദി. നഗരങ്ങളില് ഓരോ ബ്രാഞ്ച് തുറന്നാലോ നമുക്ക്...

ajith said...

നല്ല രസകരമായ വിവരണം

തുമ്പി said...

ആവിക്കുളി കുളിച്ചേ അടങ്ങൂ എന്ന ദൃഢനിശ്ചയം വിജയം കണ്ടതില്‍ സന്തോഷം. ആവിക്കുളിയുടെ വിവരണം നന്നായി.ആമുഖത്തില്‍ പറഞ്ഞിരിക്കുന്ന വാചകവും ഇഷ്ട്ടപ്പെട്ടു.ഓ൪മ്മയായ അനുഭവങ്ങള്‍ അക്ഷരങ്ങളാക്കി പലയാവ൪ത്തി വായിച്ചനുഭവിക്കുന്നത് ഒരുതരം ആത്മരതിയാണ്. അതെനിക്ക് ഇഷ്ടവുമാണ്.എനിക്കും.

Unknown said...

നന്ദി,അജിത്തേട്ടാ...

Unknown said...

തുന്പി- നന്ദി, നീണ്ട അഭിപ്രായത്തിലൂടെ ഹൃദയം നിറച്ചതിന്.