ഇത് അയാളുടെ രണ്ടുമാസത്തിലൊരിക്കല്‍ ഉണ്ടാകാറുള്ള സന്ദര്‍ശനം തന്നെയാണോ? മൂര്‍ച്ചയുള്ള ദൃഷ്ടി പതിവിന് വിപരീതമായി എന്തെങ്കിലും തിരയുന്നുണ്ടോ...? വര്‍ത്തമാനങ്ങള്‍ക്കിടയില്‍ കണ്ണിലൊളിഞ്ഞ സത്യം വേര്‍തിരിച്ചെടുക്കാന്‍ ശ്രമിക്കുന്നുണ്ടോ...?
ഇല്ല; ഒന്നുമില്ല. എല്ലാം തോന്നലാണ്.
കുറ്റം ഉള്ളിലൊളിപ്പിക്കുന്നവന്റെ സ്വാഭാവിക സംശയം.
എന്നിട്ടും, ഗോഡൗണിന്റെ പിന്മതിലിനോട് ചേര്‍ന്ന ഈന്തപ്പനയുടെ അരികിലേക്കയാള്‍ നടന്നപ്പോള്‍ നെഞ്ചിടിപ്പുയര്‍ന്നു. അറിഞ്ഞിരിക്കുന്നു! നീക്കമെല്ലാം ആസൂത്രിതമാണ്. ഇളകിക്കിടന്ന മണ്ണ് യാദൃശ്ചികമെന്നവണ്ണം കണ്ണില്‍പ്പെടും. വെറുതെ എന്തെങ്കിലും കുത്തി ചോദിക്കും. ഭാവമാറ്റങ്ങളില്‍ എല്ലാം പൊളിയും.
കൈകാലുകളില്‍ തളര്‍ച്ച പടരുന്നു. വിയര്‍ത്ത കൈ പുറകില്‍ പിണച്ച് വരണ്ടചുമരില് ചേര്‍ത്ത് വറ്റിച്ചു.
‘എവിടെ... ആ കഴുത...?! ഉറങ്ങുകയാണോ...?’
ഈത്തപ്പനയില്‍ പുതുതായി കൂന്പിട്ട പൂക്കുലകളിലേക്ക് നോക്കി അയാള്‍ ചോദിച്ചു.
മുഖത്ത് നോക്കാത്തത് മനഃപ്പൂര്വ്വമാകണം. എല്ലാം ഏറ്റുപറയുന്നത് കേള്‍ക്കാനുള്ള താല്പര്യമാകാം.
‘അവന്.... അവന് രാവിലെ പുറത്ത് ഇറങ്ങിയതാണ്.’
വിറയുന്ന വാക്കുകള്‍ നിയന്ത്രിച്ച് മതിലിനപ്പുറത്തേക്ക് വെറുതെ എത്തി നോക്കി.
അയാള്‍ ഉറക്കെ ചിരിച്ചു.
പതിവില്ലാത്തവിധം ശബ്ദമുയര്‍ന്ന അയാളുടെ ചിരി വിവര്‍ണ്ണമായ മുഖത്തോടെ ആസ്വദിക്കുന്നതായി ഭാവിച്ചു.
‘അവന് മലബാരിയോ മജ്നൂനോ...?!’
ഞാന്‍ വിളറി ചിരിച്ച് മൗനം പൂണ്ടു.
‘വള്ളാഹി മജ്നൂന്‍....! ഇങ്ങിനൊരു മലബാരിയെ കണ്ടിട്ടില്ല.’
കൈകള്‍ ഇരുവശത്തേക്കും വിടര്‍ത്തി, മുഖത്ത് അത്ഭുതം നിറച്ച് അയാള്‍ തന്നെ ഉത്തരം പറഞ്ഞു.
‘ഈ വെയിലുരുകുന്ന മരുഭൂമിയില്‍ അവനെന്ത് ചെയ്യുന്നു...?!’ പിന്നെയും ചോദ്യം.
കരുതിവെച്ച നുണ പറയാന്‍ തുടങ്ങുന്പോഴേക്കും അയാളുടെ മൊബൈല്‍ ശബ്ദിച്ചു. എന്തൊക്കെയോ ശബ്ദമൊതുക്കി പിറുപിറുത്തു. അതിനിടയില്‍ കാറിന്റെ ഡിക്കിയില്‍ നിന്ന് സാധനങ്ങളിറക്കാന്‍ അയാള്‍ ആംഗ്യം കാണിച്ചു.
കാറിനരികിലേക്ക് വേഗം നടന്നു.
ആഴ്ചകള്‍ ഉപയോഗിക്കാനുതകും വിധം സാധനങ്ങള്‍ കുത്തിനിറച്ചാണ് അയാള്‍ വരിക. ഒപ്പം എനിക്കും സുധാകരനും അമൂല്യമായ ടെലിഫോണ്‍ കാര്‍ഡും. കാര്‍ഡ് നല്കുന്പോള്, ആര്ത്തപൂണ്ട കണ്ണിലേക്ക് നോക്കി അയാള്‍ പറയും:
‘രണ്ടുമാസത്തേക്ക് ഇതുണ്ടാകണം. നാട്ടിലേക്ക് വിളിക്കാനല്ല. കന്പിനിയുമായി ബന്ധപ്പെടാന്‍ വേണ്ടി മാത്രം.... വീട്ടുകാരോട് ഇങ്ങോട്ടു വിളിക്കാന്‍ പറയു....’
