Wednesday, February 5, 2014

ആത്മഗതം


മിഴികള്‍ നിറഞ്ഞ മുഖങ്ങളോട് ഒരിക്കലൂടെ യാത്ര പറഞ്ഞ് പടികളിറങ്ങുന്പോള്‍ പുറത്തെ ഇരുട്ടില്‍ മഴ പെയ്യുന്നുണ്ടായിരുന്നു. കനപ്പിച്ചുള്ള പെയ്ത്താണ്. നെരിപ്പോടുകളെരിയുന്ന കരയിലേക്ക് അകലുന്നതിലുള്ള പരിഭവമാകാം. 

റോഡില്‍ നിറുത്തിയിട്ട കാറിലേക്ക് ഇക്കാക്കയുടെ കുടയ്ക്ക് കീഴെ നടക്കുന്നതിനിടയില്‍ ബോധപൂര്‍വ്വം പലതവണ വഴുതി മഴ നനഞ്ഞു. 

കാര്‍ പാലത്തിലേക്ക് കയറിയപ്പോള്‍ ഗ്ലാസ് പാതി താഴ്ത്തി പുഴയിലേക്ക് നോക്കി. പുഴയാകെ ഇരുട്ട് നിറഞ്ഞിരിക്കുന്നു. 

പുഴയിലെ മഴപ്പെയ്ത്ത് ഇനിയെന്നാണ് കാണുക. 

പുഴയില്‍ പല വലുപ്പത്തിലുള്ള വൃത്തങ്ങള്‍ നിറച്ച്, മരം പെയ്ത പൂക്കളെ നറുനീരില്‍ നനച്ച് മഴപെയ്യുന്പോള്‍ ചെറുചൂടുള്ള പുഴവെള്ളത്തില്‍ ഊളിയിട്ടു കിടക്കുന്നതിന്‍റെ സുഖം.... തലയ്ക്ക് മീതെ തിമിര്‍ക്കുന്ന മഴത്താളത്തിന്‍റെ രസം.... പുഴക്കരയിലപ്പോള്‍ ചിറക് നനഞ്ഞ് ചൂളിയിരിക്കുന്ന കിളികള്‍ നിറഞ്ഞ മുളങ്കാടുകളുടെ സീല്‍ക്കാരം മുഴങ്ങും. ഞെണ്ടും കുളക്കോഴിയും മഴയില്‍ കുളിച്ച് അനങ്ങാതെ നില്‍ക്കും.

മഴ നിറഞ്ഞ് പുഴയൊഴുകുന്നത് കണ്‍കുളിര്‍ക്കെ നോക്കി നില്‍ക്കുന്നത് കണ്ടാല്‍ തലയില്‍ മുറം കമഴ്ത്തി ഉമ്മവരും. പലതവണ വിളിച്ചിട്ടും പോകാതായാല്‍ മുളങ്കാടുകളുടെ കരച്ചില്‍ ശ്രദ്ധയില്‍പെടുത്തി ഭയപ്പെടുത്തും. ‘ശൈത്താന്‍റെ കരച്ചിലാ കേക്ക്ണത്.... വേം വാ....’ മുറം എന്‍റെ തലയില്‍ വെച്ച്, കൈപിടിച്ച് മഴ നനഞ്ഞ് ഉമ്മ വേഗത്തില്‍ നടക്കും. 
എത്ര നാളായി എല്ലാം അറിഞ്ഞിട്ട്...

‘ആ ഗ്ലാസ് കേറ്റി വെച്ചൂടേ... സീറ്റ് നനഞ്ഞ് മണം വരും. ഇപ്രാവശ്യം നല്ല പെയ്ത്താണ്. ന്ന്ാലും വേനല്‍ന് കണക്കന്നെ....’

ഇക്കാക്കയുടെ പൊതുവെ പരുത്ത ശബ്ദം ഓര്‍മ്മകളെ മുറിച്ചു. 

മഴത്തുള്ളികള്‍ ഇക്കാക്കയുടെ ദേഹത്ത് തൊട്ടിട്ടുണ്ടാകും. ഹാന്‍ഡില്‍ തിരിച്ച് ഗ്ലാസ്സുയര്‍ത്തി സീറ്റിലേക്ക് ചാഞ്ഞു. 

ഓര്‍മ്മകളുടെ മങ്ങിയ ജാലകത്തിനപ്പുറത്തെ ചിത്രങ്ങള്‍ പോലെ മഴ ചില്ലില്‍ നേര്‍ത്ത ശബ്ദത്തില്‍ മുട്ടിക്കൊണ്ടേയിരുന്നു. 


