എഴുത്ത്

ഈ പേജ് എ൯റെ കുറിപ്പുകള്ക്കുള്ളതാണ്.

ഗദ്യമെന്നോ കവിതയെന്നോ വെറുമൊരു കുറിപ്പെന്നോ വേ൪തിരിച്ചെടുക്കാനാകാത്ത,  ഡയറിയെഴുത്ത് പോലൊന്ന്.

പലയിടങ്ങളിലായി കോറിയിട്ടവ ഈ പേജിലേക്ക് സ്വരുക്കൂട്ടുകയാണ് ലക്ഷ്യം. നന്ദി.
--------------------------------------------------------------------------------------------------

1. സൂഖിലൂടെ നടക്കുന്പോള്‍,,,,

മഹാനഗരം സുഖസമൃദ്ധിയിലാണ്.
സൂക്കിലെ ഗല്ലിയിലൂടെ നടക്കുന്പോള്‍
സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ കഴുകിയിട്ട
അഴയ്ക്ക് താഴെ നിന്നൊരാള്‍ മഴനനയുന്നത് കണ്ടു.

മഹാനഗരം ആസൂത്രണവൈദഗ്ദ്യത്തില്‍ പെരുമയുള്ളതാണ്. 
സൂക്കിലേക്കുള്ള യാത്രയില്‍
മൂത്രമൊഴിക്കാനൊരു മറപ്പുരയില്‍ കയറി.
അടിവയറ്റിലാളിയ തീയില്‍ മൂത്രം വറ്റിവരണ്ടു.
വൃഷ്ണവും ലിംഗവും കൊടുംതണുപ്പിലെന്ന പോലെ ചുക്കിച്ചുരുണ്ടു.
ഒരു പൂച്ച,
കേള്‍വിയും കാഴ്ചയും കൊട്ടിയടച്ച്
ക്ലോസറ്റിലെ മഞ്ഞവെള്ളത്തില്‍ ദാഹം തീര്‍ക്കുന്നു.

മഹാനഗരം പരിസ്ഥിതിസൗഹൃദമാണ്.
സൂക്കിലൂടെയുള്ള നടത്തത്തില്‍
ഒരു അടയ്ക്കാകിളി വെപ്രാളത്തോടെ പറക്കുന്നതുകണ്ടു.
ഒരിടത്തും അവന് ഇരിപ്പുറക്കുന്നില്ല.
ഒടുക്കം അമൃതേത്ത് കണ്ടെത്തി.
ഏ.സിയുടെ അടിത്തട്ടിലൂറിയ വെള്ളം...
ആടുജീവിതത്തിലെ നജീബിന്‍റെ ദാഹത്തേക്കാള്‍ ദാഹം.
തട്ടില്‍ കാലുകളൂന്നി തുടം വെള്ളത്തില്‍ ചുണ്ട് തുറന്നു.
കണ്ണുകളുടെ മഞ്ഞപ്പോളകള്‍ നിര്‍വൃതിയില്‍ തുറന്നടഞ്ഞു.
മതിലിനപ്പുറത്തെ മുറിയില്‍ മനുഷ്യന്‍ ഓണ്‍ചെയ്ത
ഏ.സിയുടെ ചുടുകാറ്റില്‍ തൂവല്‍ വിറച്ചു.
ശക്തിയേറിയ തള്ളലില്‍ അവന്‍ എന്‍റെ കാല്‍ക്കീഴിലേക്ക് തെറിച്ചു.
അരികിലിരുന്ന്, കൈകളിലെടുത്ത്
ഒരുതുള്ളി കണ്‍ജലം ഞാനവന്‍റെ ചുണ്ടിലുറ്റിച്ചു.
ഒരുതവണകൂടി കണ്ണടച്ചു തുറന്നു.
പിന്നെ അവന്‍ ഭൂമിയും ദേഹവുമില്ലാതെ പറന്നു.


2. സൂഖിലൂടെ നടക്കുന്പോള്‍,,,,

സൂഖിലൂടെ നടക്കുന്പോള്‍
ഉടലാണ് സംസാരം, ഭാഷ അലങ്കാരമാണ്.
ഇണങ്ങിയ മൊഴികളൊഴികെയുള്ളവ
ശബ്ദങ്ങള്‍ മാത്രം.

സൂഖിലൂടെ നടക്കുന്പോള്‍..
ഒഴിഞ്ഞും തിരിഞ്ഞും പായുന്ന ചുമലുകള്‍
ഓരോ ശവപേടകം ചുമക്കുന്നുണ്ട്.
മരിച്ചു ജീവിക്കുന്ന ലോകം തെരുവിലാണ്.

വഴിയുന്ന വര്‍ണ്ണപ്രപഞ്ചം, ചത്തുമലച്ച ഗ്രാമക്കണ്ണിലെ സ്വപ്നം.