കാറില്‍ നിന്നിറക്കിയവ റൂമിലൊതുക്കുന്പോള് അയാള്‍ മൊബൈല്‍ ഭാഷണം നിറുത്തി, ധൃതിയില്‍ കാറിനരികിലേക്ക് നടക്കുകയായിരുന്നു. അതിനിടയില്‍ എന്നെ വിളിച്ചു.
‘റബ്ബേ കാക്കണേ...’ ഒരാന്തലോടെ ഓടിച്ചെന്നു.
‘സമയമില്ല. നീ അവന്റെ ജോലിയിലും ശ്രദ്ധിക്കണം. കഴിഞ്ഞമാസം അയച്ച കണ്ടെയ്നറില്‍ പൂപാത്രങ്ങള്ക്കൊപ്പം ഏതാനും ഗ്ലാസ്ബോക്സുകള്‍ കൂടി അവന് ലോഡ് ചെയ്തിരുന്നു. സാന്പത്തികനഷ്ടമല്ല പ്രശ്നം. ചെറിയ മിസ്റ്റേക്കുകളാണെങ്കിലും കന്പനിക്കുണ്ടാക്കുന്ന റിമാര്‍ക്സ് വലുതാണ്. വന്നാല്‍ ഇക്കാര്യം അവനോട് സൂചിപ്പിക്കുക. ഞാന്‍ തിരക്കിലാണ്. ഓ.കെ. അസ്സലാമു അലൈക്കും.’
കനത്ത ദീര്ഘനിശ്വാസങ്ങള്ക്ക് മീതെ നനുത്തപുഞ്ചിരി വലിച്ചിട്ട് അയാളെ യാത്രയാക്കിയിട്ടും വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഗേറ്റ് പതിയെ തുറന്ന് വീണ്ടും നോക്കി. നീളുന്ന വഴിയില്‍ നീലനിറമുള്ള കാര്‍ അകന്നകന്ന് പോകുന്നു, കണ്ണുതുറുപ്പിച്ചെത്തിയ മരണമുഖം പതിയെ പിന്‍വലിഞ്ഞു പോകുന്നത് പോലെ.
‘ഇല്ല; ആരും ഒന്നും അറിഞ്ഞിട്ടില്ല. റബ്ബേ നീ കാത്തു’
ഗേറ്റടച്ച്, പുറംചാരി നിന്നു കിതച്ചു.
മാനം വെന്തുരുകിയുറ്റുന്ന പകല്ച്ചൂടില് പൊള്ളിവിയര്ക്കുന്നതറിഞ്ഞില്ല. കൈവെള്ളയില്‍, വിയര്‍പ്പില്‍ കുതിര്‍ന്ന ടെലിഫോണ്കാര്ഡുകള് ചുരുണ്ടു ചുരുണ്ടു രൂപമാറ്റം വന്നതറിഞ്ഞില്ല. ഹൃദയത്തിനുള്ളില്‍ അയാളുടെ മുഖം.
ശ്വാസംകിട്ടാതെ വലിഞ്ഞുമുറുകുന്ന മുഖം..!
തുറിച്ചുവരുന്ന ഉണ്ടക്കണ്ണുകള്‍... പിളര്‍ന്ന വായില്‍ നാവിന്റെ നിസ്സഹായത.
ഗോഡൗണിന്റെ പിന്മതിലിനോട് ചേര്‍ന്ന കുഴികളില്‍ അയാളുടെയും കുറിഞ്ഞിപ്പൂച്ചയുടെയും ദേഹമിപ്പോള്‍ അളിഞ്ഞു തുടങ്ങിയിട്ടുണ്ടാകും.
പ്രവാസികളുടെ ചുടുനിശ്വാസം കലര്‍ന്ന മരുക്കാറ്റും, വീര്യമേറിയ ഡിറ്റര്‍ജെന്റും തൊലിപൊളിച്ചെടുത്ത് വികൃതമാക്കിയ ഈകൈ കൊണ്ടാണ് അയാളുടെ കഴുത്ത് ഞെരിച്ചുടച്ചത്. അല്ലാതെ വഴിയില്ലായിരുന്നു. കഠിനാദ്ധ്വാനങ്ങള്ക്കൊടുവിലെ സ്വപ്നപൂരണം എനിക്കുമുണ്ട്.
ഒരു കൊലനടത്താന്‍ മനസ്സെങ്ങിനെ പാകപ്പെട്ടു എന്നത് ഇപ്പോഴും അത്ഭുതപ്പെടുത്തുന്നു.
ചെറിയ കച്ചവടവും കാര്യങ്ങളുമൊക്കെയായി കഴിഞ്ഞിരുന്ന എന്നെ ട്രാവത്സുകാരുടെ തേന്‍പുരട്ടിയ വാക്കുകളാണ് കെണിയില്‍ വീഴ്ത്തിയതെന്ന് തീര്‍ത്ത് പറയാനാകില്ല. ലീവിലെത്തിയിരുന്ന സുഹൃത്തുക്കളുടെ ഗരിമ അല്പം അസൂയകലര്‍ത്തി വ്യാമോഹിപ്പിച്ചിരിക്കാം.
ആദ്യവരവിന്റെ പരിഭ്രമങ്ങള്‍ക്ക് തെല്ലെങ്കിലും ആശ്വാസമായത് എയര്‍പോര്‍ട്ടില്‍ കാത്തുനിന്ന ആള് എന്നെ കണ്ടെത്തിയപ്പോഴാണ്. സിറ്റിയിലെ ഷോറൂമില്‍ ഇറക്കി അയാള്‍പോയി. പിന്നീടങ്ങോട്ട് പാകിസ്ഥാനിയുടെ കൂടെ.