മുറിക്ക് പുറത്ത് ഇക്കാക്കയുടെ ലോഗ്യക്കാരന്‍ നാട്ടുവര്‍ത്തമാനങ്ങള്‍ക്കിടയില്‍ വെറുതെ എറിഞ്ഞിട്ടപ്പോള്‍ മറുപടി കേള്‍ക്കാന്‍ താല്‍പര്യമില്ലാതിരിന്നിട്ടും കാതുകളില്‍ വീണുരുകി. 
‘ഇദൊന്നുപ്പം ഞങ്ങളാരും സമ്മതിക്കാഞ്ഞിട്ടല്ലല്ലോ... എത്ര മെനക്കെട്ടു. ഓന്ക്കെന്തോ താല്‍പര്യല്ല. നിര്‍ബന്ധിച്ച് ഒന്നിനെ കെട്ടിച്ച് കൊടുത്താ പിന്നെ അതിന്‍റെ കണ്ണീര് കാണേണ്ടി വരും. ഏത്...’

‘അതും ശര്യാണ്....’ എന്തിനും ശരിവെക്കുന്ന അസ്സുക്കയുടെ ചിതറിയശബ്ദം.

സ്വപ്നങ്ങളില്‍ പാകത പൂവിട്ടത് മുതല്‍ തലോലിച്ചതായിരുന്നു വിവാഹവും വിസയും. രണ്ടും ഒരുമിച്ചാണെത്തിയത്. ചുരുങ്ങിയ ദിവസങ്ങളില്‍ വിവാഹം ചെയ്തുപോകാനുള്ള തീരുമാനം തിരുത്തിയപ്പോള്‍ പകച്ചുനിന്ന സുഹൃത്തുക്കള്‍ നിക്കാഹിന് മാത്രമായി നിര്‍ബന്ധിച്ചു. സമ്മതിച്ചില്ല. അഹങ്കാരമെന്ന പിറുപിറുപ്പ് കേട്ടില്ലെന്ന് നടിച്ചു.

‘കല്ല്യാണം പിന്നേം നടത്താം. വിസ എപ്പളും വരോ... ഇത് നടത്തിപ്പോയാ ഓന്ക്കവിടെ നിക്കിര്പ്പ് കിട്ടോ... നല്ലോളല്ലെങ്കില്‍ എല്ലാം പോയില്ലേ...’ പ്രതീക്ഷിക്കാത്തവരില്‍ നിന്ന് അവിചാരിതമായി കേട്ടവാക്കുകള്‍. കരഞ്ഞുറങ്ങിയ രാത്രികള്‍.

ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ കരയിലേക്കുള്ള ആദ്യയാത്ര അങ്ങിനെ തുടങ്ങി. ഒരു നിയോഗം പോലെ സ്വപ്നജീവികളുടെ കൂട്ടത്തിലേക്ക് ഞാനും.

‘ഒറങ്ങിയോ....?’ 
കാറിലെ ടോപ് ലൈറ്റ് തെളിയിച്ച് ഇക്കാക്ക ആദ്യം ചോദിച്ചത് കേട്ടില്ല.
‘എന്താ ചിന്തിക്ക്ണത്...?’
‘ഒന്നൂല്ല... എവിടെയെത്തി...?’
‘ചാലക്കുടി’
‘ഓരോ സുലൈമാനി അടിച്ചാലോ... പന്പിനപ്പുറത്തൊരു കടയുണ്ട്.’

വീണ്ടും യാത്ര. തോരാത്ത മഴയിലൂടെ... വെള്ളം നിറഞ്ഞ് നിറമില്ലാതായ റോഡിലൂടെ.. കാഴ്ചമങ്ങിയ കണ്ണുകളുമായി എതിര്‍ വണ്ടികളും പതുക്കെയാണ്. ഓരോ ലക്ഷ്യങ്ങളിലേക്കുള്ള മനുഷ്യര്‍ അവയിലും ചടഞ്ഞിരിക്കുന്നുണ്ടാകും.

നാല് വര്‍ഷത്തിന് ശേഷമായിരുന്നു നാട്ടിലേക്കുള്ള ആദ്യ വരവ്. സഹോദരിയുടേതും എന്‍റെതും ഒരുമിച്ച് നടത്താനായിരുന്നു തീരുമാനം. 


എല്ലാം ഒരുക്കി ദിവസങ്ങള്‍ മറിയുന്നതിനുള്ള കാത്തിരിപ്പിനിടയില്‍ എപ്പോഴോ ഫോണില്‍ ഇക്കാക്കയുടെ തണുത്ത സ്വരം.