സൂഖിലുടെ നടക്കുന്പോള്‍ 
ബംഗാളി ഒരാളുമറിയാതെന്‍റെ കയ്യില്‍ പിടിച്ചു.
അന്പതു ദിര്‍ഹമിന് റിലാക്സ് മാന്‍തെ.
കന്പ്യൂട്ടറില്‍ നോക്കിയും, വായിച്ചും, 
സ്വപ്നങ്ങള്‍ കണ്ടും കറുത്ത 
കണ്‍ത്തടങ്ങള്‍ കണ്ട് ഞാനൊരു വിടനാണെന്നവന്‍ വായിച്ചിരിക്കണം.
കുറച്ചുനേരം അവനെന്‍റെ തോളോട് ചേര്‍ന്ന് നടന്നു, പറഞ്ഞു.
പഞ്ചാബി, തമിഴ്, ശ്രീലങ്ക, ഹൈദരാബാദ്, മലയാളി.... 
എനിക്കപ്പോള്‍ റോളയിലെ ബുക്ക്ഷോപ്പാണ് ഓര്‍മ്മവന്നത്.
അപരിചിതരുടെ ഭോഗത്തില്‍ ഭാഷയെവിടെയാണ് വരുന്നതെന്നവനോട് ചോദിക്കാന്‍ തോന്നി.

സൂഖിലുടെ നടക്കുന്പോള്‍
ഇലക്ട്രോണിക് ഷോപ്പിന്‍റെ വാതിലില്‍ ഫിലിപ്പീനിപ്പെണ്ണ് പുതിയ ഉത്പന്നങ്ങളുടെ ബ്രോഷര്‍ നല്‍കുന്നുണ്ട്. എല്ലാവര്‍ക്കുമില്ല, നല്ല കസ്റ്റമറെന്ന് തോന്നിപ്പിക്കുന്നവര്‍ക്ക് മാത്രം.
ഞാന്‍ കൈനീട്ടി, 
പതിവ് തെറ്റിയില്ല, 
എവിടെയും എനിക്കവ കിട്ടാറില്ല. 
അവള്‍ കഴുത്ത് വെട്ടിച്ച് തെരുവിനറ്റത്തേക്ക് നോക്കി.
ദൈവം എന്‍റെ പ്രഥമ ദേഹഭാഷ എങ്ങിനയാകാം നിര്‍മ്മിച്ചിട്ടുണ്ടാവുക

സൂഖിലൂടെ നടക്കുന്പോള്‍ 
കൂര്‍പ്പിച്ച ആയുധങ്ങളുമായി പ്രലോഭനം ചുഴികളൊരുക്കുന്നുണ്ട്.
ഷണ്ഡീകരിക്കപ്പെട്ടവന്‍റെ ഉള്‍നോവ് കണ്ണുകള്‍ക്കറിയില്ലെന്ന് തോന്നുന്നു, 
അവ പിന്നെയും നഗ്നത പരതുന്നു.

സൂഖിലൂടെ നടക്കുന്പോള്‍ 
പാകിസ്ഥാനി വന്ന് മന്ത്രിക്കുന്നു..
ലോകത്തിന്‍റെ ഏതുകോണിലേക്കും കള്ളടാക്സിയില്‍ കൊണ്ടുവിടുമെന്ന ഭാവം ഇഷ്ടമായി.
ഒളിച്ചോടിപ്പോകാന്‍ ഇടമില്ലാത്തതാണ് ലോകത്തിലെ ദുരിതം എന്നുപറഞ്ഞപ്പോളവന് മനസ്സിലായി.
അവന്‍ പൂര്‍ത്തിയാക്കി -ഓരോ മനുഷ്യരും ട്രാകിങ്ങ് സിസ്റ്റം ഘടിപ്പിച്ച ഗവണ്‍മെന്‍റ് ടാക്സികളാണ്.

സൂഖിലൂടെ നടക്കുന്പോള്‍ കണ്ട ഒന്നാം ക്യൂവില്‍ വെറുതെ കയറിനിന്നു.
വരിയവസാനം കണ്ട മുറിയിലെ കാബിനുകളില്‍ ഇറച്ചിയെന്നറിഞ്ഞപ്പോള്‍ തീര്‍ന്ന കൗതുകത്തില്‍ തിരിഞ്ഞുനടന്നു.
നീണ്ട രണ്ടാം വരിയവസാനം മാക്ഡൊണാള്‍ഡിന്‍റെ ഒരുദിര്‍ഹം ഐസ്ക്രീമായിരുന്നു.

സൂഖിലൂടെ നടക്കുന്പോള്‍ 
മണല്‍ക്കാറ്റ് നടുമുറ്റത്ത് ബാല്യം തിരയുന്നുണ്ട്.
ഇഷ്ടിക പാകിയ ഫുട്പാത്തിന് കീഴെ ഒട്ടകക്കൂട്ടങ്ങളും സാര്‍ത്ഥവാഹകരും കടന്നുപോകുന്നുണ്ട്
ഇളകിയൊരിഷ്ടികയുടെ അരികില്‍ കാതോര്‍ത്തു
ഈന്തപ്പനയുടെ വിലാപം.

3 comments:

Unknown said...

സൂഖിലൂടെ നടക്കുമ്പോൾ...
ഭാഷയറ്റ മൊഴികൾ ,
മൂടിവച്ച കാക്കപ്പൊന്നിനായി തിരഞ്ഞു...

Usman Pallikkarayil said...

സൂഖിലൂടെ നടന്നുനടന്നെത്തിയതൊരു മനസ്സിന്റെ ഇടനാഴിയില്‍...

Sreejith Kariat said...

സൂഖിൽ പോയിട്ടുമില്ല.... നടന്നിട്ടുമില്ല......
വായിച്ചുകഴിഞ്ഞപ്പോൾ.... സൂഖിൽ തന്നെയല്ലേ ഇത്രകാലം ഞാൻ അലഞ്ഞുതിരിഞ്ഞത്...