അതിവേഗം പാഞ്ഞുകൊണ്ടിരുന്ന കാറില്‍ ദിശയറിയാതെ പതുപതുത്ത സീറ്റില്‍ ചാരിയിരുന്നു. അന്പരപ്പിക്കുന്ന ബില്‍ഡിംഗുകളുടെ നീളം അളക്കാന്‍ ശ്രമിച്ച് കാഴ്ചചിതറി. അതിരില്ലാത്ത മണല്‍ക്കാടും, ഇടയ്ക്ക് പ്രത്യക്ഷമാകുന്ന ഒട്ടകങ്ങളും അതിശയങ്ങളായി.
ഹിന്ദിയിലുള്ള കരുതല്‍ശേഖരം കുറവാണെന്ന് പാകിസ്ഥാനിക്ക് മനസ്സിലായതാകം സംസാരത്തിലെ വേഗത കുറച്ച് ലളിതമായ വാക്കില്‍ ചുമതല വിശദീകരിച്ചു.
ചുരുക്കത്തില്‍, ഇരുപട്ടണത്തിലെയും ഷോറൂമിലേക്കുള്ള സ്ഫടികപാത്രങ്ങളുടെ ഗോഡൗണില്‍ ഇപ്പോഴുള്ള സുധാകരന്റെ ഹെല്പറായിട്ടാണ് നിയമനം. വല്ലപ്പോഴും വരുന്ന ലോഡിലെ പാത്രങ്ങള്‍ ഗോഡൗണില്‍ തരം തിരിച്ചുവെക്കുന്നതിലും, ഷോറൂം വണ്ടിയില്‍ അവ കയറ്റിവിടുന്നതിലും സുധാകരനെ സഹായിക്കുക. കണക്കു സൂക്ഷിക്കുക. അത്രമാത്രം.
ജോലി എളുപ്പമാണ്. സന്തോഷംതോന്നി. ദൈവത്തിനും ട്രാവത്സിലെ സുഹൃത്തുക്കള്‍ക്കും നന്ദി പറഞ്ഞു.
ഏറെനേരം ഓടിയതിനു ശേഷം പാകിസ്ഥാനി വേഗത കുറയ്ക്കുകയും പൊടിമണല്‍ മൂടിയ പോക്കറ്റ്റോഡിലേക്ക് കാര്‍ തിരിക്കുകയും ചെയ്തു.
വാഹനങ്ങള്‍ അപൂര്‍വ്വമായ റോഡ്. വിജനമായ റോഡരിക്. ഒരിക്കലും തീരാത്ത മണ്‍തിട്ട. പറഞ്ഞുകേട്ട കഥകള്‍... ഭീതി ദേഹമാസകലം അരിച്ചുകയറി. കാല്‍മുട്ടു തളരുന്നത് പോലെ. അയാളുടെ ഓരോചലനവും എന്നെ ചകിതനാക്കി. പൊടിമണലൂറി കാഴ്ചമങ്ങിയ ഗ്ലാസ്സിനുള്ളിലൂടെ കണ്ണുതുറിപ്പിച്ചുനോക്കി അയാള്‍ വേഗത വര്‍ദ്ധിപ്പിച്ചു.
കാര്‍ എപ്പോഴോ സിമന്റ് തേക്കാത്ത താബൂക്ക് മതിലിന്റെ വലിയ ഗേറ്റിനടുത്തു നിന്നു.
ഹോണ്‍ നീട്ടിയടിച്ചു. അല്പനേരം കഴിഞ്ഞ്, ഹോണില്‍ വീണ്ടും വിരലമര്ത്തുന്പോഴേക്കും ഗേറ്റ് ചലിച്ചു. താടിയും മുടിയും നീട്ടിവളര്‍ത്തി, മുഷിഞ്ഞ ബനിയനും ബര്‍മുഡയും ധരിച്ചൊരു മനുഷ്യരൂപം പുറത്ത് വന്നു.
പാകിസ്ഥാനി സുധാകരനെ പരിചയപ്പെടുത്തി, പൊടിമണലിന്റെ ചുഴി സൃഷ്ടിച്ച്, താഴ്വരയിലെ സകല ശബ്ദവും വലിച്ചെടുത്ത് വന്നവഴിയില്‍ അതിവേഗതയില്‍ കാറോടിച്ചുപോയി.
വികാരങ്ങളില്ലാത്ത ആകാശത്തിന് കീഴെ കണ്ണെത്താദൂരത്തോളം മൗനം പുണര്‍ന്ന മരുഭൂമി.
കാതുകള്‍ അടഞ്ഞതുപോലെ... എന്തെങ്കിലും കേട്ടിരുന്നെങ്കില്‍... ഒരുവണ്ടിയുടെ മുരളലെങ്കിലും..
ഹൃദയം വല്ലാതെ മിടിച്ചു. ഇതാണോ സ്വപ്നം കണ്ട ഗള്‍ഫ്...?!
അനുഗ്രഹങ്ങളിലും പ്രാര്‍ത്ഥനയിലും നെഞ്ച്നിറഞ്ഞ് പടിയിറങ്ങിയത് ഇതിനായിരുന്നോ...?
സത്യം, രാവു നല്കിയ കിനാവിലൊരിടത്തും വരണ്ട മരുക്കാഴ്ചയുണ്ടായിരുന്നില്ല.