‘വല്ല്യുമ്മ മരിച്ചു. കാത്ത് വെക്കണോ...?’

എല്ലാം കഴിഞ്ഞിട്ട് കല്ല്യാണത്തിനായി പോയാല്‍ മതിയെന്ന് സഹമുറിയന്മാര്‍ എത്ര തവണ പറഞ്ഞു. കഴിയില്ലായിരുന്നു. എല്ലാം ഹൃദയത്തിലമര്‍ത്തി ജീവിക്കാനുള്ള പ്രവാസിയുടെ സിദ്ധി അന്നെനിക്കില്ലായിരുന്നു.

ഉമ്മയേക്കാള്‍ അടുപ്പമാണ് വല്ല്യുമ്മയോട്. ഇരുകാതുകളിലും വെള്ളിയുടെ ചിറ്റുകള്‍ ഞാന്നുകിടന്ന് ഭംഗിയാര്‍ന്ന മുഖമുള്ള വല്ല്യുമ്മ. മടിയിലിരുത്തി പറഞ്ഞു തന്ന അസംഖ്യം കഥകള്‍... കണ്ണുകളിലെഴുതി തന്ന സുറുമയുടെയും ഇളനീര്‍ കുഴന്പിന്‍റെയും ചെറുനീറ്റല്‍.... ഓരോ പെരുന്നാളുകളിലും ആരും കാണാതെ തരുന്ന കുപ്പായശീലയുടെ സുഗന്ധം.....

എല്ലാം ഒരു വിധം കരയടുപ്പിച്ച് കൊതിമൂത്ത ഹൃദയവുമായെത്തും മുന്‍പെ മറുകരയിലേക്ക് യാത്രയാകുന്ന പ്രിയപ്പെട്ടവരുടെ അസഹനീയമായ ശൂന്യതയ്ക്ക് എന്താണ് പകരമാവുക. 

‘അന്‍റേം കൂടി കല്ല്യാണച്ചോറ് തിന്നിട്ടേ വല്ല്യുമ്മ കണ്ണടക്കൂ... ന്‍റെ കുഞ്ഞോന്‍ കടങ്ങളെല്ലാം തീര്‍ത്ത് വേം വരണേ....’ വിളിക്കുന്പോഴെല്ലാം പറഞ്ഞിരുന്ന വല്ല്യുമ്മയുടെ വിറയാര്‍ന്ന വാക്കുകള്‍. 

പിന്നെയും പ്രവാസത്തിന്‍റെ തിരതള്ളലുകളിലങ്ങിനെ വര്‍ഷങ്ങള്‍.... 

ഓരോ വര്‍ഷവും യാത്രയ്ക്കുള്ള തിയ്യതി തീരുമാനിക്കും. അപ്പോഴേക്കും ആവശ്യങ്ങളുടെ ഫോണ്‍കോളുകള്‍.... പരിഭവങ്ങള്‍ നിറഞ്ഞ എഴുത്തുകള്‍... ഒരിക്കലും തീരാത്ത തറവാടിന്‍റെ അറ്റകുറ്റപ്പണി... ജേഷ്ഠന്‍റെ മകളുടെ വിവാഹം... കുഞ്ഞോള്‍ക്ക് ബാക്കിയുള്ള സ്ത്രീധനത്തുക.... വിസ തന്നവരോട് നന്ദി കാട്ടിയില്ലെന്ന പരാതി....... 

ഓരോ ചെറുകാറ്റിലും ഇലപൊഴിയുന്ന പുളിമരച്ചോട്ടിലെ കുസൃതിക്കൂട്ടം ചേരാനുള്ള സതീര്‍ത്ഥ്യരുടെ ആഗ്രഹങ്ങളില്‍ എപ്പോഴും ഞാന്‍ മാത്രം ബാക്കിയായി. ഓര്‍മ്മകളുടെ നീറ്റലുള്ള നൊന്പരങ്ങള്‍..... ഇരട്ടക്കട്ടിലിലെ ബ്ലാങ്കറ്റിനുള്ളില്‍ കിടന്ന് പലപ്പോഴും ശബ്ദമില്ലാതെ കരഞ്ഞു. മനസ്സ് വല്ലാതെ മരവിച്ചിരിക്കുന്നു. ചോദ്യങ്ങള്‍ മറന്നും അഭിപ്രായങ്ങള്‍ പറയാതെയും ജീവിക്കാന്‍ ഞാന്‍ പഠിച്ചിരിക്കുന്നു.

ഓരോ അവധിക്കാലങ്ങള്‍ക്കൊടുവിലും നിറമുള്ള സൗഹൃദങ്ങളുടെ ചലനങ്ങള്‍ മുറതെറ്റാതെ ഇ-മെയിലില്‍ വന്നുകൊണ്ടിരുന്നു. മുന്നറിയിപ്പുകളും. 

സൂചിപ്പിക്കുന്നതെല്ലാം മനസ്സിലാകുന്നുണ്ട്. പക്ഷെ, എങ്ങിനെയാണതിനാവുക. ജീവിതത്തിലെ ചുമതലകളെ കാല്‍ക്കുലേറ്ററിലെ അക്കങ്ങളുമായി ബന്ധപ്പെടുത്തി ജീവിക്കുന്നവരുടെ മനസ്സ് ആവാഹിക്കാന്‍ എനിക്കാവില്ല.

‘എത്തിയാലുടന്‍ വിളിക്കണം....’

എയര്‍പോര്‍ട്ടിലെ ട്രോളിയില്‍ ബാഗെടുത്ത് വെക്കുന്പോള്‍ കേള്‍ക്കാറുള്ള ഇക്കാക്കയുടെ പതിവ് വാചകത്തിന് ഇത്തവണയും മാറ്റമില്ല.

ഉപഗ്രഹങ്ങളുടെ വിക്ഷേപണങ്ങള്‍ക്കെത്തിയ ജനക്കൂട്ടങ്ങളെ നിയന്ത്രിക്കുന്ന സ്റ്റീല്‍കന്പികള്‍ അതിരിട്ട വഴിയിലൂടെ തിരിഞ്ഞു നോക്കാതെ നടന്നു. മിനുസമേറിയ ഫ്ളോറില്‍ കാലുകള്‍ വഴങ്ങാതെ ഇടറി. കൗണ്ടറുകളില്‍, മഹാപാതകിയോടെന്ന പോലെ അധികൃതരുടെ ചുഴിഞ്ഞു നോട്ടങ്ങളും വിലാസവിശദീകരണങ്ങളും. 

എല്ലാം കഴിഞ്ഞ് വിശാലമായ ലോഞ്ചിലേക്ക് നടന്നു. മുഷിഞ്ഞ തൂവാലകളും നനഞ്ഞ മനസ്സുകളും പേറുന്ന കുഷ്യന്‍ സീറ്റുകളുടെ തണുത്ത ലോകം. ചലനങ്ങള്‍ കുറവ്. ഏറെയാളുകളും അനങ്ങാതെ ചുമരിലെ വലിയ ടെലിവിഷനിലേക്ക് വെറുതെ കണ്ണയച്ച് നെടുവീര്‍പ്പിടുന്നു ചിലര്‍ യാത്രാമൊഴികളുടെ അല്ലെങ്കില്‍ തിരക്കിനടയില്‍ മറന്ന അവസാനവാക്കുകള്‍ക്ക് മൊബൈല്‍ കന്പിനിയുടെ കാരുണ്യത്തിന് ക്യൂ നില്‍ക്കുന്നു.


റണ്‍വെ കാഴ്ചകള്‍ക്ക് വേണ്ടി ചില്ലുമതിലിനരികിലേക്ക് നടന്നു. 

ഇരുട്ടും മഴയും പെയ്തൊഴിഞ്ഞിട്ടില്ല. ദൂരക്കാഴ്ചകള്‍ അവ്യക്തമാണ്. ഏറെ നേരം മുഖം ചേര്‍ത്ത് നിന്നതാകാം പുറത്തെ നനവ് മനസ്സിലേക്ക് പടര്‍ന്നു. വൈകി നനയുന്ന പുളിമരച്ചോട്ടില്‍ ഇപ്പോള്‍ മഴ പൊടിയുന്നുണ്ടാകും. ഇളം മഞ്ഞ പൂക്കളും ഇലകളും ഓരോ തുള്ളികള്‍ക്കൊപ്പം പൊഴിഞ്ഞ് വലിയ പൂക്കളം തീര്‍ത്തിട്ടുണ്ടാകും. 

ലോഞ്ചില്‍ മധുരമൊഴിയില്‍ രണ്ടുവട്ടം ഇംഗ്ലീഷ് അനൗണ്‍സ്മെന്‍റ് മുഴങ്ങി. വിമാനത്തിലേക്കുള്ള വഴി നിശ്ചയിച്ചിരിക്കുന്നു. 