വിജനത പെയ്യുന്ന മണല്ക്കാട്ടില് ഞാനും സുധാകരനും മാത്രം.
ഞാനയാളെ നോക്കി പുഞ്ചിരിയോടെ സംസാരം തുടങ്ങുന്പോഴേക്കും, അയാള്‍ ഗേറ്റിനടുത്തെത്തിയിരുന്നു. അന്പരപ്പ് മാറാതെ നിന്നിരുന്ന എന്റെ അരികിലേക്ക് ഒരു പൂച്ച കെട്ടിടത്തിനുള്ളില്‍നിന്ന് തുള്ളിത്തെറിച്ചുവന്നു. വെളുത്ത രോമങ്ങളുള്ള ദേഹത്ത് വാലും ചെവികളും കറുത്ത സുന്ദരി. വീട്ടിലെ പ്രിയപ്പെട്ട കുറിഞ്ഞിയുടെ അതേനിറം.
നിലാവുള്ളൊരു രാത്രിയാണ് ഞങ്ങള്‍ക്കവളെ സമ്മാനിച്ചത്. പുറത്ത് പന്തിയല്ലാത്ത മുരളല്‍ കേട്ട് വാതില്‍തുറന്നു നോക്കിയപ്പോള്‍ പുഴക്കരയിലെ കാട്ടില്‍നിന്നും കയറിവന്ന പാന്പിന് മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ച് ശൗര്യത്തോടെ അവള്. വീട്ടിലെ മുറികള്‍ തോറും കയറിയിറങ്ങിയപ്പോള്‍, ഞങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് നാട് കടത്തിവിടാന്‍ ഉപ്പ പലതവണ ശ്രമിച്ചു. ഓരോ തവണയും വഴിതെറ്റാതെ മടങ്ങിവന്ന് അവള് ഞങ്ങളുടെ മനസ്സില്‍ കയറിയിരുന്നു.
എനിക്കത്ഭുതം തോന്നി. അതുപോലൊരണ്ണം ഈ മരുഭൂമിയിലും., മുന്‍പരിചയമുള്ളത് പോലെ അതെന്റെ കാലുകള്‍ക്കിടയില്‍ ചുറ്റിനടന്നു. ആശ്വാസം തോന്നി.
‘വരുന്നുണ്ടോ....?’ ഗേറ്റടക്കാന്‍ നില്ക്കുന്ന അയാളുടെ വാക്കുകളില്‍ അക്ഷമ.
ഇത്ര തിരക്കിട്ട് ഗേറ്റടക്കുന്നതെന്തിന്?!
എനിക്കങ്ങിനെ ചോദിക്കാന്‍ തോന്നി. അല്ലെങ്കില്‍തന്നെ സ്വകാര്യതയിലേക്ക് അതിക്രമിച്ചു കടക്കുന്നവരുണ്ടിലല്ലേ ഗേറ്റും മതിലും ആവശ്യമുള്ളൂ. ഈ വിജനതയില്‍ ആര് വരാന്‍...?
ബാഗും പെട്ടിയുമെടുത്ത് നടന്നു. ബാഗ് മണപ്പിച്ച് അവളും. ഉമ്മ പൊതിഞ്ഞു വെച്ച വരട്ടിയ ബീഫിന്റെ മണം മൂക്കിലടിച്ചുകയറിയിട്ടുണ്ടാകും.
വലിയൊരു മുഴക്കത്തോടെ ഗേറ്റടഞ്ഞു; ഗേറ്റിനുള്ളില്‍ ഇരുള്‍നിറഞ്ഞു. വഴിയടയാളങ്ങള്‍ ശേഷിക്കാതെ കാറ്റൊഴുകുന്ന മരുഭൂമിയിലും.
ഇവിടെ എല്ലാം നിശ്ശബ്ദമാണ്. ഒരു കൂജനവും കേള്‍പ്പിക്കാതെ സന്ധ്യ വരുന്നു. നിസ്സംഗമായി ചാറുന്ന മഴ പോലെ ഇരുളും.
ഇപ്പോള്‍, ആടിനുള്ള പ്ലാവിലയുമായി ഉപ്പ അങ്ങാടിയില്‍ നിന്ന് മടങ്ങിയിട്ടുണ്ടാകും. മൂകത നിറഞ്ഞ വീട്ടില്‍ ഉമ്മ വാടിച്ചുവന്ന മുല്ലപ്പൂക്കളുടെ മണമുള്ള നിസ്കാരപ്പായയിലാകും. തിണ്ണയിലെരിയുന്ന മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലിരുന്ന്, അഗര്ബത്തിക്കൂടുകളുടെ കഷ്ണം കൊണ്ട് അടയാളമിട്ട സൂറത്തെടുത്ത് വാവ ഉറക്കെ ഓതുന്നുണ്ടാകും. ലോറികളിറങ്ങുന്നൊരു തണ്ണീര്‍ത്തടത്തിന്റെ വിഹ്വലത നിറഞ്ഞ കരളോടെ അവളും...
വര്ണ്ണാഭമാര്ന്ന ലോകത്ത് നിന്നും പൊടുന്നനെ മരുഭൂമിയുടെ ഒറ്റനിറമുള്ള ലോകത്തിലേക്ക് നിപതിച്ചവന്റെ അസഹ്യത. നവലോകത്തിലെ ഏക മനുഷ്യാംഗവുമായി പരിചയപ്പെടാന്‍ ശ്രമിച്ചു.
‘നാട്ടിലെവിടാ...?’