ഇരുന്നവരില്‍ അധികവും മൊഴിപ്രകാരമുള്ള രണ്ടാം നന്പര്‍ഗേറ്റിലേക്കൊഴുകി; ഞാനും. മേല്‍മണ്ണ് നഷ്ടമായൊരു പുഴ പോലെ, അടുത്ത വേനലിന് വറ്റാന്‍ വേണ്ടി മാത്രം.

15 comments:

Aarsha Abhilash said...

എല്ലാ പ്രവാസിക്കും മനസിലാകുന്ന ഒരു കഥ!!! :) ആശംസകള്‍

അൻവർ തഴവാ said...

നഷ്ടമായ പുഴ .......വറ്റാനായി വീണ്ടും പ്രവാസം...നന്നായി പറഞ്ഞു...

ഉസ്മാന്‍ പള്ളിക്കരയില്‍ said...

"എല്ലാം ഒരു വിധം കരയടുപ്പിച്ച് കൊതിമൂത്ത ഹൃദയവുമായെത്തും മുന്‍പെ മറുകരയിലേക്ക് യാത്രയാകുന്ന പ്രിയപ്പെട്ടവരുടെ അസഹനീയമായ ശൂന്യതയ്ക്ക് എന്താണ് പകരമാവുക......."

ഇല്ല.. ഒന്നും പകരമാവില്ല.

ദൈന്യം സ്ഫുരിക്കുന്ന ശൈലി, അനേകായിരങ്ങൾ അനുഭവിച്ചുതീർക്കുന്ന ഈ സങ്കടപ്പുഴയോട് ചേർന്നൊഴുകി.

മിതവാക്കുകളിൽ വികാരങ്ങളുടെ ആഴക്കടൽ തീർക്കുന്ന കഥാകാരാ, ഈ രചനയും ഇഷ്ടമായി.

ajith said...

പ്രവാസത്തിന്റെ, പ്രവാസിയുടെ മാത്രമായ നോവുകള്‍. അല്ലേ? അവസാനിക്കാത്ത നോവുകള്‍

pradeep nandanam said...

പ്രവാസത്തിന്റെ വേദനകൾ മനോഹരമായ വാക്കുകളിലൂടെ..

വിനിൻ ദാസ് / Vinin Das said...

പ്രവാസികളുടെ തിരിച്ചുപോക്കിന്റെ നനവും നിസ്സഹായതയും ഒരു പാട് വായിച്ചതാണെങ്കിലും ഇത് കലക്കി.

ശിഹാബ് മദാരി said...

:)

Unknown said...

ശരിക്കും നൊമ്പരപെടുത്തി. ഓരോ പ്രവാസിയുടെയും അനുഭവം. നന്നായി എഴുതി

Chayamukhi--ഛായാമുഖി said...

മേല്‍മണ്ണ് നഷ്ടമായൊരു പുഴ പോലെ, അടുത്ത വേനലിന് വറ്റാന്‍ വേണ്ടി മാത്രം
ഉള്ളു വെന്ത വാക്കുകൾ
എല്ലാം ഇതിൽ ഒളിപ്പിചിരിക്കുന്നു

ഉദയപ്രഭന്‍ said...

നല്ല കഥയാണ്‌ മാഷേ . പ്രവാസികളുടെ വേദനകള്‍ നന്നായി അവതരിപ്പിച്ചു

കൊമ്പന്‍ said...

മനൊഹരമായ പ്രകൃതി വർണ്ണന പിന്നെ പ്രവാസത്തിൻറെ നൊംബരും പേറുന്ന കഥകളും കൊള്ളാം

പല മേഖലകളിലൂടെ കഥ മനസ്സിനെ കൊണ്ട് പോയി ആശംസകൾ

Manoj vengola said...

പിന്നെയും പ്രവാസത്തിന്‍റെ തിരത്തള്ളലുകള്‍...
ഇവിടെ ആദ്യമായാണ്. വായിച്ചു. നന്ദി.

Manoj vengola said...

പിന്നെയും പ്രവാസത്തിന്‍റെ തിരത്തള്ളലുകള്‍...
ഇവിടെ ആദ്യമായാണ്. വായിച്ചു. നന്ദി.

Unknown said...

എല്ലാവര്‍ക്കും നന്ദി. നന്ദി. നന്ദി.

Muralee Mukundan , ബിലാത്തിപട്ടണം said...

ജീവിതത്തിലെ ചുമതലകളെ കാല്‍ക്കുലേറ്ററിലെ അക്കങ്ങളുമായി ബന്ധപ്പെടുത്തി ജീവിക്കുന്നവരുടെ മനസ്സ് ആവാഹിക്കാന്‍ എനിക്കാവില്ല.