‘എന്തിന്...?’ അയാള്‍ മുരണ്ടു.
‘വെറുതെ...’
‘അറിഞ്ഞിട്ടും കാര്യമില്ലാത്ത കാര്യത്തെ കുറിച്ചെന്തിന് ചികയുന്നു?’
ഉള്ളില്‍ നേര്‍ത്ത ഭീതിയുണര്ന്നെങ്കിലും കാര്യമാക്കാതെ ചോദ്യംതുടര്ന്നു.
‘എത്രവര്‍ഷമായി...?’ അയാള്‍ മിണ്ടിയില്ല.
ചോദ്യം ആവര്‍ത്തിച്ചു. രക്ഷയില്ലെന്ന് കരുതിയാകാം അയാള്‍ പിറുപിറുത്തു.
‘കുറേ...’
‘നാട്ടില്‍ പോയിട്ടില്ലാ....?’
‘ഏകാന്തതയുടെ ഈ നരകത്തിലേക്ക് പകരം ഒരു പാപിയും വന്നില്ല’ അയാള്‍ ലൈറ്റ് ഓഫ് ചെയ്ത് കിടന്നു.
ഭയം കൊണ്ട് വിയര്‍ത്തു. നിലവിളിക്കാന്‍ തോന്നി. ദേഹത്ത്ന്ന് ബ്ലാങ്കറ്റ് പിഴുതെറിഞ്ഞ് പുറത്തേക്കോടി. ഗേറ്റ് തുറന്നു. ഇഴമുറിയാതെ പെയ്യുന്ന മരുഭൂമിയുടെ ഇരുളിലേക്ക് ഓടിപോയാലോ? ഏകാന്തതയുടെ വന്യതയില്‍ നിന്ന് പുറംലോകത്തിന്റെ ധന്യതകളിലേക്ക് എത്രദൂരമുണ്ടാകും ?
നിസ്സഹായതയോടെ ഗേറ്റടച്ച്, തിരികെ നടന്നു. ദൈന്യത മുറ്റിയ മുഖങ്ങള്‍ കണ്മുന്പിലൂടെ പാഞ്ഞു. കടങ്ങള്‍ തീരുന്നത് വരെയെങ്കിലും.... പുറത്തിട്ട സോഫയില്‍ തളര്‍ന്നിരുന്ന് നേരം വെളുക്കുവോളം കരഞ്ഞു. പതിഞ്ഞ കണ്പോളകള് ഇടയ്ക്കിടെ ഉയര്‍ത്തി നോക്കി, വാലിളക്കി സോഫയുടെ ഒരറ്റത്ത് അവളും ഉണ്ടായിരുന്നു.
മാസങ്ങള്‍ കഴിഞ്ഞിട്ടും മനസ്സ് മെരുങ്ങിയില്ല. ഒന്നാമത് കൃത്യമായി ചെയ്തു തീര്‍ക്കേണ്ടൊരു ജോലിയില്ല. എപ്പോഴെങ്കിലും ഒരു വണ്ടിവരും. ലോഡിറക്കാന്‍ അല്ലെങ്കില്‍ കയറ്റാന്‍. ഫോര്‍ക് ലിഫ്റ്ററുപയോഗിച്ച് അതയാള്‍ തീര്‍ക്കും. എല്ലാം എഴുതിവെക്കാന്‍ കൂടിയാല്‍ ഒരുമണിക്കൂര്‍. മനസ്സുതുറന്ന് സംസാരിക്കാന്‍ ഒരാളില്ല. അയാളാണെങ്കില്‍ ഇന്ന്വരെ കണ്ടിട്ടില്ലാത്തൊരു വിചിത്രജീവി. കാട്ടുമുരടന്.
ഏകാന്തതയുടെ കട്ടിത്തോടുകള്ക്കുള്ളിലെ കാലങ്ങളായുള്ള വാസം അദൃശ്യമായൊരുക്കിയ കൂട്ടിലാണയാള്. അപൂര്‍വ്വമായാണ് ഭേദിച്ചുവരിക.
മിക്കരാത്രിയിലും മദ്യപിക്കും.
ലോഡ് കയറ്റാന്വരുന്ന ഡ്രൈവര്‍മാര്‍ വഴി ആഫ്റ്റര്‍ഷേവ് ലോഷന്സ് വാങ്ങിസൂക്ഷിച്ചിട്ടുണ്ട്. രാത്രിയും പകലും അയാള്‍ക്ക് ഒരുപോലെ. തോന്നുന്പോഴെല്ലാം ലോഷനും കോളയും കൂട്ടിക്കലര്‍ത്തി മോന്തും. ലക്കും ലഗാനുമില്ലാതെ നടന്ന് ചിലപ്പോഴൊക്കെ ചുറ്റുമതിലില്‍ തലയിടിച്ച്വീണ് നേരത്തോട് നേരം കിടക്കും.
ലോഷന്സ് ഇല്ലാത്ത രാത്രിയില്‍ ബാത്ത്റൂമില്‍ ഉപയോഗിക്കുന്ന ക്ലോറക്സ് കോളയില്‍ കലര്‍ത്തി കഴിക്കും. രണ്ടുബാത്ത്റൂമുകളുണ്ടായിട്ടും പുലര്‍ക്കാലങ്ങളില്‍ ചുറ്റുമതിലില്‍ കയറിയിരുന്ന് കാര്യം സാധിക്കും.
ചിലദിവസം അയാള്‍ ഗോഡൗണിലെ ഇരുട്ടില്‍ പൂര്‍ണ്ണനഗ്നനായി നടക്കുകയും വിലകൂടിയ സ്ഫടിക പാത്രങ്ങളെടുത്ത് മതിലില്‍ എറിഞ്ഞുടച്ച് രസിക്കുകയും ചെയ്തു.
അയാളുടെ വിചിത്രസ്വഭാവം ആദ്യം ഭീതിയായിരുന്നു. പലതവണ മുറിയടച്ചിരുന്ന് കരഞ്ഞു. കുറിഞ്ഞിയായിരുന്നു ഏകആശ്വാസം. അതിനോട് സംസാരിച്ചും അതെന്നോട് മൂളിയും ദിനരാത്രങ്ങള്‍ കഴിഞ്ഞു. ബോധം മറയാത്തൊരു പകലില്‍ അയാളുമായി സംസാരിക്കാന്‍ ശ്രമിച്ചു.
‘എന്തിനിങ്ങനെ നശിക്കുന്നു....?
ഏകാന്തതയകറ്റാന്‍ എന്തെല്ലാം വഴികളുണ്ട്. ജീവിതാനുഭവങ്ങളെകുറിച്ച് സംസാരിക്കാം. ഈ മരുഭൂമിക്കപ്പുറത്തെ മനോഹരതീരങ്ങളില്‍ കാത്തിരിക്കുന്നവരെ സ്വപ്നം കാണാം. അല്ലെങ്കില്‍ പെട്ടിയില്‍ പുസ്തകങ്ങളുണ്ട്. ബഷീറിനെപ്പോലെ വായിച്ചാല്‍ മനസ്സിലാകുന്നവരുടേത്. ഇതിലൊന്നും താല്പര്യമില്ലെങ്കില്... ദാ... നുറൂട്ടം ചാനലുള്ള ടിവിയെങ്കിലും കണ്ടിരുന്നൂടെ...?’
അയാള്‍ ചുണ്ട്കോട്ടി ചിരിച്ചു.
‘ഏറിയാല്‍ ഒരു വര്‍ഷം... അതിനപ്പുറം പുതുവഴികള്‍ നിനക്കും തേടേണ്ടിവരും’
‘ദൈവവിശ്വാസവും ശുഭപ്രതീക്ഷയും എക്കാലവും ജീവിക്കാന്‍ പ്രേരിപ്പിക്കുമെന്ന് കരുതുന്നവനാണ് ഞാന്‍...’
‘ കരുതല്‍ നിന്നെ രക്ഷിക്കട്ടെ’
‘നിങ്ങള്‍ വിശ്വസിക്കുന്നില്ലേ...’
അയാള്‍ മുഖം കൂര്‍പ്പിച്ചു.
‘കുടുംബം...?’
‘ചോദ്യങ്ങള്‍ ബാക്കി വെച്ചേക്ക്... വര്‍ഷങ്ങള്‍ മൗനമാകേണ്ടിവരും’
സംസാരിക്കാനുള്ള വിമുഖത സൂചിപ്പിച്ച്, അയാള്‍ ഫ്രീസറില്‍നിന്ന് വെള്ളത്തിലെടുത്തിട്ട മീനുമായി പുറത്തുവന്ന് വൃത്തിയാക്കാനിരുന്നു. കുറിഞ്ഞി അയാള്ക്കരികിലും.
ഇടയ്ക്ക്, കഷ്ണം മീനെടുത്ത് അയാള്‍ കുറിഞ്ഞിയെ പലതവണ കബളിപ്പിച്ചു. ഒരിക്കല്‍പോലും അയാളില്‍ നിന്നുണ്ടാകാനിടയില്ലാത്ത കുസൃതി ഞാന്‍ നന്നായി ആസ്വദിച്ചു. അവസരം കിട്ടിയപ്പോള്‍ അവളത് തട്ടിപ്പറിച്ചു പാഞ്ഞു; അയാള്‍ പുറകെയും.
ആര്‍ത്തുചിരിച്ചു. മനഃപ്പൂര്‍വ്വം അല്ലായിരുന്നുവെങ്കിലും ആ ചിരി പാടില്ലായിരുന്നു. അതായിരിക്കാം അയാളില്‍ വാശിയേറ്റിയത്.
കെണിയൊരുക്കി അയാള്‍ കാത്തിരുന്നു. അവളതില്‍ വീഴാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചു; ഫലിച്ചില്ല.
മൂന്നാം ദിനം.
കെണിയിലായ അവളെ സാക്ഷിയാക്കി രാത്രി വൈകുവോളം അയാള്‍ മദ്യപിച്ചു. ശേഷം വിചാരണ. കുറ്റം വായിച്ച് എന്നെയും അവളെയും കേള്‍പ്പിച്ചു. കഴിയുമെങ്കില്‍ വാദിച്ച് അവളെ രക്ഷപ്പെടുത്താന്‍ വെല്ലുവിളിച്ചപ്പോള്‍ ചിരിച്ചു തള്ളി.
ഒടുവില്‍ ഏകപക്ഷീയമായി വിധി പ്രസ്താവിച്ചു. നാളെ കാലത്ത് പത്ത് മണിക്ക് തൂക്കിലേറ്റല്‍. ലഹരിപ്പുറത്തുള്ള വിക്രിയ മാത്രമായേ അതിനെ കണ്ടുള്ളൂ. പക്ഷെ, അയാളുടെ മനസ്സിലെ ദയയുടെ അവസാനകണികയും ക്രൗര്യമായി മാറിയത് മനസ്സിലാക്കാന്‍ വൈകി. വല്ലാത്ത ഷോക്കായിരുന്നു സംഭവം.
കഴുത്ത് വലിഞ്ഞുതൂങ്ങിയാടുന്ന കുറിഞ്ഞിയുടെ തിളക്കമില്ലാത്ത കണ്ണുകള്‍ രാത്രികളെ നഷ്ടപ്പെടുത്തി; എന്റെ ശബ്ദവും.
അതിന് ശേഷം അയാളുടെ മുഖത്തേക്ക് നോക്കാറില്ല. എപ്പോഴെങ്കിലും കണ്ണുകള്‍ കൂട്ടിമുട്ടുന്പോള്‍ ഭാവമാറ്റമുണ്ടാകാതെ മുഖം തിരിക്കും.
എല്ലാം മറന്നുവരികയായിരുന്നു. അതിനിടയിലാണ് ഒരുരാത്രിയില്‍ അയാള്‍ എന്റെ ബ്ലാങ്കറ്റിനുള്ളില്‍ കയറിയതും ഭ്രാന്തമായ ശക്തിയില്‍ ഞെരിച്ചതും.
അന്പരപ്പിനൊടുവിലെ നിമിഷാര്‍ദ്ധത്തില്‍ ധ്യൈം സംഭരിച്ച് കുടഞ്ഞെറിഞ്ഞു. കട്ടിലില്‍നിന്നു വീണ അയാള്‍ക്ക് ഒരവസരംപോലും നല്‍കാതെ നെഞ്ചിലും മുഖത്തും ആഞ്ഞു ചവിട്ടി; അവശനാകുവോളം.
കൊല്ലണമെന്ന് തോന്നിയിരുന്നില്ല, ഞെരുങ്ങിയെഴുന്നേറ്റ അയാളുടെ കണ്ണുകള്‍ ധ്രുതഗതിയില്‍ എന്തോ തിരഞ്ഞപ്പോള്‍ കുറിഞ്ഞിപ്പൂച്ചയുടെ മുഖം അതിജീവനത്തിന് പ്രേരിപ്പിച്ചു. അമാന്തിച്ചില്ല, ബെഡ്ഷീറ്റെടുത്ത് ഇരുകാലിലും കുരുക്കിവലിച്ചു. നിലവിളിച്ച്, വടവൃക്ഷം കണക്കെ വാതിലിലും കട്ടിലിലും തട്ടി അയാള്‍ മറിഞ്ഞുവീണപ്പോള്‍ കൈകള്‍ കൂടി കുരുക്കിയിട്ടു.
കനത്ത ശബ്ദത്തില്‍ തെറി വിസര്‍ജ്ജിച്ച തൊണ്ടയില്‍ മുഴച്ച് നിന്ന ഭാഗം ഇരുകൈ കൊണ്ടും ശക്തമായി അമര്‍ത്തി.
ശ്വാസം കിട്ടാതെ വലിഞ്ഞുമുറുകുന്ന അയാളുടെ മുഖം. തുറിച്ചുവരുന്ന ഉണ്ടക്കണ്ണുകള്‍... പിളര്‍ന്ന വായില്‍ നാവിന്റെ നിസ്സഹായത...
പ്രാണവേദനയിലുള്ള ഓരോപിടച്ചിലിലും കൈകള്‍മുറുക്കി. അവ്യക്തമായ ശബ്ദങ്ങള്‍ ശക്തമാവുകയും, നേര്‍ത്തുവരികയും ചെയ്തു. എപ്പോഴോ അനക്കങ്ങള്‍ അടങ്ങി. പുലരുന്നതിനുമുന്‍പ് ഗോഡൗണിന്റെ പിന്മതിലിനോട്ചേര്ന്ന ഈത്തപ്പനയ്ക്കരികില് കുഴിച്ചിട്ട് കുളിച്ചു.
ഒരുപക്ഷെ, ഗേറ്റിലെത്തുന്ന വണ്ടികളുടെ ഹോണടിയില്‍ നടുക്കമുണര്‍ത്തി വര്‍ഷങ്ങള്‍ ഇനിയും ബാക്കിയാകാം. ശബ്ദവും ചലനവും മൃതിയടഞ്ഞ തടവറയില്‍ കനവും കനിവും നശിച്ചൊടുങ്ങി മരുജീവിയായി മാറാം; തീര്‍ത്തും അയാളെ പോലെ.
അതിനുമുന്‍പ്, സ്വപ്നങ്ങളുള്ളൊരു മനുഷ്യനെയും കൊണ്ട് പാകിസ്ഥാനിയുടെ വണ്ടി എത്തിയിരുന്നെങ്കില്‍... തീര്‍ച്ചയായും ദിനരാത്രങ്ങള്ക്കൊടുവിലെ പച്ചപ്പുള്ള സ്വപ്നം എനിക്കുമുണ്ട്.
പത്രങ്ങളിലും ടിവിയിലും അയാളെ തെരഞ്ഞുള്ള വാര്‍ത്ത വന്നു പോയിട്ടുണ്ടാകും. ഏന്നെങ്കിലും ഒരുനാള്‍ വര്ണ്ണപ്പൊതികളുമായി പടിപ്പുര കയറി വരുന്ന അയാളെയും പ്രതീക്ഷിച്ച് ഉറ്റവര്‍ കണ്ണീര് പൊഴിച്ച് കാത്തിരിക്കുന്നുണ്ടാകാം.
പലതാല്പര്യങ്ങളില് സഹതാപങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് ഒരിരയെ നഷ്ടമായതാകാം. മാപ്പ്. എല്ലാവരോടും.
------------------
picture @ Google.
7 comments:
ഹോ എന്തൊരു തീവ്രമായ എഴുത്ത് .. മനസ്സിനെ വേദനിപ്പിക്കുന്ന കഥാ പ്രമേയം .. മനസ്സിനെ ഏറെ നൊമ്പരപ്പെടുത്തിയത് കുറിഞ്ഞിയുടെ പതനവും!!... കൂടുതല്‍ പേര് വായിക്കട്ടെ !!,
മനസ്സിനെ വല്ലാതെ ഉലച്ച കഥ ..ആഖ്യാനം മനോഹരം , നല്ലൊരു കഥാകൃത്തിന്റെ നിഴലനക്കം കാണാന്‍ കഴിയുന്നു ...ആശംസകള്‍
ആഖ്യാനം മനോഹരം ,
വായിച്ചു , മരുഭൂമിയില്‍ അകപെട്ട ഒരു മനുഷ്യനെ നേരിട്ട് കണ്ടതുപോലെ തോനി .വേദനിപ്പിക്കുന്ന കഥാതന്തു .കൂടെ കഴിയുന്ന ചിലരുടെ പ്രവര്‍ത്തനങ്ങള്‍ നമ്മള്‍ക്ക് പലപോളും തോനിയിട്ടുണ്ട്, ഇയാള്‍ മനുഷ്യനാണോ എന്നും .അതെ ഫീല്‍ ആയി ആശംസകള്‍
വായിച്ചു , മരുഭൂമിയില്‍ അകപെട്ട ഒരു മനുഷ്യനെ നേരിട്ട് കണ്ടതുപോലെ തോനി .വേദനിപ്പിക്കുന്ന കഥാതന്തു .കൂടെ കഴിയുന്ന ചിലരുടെ പ്രവര്‍ത്തനങ്ങള്‍ നമ്മള്‍ക്ക് പലപോളും തോനിയിട്ടുണ്ട്, ഇയാള്‍ മനുഷ്യനാണോ എന്നും .അതെ ഫീല്‍ ആയി ആശംസകള്‍
"മനുഷ്യൻ, എത്ര മനോഹരമായ പദം" എന്ന് പറഞ്ഞത് മാർക്സിം ഗോർക്കിയാണെന്ന് തോന്നുന്നു. പക്ഷെ," മനുഷ്യൻ, എത്ര നിസ്സഹായനായ ജീവി" എന്ന് പറയാനാണ് പല ജീവിതങ്ങളും പ്രേരിപ്പിക്കുന്നത്.
അലിയുടെ ആഖ്യാന ശൈലി ധ്വന്യാത്മകവും ശക്തവും വശ്യവുമാണ്. എല്ലാ രചനകളിലും അത് അനുഭവിച്ചാസ്വദിച്ചിട്ടുമുണ്ട്. മരുഭൂമിയിലെ ഭീതിതവും വന്യവുമായ ഏകാന്തത മുഖ്യമായി വരുന്ന ഏത് രചനകൾ വായിക്കുമ്പോഴും ബിന്യാമിന്റെ ആടുജീവിതം ആസ്വദിച്ചവരുടെ ഉള്ളിൽ അവരറിയാതെത്തന്നെ ഒരു താരതമ്യത്തിന്റെ പ്രവണതയുണരുന്നു. ഒരു അശ്വത്ഥം പോലെ ആടുജീവിതം മലയാളസാഹിത്യത്തിൽ പടർന്ന് പന്തലിച്ച് നിലകൊള്ളുന്നതിനെ "കുഴപ്പ"മാണത്. അതേ പശ്ചാത്തലത്തിൽ രചന നടത്താനുദ്യമിക്കുന്ന ഏത് രചയിതാവിനുമുന്നിലും ആടുജീവിതം ഉയർത്തുന്ന ഈ ഭീഷണിയും വെല്ലുവിളിയും മറികടക്കൽ പ്രയാസകരമായ വന്മതിലായി ഉയർന്നു നിൽക്കുന്നുണ്ട്. അലിയുടേത് ചെറുകഥയും ബിന്യാമിന്റേത് നോവലുമായതിനാൽ ഈ താരതമ്യം അപ്രസക്തമാണെങ്കിലും ആനുഷംഗികമായി ഇക്കാര്യം സൂചിപ്പിച്ചു എന്നേയുള്ളു. അലിയുടെ രചന മനോഹരമാണെന്ന അഭിപ്രായം തന്നെയാണെനിക്കും.
ഈ കഥ ആടുജീവിതം എന്ന കൃതി പ്രസിദ്ധീകൃതമാകുന്നതിനു രണ്ടു വർഷം മുമ്പ് മാധ്യമത്തിലൂടെ വെളിച്ചം കണ്ട രചനയാണെന്ന പുതിയ അറിവ് എന്റെ മുകളിലെ കമന്റിലെ താരതമ്യം എന്ന സംഗതിയെ അപ്രസക്തമാക്കുന്നു. എങ്കിൽ എന്റെ പ്രസ്താവന തലതിരിച്ചിടേണ്ടിയിരിക്കുന്നു.
അലിയുടെ രചനയുടെുെ തിളക്കം പത്തരമാറ്റ് വർദ്ധിച്ചിരിക്കുന്നു ഇപ്പോൾ എന്റെ മനസ്സിൽ
Post a Comment